സ്വർണ്ണം.  നാണയമായും, ആഭരണങ്ങളാക്കിയും മനുഷ്യൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന മഞ്ഞലോഹമാണിത്. ചെറിയ കഷ്ണങ്ങളും തരികളുമായി പ്രകൃതിയിൽ അല്ലാതെയും കണ്ടുവരുന്ന ഈ ലോഹം, വൻതോതിൽ ഖനികളിൽ നിന്ന് കുഴിച്ചെടുക്കാറാണ് പതിവ്. സ്വർണ്ണത്തെക്കുറിച്ച് പൊതുജനത്തിന് അത്രകണ്ട് പരിചയമില്ലാത്ത ചില രസകരമായ കൗതുകങ്ങളുണ്ട്. 

സ്വർണ്ണമെന്നത് മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹമാണ്. മറ്റുള്ള ലോഹങ്ങൾക്കും മഞ്ഞ നിറം കൈവരാറുണ്ട് പ്രകൃത്യാൽ തന്നെ. എന്നാൽ, അത് ഓക്സീകരണമോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാസപ്രവർത്തനമോ കഴിയുമ്പോൾ മാത്രമാണ്. ഭൂതലത്തിൽ നിക്ഷേപങ്ങളായുള്ള സ്വർണ്ണത്തിന്റെ സിംഹഭാഗവും ഭൂമി രൂപം കൊണ്ട് 20 കോടി വർഷങ്ങൾക്ക് ശേഷം അതിൽ വന്നിടിച്ച ചില ഉൽക്കകൾ ഘനീഭവിച്ചുണ്ടായതാണ്. 

 

 

ആവർത്തനപ്പട്ടികയിൽ Au എന്ന ചുരുക്കപ്പേരുകൊണ്ട് എഴുപത്തൊമ്പതാമതായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള മൂലകമാണ് സ്വർണ്ണം.  'ഓറം'എന്ന ലത്തീൻ വാക്കിന്റെ സംക്ഷിപ്തരൂപമാണ് Au. 'തിളക്കമുള്ള പുലരി' എന്നാണ് ലത്തീനിൽ ആ വാക്കിന്റെ അർത്ഥം. ഗോൾഡ് എന്ന പദത്തിന്റെ ഉദ്ഭവം ചില പ്രോട്ടോ ജെർമനിക് ഇൻഡോ യൂറോപ്യൻ ഭാഷകളിൽ നിന്നാണ്. മൂലപദത്തിന്റെ അർത്ഥസൂചന മഞ്ഞനിറം എന്നാണ്. 

എന്നാണ് ആദ്യമായി സ്വർണം കണ്ടെടുക്കപ്പെട്ടത് എന്നത് കൃത്യമായി അറിവില്ലെങ്കിലും, 2600 ബിസിയിൽ മെസപ്പൊട്ടേമിയക്കാരാണ് ആദ്യമായി ആഭരണങ്ങൾക്കായി സ്വർണ്ണം ഉപയോഗിച്ചു തുടങ്ങുന്നത്. 1223 ബിസിയിൽ ടൂട്ടൻഖാമന്റെ ശവകുടീരം പണിതീർത്തിരുന്നത് സ്വർണ്ണം കൊണ്ടാണ്.

 

 

950 ബിസിയിൽ സോളമന്റെ ആരാധനാലയവും സ്വർണത്തിൽ തീർത്തതാണ് എന്ന് കരുതപ്പെടുന്നു. നാണയങ്ങളായി ആദ്യം ഉപയോഗിച്ചിരുന്നത് 700 ബിസിയിൽ ആണെന്ന് പറയപ്പെടുന്നു. ബിസി 550 -ൽ ഗ്രീസുകാരും, ബിസി 100 -ൽ റോമക്കാരും സ്വർണ്ണഖനനത്തിനുള്ള സങ്കേതങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. എഡി 1700 ലാണ് ആദ്യമായി സ്വർണ്ണം ഹാൾമാർക്ക് ചെയ്യപ്പെടുന്നത്.  1848 -ലാണ് സുപ്രസിദ്ധമായ കാലിഫോർണിയ ഗോൾഡ് റഷ് ഉണ്ടാകുന്നത്. 

