ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം തൊട്ടുതന്നെ സഖ്യകക്ഷികൾക്കുമേൽ ഒരു അപായം ഡിമോക്ലിസിന്റെ വാൾ പോലെ തൂങ്ങി നിൽപ്പുണ്ടായിരുന്നു. അത് ജർമ്മനി എന്ന രാജ്യത്തിന്റെ നെറികെട്ട ആക്രമണ രീതികൾ ഏതറ്റം വരേയുംപോകാം, അവർ വിഷവാതകങ്ങളെ ആയുധമാക്കി പ്രയോഗിക്കാം എന്നുള്ള സാധ്യതയായിരുന്നു. അത് യൂറോപ്പിൽ യുദ്ധത്തിന്റെ മുന്നണിയിൽ പോരാടിക്കൊണ്ടിരുന്ന കാലാൾപ്പടയിലെ സൈനികരുടെ ജീവന് വലിയ അപകടമാണ് ഉണ്ടാക്കാനിരുന്നത്. ആ അപകട സാധ്യത, യാഥാർഥ്യമായി മാറിയത് 1915 ജനുവരി മാസത്തിലാണ്. ജർമനി ഇന്നത്തെ പോളണ്ടിലുള്ള ബോളിമോവിൽ വെച്ച് റഷ്യൻ സൈന്യത്തിന് നേരെ  പ്രയോഗിച്ചത് 18,000  ഗ്യാസ് ഷെല്ലുകളായിരുന്നു.

ജർമൻ കമാൻഡറായ മാക്സ് ഹോഫ്‌മാൻ തന്റെ സൈന്യത്തിന്റെ പോരാട്ടം യുദ്ധഭൂമിക്കടുത്തുള്ള ഒരു പള്ളിമേടയിലിരുന്ന് ബൈനോക്കുലർ വീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. മുന്നണിയിൽ താൻ കണ്ടത് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. വജ്രായുധം എന്ന നിലയിൽ കരുതിവെച്ച്, എടുത്തുപയോഗിച്ച ഗ്യാസ് ഷെല്ലുകൾക്ക് വിചാരിച്ചത്ര ഫലം ഉളളതായി കണ്ടിട്ട് തോന്നുന്നില്ല. ജർമൻ സയന്റിസ്റ്റുകൾ ഗ്യാസ് ഷെൽ ഉണ്ടാക്കിയപ്പോൾ, അതിനെ കടുത്ത ശൈത്യകാലത്ത് പ്രവർത്തിപ്പിച്ചു നോക്കിയിരുന്നില്ല. ശത്രുക്കൾക്കെതിരെ പ്രവർത്തിക്കാൻ ഷെല്ലുകളിൽ ശേഖരിച്ചിരുന്നു വിഷവാതകം കൊടിയശൈത്യത്തിൽ ഉറഞ്ഞു പോയിരുന്നു. അതോടെ, ആ ഗ്യാസ് ഷെൽ അറ്റാക്ക് ഒരു തമാശയായി മാറി. സംഭവം ചീറ്റിപ്പോയി. ജർമനി നാണം കേട്ടു. കമാണ്ടർ അപമാനിതനായി. ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളിയാണ് അയാൾ തിരിച്ചുപോന്നത്. 

ആദ്യ ശ്രമം പരാജയപ്പെട്ടുപോയി എങ്കിലും ജർമനിയുടെ യുദ്ധഗവേഷക സംഘത്തിന്റെ തലവൻ ഡോ. ഫ്രിറ്റ്സ് ഹേബർ എന്ന പ്രഗത്ഭ ശാസ്ത്രജ്ഞൻ തന്റെ പരിശ്രമങ്ങൾ തുടർന്നു. അമോണിയ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിയത് ഹേബർ ആണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഈ സാങ്കേതികവിദ്യ കണ്ടെത്തിയ പഠനത്തിനാണ് നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തുന്നത്. മൊട്ടത്തല, വെട്ടിയൊതുക്കിയ മീശ, ഇസ്തിരിയിട്ടു വെടിപ്പാക്കിയ ലാബ് കോട്ട്. ഡോ. ഹേബറിനെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടികൾക്ക് ഭയം കലർന്ന ബഹുമാനമായിരുന്നു എന്നും. നിരന്തരമായ അധ്വാനത്തിലൂടെ അദ്ദേഹം തന്റെ ക്ളോറിൻ വാതകത്തെയും, അത് ശേഖരിച്ച് സമയത്തിന് ശത്രുക്കൾക്കുനേരെ തുറന്നുവിടേണ്ട കാനിസ്റ്ററുകളെയും ഒക്കെ ഡോ. ഹേബർ മെച്ചപ്പെടുത്തി, തികഞ്ഞ കൃത്യതയുള്ളതാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ഡോ. ഹേബറിന്റെ ഈ നേട്ടം ജർമൻ സൈന്യത്തിലെ ഹൈക്കമാൻഡിനെ ആനന്ദത്തിൽ ആറാടിച്ചു. 

