പശ്ചിമ ബംഗാളിന്റെ വടക്കന്‍ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ വ്യാപകമായി പ്രയോഗിക്കുന്ന കീടനാശിനികള്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഡി.എന്‍.എയില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കാരണമാകുന്നു. 200 -ല്‍ക്കൂടുതല്‍ തൊഴിലാളികളുടെ രക്തസാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്. മദ്യം കഴിക്കാത്തവരും പുകവലിക്കാത്തവരുമായ എസ്റ്റേറ്റ് തൊഴിലാളികളിലും ഈ രണ്ട് ശീലങ്ങളില്‍ ഏതെങ്കിലും ഉള്ളവരിലും സ്ത്രീകളിലും നടത്തിയ വിശദമായ പരിശോധനയില്‍ എല്ലാവരിലും അസറ്റൈല്‍കോളിനെസ്റ്ററേസ്, സ്യൂഡോക്ലോറിനെസ്റ്ററേസ് എന്നീ എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി.

'ന്യൂറോട്രാന്‍സ്മിറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്ന അസറ്റൈല്‍കോളിനെ ചെറിയ ഭാഗങ്ങളാക്കി മാറ്റി ശരീരത്തിലെ രാസപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ സഹായിക്കുന്ന എന്‍സൈമാണ് അസറ്റൈല്‍കോളിനെസ്റ്ററേസ്. ഓര്‍ഗാനോഫോസ്ഫറസ് ആയിട്ടുള്ള രാസവസ്തുക്കള്‍ അടങ്ങിയ കീടനാശിനികള്‍ ഇത്തരം എന്‍സൈമുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ന്യൂറോളജി സംബന്ധമായ അസുഖങ്ങള്‍ മനുഷ്യരിലുണ്ടാക്കാന്‍ ഇത് കാരണമാകുന്നു. ഫംഗസിനെതിരെ പ്രയോഗിക്കുന്ന കീടനാശിനികളും കളനാശിനികളും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാകുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.'  ബയോമാര്‍ക്കേഴ്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ച ഡോ. ദത്ത പറയുന്നു.

കീടനാശിനികളുടെ ഉപയോഗം മനുഷ്യരില്‍ ഡി.എന്‍.എയില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് മ്യൂട്ടേഷന്‍ റിസര്‍ച്ച്-ജനറ്റിക്‌സ് ടോക്‌സിക്കോളജി ആന്റ് എന്‍വയോണ്‍മെന്റല്‍ മ്യൂടാജെനസിസ് എന്ന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളാണ്. പ്രായമോ സ്ത്രീപുരുഷഭേദമോ ഇല്ലാതെ ഇത്തരം അപകടകരമായ മാറ്റങ്ങള്‍ ഡി.എന്‍.എയില്‍ ഉണ്ടാകുന്നുവെന്ന് ഇവര്‍ പറയുന്നു.

ഇവിടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് സുരക്ഷാ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കാതെ പണിയെടുക്കുന്ന തൊഴിലാളികളെയാണ്. രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്യുമ്പോള്‍ ഇവര്‍ തന്നെ ശ്വസിക്കുകയും കൈകൊണ്ട് നേരിട്ട് സ്പര്‍ശിക്കുകയും ചെയ്യുന്നു. സ്ത്രീത്തൊഴിലാളികളും രാസവസ്തുക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നു.

തേയിലക്കൃഷിയുടെ ഉത്ഭവം എവിടെ?

ചൈനയിലെ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ചക്രവര്‍ത്തിയായ ഷെനംഗ് ആണ് തേയിലച്ചെടിയെ ലോകത്തിന് പരിചയപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. ഇദ്ദേഹം മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കുടിക്കാന്‍ വെള്ളം തിളപ്പിച്ചപ്പോള്‍ കാറ്റത്ത് കുറച്ച് ഇലകള്‍ പറന്നുവീണെന്നും ആ പാനീയം കഴിച്ചപ്പോള്‍ ഉന്മേഷം അനുഭവപ്പെട്ടെന്നുമാണ് ഒരു കഥ.

ബുദ്ധന്‍ കീറിയെറിഞ്ഞ സ്വന്തം കണ്‍പോളകളാണ് തേയിലയായതെന്നും കഥ പ്രചരിക്കുന്നുണ്ട്. തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ധ്യാനത്തില്‍ ഇരിക്കുമെന്ന് പ്രതിജ്ഞയെടുത്ത ബുദ്ധന്‍ അല്‍പ്പം മയങ്ങിപ്പോയ നിരാശയില്‍ കീറിയെറിഞ്ഞതാണ് തന്റെ കണ്‍പോളകളെന്ന് ഈ കഥയില്‍ സൂചിപ്പിക്കുന്നു. ഇത് മുളച്ചുപൊന്തി ഇലകളായപ്പോള്‍ അത് ചവച്ച് ക്ഷീണം മാറിയ ബുദ്ധനാണ് ഈ ചെടി ചൈനയിലേക്ക് കൊണ്ടു വന്നതെന്നും പറയപ്പെടുന്നു.