വളരെയധികം വഴക്കമുള്ള ഒരു ലോഹമാണ് സ്വർണ്ണം. ഒരു പവൻ സ്വർണ്ണത്തിൽ നിന്ന് ഏകദേശം 2.3 കിലോമീറ്ററോളം നീളമുള്ള സ്വർണ്ണ നൂൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ നൂലുകൾ കൊണ്ട് എംബ്രോയ്ഡറി വരെ ചെയ്യാനാകും. മാലിയബിലിറ്റി (Malleability ) എന്ന ശാസ്ത്രപദം അടിച്ചു പരത്തി ഷീറ്റുകൾ ആക്കാനുള്ള ഒരു വസ്തുവിന്റെ ക്ഷമതയെ സൂചിപ്പിക്കുന്നതാണ്. ഒരു പവൻ സ്വർണത്തെ അടിച്ചു പരത്തിയാൽ 86 സ്‌ക്വയർ ഫീറ്റ് വിസ്താരത്തിലുള്ള സ്വർണ്ണ ഷീറ്റ് കിട്ടും. സുതാര്യമാവുന്നത്ര നേർത്ത സ്വർണ്ണ ഷീറ്റുകൾ പരത്തി എടുക്കാനാകും. ചുവപ്പും മഞ്ഞയും സ്വർണ്ണം പ്രതിഫലിപ്പിക്കുന്നതുകൊണ്ട് വളരെ കനംകുറഞ്ഞ ഷീറ്റുകൾക്ക് നീലപ്പച്ച നിറമാണ് ഉണ്ടാകാറുള്ളത്.  0.000013 സെന്റീമീറ്റർ വരെ സ്വർണ്ണത്തിന്റെ കനം കുറക്കാൻ കഴിയും. 

 

 

നല്ല ഭാരവും സാന്ദ്രതയും ഒക്കെയുള്ള ലോഹമാണെങ്കിലും സ്വർണ്ണം വിഷമയമായ ഒരു ലോഹമല്ല. അതിനെ തീരെ കനം കുറഞ്ഞ പാളികൾ ആക്കിയാൽ ആഹരിക്കാൻ വരെ സാധിക്കും. ചിലരിൽ സ്വർണ്ണം അലർജികൾ ഉണ്ടാക്കാറുണ്ട്. 

ശുദ്ധസ്വർണ്ണം 24 കാരറ്റ് എന്നറിയപ്പെടുന്നു. ആഭരണങ്ങൾ സാധാരണ പണിഞ്ഞെടുക്കാറുള്ളത് 22 കാരറ്റ് സ്വർണ്ണത്തിലാണ്. സാധാരണ അശുദ്ധിയായി കലർത്തുന്നത് വെള്ളി, ചെമ്പ്, പലേഡിയം, നിക്കൽ, ഇരുമ്പ്, കാഡ്മിയം എന്നീ ലോഹങ്ങളാണ്.  

ഒരു നോബിൾ മെറ്റൽ ആണ് സ്വർണ്ണം. അത് സാധാരണഗതിയിൽ കാര്യമായ പ്രതിപ്രവർത്തനങ്ങൾക്ക് വിധേയമാകാത്ത, അന്തരീക്ഷവായുവിന്റെ സ്വാധീനത്താൽ ഓക്സീകരണത്തിന് വിധേയമാകാത്ത ഈർപ്പം കൊണ്ടോ, അസിഡിക് കാലാവസ്ഥകൊണ്ടോ ഒന്നും കേടുവരാതെ ഒരു ലോഹമാണ്. പല ലോഹങ്ങളും ആസിഡുകളിൽ ലയിക്കുമ്പോൾ, സ്വർണത്തെ ഉരുക്കാൻ അക്വാ റീജിയ എന്ന സവിശേഷ ആസിഡ് കോക്ക്ടെയിൽ തന്നെ വേണം.

 

 

1064° C താപനിലയിൽ സ്വർണം ഉരുകാൻ തുടങ്ങുന്നു. 2808° C ആണ് ഇതിന്റെ ക്വഥനാങ്കം. ഇതിന്റെ ആപേക്ഷികസാന്ദ്രത 19.3 -ഉം അണുഭാരം 196.97-ഉം ആണ്.

വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണ്ണം. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന് ആഭരണത്തിനും നാണയത്തിനും ആയുള്ള ഉപയോഗങ്ങൾക്ക് പുറമെ വേറെയും ഉപയോഗങ്ങൾ പലതുണ്ട്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വയറിങ്, ഡെന്റിസ്ട്രി, മെഡിസിൻ, റേഡിയേഷൻ ഷീൽഡിങ്, ഗ്ലാസ് കളറിംഗ് തുടങ്ങി പലതിലും സ്വർണ്ണം പ്രയോജനപ്പെടുന്നുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള മെറ്റാലിക് സ്വർണ്ണം മണമോ സ്വാദോ ഇല്ലാത്ത ഒരു വസ്തുവാണ്. സ്വർണത്തെ ആഭരണ നിർമാണത്തിനിടെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഉഗ്രവിഷങ്ങളായ സോഡിയം പൊട്ടാസ്യം സയനൈഡുകൾ ജ്വല്ലറികളിൽ ഉപയോഗിച്ചുവരുന്നത്.