 

പക്ഷേ, ഈ കണ്ടുപിടുത്തം മനസ്സമാധാനം കെടുത്തിയ ഒരാൾ ഉണ്ടായിരുന്നു. അത് ഡോ. ഹേബറിന്റെ പ്രിയപത്നി ക്ലാരയായിരുന്നു. അവരും ഒരു ശാസ്ത്രജ്ഞ തന്നെ ആയിരുന്നു എങ്കിലും, ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ മനുഷ്യജീവൻ അപഹരിക്കാൻ, വിശേഷിച്ച് വിഷവാതകങ്ങൾ ഉണ്ടാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് അവർ എതിരായിരുന്നു.  വിഷവാതകങ്ങളിൽ ഗവേഷണം തുടങ്ങിയപ്പോൾ തന്നെ ക്ലാര തന്റെ ഭർത്താവ് ഡോ. ഹേബറിനോട് ഇക്കാര്യത്തിലെ എതിർപ്പ് അറിയിച്ചിരുന്നു. വരും തലമുറയ്ക്ക് കൂടി ശാപം വാങ്ങിക്കൊടുക്കുന്ന ഇത്തരത്തിലുള്ള മാരകമായ വിഷവാതകങ്ങൾ നിർമിക്കുന്നതിൽ നിന്ന് പിൻവാങ്ങണം എന്ന് അവർ ഭർത്താവിനെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ, അതൊന്നും കേൾക്കാതെ തന്റെ അടുത്ത വിഷവാതകവും കണ്ടുപിടിച്ചതിന്റെ സന്തോഷത്തിൽ വീട്ടിലേക്ക് വന്ന ഡോ. ഹേബറിനെ സ്വീകരിച്ചത് ഭർത്താവിന്റെ റിവോൾവറിൽ നിന്നുള്ള വെടിയുണ്ടയെ ഹൃദയത്തിലേറ്റി മരിച്ചു കിടക്കുന്ന ക്ലാരയുടെ വിറങ്ങലിച്ച ശരീരമായിരുന്നു. 

അതിലൊന്നും കുലുങ്ങുന്ന പ്രകൃതമായിരുന്നില്ല ഡോ. ഹേബറിന്റേത്. പിറന്ന നാടിനെ സേവിക്കുന്നതിൽ നിന്ന് തന്നെ തടയുന്ന എന്തിനെയും നിഷ്കരുണം അവഗണിക്കാൻ അയാൾ ശീലിച്ചു കഴിഞ്ഞിരുന്നു. അതിനി സ്വന്തം ഭാര്യയായാൽ പോലും. അയാൾ വീണ്ടും വിഷവാതകങ്ങൾ കണ്ടുപിടിച്ചു. അവയെ യുദ്ധഭൂമിയിൽ ശത്രുക്കൾക്കുനേരെ തുറന്നുവിടാനുള്ള നൂതന സങ്കേതങ്ങളും. ശത്രുക്കളിൽ നിന്നുണ്ടായേക്കാവുന്ന സമാനമായ അക്രമണങ്ങൾക്കുള്ള പ്രതിരോധവും ഡോ. ഹേബർ കണ്ടെത്തി. 

