'കിഡ്നാപ്പിംഗ്' അഥവാ 'തട്ടിക്കൊണ്ടുപോകൽ' നമുക്ക് പരിചയമുള്ള ഒരു പദമാണ്. ഒറ്റയ്ക്കും സംഘമായുമുള്ള അപഹരണങ്ങൾ കേന്ദ്രീകരിച്ച് നിരവധി സിനിമകളും മലയാളത്തിലടക്കം വന്നിട്ടുണ്ട്. എന്നാൽ നിങ്ങൾ 'വിർച്വൽ കിഡ്നാപ്പിംഗ്' എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ട്. ഇത് ഒരു പ്രത്യേകതരം തട്ടിക്കൊണ്ടു പോകലാണ്. അതിനു പിന്നിൽ അപാരമായ ഒരു പ്ലാനിങ്ങുണ്ട്. തട്ടിക്കൊണ്ടു പോകപ്പെട്ട ആൾക്ക് സംഗതി കഴിയും വരെയും താൻ തട്ടിക്കൊണ്ടു പോകപ്പെട്ടിരിക്കുകയാണ് എന്ന് മനസ്സിലാവുക പോലുമില്ല. തന്റെ പേരിൽ ബന്ധുക്കളിൽ നിന്ന് കിഡ്നാപ്പറുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ട ശേഷം മാത്രമേ പലപ്പോഴും അവർക്ക് ഇങ്ങനെ ഒരു ഇടപാട് നടന്ന കാര്യം പോലും അറിയാനാകൂ. അതുവരെ പണി പാളിപ്പോവാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ ഇത് നടപ്പിലാക്കുന്ന ഗൂഢസംഘത്തിന്റെ ഭാഗത്തു നിന്നുണ്ടാകും. കഴിഞ്ഞ കുറെ ആഴ്ചകളിലായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് വിർച്വൽ അബ്ഡക്ഷൻ' സംബന്ധിച്ച പരാതികൾ ഉയർന്നുവരുന്നുണ്ട്. 

 

 

ഇങ്ങനെയൊരു സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2019 -ലാണ്. സ്ഥലം അമേരിക്ക-മെക്സിക്കോ ബോർഡർ. അതിർത്തിയുടെ അമേരിക്കൻ സൈഡിൽ ഉള്ള ഒരു ഹോട്ടലിൽ താമസിക്കുന്ന ചിലർക്ക് അവരുടെ മുറിക്കുള്ളിലേക്ക് ഫോൺ വരുന്നു. ഹോട്ടലിൽ ചില ഗാംഗ്സ്റ്റർമാർ താമസമുണ്ട് എന്നും, ഇപ്പോൾ ഒരു എഫ്ബിഐ ആക്ഷൻ സംഭവിക്കാൻ പോവുകയാണ് എന്നും. ആറുവന്നു വാതിൽക്കൽ മുട്ടിയാലും തുറക്കരുത് എന്നായിരുന്നു അവർക്ക് കിട്ടിയ നിർദേശം. അൽപനേരം കഴിഞ്ഞപ്പോൾ അവർക്ക് മറ്റൊരു നിർദേശം കൂടി കിട്ടി. ഇനി ഏത് നിമിഷവും എൻകൗണ്ടർ ഓപ്പറേഷൻ തുടങ്ങും. ലോബിയിൽ ഉള്ളവർ പോലും ആ ഗൂഢസംഘത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, അവരെപ്പോലും അറിയിക്കാതെ ഹോട്ടൽ മുറിക്ക് പുറത്തിറങ്ങി കാറിൽ കയറി മെക്സിക്കൻ ബോർഡർ കടന്ന് അപ്പുറത്തെ സൈഡിൽ ഉള്ള ഒരു ഹോട്ടലിൽ കയറി ചെക്ക് ഇൻ ചെയ്യുക. ആകെ ഭയന്ന് പോയ അവർ ഫോണേൽ കിട്ടിയ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. 

