അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പട്ടിയിറച്ചി നിരോധിക്കണോ എന്ന വിഷയം രാജ്യത്ത് വലിയ ചര്‍ച്ചയായത്. മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഈ വിഷയം ചര്‍ച്ചയിലേക്ക് ആദ്യം കൊണ്ടുവന്നത്.

ദക്ഷിണ കൊറിയയില്‍ (South Korea) പട്ടിയിറച്ചി (dog meat) നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍മസമിതി (Task Force) രൂപവല്‍കരിച്ച നടപടി സര്‍ക്കാറിന് തലവേദനയായി. പട്ടിയിറച്ചി നിരോധനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ സര്‍ക്കാറിന് എതിരെ തിരിയാനാണ് ഇതിടയാക്കിയത്. പട്ടിഫാമുകള്‍ നടത്തുന്ന കൃഷിക്കാരും മൃഗസ്‌നേഹികളും ടാസ്‌ക് ഫോഴ്‌സിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പട്ടിയിറച്ചി നിരോധിക്കണോ എന്ന വിഷയം രാജ്യത്ത് വലിയ ചര്‍ച്ചയായത്. മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഈ വിഷയം ചര്‍ച്ചയിലേക്ക് ആദ്യം കൊണ്ടുവന്നത്. പിന്നീട് മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തു. പിന്നാലെ ഈ വിഷയത്തില്‍ ജനാഭിപ്രായം അറിയാനുള്ള സര്‍വേകളും നടന്നു. അതിനിടെയാണ്, പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പട്ടിയിറച്ചി നിരോധിക്കണമെന്ന അഭിപ്രായവുമായി മുന്നോട്ടുവന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കൃഷി വകുപ്പിന്റെ മുന്‍കൈയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവല്‍കരിച്ചത്. 

പട്ടിയിറച്ചി നിരോധനം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനാണ് ടാസ്‌ക് ഫോഴ്‌സ് രൂപവല്‍കരിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരാണ് ടാസ്‌ക് ഫോഴ്‌സില്‍ ഉണ്ടാവുക. പട്ടിയിറച്ചി നിരോധനത്തെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുക, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് പരിഹാര മാഗം നിര്‍ദേശിക്കുകയും ചെയ്യുക തുടങ്ങിയ ചുമതലകളാണ് ടാസ്‌ക് ഫോഴ്‌സിനുണ്ടാവുക. 

എന്നാല്‍, ഇത് കണ്ണില്‍പൊടിയിടലാണ് എന്നാണ് മംഗസംരക്ഷണ സംഘടനകളുടെ നിലപാട്. തെരഞ്ഞെടുപ്പ് സ്റ്റണ്ടിനപ്പുറം സര്‍ക്കാറിന് ഇക്കാര്യത്തില്‍ ശരിക്കും താല്‍പ്പര്യമില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മൃഗസംരക്ഷണ വേദിയുടെ ദേശീയ പ്രസിഡന്റ് ലീ വോണ്‍ ബോക് പറഞ്ഞു. പ്രസിഡന്റ് അടക്കം എല്ലാവരും പട്ടിയിറച്ചി നിരോധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായസമന്വയത്തിലെത്തുകയും ചെയ്തിട്ടും വീണ്ടും ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു. ടാസ്‌ക് ഫോഴ്‌സല്ല നിരോധന ഉത്തരവാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനമുള്ള മൃഗസ്‌നേഹികളുടെ സംഘടനകള്‍ ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നിട്ടുണ്ട്. 

പട്ടിയിറച്ചി നിരാധനത്തെ എതിര്‍ക്കുന്നവരും ടാസ്‌ക് ഫോഴ്‌സിനെതിരെ രംഗത്തുവന്നു. ടാസ്‌ക് ഫോഴ്‌സിന്റെ മറവില്‍, ശ്ര്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സര്‍ക്കാര്‍ നിരോധനത്തിലേക്ക് പോവുകയാണെന്ന് പട്ടി ഫാമുകളുടെ ദേശീയ വേദിയുടെ ജനറല്‍ സെക്രട്ടറി ജുയിയോന്‍ ബോംഗ് പറഞ്ഞു. നിരോധനം വന്നാല്‍ രാജ്യത്താകമാനമുള്ള പട്ടിഫാമുകളും പാവപ്പെട്ട കര്‍ഷകരും റസ്‌റ്റോറന്റുകളും പ്രതിസന്ധിയിലാവും. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമ്പ്രദായം പെട്ടെന്ന് നിരോധിക്കുകയല്ല വേണ്ടത്. എന്തു ഭക്ഷണം കഴിക്കണമന്ന് സര്‍ക്കാറല്ല തീരുമാനിക്കേണ്ടത്. പത്തു പതിനഞ്ച് വര്‍ഷം സമയം നല്‍കി ആളുകളെ ബോധവല്‍കരിച്ചാല്‍ നിരോധനമൊന്നും ആവശ്യമുണ്ടാവില്ല. ആവശ്യക്കാര്‍ ഇല്ലെങ്കില്‍, ആരാണ് കൃഷി നടത്തുക, ആരാണ് കശാപ്പ് നടത്തുക, ആരാണ് ഇറച്ചി വില്‍ക്കുക എന്നും അദ്ദേഹം ചോദിച്ചു. 