ആദ്യതവണത്തെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഡോ. ഹേബർ രൂപം നൽകിയത് ക്ളോറിൻ വാതകം നിറച്ച മാരകമായ പ്രഹരശേഷിയുള്ള ഷെല്ലുകൾക്കാണ്. വൈപ്രസിലെ രണ്ടാം യുദ്ധത്തിന്റെ തുടക്കത്തിൽ 1915 ഏപ്രിലിലെ ഒരു പ്രഭാതത്തിൽ, ഫ്രഞ്ച് അൾജീരിയൻ സൈന്യത്തിനുമേൽ അവ വന്നുപതിച്ചു. അന്ന് ജർമൻ സൈന്യം പ്രയോഗിച്ചത് 5700 ഷെല്ലുകളായിരുന്നു. പൊട്ടിത്തെറിച്ച ഷെല്ലുകളിൽ നിന്ന് റിലീസായത്, ടൺ കണക്കിന് ക്ലോറിൻ വാതകമാണ് ഫ്രഞ്ച് ട്രഞ്ചുകൾക്കുമേൽ മഞ്ഞനിറത്തിലുള്ള മൂടൽ മഞ്ഞുപോലെ പറന്നിറങ്ങിയത്. നിസ്സഹായരും, ഇങ്ങനെ ഒരാക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കാതെ നിന്നവരുമായ ഫ്രഞ്ച് സൈനികർ ട്രഞ്ചുകളിൽ കുടുങ്ങിപ്പോയി. അന്ന് ആ ട്രഞ്ചുകൾ കുഴിമാടമൊരുക്കിയത് അയ്യായിരം പേർക്കായിരുന്നു. വിഷവാതകം ശ്വസിച്ച് ശ്വാസം മുടിയായിരുന്നു അവരുടെ മരണം. മരിക്കാതെ അന്ധത ബാധിച്ച്, വീർപ്പുമുട്ടി വീണുകിടന്ന രണ്ടായിരത്തോളം പേരെ ഗ്യാസ് മാസ്കുകളും ധരിച്ചുകൊണ്ട് ചെന്നുകേറിയ ജർമൻ സൈന്യം യുദ്ധത്തടവുകാരാക്കി. ഫ്രഞ്ച് സൈന്യത്തോടൊപ്പമുണ്ടായിരുന്ന ഒരു കനേഡിയൻ മെഡിക്കൽ ഓഫീസർ, ആ വാതകം ക്ളോറിൻ ആണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, കൂടെയുണ്ടായിരുന്നവരോട് തുണിയിൽ മൂത്രമൊഴിച്ച ശേഷം അത് വായിലും മൂക്കിലും അമർത്തിപ്പിടിച്ച് അതിനുള്ളിലൂടെ ശ്വസിച്ചോളാൻ പറഞ്ഞു. അതും വാതകത്തിന്റെ വിഷം തെല്ലൊന്നു കുറച്ചതേ ഉള്ളൂ. 


 

യുദ്ധത്തിന്റെ പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട്, നെറികെട്ട ഗ്യാസ് അറ്റാക്ക് നടത്തിയ ജർമനിയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ അപലപനങ്ങൾക്ക് കാരണമായി. " പൈശാചികത്വമേ നിന്റെ പേരല്ലോ ജർമനി" എന്ന് ഡെയിലി മിറർ പത്രം ഒന്നാം പേജിൽ അച്ചുനിരത്തി. വിഷവാതകപ്രയോഗം യുദ്ധത്തിന്റെ സാമാന്യമര്യാദകളുടെ ലംഘനമാണ് എന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടർ സർ ജോൺ ഫ്രഞ്ച് പറഞ്ഞു. എന്നാൽ പറഞ്ഞ അതേ കമാണ്ടർ തന്നെ നാലേ നാല് മാസത്തിനുള്ളിൽ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. " ജർമനി തുടർച്ചയായി ഞങ്ങൾക്കുനേരെ വിഷവാതകം പ്രയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ, ഞങ്ങളും തിരികെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ നിർബന്ധിതരായിരിക്കുകയാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രസ്താവന.

