നാസികളുടെ ക്രൂരത പറഞ്ഞാല്‍ തീരുന്നതല്ല. കൂട്ടക്കുരുതിയുടെയും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ചരിത്രമാണത്. എത്രയെത്രപേരാണ് അന്ന് പ്രാണന്‍ രക്ഷിക്കാനായി പരക്കം പാഞ്ഞത്. എന്നിട്ടും പലര്‍ക്കും ജീവന്‍ നഷ്‍ടപ്പെട്ടു. പലരും അനാഥരായി. ജീവന്‍ ബാക്കിയായവര്‍, നഷ്‍ടപ്പെട്ടവരെയോര്‍ത്ത് ആ ക്രൂരതകളോര്‍ത്ത് ജീവിതകാലം മുഴുവനും വേദനിച്ചു. അന്ന് അങ്ങനെ പ്രാണനും കയ്യിലെടുത്തോടേണ്ടി വന്നയാളാണ് ഹെലന്‍ ഉള്‍റിച്ച്. രണ്ടാം ലോക മാഹായുദ്ധകാലത്തെ ഹോളോകോസ്റ്റ് നേരത്ത് ഫ്രാന്‍സില്‍ വളര്‍ന്നവള്‍. അച്ഛനും അമ്മയും സഹോദരിയും മിരിച്ചപ്പോഴും അവളും മറ്റൊരു സഹോദരിയും ജീവനോടെ രക്ഷപ്പെട്ടത് ഒരു കന്യാസ്ത്രീയുടെ ധൈര്യവും സഹാനുഭൂതിയും കാരണമാണ്. 

ഹെലന്‍ ജനിച്ചതും വളര്‍ന്നതും ഫ്രാന്‍സിലാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതകുടുംബത്തിലുള്ളവരെല്ലാം കൊല്ലപ്പെടുമെന്ന ഭീതിയുടെ കാലത്ത്. എന്നാല്‍, ഹെലന്‍റെ ജീവിതം രക്ഷിക്കാനായി ഒരസാധാരണ സ്ത്രീയെത്തി. അതേക്കുറിച്ച് ഹെലന്‍ തന്നെ പറയുന്നു. 

എനിക്കുണ്ടായിരുന്നത് ഒരു നല്ല ജീവിതമായിരുന്നില്ല. നാസികള്‍ ഫ്രാന്‍സിലെത്തിയ കാലം. അവര്‍ വളരെ ആന്‍റി-സെമിറ്റിക് ആയിരുന്നു. നാസികളുടെ അക്രമത്തില്‍ ഫ്രാന്‍സ് തകര്‍ന്നതോടെ ആന്‍റി സെമിറ്റിസം അവരുടെ ഔദ്യോഗിക നയമായി മാറിയിരുന്നു. ഏകദേശം 350,000 ജൂതര്‍ അന്ന് ഫ്രാന്‍സില്‍ ജീവിച്ചിരുന്നു. നാസികള്‍ അവര്‍ക്കായി പാഞ്ഞുനടന്നു. ഞാനും എന്‍റെ സഹോദരി ഇഡയും ചേര്‍ന്ന് തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഒരു വാന്‍ വരുന്നതിന്‍റെ ശബ്‍ദം കേട്ടു. അവര്‍, ജര്‍മ്മന്‍സ് എപ്പോഴും വാനിലായിരുന്നു വന്നിരുന്നത്. അപ്പോള്‍ ഞങ്ങള്‍ അമ്മയോട് പറഞ്ഞു, 'അതാ ജര്‍മ്മന്‍കാര്‍ വരുന്നു...' അതുകേട്ടതോടെ അമ്മ ഞങ്ങളെ പിന്‍വാതിലിലൂടെ പുറത്തിറക്കിവിട്ടു, ഇങ്ങനെ പറഞ്ഞു, 'ഓടിപ്പോ എന്നിട്ട് മരങ്ങള്‍ക്കിടയിലെവിടെയെങ്കിലും ഒളിക്കൂ...' പക്ഷേ, എന്‍റെ ഇളയ സഹോദരിക്ക് അമ്മയെ വിട്ടുപോരാന്‍ ഇഷ്‍ടമില്ലായിരുന്നു. അവളെന്‍റെ കൈവിടുവിപ്പിച്ചു. എന്നിട്ട് തിരികെ അമ്മയ്ക്കടുത്തേക്ക് തന്നെ പോയി. അതോര്‍ക്കാന്‍ പോലും പറ്റാത്തവിധം വേദനാജനകമാണ്. വര്‍ഷങ്ങള്‍, വര്‍ഷങ്ങള്‍, വര്‍ഷങ്ങളോളം അതെന്‍റെ തലയില്‍നിന്നും പോവുന്നില്ലായിരുന്നു. അനിയത്തിയെ തിരികെ പോകാന്‍ അനുവദിച്ചതില്‍ എനിക്ക് വളരയെധികം കുറ്റബോധം തോന്നി. 

