എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെയുള്ള ഒരേർപ്പാടാണ് പൗരത്വഅവകാശങ്ങളുടെ പേരിൽ നാടുപുകയുമ്പോൾ, വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.  എന്നാല്‍, ഈ വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ കേരളത്തിലെയോ, ഇന്ത്യയിലെയോ മാത്രം കാര്യമല്ല, ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ.

വ്യാജ വാർത്തകൾക്ക് പേരുകേട്ട രാജ്യമാണ് ഇന്തോനേഷ്യ. തെറ്റായ വാർത്തകൾ അവിടെ സൃഷ്ടിച്ചിട്ടുള്ള പ്രശ്‍നങ്ങൾ ചില്ലറയല്ല. ഇതിനൊരു പരിഹാരം കാണാനാണ് ഇസ്‍മായിൽ ഫാഹ്മി എന്നയാൾ ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയ വിഷയങ്ങൾ ട്രാക്കുചെയ്യാനും അവ എവിടെ നിന്ന് ഉത്ഭവിച്ചുവെന്ന് കണ്ടെത്താനും കഴിയുന്ന ഒരു സംവിധാനം 'എം‌പ്രിറ്റ് ഡ്രോൺ' എന്ന പേരിൽ അദ്ദേഹം ഉണ്ടാക്കി.

2014 -ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ തടയാൻ ഈ സോഷ്യൽ മീഡിയ വിശകലന സംവിധാനത്തിന് കഴിഞ്ഞു. ഇതിനെകുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്‍തകവും അയാൾ ഇറക്കുകയുണ്ടായി.

"ഞാൻ കൂടുതൽ സമയവും കമ്പ്യൂട്ടറിന് മുന്നിലാണ് ചിലവഴിക്കുന്നത്. ഞാൻ എല്ലാം നിരീക്ഷിക്കും”ഫഹ്മി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി, പല സാമൂഹ്യപ്രശ്നങ്ങളിലും സത്യാവസ്ഥയറിയാൻ മാധ്യമങ്ങൾ ഫഹ്മിയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞവർഷം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ രഹസ്യമായി റിക്രൂട്ട് ചെയ്യുന്നു എന്ന വാർത്ത വന്നപ്പോഴും, പശ്ചിമ പപ്പുവയിലെ വംശീയ വിവേചനത്തിനെതിരായ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും ഇദ്ദേഹത്തിന്‍റെ സേവങ്ങൾക്കായി മാധ്യമങ്ങൾ ഉറ്റുനോക്കിയിരുന്നു. കാരണം അക്കാലത്ത്, തെറ്റായ വിവരങ്ങളും തട്ടിപ്പുകളും ഇന്തോനേഷ്യയിൽ ഒരു കാട്ടുതീ പോലെയാണ് പടർന്നിരുന്നത്. 1945 -ൽ ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇത്തരം തെറ്റായ വാർത്തകൾ പല സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണത്തിനും കാരണമായിട്ടുണ്ട്.

2010 -ൽ നെതർലാൻഡിൽ PhD ചെയ്യുന്നതിനിടെയാണ് ഫഹ്മി സാമൂഹ്യമാധ്യങ്ങളെ നിരീക്ഷിക്കാനായി ഈ  സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. ലിംഗ്വിസ്റ്റിക്‌സും, മെഷീന്‍ പ്രവർത്തനവും ചേർത്തിണക്കിയാണ് അദ്ദേഹമിതുണ്ടാക്കിയത്. ഒരുവർഷം പിന്നിട്ടപ്പോൾ, അത് കൂടുതൽ ഉപയോഗപ്രദമായ രീതിയിൽ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞു. എല്ലാ സാമൂഹ്യ മാധ്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ അതിനെ അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു.

ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം ഫഹ്മിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വ്യാജവാർത്തകളും, അശ്ലീല ഉള്ളടക്കങ്ങളും ഫിൽട്ടർ ചെയ്യുകയാണിന്ന്. നിരവധി മന്ത്രാലയങ്ങളും വാണിജ്യ കമ്പനികളും  ഫഹ്മിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. "സമൂഹമാധ്യമങ്ങളിൽ ഒരു വ്യാജവാർത്ത എങ്ങനെ പടരുന്നു എന്നത് നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയില്ല. ആരാണ് ഇത് ആരംഭിച്ചത്? എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത സന്ദർഭത്തിൽ എംപ്രിറ്റ് ഡ്രോണിന് അത് കണ്ടെത്താന്‍ കഴിയുമെന്ന് ഞാൻ കരുതുന്നു. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു വ്യാജവാര്‍ത്ത കണ്ടെത്താനും അതിനെ നീക്കം ചെയ്യാനും ഇതിന് കഴിയും. അതിനാലാണ് ഞാൻ എന്‍റെ  സോഫ്റ്റ്‌വെയറിന് ഒരു ഡ്രോണിന്‍റെ പേര് നൽകിയത്" അദ്ദേഹം പറയുന്നു.