യുദ്ധത്തിന് ധീരത പ്രകടിപ്പിച്ച പലർക്കും ഭീതി പകരുന്നതായി വിഷവാതകം എന്ന അദൃശ്യമായ ആയുധത്തിന്റെ പ്രയോഗം. അതിനെ പ്രതിരോധിക്കാനുള്ള പടച്ചട്ടയോ മുഖാവരണമോ ഒന്നും തന്നെ ലഭ്യമല്ല, മരണമോ മസ്തിഷ്ക നാശമോ ഒക്കെ ഉറപ്പാണ് എന്നതായിരുന്നു പ്രധാന കാരണം. ബുള്ളറ്റുകൊണ്ടോ ബയണറ്റുകൊണ്ടോ ഉള്ള മരണം അവരിൽ പലർക്കും സ്വീകാര്യമായിരുന്നു. എന്നാൽ, ഇങ്ങനെ വിഷവാതകം ശ്വസിച്ച് മരിക്കേണ്ടി വരുന്നത് തങ്ങൾക്ക് യുദ്ധമുഖത്തെ മരണത്തിന്റെ അന്തസ്സ് നിഷേധിക്കും എന്ന് അവർ കരുതി. യുദ്ധമുഖത്തു നിന്നേറ്റ ഗ്യാസ് ആക്രമണത്തിൽ ഭയന്നിട്ടാണ് അന്ന് സൈനികനായിരുന്ന അഡോൾഫ് ഹിറ്റ്‌ലർ പോലും സൈനിക രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 

ഈ ഗ്യാസ് ആക്രമണത്തെ ചെറുക്കാൻ വേണ്ടി ഫിൽറ്ററുകൾ ഘടിപ്പിച്ച മുഖാവരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി സഖ്യസൈന്യം. ചുവന്ന ദേവദാരു വൃക്ഷത്തിന്റെ തടി കത്തിച്ചുണ്ടാക്കുന്ന കരി കൊണ്ടുള്ള ഫിൽറ്ററുകളാണ് ആദ്യമുണ്ടാക്കിയ മുഖാവരണങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, ജർമനിയുടെ വിഷവാതകങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷി ആ ചാർക്കോളിന് ഉണ്ടായിരുന്നില്ല. ബദാം, ഓക്കിൻ കായ്, മുന്തിരിക്കുരു, ബ്രസീൽ നട്ട്, കോഫീ ബീൻസ്, നിലക്കടല അങ്ങനെ പലതും കരിയാക്കി മാറ്റി ഫിൽറ്റർ നിർമ്മിച്ച് പരീക്ഷിച്ചു നോക്കി എങ്കിലും ഒന്നും ഫലിച്ചില്ല. 

അങ്ങനെ നിസ്സഹായമായ ഒരു അവസ്ഥയിൽ നിൽക്കുമ്പോഴാണ് തേങ്ങയുടെ വരവ്. ചിരട്ട പണ്ട് കാലം മുതൽക്കു തന്നെ ഇന്ധനമായി, വിറകായി ഉപയോഗിച്ചിരുന്നു എങ്കിലും, കത്തിത്തീർന്നാൽ ഉണ്ടാകുന്ന ചിരട്ടക്കരി, അഥവാ ചാർക്കോൾ വെറുതെ കളയുകയായിരുന്നു പതിവ്. ഈ വസ്തുവിന് അപാരമായ ആഗിരണ ശേഷി, വിശേഷിച്ച് വാതകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട് എന്ന് തിരിച്ചറിയുന്നത് ബെൽഫാസ്റ്റിലെ ക്വീൻസ് കോളേജിൽ ഗവേഷണം ചെയ്തുകൊണ്ടിരുന്ന ജോൺ ഹണ്ടർ ആണ്. ചിരട്ട ചാർക്കോളിലൂടെ കൂടിയ താപനിലകളിൽ ആവി കടത്തിവിടുമ്പോൾ അതിന്റെ ഗ്യാസ് ആഗിരണശേഷി നൂറുശതമാനത്തോളം വർധിക്കുന്നതായി റാഫേൽ ഓസ്‌ട്രേജ്കോ എന്നൊരു ഗവേഷകനും കണ്ടെത്തി. അദ്ദേഹം അതിനെ ആക്ടിവേറ്റഡ് ചാർക്കോൾ എന്ന് വിളിച്ചു. രാസസ്ഥിരത താരതമ്യേന കൂടുതൽ ഉണ്ടായിരുന്നതിനാൽ ദീർഘകാലം ആക്റ്റീവ് ആയിരിക്കാനും, നിരവധി വിഷവാതകങ്ങളെ പ്രതിരോധിക്കാനും ചിരട്ടക്കരി കൊണ്ടുണ്ടാക്കിയിരുന്ന ആക്ടിവേറ്റഡ് ചാർക്കോൾ ഫിൽറ്ററുകൾക്ക് കഴിഞ്ഞിരുന്നു. 