 

 

അവിടെ ആ മുറിക്കുള്ളിൽ ചെക്ക് ഇൻ ചെയ്ത് കാത്തിരുന്ന അവർക്ക് പിന്നീട് വന്നത് ഒരു വീഡിയോ കാൾ ആയിരുന്നു. അതിൽ കിട്ടിയ നിർദേശം അടുത്ത നാലുദിവസത്തേക്ക് ഫോൺ സ്വിച്ചോഫ് ചെയ്ത് അവിടെ തന്നെ താങ്ങാനായിരുന്നു. വളരെ സെൻസിറ്റീവ് ആയ, രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു പ്രശ്നമാണ് എന്ന് പറഞ്ഞപ്പോൾ അവർ സഹകരിച്ചു. നാലുദിവസം ഫോൺ ഓഫ് ചെയ്ത് ആ ഹോട്ടലിലെ മുറിയിൽ തന്നെ കഴിഞ്ഞു കൂടി. അപ്പോഴേക്കും, ഇവരുടെ വീട്ടുകാരെ ഈ വീഡിയോ ചാറ്റിലെ സ്‌ക്രീൻ ഷോട്ടുകൾ കാണിച്ച് ഭീഷണിപ്പെടുത്തി, അവരെ തട്ടിക്കൊണ്ടു പോയിരിക്കയാണ് എന്ന് കള്ളം പറഞ്ഞ് ഈ സംഘം പണംതട്ടിക്കഴിഞ്ഞിരുന്നു. നാലഞ്ച് ദിവസം ഫോൺ ഓഫ് ചെയ്തിരുന്ന ശേഷം ഇവർ ഫോൺ ഓണാക്കുമ്പോൾ മാത്രമാണ് വീട്ടുകാരിൽ നിന്നുള്ള ഫോൺ കാൾ ഇവരെ തേടിയെത്തുകയും ഇവർക്ക് പറ്റിയ ചതി ബോധ്യപ്പെടുകയും ചെയ്യുക.

എങ്ങനെയാണ് ഇവരെ ബന്ധപ്പെടാൻ തട്ടിപ്പു സംഘത്തിന് ആയത്?

സംഗതി വളരെ എളുപ്പമാണ്. ഹോട്ടലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അവിടെ താമസിക്കുന്നവരുടെ ഡീറ്റെയിൽസ് എടുത്തു. അവിടെ ഏതൊക്കെ മുറിയിൽ ആരൊക്കെ താമസമുണ്ട് എന്ന് മനസ്സിലാക്കി. അവരുടെ മൊബൈൽ നമ്പർ എടുത്തു. വ്യക്തിപരമായ വിവരങ്ങളും. എന്നിട്ട് അവരുടെ ഹോട്ടലിലേക്ക് വിളിച്ച് മുറിയിലേക്ക് കണക്റ്റ് ചെയ്യിച്ച് തങ്ങൾ എഫ്ബിഐ ഏജന്റ്സ് ആണ് എന്നുപറഞ്ഞ് വളരെ ആധികാരികമായ രീതിയിൽ സംസാരിച്ചു. അവരുടെ വിശ്വാസം ആർജിച്ച് അവരെക്കൊണ്ട് മെക്സിക്കോയിലെ അവരുടെ ബന്ധുക്കൾക്ക് ഒരിക്കലും ഊഹിക്കാൻ പോലും കഴിയാത്തൊരു മോട്ടലിൽ മുറിയെടുപ്പിച്ചു. അത് ശേഷം അവരെക്കൊണ്ടുതന്നെ സ്വന്തം ഫോണുകൾ ഓഫ് ചെയ്യിച്ചു. പരിഭ്രാന്തരായി ബന്ധുക്കൾ ഫോൺ വിളിച്ചു തുടങ്ങിയപ്പോൾ അവരുടെ ഫോൺ സ്വിച്ചോഫ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. തങ്ങളുടെ വേണ്ടപ്പെട്ടവർ കിഡ്നാപ്പ് ചെയ്യപ്പെട്ടു എന്നുതന്നെ വിശ്വസിച്ചു. പണം കൈമാറി. 