എന്നാല്‍, നിരോധനത്തിനു മുന്നോടിയായി അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി കിം ബൂ ക്യും പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക, പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണുക, ജനകീയാഭിപ്രായം സ്വരൂപിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിരോധനത്തിന് അനിവാര്യമാണ്. ജനാധിപത്യപരമായല്ലാതെ ഈ വിഷയത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദക്ഷിണകൊറിയയില്‍ പണ്ടൊക്കെ പട്ടിയിറച്ചി ജനപ്രിയ ഭക്ഷണമായിരുന്നുവെങ്കിലും ഇപ്പോഴത് വളരെ കുറച്ചുപേര്‍ മാത്രമേ കഴിക്കാറുള്ളൂ. പ്രായമുള്ളവരാണ് അവരില്‍ കൂടുതല്‍. ചില റസ്റ്റോറന്റുകളില്‍ അത്തരക്കാര്‍ക്കു വേണ്ടി പട്ടിയിറച്ചി വിളമ്പാറുണ്ട്. ചില പ്രത്യേക മാര്‍ക്കറ്റുകളില്‍ പട്ടിയിറച്ചി വാങ്ങാനും കിട്ടും. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം നിര്‍ബന്ധമുള്ള വിഷയമാണ് ഇതെന്ന് അര്‍ത്ഥം. അതിനാല്‍ തന്നെയാണ് ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതും. കൂടുതല്‍ ആളുകള്‍ പട്ടിയിറച്ചിക്ക് എതിരായതിനാലാണ്, രാഷ്ട്രീയക്കാര്‍ കണ്ണുംപൂട്ടി നിരോധന ആവശ്യം ഉന്നയിക്കുന്നത്. 

കുറച്ചു നാളുകളായി സജീവമായി നില്‍ക്കുന്ന പട്ടിയിറച്ചി നിരോധന ചര്‍ച്ചകള്‍ പ്രസിഡന്റ തെരഞ്ഞടുപ്പ് അടുത്തതോടെയാണ് ശക്തമായത്. സ്ഥാനമോഹികള്‍ പലരും ഈ ചര്‍ച്ചയില്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. പട്ടിയിറച്ചി നിരോധിക്കുമെന്ന വാഗ്ദാനവും പലരും മുന്നോട്ടുവെക്കുന്നുണ്ട്. ഏറ്റവും ജനസംഖ്യയുള്ള ഗയോന്‍ഗി പ്രവിശ്യയിലെ ഗവര്‍ണര്‍ ലീ ജാ മ്യുംഗ് നിലവില്‍ പട്ടിയിറച്ചി നിരോധനത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനമോഹികളില്‍ മുന്നിലുള്ള ഇദ്ദേഹം നിലവിലെ പ്രസിഡന്റ് മൂണിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍, എതിരാളിയാവാന്‍ സാദ്ധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാവ് യൂന്‍ സ്യൂക് യൂള്‍ ഇതിനെതിരാണ്. പട്ടിയിറച്ചി കഴിക്കണോ വേണ്ടയോ എന്ന കാര്യം അവരവരുടെ തീരുമാനത്തിനു വിടുന്നതാണ് നല്ലതെന്നും നിരോധനം ഒന്നിനും പരിഹാരമല്ല എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 

മാധ്യമസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ നടത്തിയ ഭൂരിഭാഗം സര്‍വേകളും നിരോധനത്തിന് അനുകൂലമാണ്. വളരെ കുറച്ചു പേര്‍ മാത്രം പട്ടിയിറച്ചി കഴിക്കുന്ന പുതിയ അവസ്ഥയും പട്ടിവളര്‍ത്തലിന് അടുത്തകാലത്തായി ലഭിച്ച ജനപ്രീതിയുമെല്ലാം ഇതിനു അനുകൂല ഘടകങ്ങളായി. ചുരുക്കം കൃഷിക്കാരുടെയും റസ്‌റ്റോറന്റ് ഉടമകളുടെയും മാത്രം പ്രശ്‌നമായതിനാല്‍ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും നിരോധനത്തിന് അനുകൂലമാണ്.