എന്നാൽ, യുദ്ധത്തിൽ വലിയതോതിൽ ഇങ്ങനെ വിഷവാതകം ഒരു ആയുധം എന്ന നിലയിൽ പ്രയോഗിക്കപ്പെടും എന്ന് മുൻധാരണ ഇല്ലാതിരുന്നതുകൊണ്ട് ആ ദിശയിൽ ഗവേഷണങ്ങൾ പുരോഗമിച്ചിരുന്നില്ല. വൈപ്രസിലെ ആക്രമണത്തിന് ശേഷമാണ് യുകെയിലെയും യുഎസിലെയും ഗവേഷകർ അതിനു മുതിർന്നത്. നിക്കോളാസ് സെലിൻസ്കി എന്ന മോസ്‌കോ സർവകലാശാലയിലെ ഗവേഷകനാണ് ചിരട്ടക്കരിയുടെ ആക്ടിവേറ്റഡ് ചാർക്കോളിനെ ആദ്യമായി യുദ്ധത്തിനുപയോഗിക്കുന്ന ഗ്യാസ് മാസ്കുകളിലെ ഫിൽട്രേഷനുവേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചത്.  യൂറിപ്പിലെയും അമേരിക്കയിലെയും ഗവേഷകർ പിന്തുടർന്നത് സെലിൻസ്കിയുടെ വഴിയാണ്. 

 

 

ഒന്നാം ലോകമഹാ യുദ്ധം തുടർന്ന കാലത്തും, രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തും ഒക്കെ ഈ ചിരട്ടക്കരി ആക്ടിവേറ്റാഡ് ചാർക്കോൾ ഫിൽറ്ററുകൾ വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടു. അവ സൈനികർക്കിടയിലും, പൊതുജനങ്ങൾക്കും ഒക്കെ വിതരണം ചെയ്യപ്പെട്ടു. പിന്നീടൊരു ഗ്യാസ് അറ്റാക്ക് ജർമനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എങ്കിലും, ഈ മാസ്കുകൾ സൈനികരുടെയും പൊതുജനങ്ങളുടെയും ഒക്കെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു. അഥവാ ഒരു ആക്രമണം ഉണ്ടായാൽ തന്നെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം തങ്ങളുടെ പക്കലുണ്ട് എന്ന തോന്നൽ പകർന്നു നൽകിയിരുന്ന ആത്മബലം ചില്ലറയൊന്നും ആയിരുന്നില്ല. അതുകൊണ്ട്, ഒന്നാം ലോകമഹായുദ്ധത്തിലും, പിന്നീട് നടന്ന രണ്ടാം ലോകമഹായുദ്ധത്തിലും ഒക്കെ നമ്മുടെ തേങ്ങ, അതിന്റെ ചിരട്ട, അത് കത്തിച്ചുണ്ടാക്കിയ കരിയിൽ ആവികയറ്റി ഉണ്ടാക്കിയ ആക്ടിവേറ്റഡ് ചാർക്കോൾ ഫിൽറ്റർ, അതുപയോഗിച്ചുകൊണ്ടുള്ള ഫേസ് മാസ്ക് എന്നിവ വഹിച്ച പങ്ക് ഒട്ടും കുറച്ചുകാണാവുന്നതല്ല..! 

അവലംബം :  കോക്കനട്ട് : ഹൌ ദ ഷൈ ഫ്രൂട്ട് ഷേയ്പ്പ്ഡ് അവർ വേൾഡ് : റോബിൻ ലോറൻസ്, നിയോഗി ബുക്ക്സ്