ഇങ്ങനെ പണം തട്ടുന്ന പ്രക്രിയക്കാണ് 'വിർച്വൽ കിഡ്നാപ്പിംഗ്' എന്ന് പറയുന്നത്. എന്നുകൊണ്ട് 'വിർച്വൽ' എന്നോ? വിർച്വൽ എന്ന വാക്കിന്റെ അർഥം സാങ്കല്പികം എന്നാണ്. യഥാർത്ഥത്തിൽ നിങ്ങളെ ആരും തട്ടിക്കൊണ്ട് പോവുന്നില്ല. എന്നാൽ, നിങ്ങളും നിങ്ങളുടെ ബന്ധുക്കളും തമ്മിലുള്ള സമ്പർക്ക മാർഗങ്ങൾ ആദ്യം നിങ്ങളുടെ സഹായത്തോടെ തന്നെ കാട്ടുചെയ്യിക്കുന്നു. അതിനു പിന്നാലെ, നിങ്ങൾ ഗൂഢസംഘത്തിന്റെ കസ്റ്റഡിയിൽ ആണെന്നും, ജീവൻ അപകടത്തിലാണ് എന്നും പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. നിങ്ങളെ വിളിച്ചാൽ കിട്ടാതെ അത് വിശ്വസിച്ച് അവർ പണം നൽകുന്നു. സങ്കല്പികമായ ഒരു കിഡ്നാപ്പിംഗ് മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. എന്നാൽ കിഡ്നാപ്പിംഗ് നടന്നില്ല എന്നുചോദിച്ചാൽ, ബന്ധുക്കളുടെ കണ്ണിൽ അത് നടന്നിട്ടുമുണ്ട്. ബന്ധുക്കൾക്കാർക്കും തന്നെ എത്തിപ്പെടാൻ പറ്റാത്തൊരിടത്ത് അവനവനെ തന്നെ കൊണ്ടുചെന്നടച്ച് അറിയാതെയെങ്കിലും ആ കിഡ്നാപ്പിംഗിൽ നിങ്ങൾപോലും പ്രതിയാണ്. 

2019 -ൽ നടന്നത് ഇപ്പോൾ എന്തിനോർക്കുന്നു?

നല്ല ചോദ്യം. കാരണമുണ്ട്. ഇന്ന് വീണ്ടും ഏതാണ്ട് ഇതേ പാറ്റേണിൽ ഉള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തവണ അമേരിക്കൻ മണ്ണിൽ നിന്നല്ല, ഓസ്‌ട്രേലിയയിൽ നിന്നല്ല ഓസ്‌ട്രേലിയയിൽ നിന്നാണ് എന്നുമാത്രം. അവിടെ താമസിച്ച് പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളെ തെരഞ്ഞു പിടിച്ചാണ് ഈ തട്ടിപ്പ് നടത്തപ്പെടുന്നത്. 

21 വയസ്സുള്ള ഒരു ചൈനീസ് പെൺകുട്ടിയുടെ ഫോണേൽ ഒരു കാൾ വരുന്നു. അവളോട് തെളിഞ്ഞ മാൻഡറിനിൽ സംസാരിച്ച ഒരാൾ അവൾക്ക് വന്നിട്ടുള്ള ഒരു കൊറിയറിനെപ്പറ്റി പറഞ്ഞു.  ഡെലിവെറിക്കുവേണ്ടി എന്നും പറഞ്ഞ് അവളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ചോദിച്ചറിഞ്ഞു.  ഇത്തവണ വിളിച്ച ആൾ പറഞ്ഞത് താൻ രാജ്യത്തെ ചൈനീസ് നയതന്ത്ര പ്രതിനിധി ആണെന്നും, പെൺകുട്ടിക്ക് വന്ന പാഴ്‌സലിൽ നിന്ന് കൈവശം വെക്കുന്നത് ഓസ്‌ട്രേലിയൻ നിയമപ്രകാരം കുറ്റകരമായുള്ള എന്തോ ഒരു വസ്തു ഉണ്ട് എന്നും, ഓസ്‌ട്രേലിയൻ പൊലീസ് ഇതുസംബന്ധിച്ച് തങ്ങളെ അറിയിച്ചിട്ടുണ്ട് എന്നും തങ്ങൾ എക്സ്ട്രഡിഷൻ അഥവാ നാടുകടത്തൽ നടപടിയുമായി മുന്നോട്ട്പോവുകയാണ് എന്നുമാണ് വിളിച്ചയാൾ അറിയിച്ചത്. ഏതിനും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് സഹകരിക്കണം എന്നും വിളിച്ച വ്യക്തി പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തും എന്ന് മാത്രല്ല നാട്ടിലുള്ള ബന്ധുക്കളെപ്പോലും പ്രോസിക്യൂട്ട് ചെയ്യും എന്നുവരെ അവർ പറഞ്ഞു. 

