Asianet News MalayalamAsianet News Malayalam

പുൽവാമ ആക്രമണം ഒരു ഇന്റലിജൻസ് പരാജയമായിരുന്നോ?, ഇനിയൊരു ചാവേറാക്രമണമുണ്ടാവാതിരിക്കാൻ എന്താണ് വഴി?

ചാവേറായി പൊട്ടിത്തെറിക്കാൻ ഒരു തീവ്രവാദി ഒരുമ്പെട്ടിറങ്ങിയാൽ അത് തടയുക ഏറെക്കുറെ അസാധ്യമാണ്. അവിടെയാണ് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ നേരത്തെ കിട്ടേണ്ടതിന്റെ പ്രാധാന്യം.

pulwama suicide attack, was it an intelligence failure? how to avoid another attack in future?
Author
Pulwama, First Published Feb 14, 2020, 10:53 AM IST

ഭീകരവാദ വിരുദ്ധപോരാട്ടങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് 'ഇന്റലിജൻസ് ഇൻപുട്ടുകൾ' അഥവാ സുരക്ഷാസേന സമാഹരിക്കുന്ന രഹസ്യ വിവരങ്ങൾ. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും സേന അവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളും, ഭാവിയിലേക്കുള്ള പദ്ധതികളും ഒക്കെ തീരുമാനിക്കുക. ജനങ്ങൾക്കിടയിലും ശത്രുരാജ്യത്തുമൊക്കെയായി വർഷങ്ങൾക്കു മുമ്പുതൊട്ടേ തിരുകിക്കയറ്റിയിട്ടുള്ള ഇൻഫോമർമാർ വഴി ലഭിക്കുന്ന ഈ അതീവരഹസ്യവിവരങ്ങളുടെ കൃത്യതയും, വിശ്വാസ്യതയും, സൂക്ഷ്മതയും ഒക്കെ കലാപകലുഷിതമായ പ്രദേശങ്ങളിൽ നിയുക്തരായിട്ടുള്ള സേനാംഗങ്ങളുടെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്. 

ഒരു ആക്രമണം നടക്കാൻ സാധ്യതയുണ്ട് എന്ന വിവരം നേരത്തെ അറിഞ്ഞാൽ, അതിൽ പങ്കെടുക്കാൻ പോകുന്നവരുടെ പേരുവിവരങ്ങൾ നേരത്തെ കിട്ടിയാൽ അവരെ നിർവീര്യമാക്കി സേനയ്ക്ക് അങ്ങനെയൊരു ആക്രമണം നടക്കും മുമ്പുതന്നെ തടയാം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി ഇന്ത്യൻ സേനയുടെ ഇന്റലിജൻസ് വിഭാഗം ഏറെ കാര്യക്ഷമമായിട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അവർ സമാഹരിച്ച ഇത്തരത്തിലുള്ള ഇന്റലിജൻസ് വിവരങ്ങൾ വഴി നിരവധി തവണ ഗുരുതരമായ പല തീവ്രവാദാക്രമണങ്ങളും മുൻകൂറായി തടയാൻ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, എല്ലായ്പ്പോഴും ഈ വിവരങ്ങൾ സമയാസമയം സേനയ്ക്ക് കിട്ടിക്കൊള്ളണം എന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ഇന്റലിജൻസ് ഇൻപുട്ട് പരാജയം കാശ്മീരിൽ നിയുക്തരായിരുന്ന സിആർപിഎഫ് സേനയ്ക്ക് ഉണ്ടായി. അതിന് അവർ കൊടുക്കേണ്ടി വന്ന വില ഏറെ വലുതായിരുന്നു. 2019 ഫെബ്രുവരി 14 -ന് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫിന്റെ കോൺവോയ്ക്കു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാൽപതു ജവാന്മാർ കൊല്ലപ്പെട്ടു. 

pulwama suicide attack, was it an intelligence failure? how to avoid another attack in future?

പുൽവാമ ആക്രമണം നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ എന്തൊക്കെയാണ്? സേനയിൽ, സൈന്യം നടത്തുന്നതോ അല്ലെങ്കിൽ ഇനി ഭീകരവാദികളുടെ ഭാഗത്തുനിന്നുണ്ടാവുന്നതോ ആയ ഓരോ ആക്രമണവും ബാക്കിയാകുന്നത് ഭാവിയിലെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശകമാകുന്ന ചില പാഠങ്ങളാണ്. കാശ്മീരിൽ തീവ്രവാദം തുടങ്ങിയിട്ട് മുപ്പതു വർഷമായി എങ്കിലും, താഴ്‌വരയിൽ സൈന്യത്തിന് നേരെ ചാവേറായി പാഞ്ഞടുത്തിട്ടുള്ള ബോംബർമാരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്. പുൽവാമയിലെ ചാവേർ ആദിൽ അഹമ്മദ് ഡാർ എന്നൊരു ജെയ്ഷെ മൊഹമ്മദ് ഭീകരനായിരുന്നു.  

