Asianet News MalayalamAsianet News Malayalam

വെടിവെച്ചു കൊല്ലലും ഇന്ത്യയിൽ ഒരു വധശിക്ഷാ മാർഗം, പക്ഷേ നിബന്ധനകൾക്ക് വിധേയം

ഇന്ത്യൻ നിയമങ്ങളിൽ ഇന്നും പേരിനെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ വെടിവെച്ചു കൊല്ലുക എന്ന എന്നൊരു വഴിയും ഉണ്ട്. 

Shooting by Firing Squad is also a way of execution in India, but subject to conditions
Author
Delhi, First Published Mar 20, 2020, 6:29 AM IST

സിആർപിസി അഥവാ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിന്റെ സെക്ഷൻ 354(5) പ്രകാരം,  ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പിന്തുടർന്നു പോരുന്ന പതിവ് വധശിക്ഷാ മാർഗം തൂക്കിക്കൊല്ലൽ അഥവാ കഴുവേറ്റൽ ആണ്.  2008 -2009 വര്ഷങ്ങളിലാണ് കുറേക്കൂടി പരിഷ്കൃതവും, വേദനയും മരണവെപ്രാളവും കുറേക്കൂടി കുറവുള്ള ഒരു മാർഗത്തിലേക്ക് വധശിക്ഷ നടപ്പിലാക്കൽ മാറണോ എന്നതുസംബന്ധിച്ച ചർച്ചകൾ ഇന്ത്യയിൽ ഉയർന്നത്.

ഒക്ടോബർ 2003 -യിൽ സമർപ്പിക്കപ്പെട്ട ഇന്ത്യൻ നിയമ കമ്മീഷൻ വെടിവെച്ചു കൊല്ലൽ എന്ന നിയമാനുസൃത വധശിക്ഷാ മാർഗത്തെ വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. നൂറ്റി എൺപത്തി ഏഴാമത്തെ നിയമ കമ്മീഷൻ ( The 187th Law Commission) റിപ്പോർട്ടിൽ 'Mode of execution of death sentence and incidental methods' എന്ന ശീർഷകത്തിൽ അതേപ്പറ്റിയുള്ള പരാമർശങ്ങൾ ഇങ്ങനെ, " വധശിക്ഷാ മാർഗങ്ങളെ പത്ത് കാര്യങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരിക്കുന്ന നിഗമനം, വെടിവെച്ചു കൊല്ലുക എന്നത് താരതമ്യേന വേദന കുറഞ്ഞ, പീഡനം കുറഞ്ഞ ഒരു വധശിക്ഷാ മാർഗമാണ് എന്നാണ്" അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു വഴി ആർമി, നേവി, എയർഫോഴ്സ് ആക്റ്റുകളിൽ നിലനിർത്തുന്നതിൽ തരക്കേടില്ല എന്ന നിർദേശമാണ് നിയമ കമ്മീഷൻ അന്ന് നൽകിയത്. തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ചു കൊല്ലുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ് എന്നും അന്ന് കമ്മീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് തോക്കിനു പകരം വിഷം കുത്തിവെപ്പ് എന്ന ഈ നിർദേശം കേന്ദ്രം ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും, തല്ക്കാലം തൂക്കു തന്നെ തുടർന്നാൽ മതി എന്ന് തീരുമാനിക്കുകയുമാണ് ഉണ്ടായത്. 

Shooting by Firing Squad is also a way of execution in India, but subject to conditions

എന്നിരുന്നാലും, ഇന്ത്യൻ നിയമങ്ങളിൽ ഇന്നും പേരിനെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ വെടിവെച്ചു കൊല്ലുക എന്ന എന്നൊരു വഴിയും ഉണ്ട്. ഇതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വളരെ അപൂർവമാണ്. ഇങ്ങനെ ചെയ്യാനുള്ള അനുമതി നിയമപ്രകാരം ആർമി, നേവി, എയർഫോഴ്സ് എന്നിവയ്ക്ക് മാത്രമാണ്. 

