Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിലെ തീപ്പിടിത്തം ഭീകരാക്രമണം; പ്രതിക്ക് അനുകൂലമായി പ്രകടനം

ഇയാള്‍ നിരപരാധിയാണെന്നും ഉടനടി ഇയാളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രകടനം കോടതിക്കു മുന്നില്‍ നടന്നു. എന്നാല്‍, പൊലീസ് ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്.  

South Africa parliament fire suspect charged with terrorism
Author
Cape Town, First Published Jan 11, 2022, 5:50 PM IST

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ കനത്ത തീപ്പിടിത്തം ഭീകരാക്രമണമാണെന്ന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ 49-കാരനെതിരെ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി. നിലവില്‍ ഇയാള്‍ക്കെതിരെ പാര്‍ലമെന്റിന് തീയിട്ടുവെന്നും മോഷണം നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രണ്ടാമത്തെ തവണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇയാള്‍ക്കെതിരെ ഭീകരവാദകുറ്റം ചുമത്തിയത്. ഇയാള്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ ബോംബ് വെച്ചുവെന്ന് പൊലീസ് ഇന്ന് കോടതിയില്‍ പറഞ്ഞു. അതിനിടെ, ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് ബലിയാടാക്കുകയാണെന്നും ആവശ്യപ്പെട്ട് കോടതിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു. 

49 -കാരനായ സാന്‍ഡിലെ ക്രിസ്മസ് മാഫെ എന്നയാളാണ് അറസ്റ്റിലായത്. തീപ്പിടിത്തം നടന്ന ദിവസം ദുരൂഹസാഹചര്യത്തില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. 
തീപ്പിടിത്തം തടയുന്നതിന് ഏര്‍പ്പെടുത്തിയ ജലധാരാ സംവിധാനം പ്രവര്‍ത്തനരഹിതമാക്കിയതിനെ തുടര്‍ന്നാണ് അഗ്നിബാധ രൂക്ഷമായതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. അറസ്റ്റിലായ മാഫ പുലര്‍ച്ചെ രഹസ്യമായി വന്ന് ജലധാരാ യന്ത്രത്തിന്റെ വാല്‍വ് അടച്ചുകളഞ്ഞുവെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. പിന്നീടാണ്, ഇയാള്‍ക്കെതിരെ കവര്‍ച്ച അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത്. പാര്‍ലമെന്റില്‍നിന്നും ലാപ്‌ടോപ്പ്, രേഖകള്‍, പാത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പാര്‍ലമെന്റിന് തീയിട്ടത് ഇയാള്‍ ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനിടെയാണ് ഇയാള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തിയത്. പാര്‍ലമെന്റ് തീപ്പിടിത്തം ഭീകരാക്രമണമാണെന്നാണ് പ്രോസിസിക്യൂഷന്‍ രേഖകള്‍ പറയുന്നത്.  ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ പാര്‍ലമെന്റിനകത്ത് സ്ഥാപിച്ചതായി പ്രോസിക്യൂഷന്‍ വക്താവ് എറിക് സബാതില ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, മാഫെ നിരപരാധിയാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. മനോരോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ തെരുവുകളില്‍ അന്തിയുറങ്ങുന്ന ആളായിരുന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിനായി ഇയാളെ ബലയാടാക്കുകയാണെന്നാണ് ആരോപണം. ഇയാള്‍ നിരപരാധിയാണെന്നും ഉടനടി ഇയാളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രകടനം കോടതിക്കു മുന്നില്‍ നടന്നു. എന്നാല്‍, പൊലീസ് ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്.  

പാര്‍ലമെന്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാനമായ വസ്തുക്കളടക്കം കത്തിനശിച്ചിരുന്നു. രണ്ടു ദിവസം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്.  

പുലര്‍ച്ചെ ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നാം നിലയില്‍നിന്നും തുടങ്ങിയ അഗ്നിബാധ പെട്ടെന്ന് പടരുകയായിരുന്നു. സമുച്ചയത്തിനുള്ളിലെ പഴയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നുവീണു. കെട്ടിടത്തിനുള്ളില്‍ സജ്ജീകരിച്ച മ്യൂസിയത്തിലെ ദക്ഷിണാഫ്രിക്കന്‍ ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ്വ വസ്തുക്കളെല്ലാം കത്തിനശിച്ചു. പുതിയ ദേശീയ അസംബ്ലി കെട്ടിടത്തിനും തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. നിരവധി അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ രണ്ടുദിവസം കഠിനാധ്വാനം ചെയ്ത ശേഷമാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. 

പാര്‍ലമെന്റ് പിരിഞ്ഞശേഷം ഇവിടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. കനത്ത സുരക്ഷാ സന്നാഹമുള്ള ഇവിടെ കടന്നുകയറുക എളുപ്പമല്ല. മാഫെ എങ്ങനെയാണ് ഇതിനകത്ത് കടന്നതെന്ന് വ്യക്തമല്ല. മാഫെ അര്‍ദ്ധരാത്രിയില്‍ പാത്തും പതുങ്ങിയും വന്ന് ജലധാരായന്ത്രത്തിന്റെ വാല്‍വ്് അടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാലര്‍മെന്റ് സമുച്ചയത്തിന് മൂന്ന ഭാഗങ്ങളാണ് ഉള്ളത്. 1800-കളില്‍ പണിപൂര്‍ത്തിയാക്കിയ പഴയ പാര്‍ലമെന്റ് കെട്ടിടമാണ് അവയിലൊന്ന്. പുതുതായി പണി കഴിപ്പിച്ച മറ്റ് രണ്ട് കെട്ടിടങ്ങളാണ് മറ്റു ഭാഗങ്ങള്‍. ഇവയിലൊന്നാണ് നിലവിലെ ദേശീയ അസംബ്ലി സമ്മേളിക്കുന്നത്. ഇതിനകത്താണ് ചരിത്രപ്രധാനമായ പൗരാണിക വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്്. ഇവയെല്ലാം കത്തിനശിച്ചതായാണ് വിവരം. 

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് പാര്‍ലമെന്റ് കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടാവുന്നത്. കഴിഞ്ഞ മാര്‍ച്ചിലുണ്ടായ തീപ്പിടിത്തത്തിലും വലിയ കേടുപാടുകളുണ്ടായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു അന്ന് ദുരന്തകാരണമായത്.  
 

Follow Us:
Download App:
  • android
  • ios