Asianet News MalayalamAsianet News Malayalam

പൂജ ശ്രമിച്ചത് കഴുതപ്പാലില്‍ നിന്ന് സോപ്പുണ്ടാക്കാന്‍; പരിഹാസമൊരുപാട് കേട്ടെങ്കിലും ഒടുവില്‍ സംഭവിച്ചത്

തൊഴിലവസരങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന തന്റെ സംരംഭത്തെക്കുറിച്ചോര്‍ത്തപ്പോള്‍ പൂജ മുന്നോട്ട് തന്നെ പ്രയാണം തുടര്‍ന്നു.
 

pooja kaul who produce organic products from donkey's milk
Author
Solapur, First Published Jan 16, 2020, 3:51 PM IST

കഴുതപ്പാലില്‍ നിന്നും സോപ്പുണ്ടാക്കാനായിരുന്നു സോളാപൂര്‍ സ്വദേശിയായ പൂജാ കൗള്‍ എന്ന യുവതിയുടെ പരിശ്രമം. സ്വന്തം ബ്രാന്‍ഡായ ഓര്‍ഗാനിക്കോ എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനുള്ള പ്രയത്‌നത്തിന് പിന്നില്‍ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയുണ്ട്. സോളാപൂരിലും ഗാസിയാബാദിലും ദസ്‌നയിലുമുള്ള എല്ലാ കഴുതകളെ വളര്‍ത്തുന്ന കര്‍ഷകരെയും ഒരുമിപ്പിച്ച് കഴുതപ്പാല്‍ ശേഖരിച്ച് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഈ യുവതി നേതൃത്വം നല്‍കിയത്. നിരവധി പരിഹാസങ്ങള്‍ കേട്ടിട്ടും പിന്‍മാറാതെ. ഇന്ന് ഗ്രാമങ്ങളിലുള്ള കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനും സോപ്പുകള്‍ ലാഭകരമായി വിറ്റഴിക്കാനും പൂജയ്ക്ക് കഴിയുന്നു. കഴുതകളെ വളര്‍ത്തുന്ന 12 കര്‍ഷകരുടെ പിന്തുണയുമായി ഈ സംരംഭം മുന്നോട്ട് പോകുന്നു.

കഴുതപ്പാല്‍ ശേഖരിക്കുന്നതിനെതിരെയുള്ള മൃഗസ്‌നേഹികളുടെ ആരോപണങ്ങള്‍ക്ക് നല്‍കാന്‍ പൂജയുടെ കൈയില്‍ വ്യക്തമായ മറുപടി ഉണ്ടായിരുന്നു. പാല്‍ കറന്നെടുക്കുന്ന പ്രക്രിയയില്‍ മൃഗങ്ങളെ ആരും വേദനിപ്പിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഒരു കഴുത 500 മുതല്‍ 750 വരെ മി.ലി പാലാണ് ഒരു ദിവസം തരുന്നത്. അതുപോലെ ഒരു കര്‍ഷകന്‍ ഏകദേശം 4 മുതല്‍ 12 വരെ കഴുതകളെ വളര്‍ത്തുന്നുമുണ്ട്. പൂജയുടെ സംരംഭത്തിനായി ഒരു കഴുതയില്‍ നിന്നും 100 മുതല്‍ 200 വരെ മി.ലി പാലാണ് ശേഖരിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പാല്‍ ശേഖരിക്കുന്നത് കാരണം കഴുതയുടെ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാലും ഇവര്‍ ചൂഷണം ചെയ്യുന്നില്ല.