 

 

പ്രശ്നത്തിൽ നിന്ന് മറികടയ്ക്കാൻ വേണ്ടി എന്തിനും തയ്യാറായി ആ കുട്ടി കരയാൻ തുടങ്ങിയപ്പോൾ അവൾക്ക് അപ്പുറത്തു നിന്ന് ഓഫർ വരുന്നു. നിങ്ങൾക്ക് കാര്യമായ പങ്കൊന്നും ഇതിൽ ഇല്ല എന്ന് തോന്നുന്നു. അതുകൊണ്ടുമാത്രം ഒരു പരിഹാരം നിർദേശിക്കാം. നിങ്ങൾ, ഈ ഹോട്ടലിൽ ചെന്ന് മുറിയെടുക്കു. അവിടെ വെച്ച് നിങ്ങളുടെ കാലും കണ്ണും കെട്ടി, കൈകൂപ്പി, പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തയക്കുക. എന്നാൽ പ്രശ്നങ്ങളൊക്കെ ഒതുക്കിത്തീർക്കാൻ. ആ വീഡിയോ സന്ദേശം അയച്ച ശേഷം നാലുദിവസം ഫോൺ ഓഫ് ചെയ്തു വെക്കണം. ഹോട്ടലിനു പുറത്തിറങ്ങരുത്. ആരോടെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തിയാൽ പിന്നെ കാര്യങ്ങൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ആകെ പരിഭ്രമിച്ചു പോയ ആ യുവതി, വിളിച്ചയാളുടെ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. അയാൾ പറഞ്ഞതുപോലെ കാലുകെട്ടി കരഞ്ഞില്ല ചിത്രം അയച്ചു. നാലു ദിവസത്തേക്ക് ഫോൺ ഓഫ് ചെയ്തു വെച്ച്. ഇതേ വീഡിയോ പെൺകുട്ടിയുടെ ചൈനയിലെ കുടുംബത്തിന് അയച്ചു നൽകി അവിടെ നിന്ന് ലക്ഷങ്ങളും, കോടികളും വരെ കൈക്കലാക്കി. ഇങ്ങനെ ഒരു കേസ് മാത്രമല്ല ഉണ്ടായത്. അന്താരാഷ്ട്രതലത്തിൽ നടത്തിയ ഈ തട്ടിപ്പിൽ  നിരവധി പേർ പിന്നീടും ഇരകളായി. 

2020 -ലെ വിർച്വൽ കിഡ്നാപ്പിംഗ് സംഭവങ്ങൾ 

വിർച്വൽ കിഡ്നാപ്പിംഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് ആണ്. ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ മാത്രം ഈ വർഷം ഇതുവരെ എട്ടു കേസുകളിലായി ആകെ ഏകദേശം 17 കോടിയുടെ വിർച്വൽ കിഡ്നാപ്പിംഗ് തട്ടിപ്പ് നടന്നിട്ടുണ്ട്. സിഡ്‌നിയിൽ നടന്ന ഒരു 22 വയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകൽ കേസിൽ മാത്രം കൈമാറപ്പെടാത്ത ഏകദേശം ഒന്നര മില്യൺ ഡോളറാണ്. 

