ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാസർകോട്: കാഞ്ഞങ്ങാടുനിന്ന് 10 വയസുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസിന്‍റെ വലയിൽ. കസ്റ്റഡിയിൽ എടുത്ത യുവാവിനെ ചോദ്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയാണ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്തു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു. മുപ്പത് വയസിന് താഴെ പ്രായമുള്ള യുവാവാണ് പിടിയിലായത്. ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടി പീഡനത്തിനിരയായ ദിവസം മുതൽ യുവാവ് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. എന്നാൽ ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ വീടിന് സമീപത്തുനിന്നുള്ളതാണിത്. പുലർച്ചെ രണ്ടേകാലോടെ യുവാവ് റോഡിലൂടെ നടന്ന് പോകുന്നതാണ് ദൃശ്യങ്ങളിൽ. ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളയാളും ഈ ദൃശ്യങ്ങളിലുള്ളയാളും ഒരാളാണോ എന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല. പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