ഇന്ന് ഏകദേശം മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ തേയില കൃഷി ചെയ്യുന്നുണ്ട്. ചൈന, ഇന്ത്യ, കെനിയ, ശ്രീലങ്ക, ഇന്തൊനേഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, ഇറാന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലാണ് തേയില ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിലേക്ക് വന്നാല്‍ അസം, ഡാര്‍ജിലിങ്ങ് എന്നീ മേഖലകളില്‍ തേയിലക്കൃഷിയുണ്ട്. കേരളത്തിലാണെങ്കില്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ തേയിലത്തോട്ടങ്ങളുണ്ട്.  

തേയിലയിലെ വിഷാംശം

ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ടീ ബോര്‍ഡ് ഓഫ് ഇന്ത്യയും തേയിലയിലെ കീടനാശിനിയുടെ പ്രയോഗം നിയന്ത്രിക്കണമെന്ന് ഉത്പാദകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തേയില ഉത്പാദിപ്പിക്കരുത്.

ചായപ്പൊടിയിലുണ്ടാകുന്ന ഘനലോഹങ്ങളുടെ സാന്നിദ്ധ്യവും വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. നാഷണല്‍  അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ലബോറട്ടറിയില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പുറത്തേക്ക് കയറ്റി അയക്കുന്ന തേയിലയിലും കേരളത്തില്‍ ഉപയോഗിക്കുന്ന തേയിലയിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ തേയിലത്തോട്ടങ്ങളില്‍ വ്യാപകമായി കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തോട്ടങ്ങളില്‍ പരിശോധന നടത്തണമെന്ന് ഉത്തരവിട്ടത്.

ഒന്‍പത് തരത്തില്‍പ്പെട്ട രാസവസ്തുക്കള്‍ വെള്ളത്തില്‍ കലക്കിയാണ് മാനന്തവാടി തേറ്റമല പാരിസണ്‍ തേയിലത്തോട്ടത്തില്‍ തളിക്കുന്നതെന്ന് 2016 -ല്‍ പരാതി ഉയര്‍ന്നിയിരുന്നു.  മാംഗനീസ്, പൊട്ടാസ്യം, നൈട്രജന്‍, യൂറിയ എന്നിവയെല്ലാം ഈ മിശ്രിതത്തില്‍ ഉണ്ടെന്നാണ് തേയിലത്തോട്ടത്തിലെ സൂപ്പര്‍വൈസര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. ഈ മിശ്രിതം തയ്യാറാക്കുന്നത് കൈ കൊണ്ടാണെന്നും കണ്ണട, ഗ്ലൗസ്, മാസ്‌ക് എന്നീ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്ന മാനദണ്ഡം കമ്പനി പാലിക്കാറില്ലെന്നുമാണ് തൊഴിലാളികള്‍ വെളിപ്പെടുത്തിയത്.

ഇത്തരം ബാരലുകളില്‍ രാസവസ്തുക്കള്‍ തയ്യാറാക്കുന്നവരുടെ കാഴ്ചശക്തി തന്നെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ശ്വാസംമുട്ടലും തലവേദനയും ഉണ്ടാകാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കളനാശിനി തളിക്കുന്നതിനിടെ ഇവിടെ ഒരു തൊഴിലാളി കുഴഞ്ഞുവീണിരുന്നു.

ശ്വാസതടസം, അസ്ഥികള്‍ക്ക് തേയ്മാനം, വിട്ടുമാറാത്ത തലവേദന, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയെല്ലാം തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കണ്ടുവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തേയില ഇല നുള്ളുന്ന സ്ത്രീകളെയും രോഗം ബാധിക്കുന്നു. മാനസിക വൈകല്യങ്ങള്‍, ക്രമരഹിതമായ അവയവ വളര്‍ച്ച എന്നിവയ്ക്കും സാധ്യതയുണ്ട്. ജനിതകമായി ഇത്തരം വൈകല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

കടുത്ത ചൂട് കടത്തിവിട്ടാണ് തേയിലയെ ഭക്ഷിക്കാന്‍ യോഗ്യമാക്കുന്നത്. ഇത്തരം ഉയര്‍ന്ന ഊഷ്മാവില്‍ കീടനാശിനികള്‍ നശിക്കും. അതുകാരണം നമ്മള്‍ ഉപയോഗിക്കുന്ന തേയിലയില്‍ കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നുണ്ട്. കേരളത്തില്‍ 2017 -ല്‍ കൊച്ചിയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഗുണനിലവാരമില്ലാത്ത തേയിലകള്‍ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.