എങ്ങനെയാണ് ഈ തട്ടിപ്പുസംഘങ്ങൾക്ക് ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്ന, പറ്റിയ്ക്കപ്പെടാൻ എളുപ്പമുള്ളവരുടെ സ്വകാര്യവിവരങ്ങൾ കിട്ടുന്നത്. ആ ചോദ്യത്തിനുള്ള മറുപടി നമുക്ക് സ്വയം ആലോചിച്ചാൽ തന്നെ കിട്ടും. ഇന്റർനെറ്റിൽ ഓരോ സോഷ്യൽ മീഡിയ സൈറ്റിലും നമ്മൾ കേറുമ്പോൾ എന്തെന്തൊക്കെ വിവരങ്ങളാണ് നമ്മൾ കൊടുക്കുന്നത്. പേര്, പ്രായം, ഫോൺ നമ്പർ, അഡ്രസ്സ്, ഇഷ്ടാനിഷ്ടങ്ങൾ അങ്ങനെയങ്ങനെ. ഈ ഡാറ്റയൊക്കെ പൂർണ്ണസുരക്ഷിതമാണ് എന്ന് സൈറ്റുകൾ വാഗ്ദാനം ചെയ്യുമെങ്കിലും, അല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഡാർക്ക് നെറ്റിൽ നിരവധി സൈറ്റുകളിൽ നിന്ന് ഹാക്ക് ചെയ്തെടുത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വില്പനക്ക് വെച്ചിട്ടുണ്ട്. ചിലപ്പോൾ മൊബൈലിലേക്ക് കോളുകൾ ആയി, മെസ്സേജുകൾ അയച്ച്, അല്ലെങ്കിൽ വാട്ട്സാപ്പിൽ സന്ദേശമിട്ട്, ഫേസ്‌ബുക്ക് മെസഞ്ചറിൽ ഒക്കെയായി എങ്ങനെയെങ്കിലും അപരാധികൾ ഇങ്ങനെ പറ്റിയ്ക്കപ്പെടാൻ തയ്യാറായി ഇരിക്കുന്നവരെ ബന്ധപ്പെടും. കൂടുതൽ വിശ്വാസ്യത ഇവർ ആർജിക്കുന്നത് ടെക്‌നോളജിയുടെ സഹായത്തോടെയാണ്. ഫോണിൽ കാൾ വരുമ്പോൾ എംബസിയുടെയും മറ്റും പേരാണ് എഴുതി വരിക. അതോടെ കാൾ സ്വീകരിക്കുന്നവർക്ക് പൂർണവിശ്വാസമാകും. 

 

 

ഇങ്ങനെയുള്ള ഭീഷണികൾക്ക് ചൈനീസ് വിദ്യാർഥികൾ മാത്രം ഇരയാകാൻ എന്താണ് കാരണം? ഓസ്‌ട്രേലിയയിൽ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഒക്കെയുള്ള പലരും പടിക്കുന്നുണ്ടല്ലോ? അതിനു കാരണം ചൈനയിൽ നിന്നുവരുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ഗവണ്മെന്റിനോടുള്ള ഭയമാണ്. വളരെ നിസാരമായ കാരണങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് കടുത്ത നടപടികൾ ഉണ്ടാവുന്നത് കണ്ടു ശീലിച്ച അവർക്ക് ഗവണ്മെന്റിനെ ഭയമായിരിക്കും. വിദേശത്തുവെച്ച് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാൽ സഹായം തേടി ഗവണ്മെന്റ് പ്രതിനിധികളെ സമീപിക്കാൻ പോലും ചൈനീസ് വിദ്യാർഥികൾ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അപ്പോൾ പിന്നെ ഇങ്ങനെ ഒരു തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തിയാൽ പേടിച്ച് അബദ്ധത്തിൽ ചാടിപ്പോയാൽ എങ്ങനെയാണ് അവരെ കുറ്റം പറയാനാവുക?