കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച അന്താരാഷ്ട്ര ഫണ്ടാണ് ഗ്രീൻ ക്ലൈമറ്റ് ഫണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങൾ കുറക്കുന്നതിനായി തുടങ്ങിയ ഈ ഗ്രാൻഡ് ആദ്യമായാണ് നേപ്പാളിന് ലഭിക്കുന്നത്.

ഹിമാലയൻ താഴ്‌വരയുടെ തെക്കേ അറ്റത്തുള്ള ചുരിയ ഹിൽസ് മേഖലയിലെ സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതിയുടെ പ്രവർത്തനം. "ഈ പ്രദേശം നേപ്പാളിലെ ഭക്ഷ്യസുരക്ഷയിലും കാലാവസ്ഥാ വ്യതിയാന നയത്തിലും നിർണായകമായ പങ്കു വഹിക്കുന്നു. നേപ്പാളിലെ ആദ്യത്തെ ജിസി‌എഫ് ഗ്രാന്റ് പ്രോജക്റ്റ് എന്ന നിലയിൽ, ഇത് താഴെത്തട്ടിലുള്ള സമൂഹങ്ങളിൽ മാറ്റം വരുത്തുമെന്നും  കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുമെന്നും ഞങ്ങൾ കരുതുന്നു" നേപ്പാൾ മന്ത്രാലയത്തിലെ കൈലാഷ് പോഖരേൽ പറഞ്ഞു. ഇതിനായി 39 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

കൃഷിക്കാർക്ക് സുസ്ഥിരമായ കാർഷിക രീതികൾ പഠിപ്പിക്കുന്നതിനും, പ്രാദേശിക ജനങ്ങളെ കാർഷിക വനരീതികൾ പഠിപ്പിക്കുന്നതിനുമാണ് ഏഴ് വർഷത്തെ ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രകൃതിവിഭവങ്ങളുടെ ശരിയായ പരിപാലനത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി പ്രാദേശിക സ്‍കൂളുകളുമായും മാധ്യമങ്ങളുമായും പ്രവർത്തിക്കാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ മണ്ണൊലിപ്പ് കുറയ്ക്കുന്നതിനുള്ള ചെക്ക് ഡാമുകൾ, ഗല്ലി സ്ഥിരത നടപടികൾ, മര പരിപാലന കേന്ദ്രങ്ങൾ  എന്നിവയ്ക്കും ഫണ്ട് നൽകും. ഈ പദ്ധതികൾ നേപ്പാളിലെ വനം-പരിസ്ഥിതി മന്ത്രാലയവും, പദ്ധതി തയ്യാറാക്കിയ ജിസിഎഫ് അംഗീകൃത ഏജൻസിയായ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (എഫ്എഒ) ചേർന്ന് നടപ്പിലാക്കും.

വനവൽക്കരണത്തിൽ വിദഗ്ധനായ അഭിഭാഷകൻ ദിൽ‌രാജ് ഖനാൽ, പ്രോജക്റ്റ് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുന്നു. "നേപ്പാളിൽ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പുതിയ സർക്കാരുകൾ രൂപീകരിച്ചു. പദ്ധതി എങ്ങനെ അവർ നടപ്പാകുമെന്ന് വ്യക്തമല്ല” അദ്ദേഹം പറയുന്നു. രണ്ടാമതായി, കോർപ്പറേറ്റുകളും  പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് ചുരിയ മേഖലയിൽ നിന്ന് മണലും ചരലും പോലുള്ള വിഭവങ്ങൾ ചൂഷണം ചെയ്യുന്നു. ഇത് എങ്ങനെ പരിഹരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

നേപ്പാൾ ഫെഡറേഷൻ ഓഫ് ഇൻഡിജെനസ് നാഷണാലിറ്റീസ് ക്ലൈമറ്റ് ചേഞ്ച് പാർട്ണർഷിപ്പ് പ്രോഗ്രാമിന്‍റെ  ദേശീയ കോർഡിനേറ്ററായ തുംഗ റായിക്കും ഈ പദ്ധതിയുടെ വെല്ലുവിളികളെ കുറിച്ച് പറയാനുണ്ട്. “ജിസിഎഫ് പദ്ധതിയുടെ പ്രധാന വെല്ലുവിളി താഴേത്തട്ടിലുള്ള ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പരിപാടികൾ രൂപകൽപ്പന ചെയ്യുക എന്നതാണ്” അവർ പറഞ്ഞു. പ്രാദേശിക തദ്ദേശീയ സമൂഹങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ 10-15% മാത്രമേ അഭിസംബോധന ചെയ്തിട്ടുള്ളൂവെന്നും അവർ അഭിപ്രയപ്പെട്ടു. മറ്റിടങ്ങളിൽ ചെയ്യുന്നത് അതുപോലെ അനുകരിക്കാതെ, ഇവിടത്തെ ഗ്രാമവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്‍നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണം എന്ന് അവർ പറഞ്ഞു.

വിവിധ ആളുകൾ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് വനം, പരിസ്ഥിതി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയായ മഹേശ്വർ ധക്കൽ പറയുന്നു. “പരിപാടികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ജിസിഎഫ്, മതിയായ പ്രാദേശിക പങ്കാളിത്തമില്ലാതെ പദ്ധതികൾ നടപ്പിലാക്കില്ല എന്നാണ് നേപ്പാൾ ആസ്ഥാനമായുള്ള അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകനായ രാജു പണ്ഡിറ്റ് ഛേത്രി പറയുന്നത്. എന്തുതന്നെയായാലും ഈ പദ്ധതി നേപ്പാളിലെ ജനങ്ങൾക്ക് ആശ്വാമാകുമെന്ന് കരുതാം.