അന്നാണ്, ഹെലന്‍ അവളുടെ അമ്മയെയും സഹോദരി ഇഡയെയും അവസാനമായി കാണുന്നത്. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ കണ്ടില്ല. പന്ത്രണ്ടാമത്തെ വയസ്സില്‍ അവള്‍ ആ ഓട്ടം തുടങ്ങി. ആദ്യം ഒരു സുഹൃത്തിന്‍റെ അടുത്തെത്തി, പിന്നീട് ടൗലൗസിലെ ആന്‍റിയുടെ അടുത്തേക്ക്. അവിടെത്തന്നെയായിരുന്നു അവളുടെ സഹോദരി ആനിയും നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, അവിടവും സുരക്ഷിതമായിരുന്നില്ല. ഫ്രാന്‍സിലാകെ അധിനിവേശം നടത്തിക്കഴിഞ്ഞ നാസികള്‍ അവിടെയും എത്തിച്ചേര്‍ന്നു. 'എന്‍റെ ആന്‍റിക്കാണെങ്കില്‍ മൂന്ന് മക്കളുണ്ടായിരുന്നു. അതിനൊപ്പമാണ് ഞാനും സഹോദരിയും ചേരുന്നത്. ഞങ്ങളെ എന്തുചെയ്യണമെന്ന് ആന്‍റിക്കറിയില്ലായിരുന്നു.' -ഹെലന്‍ പറയുന്നു.

എന്നാല്‍, അവര്‍ക്ക് അഭയമായി ഒരു കന്യാസ്ത്രീയുണ്ടായിരുന്നു. അന്ന് കാത്തോലിക്കാ സംവിധാനങ്ങളെല്ലാം ജൂതരെ കൊന്നൊടുക്കുന്നതിനെതിരെ നിശബ്‍ദത പാലിച്ചപ്പോഴാണ് ടൗലൗസിലെ ആര്‍ച്ച് ബിഷപ് ശബ്‍ദിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാം വളരെയധികം ഉപദ്രവമാണ് ജര്‍മ്മന്‍കാര്‍ ചെയ്യുന്നത്. എന്നാല്‍, നാമവരെ അങ്ങനെ കാണരുത്, എല്ലാവരെയും പോലെ അവരും നമ്മുടെ സഹോദരന്മാരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആ സമയത്ത് സിസ്റ്റര്‍ ഡെനിസ് ബെര്‍ഗന്‍ കോണ്‍വെന്‍റിനോട് ചേര്‍ന്ന് ഒരു ബോര്‍ഡിംഗ് സ്‍കൂള്‍ നടത്തുകയായിരുന്നു. അന്ന് അവര്‍ ഒരു തീരുമാനമെടുത്തു. അത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന തീരുമാനമായിരുന്നു. 83 ജൂതക്കുട്ടികളെ സ്‍കൂളില്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. മറ്റ് നാലു കന്യാസ്ത്രീകള്‍ക്ക് മാത്രമേ ഇതേക്കുറിച്ച് അറിയുമായിരുന്നുള്ളൂ. 

'ടൗലൗസിലെത്തിയാണ് മാഡം ബെര്‍ഗണ്‍ എന്നെക്കൂട്ടിക്കൊണ്ടുപോയത്. അവരെന്നെ കോണ്‍വെന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ നേരിട്ട് ഞങ്ങളോട് കാര്യം പറഞ്ഞു. ആരൊക്കെയാണ് ജൂതക്കുട്ടികളെന്നും അല്ലാത്തവരെന്നുമുള്ളത് ആരും അറിയരുത്. ഞങ്ങള്‍ക്ക് തന്നെ അറിയില്ലായിരുന്നു അരൊക്കെയാണ് ജൂതര്‍, ആരൊക്കെയാണ് അല്ലാത്തവരെന്ന്. ഞങ്ങളെല്ലാവരും കത്തോലിക്ക കുട്ടികളെപ്പോലെ പെരുമാറി. ഞങ്ങള്‍ അവരുടെ പ്രാര്‍ത്ഥനകളിലും എല്ലാം പങ്കെടുത്തു.' -ഹെലന്‍ പറയുന്നു.