ജീവിതം സുന്ദരമാക്കാനാണ് പൂജാ കൗളിന്റെ ഓര്‍ഗാനിക്കോ എന്ന സംരംഭം ശ്രമിക്കുന്നത്. ഇന്ത്യയില്‍ കഴുതപ്പാലിന്‍ നിന്ന് നൂറ് ശതമാനം പ്രകൃതിദത്തമായ സോപ്പ് ആദ്യമായി നിര്‍മിച്ചത് ഇവരാണെന്ന് കമ്പനി അവകാശപ്പെടുന്നു. കഴുതപ്പാലില്‍ വിറ്റാമിന്‍ ഇ, എ, ബി1, ബി6, സി, ഡി, ഇ, ഒമേഗ 3, ഒമേഗ 6, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവിലുള്ള കാല്‍സ്യവും റെറ്റിനോളും അടങ്ങിയതിനാല്‍ കറുത്ത വളയങ്ങളും ചുളിവുകളും പാടുകളുമെല്ലാം മായ്ക്കാന്‍ കഴിയും.

തുല്‍ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷമാണ് പൂജ കഴുതപ്പാലിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചത്. 

'എന്റെ പഠനത്തിന് ശേഷം സോളാപൂരിലേക്ക് തിരിച്ചുവന്ന് ഞാന്‍ ഉദ്ദേശിച്ച പ്രോജക്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ എന്റെ കുടുംബത്തില്‍ നിന്ന് പ്രോത്സാഹനം ലഭിച്ചില്ല. അവര്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ കൈയില്‍ ഒരു ബിസിനസ് ആശയവും ഒരു സര്‍ക്കാര്‍ ജോലിയുടെ അവസരവുമാണുണ്ടായിരുന്നത്. ഏതു സ്വീകരിക്കണം? എനിക്ക് എന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ എന്റെ മനസില്‍ തോന്നിയ സാധാരണമല്ലാത്ത ആ ആശയവുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.' പൂജ തന്റെ സംരംഭത്തിന്റെ തുടക്കത്തെക്കുറിച്ച് ഓര്‍മിക്കുന്നു.

തൊഴിലവസരങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന തന്റെ സംരംഭത്തെക്കുറിച്ചോര്‍ത്തപ്പോള്‍ പൂജ മുന്നോട്ട് തന്നെ പ്രയാണം തുടര്‍ന്നു.

'ഇന്ത്യയിലെ കഴുതകളുടെ കണക്ക് പരിശോധിച്ചാല്‍ ഏകദേശം 3.4 ബില്യണ്‍ ഉണ്ട്. ഒരു ലിറ്റര്‍ കഴുതപ്പാലിന് ഏകദേശം 3,000 രൂപയാണ് വില. തൊഴിലില്ലായ്മ ഈ ഗ്രാമത്തിലെ പ്രധാന പ്രശ്മായിരുന്നു. മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും ആളുകള്‍ക്ക് പെയിന്റിങ്ങിലേക്കും കായികാധ്വാനമുള്ള ജോലികളിലേക്കും തിരിയേണ്ടി വരുന്നു. ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസത്തിന് വഴിയില്ലാതെ വിഷമിക്കുന്നു.' പൂജ പറയുന്നു.

പൂജയുടെ സംരംഭമായ ഓര്‍ഗാനിക്കോ കഴുതകളെ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നും ഒരു ലിറ്റര്‍ പാലിന് 2000 രൂപ നിരക്കില്‍ പാല്‍ സംഭരിക്കാന്‍ തുടങ്ങി. അതുപയോഗിച്ച് പ്രകൃതിദത്തമായ സോപ്പ് നിര്‍മിക്കാന്‍ തുടങ്ങി. രണ്ടു തരത്തിലുള്ള സോപ്പുകളാണ് ഇവര്‍ നിര്‍മിച്ചത്. ഡോങ്കി മില്‍ക്ക് നാച്ചുറല്‍ ഇന്‍ഗ്രെഡിയന്റ് സോപ്പും ഡോങ്കി മില്‍ക്ക് ചാര്‍കോള്‍ ആന്റ് ഹണി സോപ്പും. വിവിധ ചാനലുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈനായും തന്റെ ഉത്പന്നം വിറ്റഴിക്കാനുള്ള മാര്‍ഗം പൂജ കണ്ടെത്തി.

