ഇന്ന് ഇന്തോ പാക് അതിര്‍ത്തി എന്ന് നമ്മള്‍ വിളിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന പല ഹിന്ദു കുടുംബങ്ങളുംതൊഴില്‍തേടി പാക് പഞ്ചാബ്, സിന്ധ് പ്രവിശ്യയിലെ പല ഗ്രാമങ്ങളിലും ചെന്ന് പാര്‍ത്തിരുന്നു. അതിനിടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനായി അപ്പുറത്ത് പോയി താമസിച്ച പല ഹിന്ദുക്കളും അതോടെ ഒരു സുപ്രഭാതത്തില്‍ ഒരു പുതിയ രാജ്യത്തിലെ അന്തേവാസികളായി. പലരും, അവിടെ വിവേചനവും പീഡനവും അനുഭവിച്ചു. ആ രാജ്യത്തുനിന്ന് സ്വന്തം മണ്ണിലേക്കുള്ള യാത്രയാണെങ്കില്‍ അസാധ്യം എന്നുതന്നെ പറയാവുന്നത്ര ശ്രമകരമായിരുന്നു. എന്നിട്ടും പലരും അതിന് ശ്രമിച്ചു. ചിലരെങ്കിലും കടമ്പകള്‍ പലതും കടന്ന് ഇന്ത്യന്‍ മണ്ണിലെത്തി. എന്നിട്ടോ? അങ്ങോട്ട് പോയത്ര എളുപ്പമായിരുന്നില്ല അവരുടെ തിരികെ വരവ്. അവരില്‍ പലര്‍ക്കും അനുഭവിക്കേണ്ടി വന്നത് കടുത്ത യാതനകളായിരുന്നു.

തേജാഭായിയുടെ കുടുംബം അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോഴാണ് ഭുജില്‍ നിന്ന് സിന്ധിലെ മീര്‍പുരിലേക്ക് കുടിയേറിയത്. ദാരിദ്ര്യം തന്നെ നിമിത്തം. വിഭജനാനന്തരം കടുത്ത വിവേചനങ്ങള്‍ ആ മേഘവര്‍ ദളിത് കുടുംബത്തിന് പാകിസ്താനിലെ തങ്ങളുടെ വീടിന്റെ അയല്‍വക്കങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നു. സിന്ദൂരമിട്ടാല്‍, പൊട്ടുകുത്തിയാല്‍, പ്രാര്‍ത്ഥനകള്‍ ഒന്നുറക്കെ ചൊല്ലിപ്പോയാല്‍ പഴികേള്‍ക്കേണ്ടി വന്നു. ആ ദുരിത ജീവിതം ഇട്ടെറിഞ്ഞ് ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചൊന്ന് കടന്നു കിട്ടാന്‍ തേജാഭായിക്ക് നീണ്ട 63 വര്‍ഷങ്ങളെടുത്തു, ഇവിടെ വന്ന് അഭയാര്‍ത്ഥി എന്ന് അവനവനെ അടയാളപ്പെടുത്താന്‍. 2009 -ല്‍ ഇന്ത്യന്‍ മണ്ണിലെത്തിപ്പെട്ട അദ്ദേഹത്തിന്, ഇവിടത്തെ പൗരത്വത്തിന് അപേക്ഷിക്കാന്‍ പിന്നെയും ഏഴുവര്‍ഷമെടുത്തു. പക്ഷേ, നാടുവിട്ടോടിപ്പോയി വര്‍ഷം 73 കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് ഇന്നുവരെ കച്ചില്‍ താന്‍ പിറന്നുവീണ ഗ്രാമത്തിലേക്ക് ഒന്ന് പോകാനായിട്ടില്ല. '2010 -ല്‍ കുടുംബത്തെ കൊണ്ടുവന്നു. വിസക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അന്ന് അഹമ്മദാബാദില്‍ മാത്രം താങ്ങാന്‍ പറ്റുന്ന സന്ദര്‍ശക വിസകളാണ് കിട്ടിയത്. അതുതന്നെ നീട്ടി നീട്ടിയാണ് ഇതുവരെ കഴിച്ചു കൂട്ടിയത്. ഇപ്പോള്‍ നിയമം മാറി എന്നറിയുന്നു. സന്തോഷമുണ്ട്' നഗരത്തിലെ ഒരു കുടുസ്സുമുറി ഫ്‌ലാറ്റില്‍ താമസിക്കുന്ന അദ്ദേഹം സ്‌ക്രോള്‍ ഓണ്‍ലൈന്‍ മാഗസിനു നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നു.