എങ്കിലും ഓരോദിവസവും അവരുടെ ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍, പുറത്തുനടക്കുന്ന കൊലപാതകങ്ങളടക്കം മോശം കാര്യങ്ങളെല്ലാം മറന്നുകളയാന്‍ സിസ്റ്റര്‍ ബെര്‍ഗണ്‍ അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. മാത്രവുമല്ല, അധികം വന്നിരുന്ന ഈ കുട്ടികള്‍ക്ക് ഭക്ഷണമെത്തിക്കാനായി അവര്‍ക്കുപയോഗിക്കാവുന്ന ബന്ധങ്ങളെല്ലാം അവരുപയോഗിച്ചു. പ്രഭാതഭക്ഷണം കഴിച്ചശേഷം അവരെല്ലാവരും സ്‍കൂളിലേക്ക് പോയി. അവര്‍ക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. കോണ്‍വെന്‍റിലുള്ളവരെല്ലാം കത്തോലിക്കാക്കുട്ടികളാണെന്ന് പറഞ്ഞുകൊണ്ട് പുറത്തുനിന്നുള്ളവരെയെല്ലാം സിസ്റ്റര്‍ ബെര്‍ഗണ്‍ പ്രതിരോധിച്ചുകൊണ്ടിരുന്നു. 

എന്നാല്‍, ഫ്രാന്‍സില്‍ നാസികള്‍ അവരുടെ ചുവട് കൂടുതലുറപ്പിച്ചുകൊണ്ടിരുന്നു. ആ സമയത്ത് കുറേക്കുട്ടികള്‍ക്ക് പലപ്പോഴും ഫ്ലോര്‍ബോര്‍ഡുകള്‍ക്ക് താഴെ ഒളിച്ചിരിക്കേണ്ടി വന്നു. 'ഞങ്ങള്‍ക്ക് പലപ്പോഴും ജര്‍മ്മന്‍കാര്‍ വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നു. എന്‍റെ സഹോദരി പലപ്പോഴും ഈ ഫ്ലോര്‍ബോര്‍ഡിനുതാഴെ ഒളിച്ചിരുന്നു. എന്നാല്‍, എല്ലാ കുട്ടികളും നാസികളില്‍ നിന്നും രക്ഷപ്പെട്ടു.' -ഹെലന്‍ പറയുന്നു.

യുദ്ധം അവസാനിച്ചു. അപ്പോഴാണ് ഹെലന്‍ മനസിലാക്കിയത് അവളുടെ അച്ഛനും അമ്മയും സഹോദരി ഇഡയും ഓഷ്‍വിറ്റ്‍സില്‍ കൊല്ലപ്പെട്ടിരുന്നു. അതവള്‍ക്ക് താങ്ങാനാവാത്തതായിരുന്നു. റെഡ്ക്രോസാണ് അതവരെ അറിയിച്ചത്. അതുവരെ അവള്‍ക്കോ സഹോദരിക്കോ ഓഷ്‍വിറ്റ്സിനെ കുറിച്ച് ഒന്നും തന്നെ അറിയുമായിരുന്നില്ല. പിന്നീട് അവര്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു. ഇസ്രയേലിലേക്കും പിന്നീട് യുകെയിലേക്കും പോയി. 

സിസ്റ്റര്‍ ബെര്‍ഗണ്‍ 94 വയസുവരെ ജീവിച്ചു. ജീവിതാവസാനം വരെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 'സിസ്റ്റര്‍ ബെര്‍ഗണിനെപ്പോലെ ഒരുപാട് പേരൊന്നും ഇല്ല. അവര്‍ വളരെ പ്രത്യേകതയുള്ള ഒരു സ്ത്രീയായിരുന്നു. യഥാര്‍ത്ഥ വിശുദ്ധ. കാരണം 83 ജൂതക്കുട്ടികള്‍ക്കുവേണ്ടി അവര്‍ അപകടത്തിലാക്കിയത് തന്‍റെ തന്നെ ജീവിതമാണ്. ഞങ്ങളോടെല്ലാവരോടും അവര്‍ അത്രമാത്രം സ്നേഹത്തിലായിരുന്നു പെരുമാറിയത്.' -ഹെലന്‍ പറയുന്നു.