തീ കണ്ടാല്‍ 'ഒരടി പോലും മുന്നോട്ടു വയ്ക്കല്ലേ!' എന്ന് അപകടസൂചന  തരുന്ന മസ്തിഷ്‌കമെന്തേ ജിലേബി കാണുമ്പോള്‍ 'ഇത് കഴിച്ചാല്‍  ആരോഗ്യത്തിന്  നല്ലതല്ല  കേട്ടോ' എന്ന് പറയുന്നില്ല!

ഐസ്‌ക്രീം, ചോക്ലേറ്റ്, രസഗുള, ലഡു, ജിലേബി - മധുരങ്ങള്‍ക്ക് എന്തൊരു വൈവിധ്യമാണ് !

പക്ഷേ പറഞ്ഞിട്ടെന്തു കാര്യം! മധുരം അധികം കഴിച്ചാല്‍ കൂട്ടു പോരാന്‍ കാത്തിരിക്കുന്നത് അസുഖങ്ങളുടെ നീണ്ട നിരയാണ്.

മനസ്സിലാക്കാന്‍ കഴിയാത്തത് എന്താണെന്നോ?

തീ കണ്ടാല്‍ 'ഒരടി പോലും മുന്നോട്ടു വയ്ക്കല്ലേ!' എന്ന് അപകടസൂചന തരുന്ന മസ്തിഷ്‌കമെന്തേ ജിലേബി കാണുമ്പോള്‍ 'ഇത് കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല കേട്ടോ' എന്ന് പറയുന്നില്ല!

അന്വേഷിച്ച് ചെന്നപ്പോഴാണ് അറിയുന്നത്, ഈ വിഷയത്തില്‍ നൂറുകണക്കിന് ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. വായിച്ചറിഞ്ഞവ ഏറെ കൗതുകകരമായി തോന്നിയതുകൊണ്ട് പങ്കുവയ്ക്കുന്നു :

കാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ഭക്ഷണം ശേഖരിച്ചിരുന്ന ഒരു ഭൂതകാലത്തിലേക്കാണ് മധുരവേരുകള്‍ നീണ്ടു ചെല്ലുക.

ശരീരത്തില്‍ ഊര്‍ജ്ജം കൂടുതലായി ശേഖരിച്ചുവയ്ക്കാന്‍ കഴിഞ്ഞവരാവണം, സ്വാഭാവികമായും അതിജീവനത്തിന് ഏറ്റവും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായവര്‍.

ഊര്‍ജത്തിന്റെ ഏറ്റവും എളുപ്പമുള്ള സ്രോതസ്സുകളായി അന്ന് ചുറ്റും ഉണ്ടായിരുന്നത് പഴങ്ങളായിരുന്നു. കാരണം - ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവയെക്കാള്‍ അധികമായി പഞ്ചസാര എന്ന ഷുഗര്‍ നല്‍കുന്ന ഭക്ഷണമാണ് പഴങ്ങള്‍.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ എല്ലാ പഴങ്ങളും എല്ലാ കാലങ്ങളിലും ഉണ്ടാകുന്നവയല്ല. ലഭ്യതക്കുറവിന് മറ്റൊരു കാരണവുമുണ്ട്.
 മധുരം കൂടുതലുള്ള പഴങ്ങള്‍ മിക്കതും ഉയരമുള്ള മരങ്ങളിലാണ് ഉണ്ടാവുക. പക്ഷികളും, മരംകയറ്റക്കാരായ മൃഗങ്ങളും അവയ്ക്ക് അവകാശികളായി ഉണ്ടായിരുന്നുതാനും. 

അവര്‍ക്കും മുമ്പേ അത്രയും കഷ്ടപ്പെട്ട് ഉയരത്തില്‍ കയറി പഴങ്ങള്‍ കഴിക്കാന്‍ തോന്നണമെങ്കില്‍ പഴങ്ങളിലെ മധുരത്തിനോട് അതിയായ ആഗ്രഹം ഉണ്ടായേ പറ്റൂ. അതിനുതകുന്ന സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് മധുരത്തോടുള്ള ആഗ്രഹം ഉണ്ടാക്കുക എന്ന പ്രതിവിധിയിലേക്ക് ആദിമ മനുഷ്യന്റെ തലച്ചോര്‍ ( അതോ ബുദ്ധിയോ? ) എത്തിച്ചേര്‍ന്നത് അങ്ങനെയാവണം.

കൈമാറ്റം ചെയ്യപ്പെട്ടു പോന്ന നമ്മുടെ ജീനുകളില്‍ മധുരാഭിനിവേശം ഇന്നും മായാതെ മുദ്രണം ചെയ്യപ്പെട്ടു കിടക്കുകയാണ്.

പരിണാമത്തിന്റെ അനുസ്യൂത പ്രക്രിയയില്‍ ഏതെങ്കിലുമൊരു വിദൂര നാളെയില്‍ ഒരുപക്ഷേ 'മധുരമല്ലേ? അയ്യോ വേണ്ട!' - എന്നൊരു നിര്‍ദ്ദേശം ആലേഖനം ചെയ്യപ്പെട്ടേക്കാനും ഇടയുണ്ട്!

നമ്മുടെ സന്തതി പരമ്പരയിലെ ഒരു അവകാശി ഒരു ദിവസം പറഞ്ഞേക്കാം 'എന്റെ പഴയൊരു പിതാമഹന്‍ ഒറ്റയടിക്ക് അഞ്ചു ലഡു കഴിക്കുമായിരുന്നു!' എന്ന്!