ആരാണ് ആദിൽ അഹമ്മദ് ഡാർ എന്ന 'വകാസ് കമാൻഡോ'

പന്ത്രണ്ടാം ക്ലാസില്‍വെച്ച് പഠിത്തം നിർത്തി അയൽവാസിയുടെ തടിമില്ലിൽ ജോലിക്കു പോയിത്തുടങ്ങിയതാണ് ആദിൽ. ആക്രമണം നടന്ന സ്ഥലത്തിന് പത്തുകിലോമീറ്റർ ചുറ്റളവിൽ തന്നെയാണ് ആദിലിന്റെ വീടും. 2018 മാർച്ചിൽ, തൗസീഫ്, വസീം എന്നീ രണ്ടു സ്നേഹിതർക്കൊപ്പം ആദിലിനെയും കാണാതാവുകയായിരുന്നു .ആദിലിന്റെ ജ്യേഷ്ഠൻ മൻസൂർ അഹമ്മദ് ദാർ കുപ്രസിദ്ധനായ ഒരു തീവ്രവാദിയായിരുന്നു. 2016 -ൽ ഇന്ത്യൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു മൻസൂർ. അന്ന് ആദിൽ മുങ്ങിയത് പാക് അധീന കശ്മീരിലേക്കായിരുന്നു. അവിടെ സായുധപരിശീലനം നേടിയശേഷം ആദിൽ പൊങ്ങുന്നത് സാമൂഹ്യമാധ്യമങ്ങളിലാണ്. അപ്പോഴേക്കും ആദിൽ അവനവനെ വിളിക്കാൻ കുറേക്കൂടി നല്ലൊരു പേരും കണ്ടെത്തിക്കഴിഞ്ഞിരുന്നു. 'വകാസ് കമാൻഡോ'. കുറേക്കൂടി മെച്ചപ്പെട്ട കായികശേഷിയും, കയ്യിലൊരു എകെ 47 യന്ത്രത്തോക്കും. അതായിരുന്നു ആദിലിന്റെ പുതിയ അവതാരം. 2016 -ൽ കാശ്മീരിൽ ഏറെ ലോക്കൽ സപ്പോർട്ടുള്ള ബുർഹാൻ വാണി എന്ന ഭീകരവാദിയെ ഇന്ത്യൻ സേന വധിച്ചിരുന്നു. അന്ന് അതിൽ പ്രതിഷേധിച്ചു നടന്ന പ്രകടനങ്ങളിലും ആദില്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി 14 -ന് സിആര്‍പിഎഫ് കോണ്‍വോയ്ക്കുനേരെ ആക്രമണം നടന്ന് അധികം താമസിയാതെ ആദിലിന്റെ ഒരു അവസാന വീഡിയോ പുറത്തിറങ്ങിയിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ബാനർ പിന്നിൽ വലിച്ചു കെട്ടി, അതിനു മുന്നിൽ ഒരു M4 കാർബൈൻ, ഗ്രനേഡുകൾ, ഒരു ബ്രൗണിങ് പിസ്റ്റൾ, എ കെ 47 തുടങ്ങിയവയോടൊപ്പം നിന്നുകൊണ്ട് സുദീർഘമായ ഒരു പ്രഭാഷണം തന്നെ ആദിൽ ആ വീഡിയോയിൽ നടത്തിയിരുന്നു. ഇന്ത്യൻ സേനയ്ക്കുള്ള ഭീഷണികളും, പരിഹാസങ്ങളും, ഒപ്പം കശ്മീരി ജനതയ്ക്ക്, വിശിഷ്യാ താഴ്വരയിലെ യുവതീയുവാക്കൾക്കുള്ള ഉപദേഹങ്ങളായിരുന്നു ആ പ്രസംഗത്തിലെ ഹൈലൈറ്റ്. വാലന്റൈൻസ് ഡേയ്ക്ക് പുറത്തുവിട്ട ഈ വീഡിയോയിൽ തന്നെ "പ്രണയത്തിൽ അകപ്പെടരുത്" എന്ന ഒരു സന്ദേശവും ആദിൽ പുറപ്പെടുവിച്ചു. 