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ പൗരത്വ നിയമ ഭേദഗതികൊണ്ട് പ്രത്യക്ഷത്തില്‍ഗുണമുണ്ടാവാന്‍ പോകുന്നഅഭയാര്‍ത്ഥികളില്‍ തേജാഭായിയെപ്പോലെ ഉള്ള പലരുമുണ്ട്. ഹിന്ദുക്കള്‍ക്ക് പുറമേ സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന എന്നിങ്ങനെയുള്ള മതവിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം കിട്ടും. 'പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍'എന്ന നിയമ ഭേദഗതിയുടെ പരിഗണനയില്‍ മുസ്ലിങ്ങള്‍ പെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച്നാട്ടില്‍ കടുത്ത പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.എങ്കിലും, ദില്ലിയിലെ ആദര്‍ശ് നഗര്‍ കോളനിയിലും മറ്റുമായി വര്‍ഷങ്ങളായി വളരെ മോശപ്പെട്ട സാഹചര്യങ്ങളില്‍ പൗരത്വവും കാത്തു കഴിച്ചുകൂട്ടുന്ന ഹിന്ദു അഭയാര്‍ത്ഥികളില്‍ പലരും ഈ നിയമം പ്രതീക്ഷയോടെയാണ് കാണുന്നത്. 

നിയമ ഭേദഗതി തങ്ങള്‍ക്ക് അനുകൂലമാകും എന്ന് തിരിച്ചറിയുമ്പോഴും, ഇന്നോളമുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ അഭയാര്‍ത്ഥികള്‍ ഭയക്കുന്നത് പൗരത്വം എന്ന അനുകൂല്യത്തിലേക്ക് എത്തിച്ചേരാനുള്ള ചുവപ്പുനാടയുടെ നൂലാമാലകളെപ്പറ്റിയാണ്. 2016 -ല്‍ മോദി സര്‍ക്കാര്‍ ഇന്ത്യയിലെ 16 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സവിശേഷമായ ഒരു അധികാരം നല്‍കിയിരുന്നു. അത് ഇത്തരത്തില്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന അഭയാര്‍ഥികളുടെ കേസുകള്‍ പരിശോധിച്ച് പശ്ചാത്തല വിവരങ്ങള്‍ ഉറപ്പുവരുത്തി ആവശ്യമെങ്കില്‍ പൗരത്വം അനുവദിക്കാനുള്ള അധികാരമായിരുന്നു. അത് പ്രയോജനപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 2447 പേര്‍ക്ക് പൗരത്വം ലഭിക്കുകയുണ്ടായി. അഹമ്മദാബാദ് ജില്ലയില്‍ മാത്രം അന്ന് പൗരത്വം നല്‍കിയത് 600 ലധികം ഹിന്ദു അഭയാര്‍ത്ഥികള്‍ക്കായിരുന്നു.

 


പശ്ചാത്തല പരിശോധന എന്ന സാമ്പത്തിക ചൂഷണം
അപേക്ഷിക്കുന്ന നിമിഷം മുതല്‍ പല ഘട്ടങ്ങളിലായി പരിശോധനകളും വെരിഫിക്കേഷനുകളും നിരവധിയാണ്. പണം നല്‍കാതെ ഒരു മേശപ്പുറത്തു നിന്നുപോലും ഫയലുകള്‍ അനങ്ങില്ല എന്ന അവസ്ഥയാണെന്ന് ദുരിതങ്ങള്‍ അനുഭവിക്കുന്ന ഹിന്ദു അഭയാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞു. പൊലീസ് വെരിഫിക്കേഷന്‍ ചെയ്യിക്കുന്ന ഏജന്റ് തലയൊന്നിന് വാങ്ങുന്നത് ആയിരം രൂപ വീതമാണ്. സ്റ്റേറ്റ് പൊലീസ്, സ്റ്റേറ്റ് ഐബി, സെന്‍ട്രല്‍ ഐബി തുടങ്ങിയ മൂന്നു കേന്ദ്രങ്ങളില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ണമാകൂ. ഏറ്റവും ചുരുങ്ങിയത് ആറുമാസമെങ്കിലും ഇതിനെടുക്കും. അത് ഏറ്റവും ചുരുങ്ങിയ കാലയളവാണ്. അതിലും എത്രയോ അധികമെടുക്കും. കലക്ടറേറ്റില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി ആഴ്ചയില്‍ ഒരു  ഒരു തവണയെങ്കിലും പോവേണ്ടി വരുന്നുണ്ടെന്നാണ് തേജാഭായി പറയുന്നത്.