 

സാമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഇതിന്‍റെ പ്രവർത്തനം പല ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർക്കും ഒരുവലിയ തിരിച്ചടിയാണ് എന്നദ്ദേഹം പറയുന്നു. ബോട്ട് (ഒരു ആപ്ലിക്കേഷൻ) ഉപയോഗിച്ച് വ്യാജ വാർത്തകൾ ഉണ്ടാക്കി സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് ഇത് വലിയ ഭീഷണിയാണ് എന്നും അയാൾ സൂചിപ്പിച്ചു. 

ആദ്യം ബോട്ടുകൾ കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിന്‍റെ ചുവടുപിടിച്ച് രാഷ്ട്രീയക്കാരും അവരുടെ അജണ്ടകൾക്കായി ഇത് ഉപയോഗിച്ച് വരുന്നു. ഇന്തോനേഷ്യയിൽ, രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കുന്ന ബോട്ടുകൾ ഒരു രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിച്ച് ജനങ്ങളെ ധ്രുവീകരിക്കുന്നതിനും അവര്‍ക്കനുകൂലമായ പൊതുജനാഭിപ്രായം വളർത്തുന്നതും സാധാരണമാണ് ഇപ്പോൾ. 

ഒരു തെരഞ്ഞെടുപ്പ് വന്നാൽ ഒരു സ്ഥാനാർത്ഥിയെയോ, പാർട്ടിയെയോ പിന്തുണക്കാനായി സാമൂഹ്യ മാധ്യമങ്ങളിൽ കൂലി എഴുത്തുകാരെ മിക്ക പാർട്ടികളും നിയമിക്കുന്നു. അൻപതിലേറെ വർഷമായി ഇന്തോനേഷ്യയിൽനിന്ന് സ്വാതന്ത്ര്യം നേടാനായി സമരത്തിലേർപ്പെട്ടിരിക്കുന്ന ഒരു പ്രവിശ്യയാണ് പപ്പുവ. ഓഗസ്റ്റിലെ പശ്ചിമ പപ്പുവ കലാപത്തിനിടെ, വംശീയ വിവേചനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ഇന്തോനേഷ്യൻ സർക്കാറിനെതിരെ തെരുവിലിറങ്ങുകയുണ്ടായി. ഇന്തോനേഷ്യൻ സർക്കാർ ഇത്തരം എഴുത്തുകാരെ ഉപയോഗിച്ച് സർക്കാർ അനുകൂല പ്രചരണം നടത്തിയതായി ആരോപണങ്ങളും ഉയർന്നിരുന്നു.

പാം  ഓയിലാണ് ഇന്തോനേഷ്യയുടെ ഒരു പ്രധാന വരുമാന മാർഗ്ഗം. ഈ വർഷമുണ്ടായ കാട്ടുതീ സർക്കാർ അറിവോടെയാണെന്നും കൂടുതൽ പാം മരങ്ങൾ നടാനായി വനത്തെ നശിപ്പിച്ചതാണെന്നും ആരോപണം നിലനിന്നിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ മറച്ചുവക്കാനും, പാം ഓയിൽ ഉത്പാദനം വർധിപ്പിക്കാനും സെപ്റ്റംബറിൽ വിവര മന്ത്രാലയം ഗുഡ് പാം ഓയിൽ കാമ്പയിൻ ആരംഭിക്കുകയുണ്ടായി. ഇതിനായി മന്ത്രാലയം ട്വിറ്ററിൽ പാം ഓയിലുമായി ബന്ധപ്പെട്ട വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുകയും പരസ്യമായി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ വിജയം കൈവരിക്കുന്നതിനുള്ള ഒരു ഉപകരണമായും സാമൂഹ്യമാധ്യമങ്ങളെ ഇത്തരക്കാർ ഉപയോഗിച്ച് വരുന്നു. ജക്കാർത്ത ഗവർണറായ അനീസ് ബസ്വേദൻ നഗരത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിനായി 358,000 ഡോളറാണ് മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണത്തിനായി ചെലവിടാൻ പദ്ധതിയിട്ടത്.  എന്നാൽ, എതിർപ്പിനെ തുടർന്ന് അത് റദ്ദാക്കുകയും ചെയ്തിരുന്നു.

ആളുകൾക്ക് ഇങ്ങനെയുള്ള അജണ്ടയുള്ളിടത്തോളം കാലം ഇത്തരം തട്ടിപ്പുകൾ നിലനിൽക്കുമെന്ന് ഫാഹ്മി പറഞ്ഞു. ഇത്തരം വ്യാജ വാർത്തകൾ തടയാൻ എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.