വധശിക്ഷ എന്നുപറഞ്ഞാൽ ഏറെക്കാലമായി ഇന്ത്യയിൽ തൂക്കിക്കൊല്ലൽ തന്നെയാണ്. എന്നാൽ, 1950 -ലെ ഇന്ത്യൻ ആർമി ആക്റ്റ്, 1957 -ലെ ഇന്ത്യൻ നേവി ആക്റ്റ്, 1950 -ലെ ഇന്ത്യൻ എയർഫോഴ്സ് ആക്റ്റ് എന്നിവയിൽ കോർട്ട് മാർഷ്യൽ വഴി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതിയെ തൂക്കിലേറ്റണോ, അതോ ഫയറിങ്ങ് സ്‌ക്വാഡ് വഴി വെടിവെച്ചു കൊല്ലണോ എന്നത് കോർട്ട് മാർഷ്യൽ ട്രിബുണലിന്റെ വിവേചനാധികാരപരിധിയിൽ പെടുന്നതാണ്. 

എയർഫോഴ്സ് ആക്റ്റിന്റെ സെക്ഷൻ 163 പറയുന്നത് ഇപ്രകാരമാണ്, " വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിഞ്ഞാൽ, പ്രതികളെ മരണം വരെ തൂക്കിലേറ്റണോ അതോ ഫയറിംഗ് സ്‌ക്വാഡ് വഴി വെടിവെച്ചു കൊല്ലണോ എന്നത് കോർട്ട് മാർഷ്യൽ ട്രിബുണലിന് തീരുമാനിക്കാം"

സമാനമായ വകുപ്പുകൾ ആർമി, നേവി ആക്റ്റുകളിലും നിലവിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല ഇങ്ങനെ വെടിവെച്ചുകൊള്ളൽ നിയമാനുസൃതമായ ഒരു വധശിക്ഷാ മാർഗമായി നിലവിലുള്ളത്. റഷ്യ, ചൈന, തായ്‌ലൻഡ്, അമേരിക്കയിലെ യൂട്ടാ, ഒക്ലഹോമ പോലുള്ള ചില സ്റ്റേറ്റുകൾ തുടങ്ങിയിടങ്ങളിലും ഇത് നിയമവിധേയമാണ്. പല രാജ്യങ്ങളും പണ്ടുകാലം മുതൽക്കേ പല മാർഗ്ഗങ്ങളും പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ പ്രയോഗിച്ച് വരുന്നുണ്ട്. തൂക്കിലേറ്റൽ, പരസ്യമായ കഴുവേറ്റം, തീവെച്ച് കൊല്ലൽ, ഗില്ലറ്റിൻ, ഫയറിംഗ് സ്‌ക്വാഡ്, തലവെട്ട്, ഷോക്കടിപ്പിക്കൽ, വിഷം കുത്തിവെക്കൽ അങ്ങനെ പല മാർഗ്ഗങ്ങളും പല രാജ്യങ്ങളിലും നിലവിലുണ്ട്. 


ഇങ്ങനെ ഒരു നിർദേശവും വകുപ്പും ഒക്കെ ഇന്ത്യൻ നിയമങ്ങളിൽ ചിലതിൽ ഇന്നുമുണ്ടെങ്കിലും, ഇതുവരെയുള്ള വധശിക്ഷകൾ ഒക്കെയും നടപ്പിലാക്കിയിട്ടുള്ളത് പ്രതികളെ മരണം വരെ തൂക്കിലേറ്റിക്കൊണ്ട് മാത്രമാണ്. പ്രതികൾക്ക് അനുഭവ വേദ്യമാകുന്ന മരണയാതനകളെപ്പറ്റിയും, ഏതാണ് കൂടുതൽ അഭികാമ്യമായ വധശിക്ഷാ മാർഗം എന്നതിനെപ്പറ്റിയും, വധശിക്ഷ തന്നെ നൈതികമാണോ എന്നതിനെപ്പറ്റിയും ഒക്കെയുള്ള ചർച്ചകൾ ഇന്നും ഇന്ത്യയിൽ സജീവമാണ്. 


 

Follow Us:
Download App:
  • android
  • ios