അതിർത്തി കടന്നുവന്ന ഗാസി എന്ന 'റിക്രൂട്ടർ' 

ആദിൽ ഡാറിനെ സ്വാധീനിച്ചതും, തീവ്രവാദപരിശീനത്തിന് റിക്രൂട്ട് ചെയ്തു പറഞ്ഞുവിട്ടതും, 2017 ഡിസംബറിൽ കശ്മീരിലേക്ക് നുഴഞ്ഞു കയറിയ ഒരു കൊടും ഭീകരനായിരുന്നു. അത് അബ്ദുൽ റഷീദ് ഗാസി എന്നുപേരായ ഒരു ജെയ്ഷെ മുഹമ്മദ് കമാണ്ടർ ആയിരുന്നു എന്ന് സുരക്ഷാ ഏജൻസികൾക്ക് സംശയമുണ്ട്. അഫ്ഗാനിൽ പോരാട്ടങ്ങൾ നയിച്ച മുതിർന്ന തീവ്രവാദി നേതാവായിരുന്നു, ഒരു ഐഇഡി സ്‌ഫോടകവസ്‌തു വിദഗ്ധൻ കൂടിയായ ഗാസി. പുൽവാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനും ഗാസി തന്നെയായിരുന്നു. അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയ ഫെബ്രുവരി 9 -ന്റെയും, 2018 -ൽ ഇന്ത്യൻ സേന വധിച്ച ജെയ്‌ഷെ കമാണ്ടർമാരായ തൽഹാ റാഷിദ്, ഉസ്മാൻ ഹൈദർ എന്നിവരുടെ മരണത്തിന്‍റെയും പ്രതികാരമെന്നോണമാണ് ഫെബ്രുവരി 14 ആക്രമണത്തിനായി ആദിൽ തെരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നു. മസൂദ് അസറിന്റെ മരുമക്കളായ ഈ രണ്ടുപേരുടെയും മരണത്തിനു പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഗാസിയെ കാശ്മീരിലേക്ക് ജെയ്‌ഷെ നേതൃത്വം പറഞ്ഞുവിട്ടത് എന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നടന്നും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും പുൽവാമ വരെ എത്തിയ ഗാസി, അവിടെവെച്ചുതന്നെയാണ് ആദിലിന് സ്ഫോടകവസ്തുക്കളിൽ വേണ്ട പരിശീലനം നൽകിയത്. ഒരു വർഷത്തോളം ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടാണ് ആദിൽ പുൽവാമ ആക്രമണത്തിന് ചാവേറാകാൻ തയ്യാറാകുന്നത്. ചാവേറായി പൊട്ടിത്തെറിക്കും വരെയും കാര്യമായ ആക്രമണങ്ങളിൽ ഒന്നും പങ്കെടുക്കാതെ, ഇന്റലിജൻസ് ഏജൻസികളുടെ റഡാറിൽ പെടാതെ ഒഴിഞ്ഞു നിൽക്കുകയായിരുന്നു ആദിൽ. അതുകൊണ്ടുതന്നെ, ഈ ചാവേറാക്രമണം നടക്കും വരെയും വെറുമൊരു കാറ്റഗറി സി ടെററിസ്റ്റ് മാത്രമായിരുന്നു അയാൾ. 

സ്‌കൂൾ ഡ്രോപ്പൗട്ട് ആയ ആദിൽ ഡാർ ഇങ്ങനെയൊരു വൻ ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടെന്ന് ആദ്യം അറിയേണ്ടിയിരുന്നത് ലോക്കൽ പൊലീസാണ്. സാധാരണ ഗതിയിൽ ഇങ്ങനെ സ്‌കൂളിലെ പഠിത്തം പാതിവഴി ഉപേക്ഷിച്ച് ഭീകരവാദത്തിന് ഇറങ്ങിപ്പുറപ്പെടുന്നവർ അവരുടെ നോട്ടപ്പുള്ളികളാകാറുണ്ട്. അവരുടെ വിവരങ്ങൾ അതാതു സമയത്ത് ചോർന്നു കിട്ടാറുമുണ്ട് പൊലീസിന്. ഇക്കാര്യത്തിൽ ലോകത്തിലെ മറ്റേതൊരു പൊലീസ് സേനയെക്കാളും മികച്ചത് തന്നെയാണ് ജമ്മു കശ്മീർ പൊലീസ്. അവർക്ക് അതിശക്തമായ ഒരു ഇൻഫോമർ ബേസുണ്ട്. അതുവഴി അവർക്ക് ഇടയ്ക്കിടെ ഇന്റൽ വിവരങ്ങൾ കിട്ടുന്നുമുണ്ട്. ഇങ്ങനെ ഒരു ആക്രമണം താഴ്‌വരയിൽ നടന്നേക്കാം എന്നതുസംബന്ധിച്ച എന്തൊക്കെയോ വിവരങ്ങൾ പൊലീസിന് നേരത്തെ തന്നെ കിട്ടിയിട്ടും ഉണ്ടായിരുന്നു. എന്നാൽ, അവ്യക്തമായ, ചിതറിക്കിടന്നിരുന്ന ആ ഇന്റലിജൻസ് വിവരങ്ങളുടെ കുത്തുകൾ യോജിപ്പിച്ച് ആക്രമണത്തിന്റെ കൃത്യമായ ഒരു ചിത്രം വരച്ചെടുക്കാൻ അവിടെ ആളില്ലാതെ പോയി. അതാണ് ഇത്രയുമധികം സേനാംഗങ്ങളുടെ ജീവനാശത്തിലേക്ക് നയിച്ച ഒരു ചാവേർ ബോംബിങ് അവിടെ സാധ്യമാക്കാൻ കാരണമായ ഏറ്റവും വലിയ ഇന്റലിജൻസ് പിഴവ്. 

