കേന്ദ്ര സർക്കാർ അടുത്ത വ്യോമസേനാ മേധാവിയായി രാകേഷ് കുമാർ സിങ്ങ് ബദൂരിയയെ തിരഞ്ഞെടുത്തപ്പോൾ പലരും നിരാശരായി. കാരണം, വ്യോമസേനയുടെ പ്രവർത്തനങ്ങൾ അടുത്ത് നിരീക്ഷിച്ചിരുന്ന പലരും പ്രതീക്ഷിച്ചിരുന്നത്,  തലപ്പത്ത് അടുത്തതായി വരാൻ പോകുന്നത് ഒരു മലയാളിയാണ് എന്നായിരുന്നു. കപ്പിനും ചുണ്ടിനുമിടയ്ക്ക് എയർ ചീഫ് മാർഷൽ സ്ഥാനം നഷ്ടമായത് കാർഗിൽ യുദ്ധത്തിലെ ഹീറോ ആയിരുന്ന എയർ മാർഷൽ രഘുനാഥ് നമ്പ്യാർക്കാണ്. 1999-ൽ കാർഗിൽ യുദ്ധത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ സഫേദ് സാഗർ എന്ന സപ്പോർട്ട് മിഷൻ നടക്കുന്ന സമയം. അന്ന് ടൈഗർ ഹില്ലിൽ, ഇന്ത്യൻ വ്യോമയുദ്ധങ്ങളുടെ ചരിത്രത്തിൽ ആദ്യമായി, ഒരു ശത്രുസങ്കേതത്തിനുമേൽ ലേസർ ഗൈഡഡ് ബോംബ് വർഷിക്കപ്പെട്ടു. അന്ന് പാക് ബങ്കറുകൾ തകർക്കാനുള്ള അവസരം  ലഭിച്ചത് അന്ന് സ്ക്വാഡ്രൺ ലീഡർ ആയിരുന്ന നമ്പ്യാർക്കായിരുന്നു. 

ഇപ്പോൾ വെസ്റ്റേൺ എയർ കമാണ്ടിന്റെ എയർ ഓഫീസർ കമാൻഡിങ്ങ് ഇൻ ചീഫാണ് രഘുനാഥ് നമ്പ്യാർ. നമ്പ്യാരുടെ പോർവിമാനത്തിൽ നിന്ന് പുറപ്പെട്ട മിസൈലുകൾ ചെന്ന് പതിച്ച് ഛിന്നഭിന്നമായിപ്പോകുന്നതിന് മുമ്പ് പാക് സൈനികർ പ്രാണരക്ഷാർത്ഥം പരക്കം പായുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ അന്ന് പ്രചരിച്ചിരുന്നു. ഓപ്പറേഷൻ സഫേദ് സാഗറിന്റെ വിജയത്തിന് ഏറെ നിർണ്ണായകമായ നമ്പ്യാരുടെ യുദ്ധമുഖത്തെ ചില 'രഹസ്യ' ആയുധങ്ങൾ അന്ന് ഏറെ പ്രസിദ്ധമായിരുന്നു. നമ്പ്യാരുടെ സഹപ്രവർത്തകർ ഹിന്ദിയിൽ ആ സൂത്രവിദ്യകളെ 'ജുഗാഡ്' എന്നാണ് വിളിച്ചിരുന്നത്. അല്ലെങ്കിലും നമ്മൾ ഇന്ത്യക്കാർ വിദേശത്ത് പ്രസിദ്ധമാവുന്നത് ഇത്തരം ചില ജുഗാഡുകളുടെ പേരിലാണല്ലോ. നടക്കില്ല എന്ന് സായിപ്പ് പറഞ്ഞ പലതും നടത്തുന്നത്, മരുഭൂമിയുടെ നടുക്ക് നിന്നുപോവുന്ന പല വാഹനങ്ങളും അടുത്ത വർക്ക് ഷോപ്പ് വരെ എത്തുന്നത്, എന്തിന് ആകാശത്തു വെച്ച് കിടക്കുന്ന വിമാനങ്ങൾ പോലും സുരക്ഷിതമായി നിലം തൊട്ടിട്ടുള്ളത് 'തത്സമയ പ്രശ്നപരിഹരി'കളായ ഇത്തരം ഇന്ത്യൻ ജുഗാഡുകളുടെ ബലത്തിലാണ്. ജുഗാഡുകളെപ്പറ്റി ഒരു ഓപ്പറേഷണൽ മാനുവലുകളിലും പരാമർശമുണ്ടാവില്ല. ഒരു പാഠപുസ്തകങ്ങളും നമ്മളെ ജുഗാഡുണ്ടാക്കാൻ പഠിപ്പിക്കില്ല. അതൊക്കെ പഠിച്ച പാഠങ്ങൾ എടുത്തു പ്രയോഗിക്കവെ സൂത്രശാലികൾ ചെയ്യുന്ന ഞൊടുക്ക് വിദ്യകളാണ്. ഇത്തരത്തിൽ അസാധ്യമെന്ന് ആർക്കും തോന്നുന്ന കാര്യങ്ങൾ സാധിക്കാനുള്ള തന്ത്രം കയ്യിലുള്ളവരെ ജനം എവിടെയും ബഹുമാനിക്കും. അത്തരത്തിൽ അസാധ്യമെന്നുറപ്പിച്ച ഒരു ഓപ്പറേഷൻ തന്നെയായിരുന്നു വ്യോമസേനയ്ക്ക് കാർഗിലിൽ. 

കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ വ്യോമസേന നേരിട്ട ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ടൈഗർ ഹില്ലിൽ നിലയുറപ്പിച്ചിരുന്ന പാക് സൈന്യത്തിന്റെ വായുമാർഗ്ഗത്തിൽ അക്രമിക്കാനാണ് ആദ്യം സൈന്യം തീരുമാനിച്ചത്. മിഗ് 21  പോർവിമാനം ഉപയോഗിച്ച് ടൈഗർ ഹില്ലിനെ സമീപിച്ച് മിസൈൽ തൊടുത്തു വിട്ടുകൊണ്ട് ബങ്കറുകൾ തകർക്കാനായിരുന്നു പദ്ധതി. എന്നാൽ ആദ്യത്തെ അക്രമണദൗത്യം വൻ പരാജയമായിരുന്നു. ഇത്തരത്തിൽ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു പാക് സൈന്യം എന്നുവേണം കരുതാൻ. കാരണം, അവരുടെ കയ്യിൽ തോളിൽ വെച്ച് ലോഞ്ച് ചെയ്യാവുന്ന സർഫസ് റ്റു എയർ മിസൈലുകൾ ഉണ്ടായിരുന്നു. ഒരു മിഗ് 21  വിമാനവും, ഒരു മിഗ് 17  ഹെലികോപ്റ്ററും പാക് സൈന്യം SAM തൊടുത്തുവിട്ട് തകർത്തുകളഞ്ഞു. അതോടെ വ്യോമസേനാ പ്രതിരോധത്തിലായി.

അതോടെ ഒരു കാര്യം ഉറപ്പായി. ടൈഗർ ഹില്ലിന്റെ അധികം അടുത്തേക്ക്, അതായത് സർഫസ് ടു എയർ മിസൈലിന്റെ പരിധിക്കുള്ളിലേക്ക് ചെന്ന് കേറിക്കൊടുക്കുന്നത് ആത്മഹത്യാപരമായ നടപടിയാണ്.  ഫ്രാൻസിൽ നിന്ന് വാങ്ങിയ മിറാഷ് 2000H വിമാനങ്ങൾക്ക് കുറേക്കൂടി ദൂരെ നിന്ന് മിസൈലുകൾ 
 തൊടുത്തുവിടാനുള്ള ശേഷിയുണ്ട്. എന്നാൽ, അതുമായി കണക്ട് ചെയ്യേണ്ട അമേരിക്കയിൽ നിന്ന് വാങ്ങിയ പേവ് വേ ലേസർ ഗൈഡഡ് ബോംബുകളെ നിയന്ത്രിക്കുന്ന ഇസ്രായേൽ നിർമ്മിത ലൈറ്റ്നിങ്ങ് പോഡുകൾ വ്യോമസേനാ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. മാത്രവുമല്ല, വേണ്ട ഫ്യൂസുകളും അവരുടെ പക്കൽ ഇല്ലായിരുന്നു. എന്തായാലും യുദ്ധം തുടങ്ങിയതോടെ വ്യോമസേനയുടെ എയർക്രാഫ്റ്റ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ASTE) യുദ്ധകാലാടിസ്ഥാനത്തിൽ മിറാഷ് വിമാനങ്ങളുടെ അപ്ഗ്രേഡിനായുള്ള പരിശ്രമം തുടങ്ങി.  ഇസ്രായേൽ സർക്കാർ കയ്യയച്ചു സഹായിച്ചു. 