മതത്തിന്റെ പേരില്‍ പീഡനം നേരിട്ടാണ് നാടുവിട്ടോടി വന്നത് എന്നതിനെ സാധൂകരിക്കാന്‍ ഒരു സത്യവാങ്മൂലമാണ് നല്‍കാനുള്ളത്. അതിന്റെ പരിശോധനയും തെളിവെടുപ്പും ഒക്കെ മാസങ്ങള്‍ നീണ്ട കാലതാമസത്തിന് വീണ്ടും കാരണമാകും. പുതിയ നിയമം വരുമ്പോള്‍ ഇതിന് എന്തെങ്കിലും ആശ്വാസമുണ്ടാകും എന്ന പ്രതീക്ഷയിലാണ് അവരില്‍ പലരും. തങ്ങളെ പാകിസ്താനിലെ ഭൂരിഭാഗം വരുന്ന മുസ്ലിങ്ങള്‍ കാണുന്നത് രണ്ടാംകിട പൗരന്മാരായിട്ടാണെന്ന് അവര്‍ പറയുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഹിന്ദുക്കളാണ് എന്ന പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നതായി അഭയാര്‍ത്ഥികളില്‍ പലരും സാക്ഷ്യം പറയുന്നു. ദില്ലിയിലെ ക്യാമ്പുകളില്‍ കഴിയുന്ന പല കുട്ടികളും പറയുന്നത് അവര്‍ക്ക് സ്‌കൂളില്‍ ഇസ്ലാം മതപഠനം നടത്തേണ്ടി വന്നിട്ടുണ്ടെന്നും, ആചാരങ്ങള്‍ പാലിക്കാന്‍ അവരെ അധ്യാപകര്‍ നിര്‍ബന്ധിച്ചിട്ടുണ്ട് എന്നുമാണ്.

പാകിസ്താനില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയ ആയിരക്കണക്കിന് പേര്‍ കഴിഞ്ഞുകൂടുന്നത് തീരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ദില്ലിയിലെ ക്യാമ്പുകളിലാണ്. പല ക്യാമ്പുകളിലും ദിവസങ്ങളോളം വൈദ്യുതി ഉണ്ടാകാറില്ല. വെള്ളവും ഇടയ്ക്കിടെ തടസ്സപ്പെടാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ക്യാമ്പുകളില്‍ തുച്ഛമാണ്. മാത്രവുമല്ല ഏറെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് അവിടെ നിലനില്‍ക്കുന്നതും. പല ക്യാമ്പുകളും നഗരങ്ങളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളോട് ചേര്‍ന്നുകൊണ്ടാണ്. മഴപെയ്യുമ്പോള്‍ ഈ മാലിന്യങ്ങളില്‍ വെള്ളമിറങ്ങി ആകെ നാറുന്ന അവസ്ഥയിലാണ് അവര്‍ കഴിഞ്ഞു കൂടുന്നത്. 

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ വെറും 2 ശതമാനം മാത്രമാണ്.പൗരത്വം അനുവദിച്ചു കിട്ടുന്നതുവരെ ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കാനാകില്ല എന്നതാണ് അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗത്തേക്കും യാത്ര ചെയ്യാനും സന്ദര്‍ശക വിസകള്‍ തടസ്സമാകുന്നുണ്ട്. അവരില്‍ പലരുടെയും പൗരത്വത്തിനുള്ള അപേക്ഷകള്‍ കലക്ടറേറ്റിലെ ഫയലുകളില്‍ ദീര്‍ഘകാലമായി കുടുങ്ങിക്കിടക്കുകയാണ്.
 


ഏകദേശം 41,000 അഭയാര്‍ത്ഥികളാണ് ഇന്ത്യന്‍ മണ്ണില്‍ വന്നെത്തിയിട്ടുള്ളത്. അവര്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ അനിശ്ചിത കാലത്തേക്കെന്നോണം തങ്ങളുടെ വിസകളും നീട്ടി നീട്ടി കഴിച്ചു കൂട്ടുകയായിരുന്നു. പൗരത്വ ഭേദഗതി ബില്ലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ദില്ലിയിലെ ആദര്‍ശ് നഗറില്‍നിന്ന് ബിജെപി അനുകൂല മുദ്രാവാക്യങ്ങളും, ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ന്നു കേട്ടു. ഭേദഗതിയെത്തുടര്‍ന്ന് പൗരത്വം അനുവദിച്ചു കിട്ടുമ്പോള്‍ തങ്ങളുടെ ഇപ്പോഴത്തെ പരിതാപാവസ്ഥയില്‍ മാറ്റങ്ങള്‍ വരും എന്നുതന്നെ അവരില്‍ പലരും കരുതുന്നുണ്ട്. ' ഞങ്ങളുടെ വനവാസം കഴിഞ്ഞു ' എന്നാണ് അവരില്‍ ഒരാള്‍ സന്തോഷാശ്രുക്കളോടെ പറഞ്ഞത്.