ആക്രമിക്കപ്പെടാൻ പാകത്തിനുള്ള പോക്ക് 

സിആർപിഎഫ് അഥവാ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഇന്ത്യയുടെ ഏറ്റവും വലിയ പാരാമിലിട്ടറി ഫോഴ്‌സുകളിൽ ഒന്നാണ്. കശ്മീർ പോലുള്ള സംഘർഷബാധിത മേഖലകളിലേക്ക് പലപ്പോഴും അവരാണ് നിയോഗിക്കപ്പെടാറുള്ളത്. വലിയ വ്യൂഹങ്ങളായി സഞ്ചരിക്കുന്നു എന്നതുകൊണ്ട് തന്നെ ഭീകരവാദികൾ പലപ്പോഴും സിആർപിഎഫിനെ ഉന്നം വെക്കാറുമുണ്ട്. അന്ന് പുൽവാമയിലെ ഹൈവേയിലൂടെ കടന്നുപോയത് 74 ബസ്സുകളുടെ ഒരു കോൺവോയ് ആണ്. അതിനെ കൃത്യമായി നിരീക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നത് ഏറെക്കുറെ അസാധ്യമായ ഒരു ജോലിയാണ്. ആ ബസ്സുകളിൽ ഉണ്ടായിരുന്ന 2457 പട്ടാളക്കാർ അക്ഷരാർത്ഥത്തിൽ അന്ന് പ്രാണൻ ഉള്ളംകൈയിൽ എടുത്തുപിടിച്ചുകൊണ്ടാണ് അന്ന് ആ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ജമ്മു വിട്ട ആ നിമിഷം മുതൽ അവരുടെ ആയുസ്സ് എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങളിൽ പറഞ്ഞു കേൾക്കുന്ന ഒരു വസ്തുതയുണ്ട്, "എത്ര വലിയ സംഘമാണോ, അത്രയും വലിയ കാലടിയായിരിക്കും, അത് അത്ര ഉച്ചത്തിൽ ഉയർന്നു കേൾക്കുകയും ചെയ്യും." അതുതന്നെയാണ് സംഭവിച്ചത്. സിആർപിഎഫിന്റെ ആ വാഹനവ്യൂഹം കടന്നുപോകുന്ന ഒച്ച ജെയ്ഷെ മുഹമ്മദിന്റെ ഭീകരർക്ക് വ്യക്തമായി കേൾക്കാനായി. അവർ അതിനെ കാത്തിരുന്നു. പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന പോലെ ഹൈവേയിലൂടെ കുറഞ്ഞ വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന ആ കോൺവോയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് ചാവേറായി ഇടിച്ചു കേറുക എന്ന ഒരു ഔപചാരികത മാത്രമേ ജെയ്‌ഷെ മുഹമ്മദിന്റെ ഭാഗത്തു നിന്ന് ചെയ്യാനുണ്ടായിരുന്നു. 

pulwama suicide attack, was it an intelligence failure? how to avoid another attack in future?