1999 ജൂൺ 24  ആയിരുന്നു ആക്രമണത്തിനുള്ള ദിവസം. മിറാഷ് വിമാനങ്ങൾ തയ്യാർ. പഞ്ചാബിലെ ആദംപൂരിൽ നിന്ന് മൂന്നു മിറാഷ് 2000  വിമാനങ്ങൾ പറന്നുയർന്നു. 50  കിലോമീറ്റർ അകലെ വെച്ചുതന്നെ ലൈറ്റ്നിങ്ങ് പോഡ് ടൈഗർ ഹിൽ സ്‌പോട്ടുചെയ്തു. സ്ക്വാഡ്രൺ ലീഡർ നമ്പ്യാർക്കായിരുന്നു ആദ്യത്തെ പേവ് വേ ബോംബ് ഇടാനുള്ള നിയോഗം. സമുദ്ര നിരപ്പിൽ നിന്ന് 16,600 അടി ഉയരത്തിലാണ് ടൈഗർ ഹിൽ സ്ഥിതിചെയ്യുന്നത്. മിറാഷ് വിമാനങ്ങൾ 28000 അടി ഉയരത്തിലാണ് ടൈഗർ ഹില്ലിനു നേർക്ക് അടുത്തുകൊണ്ടിരുന്നത്. അവിടെ വെച്ച് നമ്പ്യാർ പാക് സൈന്യത്തിന്റെ ടെന്റുകൾ ക്രോസ് ഹെയറിൽ ലോക്ക് ചെയ്തു. ട്രിഗർ ബട്ടൺ അമർത്തിയതും വിമാനം ഒന്ന് കുലുങ്ങി. അറുനൂറ് കിലോ ഭാരമുള്ള പേവ് വേ മിസൈൽ വിമാനം വെടിഞ്ഞ് ശത്രു ബങ്കറുകൾ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു.  സ്ക്വാഡ്രൺ ലീഡർ  നമ്പ്യാർ തന്റെ പോർവിമാനത്തിന്റെ ക്രോസ് ഹെയറിലൂടെ കണ്ട അതേ ദൃശ്യം പിന്നീട് വ്യോമസേന പുറത്തുവിടുകയുണ്ടായി. പാക് ബങ്കറുകൾ ഛിന്നഭിന്നമാകുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. 


കണ്ണൂരിനടുത്തുള്ള കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാർ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1981-ലാണ് ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യുന്നത്. ഇന്ത്യൻ വായുസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആകുന്ന ആദ്യമലയാളിയാണ് നമ്പ്യാർ. 5100 മണിക്കൂർ പറക്കൽ പരിചയം. അതിൽ തന്നെ 2300  മണിക്കൂർ മിറാഷ് 2000 പറത്തിയുള്ളതാണ്. 42 -ലധികം വിവിധയിനം പോർവിമാനങ്ങൾ പറത്തിയുള്ള പരിചയം രഘുനാഥ് നമ്പ്യാർക്കുണ്ട്.  ഒരു എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ് കൂടിയാണ് അദ്ദേഹം. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും പഴയ സ്ക്വാഡ്രൺ ആയ നമ്പർ വൺ സ്ക്വാഡ്രണിന്റെ തലവനായിരുന്നു അദ്ദേഹം. കാർഗിൽ യുദ്ധസമയത്ത് അദ്ദേഹം  തന്റെ മിറാഷ് 2000  വിമാനവുമായി 35  ഓപ്പറേഷണൽ മിഷനുകൾക്ക് പോയിട്ടുണ്ട്. 

അന്ന് ഇന്ത്യൻ എയർ ഫോഴ്‌സ് ടൈഗർ ഹില്ലിലെ പാക് സൈനിക ബങ്കറുകൾക്കുമേൽ പ്രയോഗിച്ച എട്ടു പേവ് വേ ലേസർ ഗൈഡഡ് മിസൈലുകളിൽ അഞ്ചും വിക്ഷേപിച്ചത് സ്ക്വാഡ്രൺ ലീഡർ  രഘുനാഥ് നമ്പ്യാർ ആയിരുന്നു. സ്ക്വാഡ്രൺ ലീഡർ മനീഷ് യാദവ് ആയിരുന്നു അദ്ദേഹത്തിന്റെ കോ പൈലറ്റ്. യുദ്ധമുഖത്ത് പ്രകടിപ്പിച്ച അസാമാന്യമായ പോരാട്ടവീര്യത്തിന്  രഘുനാഥ് നമ്പ്യാർക്ക്  2015-ൽ അതിവിശിഷ്ട സേവാ മെഡലും, HAL തേജസ് 2 ന്റെ പരീക്ഷണപ്പറക്കലുകളിലെ മികവിന്  2019 -ൽ പരം വിശിഷ്ട സേവാ മെഡലും നൽകി സേന അദ്ദേഹത്തെ ആദരിച്ചിരുന്നു. 

'എയർ മാർഷൽ രഘുനാഥ് നമ്പ്യാർ, എയർ മാർഷൽ രാകേഷ് കുമാർ സിങ്ങ് ബദൂരിയ' 

ഇപ്പോൾ, എയർ ചീഫ് മാർഷൽ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ഫൈനൽ ഷോർട്ട്  ലിസ്റ്റിൽ അവസാന മൂന്നുപേരിൽ ഒരാളായി എയർ മാർഷൽ രഘുനാഥ് നമ്പ്യാരും ഇടം നേടിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കാർഗിൽ യുദ്ധത്തിലെ മികവിന്റെ ബലത്തിൽ അദ്ദേഹം മേൽക്കൈ നേടും എന്നുതന്നെയായിരുന്നു. എന്നാൽ ഭാഗ്യം പിന്തുണച്ചത് രാകേഷ് സിങ് ബദൂരിയയെ ആയിരുന്നു.