മൂന്ന് മാസത്തിനുള്ളില്‍ 1000 ഓര്‍ഗാനിക് സോപ്പുകള്‍ വിറ്റഴിച്ചു. ഒരു സോപ്പിന് 499 രൂപയായിരുന്നു വില. 25 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളായിരുന്നു ആവശ്യക്കാര്‍.

അതിനുശേഷം തന്റെ സഹപാഠിയെയും ബിസിനസില്‍ ഒപ്പം കൂട്ടി. ഇപ്പോള്‍ ഏഴുപേര്‍ അടങ്ങുന്ന ടീമാണ് ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗാസിയാബാദിലേക്കും ദസ്‌നയിലേക്കും ഓര്‍ഗാനിക്കോയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ചെറിയ പ്രദേശത്തുള്ള സംരംഭങ്ങള്‍ക്കാണ് പ്രാദേശികമായ ഗ്രൂപ്പുകളിലും കര്‍ഷകര്‍ക്കിടയിലും കൂടുതല്‍  പോസിറ്റീവായ ഫലങ്ങളുണ്ടാക്കാന്‍ കഴിയുന്നതെന്ന് പൂജ വിശ്വസിക്കുന്നു.

'ഇന്ത്യയിലെ 70 ശതമാനം ആളുകളും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. നമ്മള്‍ പട്ടണങ്ങളിലേക്ക് സ്വപ്‍നസാക്ഷാത്കാരത്തിനായി പോകുമ്പോള്‍ ഗ്രാമങ്ങളിലാണ് പ്രകൃതിവിഭവങ്ങള്‍ കൂടുതലുള്ളതെന്ന വസ്തുത നാം മറക്കുന്നു. ഇവിടെ നമുക്ക് കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും.' പൂജ പറയുന്നു.

ചെറിയ ടൗണില്‍ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനും വെല്ലുവിളികളുണ്ടെന്ന് പൂജ ഓര്‍മപ്പെടുത്തുന്നു.' ഗ്രാമവാസികളായ പുരുഷന്‍മാരില്‍ നിന്ന് അനുമതി കിട്ടാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. ചേരികള്‍ പോലെ ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് കടന്നുചെന്ന് നമ്മുടെ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് പറഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് പരിഹസിക്കുന്ന സാഹചര്യമായിരുന്നു ഇവിടെ. രാവിലെ 5.00 മണിക്ക് കഴുതപ്പാല്‍ ശേഖരിക്കാന്‍ പോകുന്നത് എനിക്കും പ്രയാസമുള്ള കാര്യമായിരുന്നു. ഞാനൊരു പുരുഷനായിരുന്നെങ്കില്‍ എനിക്ക് എല്ലാം ചെയ്യാമായിരുന്നു.  ഇതുപോലെയുള്ള നിരവധി സാമൂഹികവും സാംസ്‌കാരികവുമായ തടസങ്ങള്‍ എനിക്ക് തരണം ചെയ്യേണ്ടി വന്നു. ഒരു പെണ്ണ് എന്ന നിലയില്‍ ജീവിതം മുഴുവനും കഷ്ടപ്പാടും പ്രതിസന്ധികളും തന്നെയാണെന്ന് ഞാന്‍ മനസിലാക്കി. പക്ഷേ, നിങ്ങള്‍ അവയെ കാണണം, സ്വാഗതം ചെയ്യണം, പരാജയപ്പെടുത്തുകയും വേണം. ഞാന്‍ എത്രയൊക്കെ പ്രയാസം അനുഭവിച്ചാലും എന്റെ തീരുമാനം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് കാണാം' . പൂജയുടെ ഈ വാക്കുകള്‍ ഓരോ സ്ത്രീകള്‍ക്കുമുള്ള പ്രോത്സാഹനമാണ്.

Follow Us:
Download App:
  • android
  • ios