ഉച്ചക്ക് 3.30  -യോടെ ഹൈവേയിൽ സിആർപിഎഫ് സംഘം എത്തി. 12 മണിക്കൂറോളമായി തുടരുന്ന യാത്ര അവരെ ക്ഷീണത്തിന്റെ പരകോടിയിൽ എത്തിച്ചിരുന്നു. വരുംവഴി പലയിടത്തും വ്യൂഹത്തിനു നേരെ കല്ലേറുണ്ടായി. പോകുംവഴിയെല്ലാം തദ്ദേശവാസികൾ അവരെ നീരസത്തോടെയാണ് നോക്കിയിരുന്നത്. ആ ദുരിതയാത്ര സിആർപിഎഫ് സൈനികരെ വല്ലാതെ മുഷിപ്പിച്ചിരുന്നു. എങ്ങനെയെങ്കിലും ഒന്ന് ബാരക്ക് പിടിച്ചാൽ മതി എന്നായിരുന്നു അവരിൽ പലരും. എന്നാൽ, ആ വ്യൂഹത്തിനിടയിലേക്ക് തന്റെ സ്‌കോർപിയോ കാറിനുള്ളിൽ നിറച്ച ഐഇഡി സ്‌ഫോടകവസ്തുക്കളുമായി ഇടിച്ചു കയറിയ ആദിൽ ഡാർ ആ യാത്രക്ക് അപ്രതീക്ഷിതമായ തടസ്സമുണ്ടാക്കി. അങ്ങനെ ഒരു ചാവേർ തുനിഞ്ഞിറങ്ങിയാൽ, നേരത്തെ കൂട്ടി വിവരം ലഭിക്കാതെ ആ ആക്രമണത്തെ തടയുക അസാധ്യമാണ്. ഒരു ഇന്റലിജൻസ് ഇൻഫർമേഷൻ അന്ന് സിആർപിഎഫിന് ലഭിച്ചില്ല. ഏറെ മാരകമായിരുന്നു ആ ചാവേർ സ്ഫോടനം. ഏതാനും സെക്കന്റുകൾക്കുള്ളിലായിരുന്നു  നാൽപതു ജവാന്മാർ അന്നവിടെ കൊല്ലപ്പെട്ടത്. 

പുൽവാമ ആക്രമണം നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണ്? 

80 കിലോഗ്രാമോളം സ്ഫോടകവസ്തുക്കൾ ഈ ആക്രമണത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പറഞ്ഞത്. അത് ആദിൽ അഹമ്മദ് ഡാറിന് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. ആ സ്ഫോടകവസ്തുക്കൾ ഒരു ഐഇഡി ഡിവൈസ് ആക്കി മാറ്റുന്നത് ഏറെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ഒരു പണിയാണ്. അതിനെ സ്‌കോർപിയോ കാറിനുള്ളിൽ നിറയ്ക്കുന്നതും ഏറെ ശ്രമകരമാണ്. അതിന് നിരവധിപേരുടെ സഹായം കൂടിയേ തീരൂ. പുൽവാമയുടെ മണ്ണിൽ തന്നെയാണ് ഇത്രയും കാര്യങ്ങൾ ചെയ്യപ്പെട്ടത്. ഇതൊന്നും ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാവുന്ന കാര്യങ്ങളും അല്ല. അപ്പോൾ, ഇത്രയും ദിവസമെടുത്ത് ഇക്കണ്ട കാര്യങ്ങളൊക്കെ ചെയ്ത്, സിആർപിഎഫിന്റെ കോൺവോയ് മൂവ്മെന്റ് വരുന്ന ദിവസം വരെ സുരക്ഷിതമായ ഒരിടത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ചു കാത്തിരുന്ന്, ഇങ്ങനെയൊരു ആക്രമണം നടത്തി വിജയിപ്പിക്കുന്ന വരെ ഇന്റലിജൻസ് സംഘങ്ങൾക്ക് ഒരു വിവരവും കിട്ടിയില്ലെങ്കിൽ അത് ഗുരുതരമായ ഇന്റലിജൻസ് വീഴ്ച തന്നെയാണ്. അതെങ്ങനെ സംഭവിച്ചു എന്നുള്ള അന്വേഷണം ഇന്റലിജൻസ് നെറ്റ്‌വർക്കിന്റെ അങ്ങേയറ്റത്തെ നിന്ന് പിടിച്ചു പിടിച്ച് വന്ന് ഏറ്റവും ഉന്നതങ്ങളിൽ വരെ നടത്തണം. ഇനി ഒരു പുൽവാമ ആവർത്തിക്കാതിരിക്കാൻ അങ്ങനെ ഒരു ഉടച്ചുവാർക്കൽ ഇന്റലിജൻസ് ശൃംഖലയ്ക്കുള്ളിൽ അത്യാവശ്യമാണ്. 

Follow Us:
Download App:
  • android
  • ios