രാജ്യദ്രോഹം ചുമത്തി വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ ഭാര്യമാർക്ക് ഗുലാഗിലെ അടിമപ്പണിയും, അവരുടെ മക്കൾക്ക് അനാഥാലയവാസവുമായിരുന്നു സ്റ്റാലിൻ വിധിച്ചിരുന്ന ശിക്ഷ.
"അമ്മയെയും, അനിയനെയും എന്നെയും കൂടി ഒരു കാറിൽ കയറ്റിയാണ് അവർ വീട്ടിൽ നിന്ന് കൊണ്ടുപോയത്. അമ്മയെ അവർ പോകുന്നവഴി ക്രെസ്റ്റി പ്രിസണിൽ ഇറക്കി. ഞങ്ങളെ അവിടെ അടുത്തുള്ള ഒരു ചിൽഡ്രൻസ് റിസപ്‌ഷനിൽ കൊണ്ടുചെന്നിരുത്തി. എനിക്കന്നു പന്ത്രണ്ടു വയസ്സാണ് പ്രായം. അവന് എട്ടുവയസ്സും. ഞങ്ങളെ രണ്ടുപേരെയും അവർ തല മൊട്ടയടിച്ച ശേഷം, കഴുത്തിൽ ഞങ്ങളുടെ നമ്പർ എഴുതിയ ഒരു സ്ളേറ്റ് തൂക്കി. ഞങ്ങളുടെ വിരലടയാളങ്ങൾ അവർ ശേഖരിച്ചു. അനിയൻ ആകെ പരിഭ്രമിച്ചിരുന്നു. അവൻ നിർത്താതെ അലറിക്കരഞ്ഞു കൊണ്ടിരുന്നു. അവർക്കാർക്കും ആ കരച്ചിൽ കേട്ടിട്ടും ഒരലിവും തോന്നിയില്ല. ഞങ്ങളെ അവർ വേർപിരിച്ചു. തമ്മിൽ ഒന്ന് സംസാരിക്കാൻ പോലും അവർ അനുവദിച്ചില്ല പിന്നെ."
ഗുലാഗ് ഹിസ്റ്ററി മ്യൂസിയത്തിൽ വെച്ച് നൽകിയ ഒരു അഭിമുഖത്തിൽ വെച്ച്, 1938 -ൽ അവരുടെ ജീവിതത്തെ ആകെ പിടിച്ചുലച്ച ഒരു ദുരന്താനുഭവം ഓർത്തെടുത്ത ലുഡ്മിനാ പെട്രോവയുടെ വാക്കുകളാണ് മുകളിൽ. ഇങ്ങനെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്, ആ ചെറുപ്രായത്തിൽ വിധേയരാകാനും മാത്രം അവർ ചെയ്ത കുറ്റം എന്താണെന്നോ? റഷ്യൻ ഗവൺമെന്റ് രാജ്യദ്രോഹികൾ എന്ന് കണ്ടെത്തിയ അച്ഛനമ്മമാർക്ക് പിറന്നു എന്നതുതന്നെ.
'ലുഡ്മിനാ പെട്രോവ'
1937 -ലാണ് നിക്കോളായ് യെശോവ് എന്ന സ്റ്റാലിന്റെ വലംകൈ, അന്നത്തെ പീപ്പിൾസ് കമ്മിസാരിയറ്റ് ഓഫ് ഇന്റെർണൽ അഫയേഴ്‌സ് അഥവാ NKVD യുടെ തലവൻ, 'ഗ്രെയ്റ്റ് ടെറർ' എന്നറിയപ്പെട്ട സ്റ്റാലിന്റെ ഉന്മൂലന പദ്ധതിയുടെ കാര്യക്കാരൻ,"രാജ്യദ്രോഹികളുടെ ഭാര്യമാരെയും മക്കളെയും ഒതുക്കാനുള്ള" ആ കുപ്രസിദ്ധമായ ഉത്തരവിൽ ഒപ്പുവെക്കുന്നത്. ഭർത്താക്കന്മാർ ചെയ്യുന്ന കുറ്റത്തിന് ഭാര്യമാരും 5-8 വർഷത്തെ ഗുലാഗ് വാസത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു അന്ന്. അവരുടെ ഒന്നര വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ അന്ന് ഗുലാഗുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന അനാഥാലയങ്ങളിലേക്ക് പറഞ്ഞയക്കപ്പെട്ടിരുന്നു. ഗുലാഗ് ചരിത്ര മ്യൂസിയത്തിലെ രേഖകൾ പ്രകാരം അക്കാലത്ത് ഏതാണ്ട് 18,000 -ൽ പരം ഭാര്യമാരാണ് ഭർത്താക്കന്മാരുടെ രാജ്യദ്രോഹാരോപണങ്ങളുടെ പേരിൽ ഗുലാഗിൽ അടയ്ക്കപ്പെട്ടത്. അവരുടെ 25000 -ൽ പരം കുഞ്ഞുങ്ങളെ അന്ന് അനാഥാലയങ്ങളിലാക്കുകയും ചെയ്തു സർക്കാർ.
ഈ അനാഥാലയങ്ങളിൽ ദുരിത പർവങ്ങളിൽ കഴിയേണ്ടി വന്ന, അതിനെ അതിജീവിച്ച് സ്റ്റാലിന്റെ ഭരണകാലത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന പലരും അന്നത്തെ ആ കഷ്ടകാലം ഓർത്തെടുക്കുന്നുണ്ട്. വേണ്ടത്ര ഭക്ഷണം കിട്ടാതെ പട്ടിണികിടക്കേണ്ടി വന്നിരുന്ന ബാല്യങ്ങളായിരുന്നു ആ കുട്ടികളുടേത്. ഓർഫനേജുകൾ എന്നും അവയുടെ ശേഷിയുടെ രണ്ടിരട്ടി കുഞ്ഞുങ്ങളാൽ നിറഞ്ഞുകവിഞ്ഞിരുന്നു. വേണ്ടത്ര ഭക്ഷണം കിട്ടാതെ കുട്ടികൾ ചവറ്റുകൂനകളിൽ ഭക്ഷണം തിരഞ്ഞു ചിക്കിപ്പെറുക്കി. പോഷണക്കുറവും, രോഗങ്ങളും കൊണ്ട് വലഞ്ഞിരുന്ന ആ കുഞ്ഞുങ്ങളെ അവശനിലയിലാണ് എന്നുപോലും വകവെക്കാതെ അനാഥാലയങ്ങളിലെ ഉദ്യോഗസ്ഥർ നിർദയം മർദിക്കുമായിരുന്നു. സോവിയറ്റ് വിരുദ്ധ നിലപാടുകൾ ആ കുട്ടികളിൽ ആരെങ്കിലും അവരുടെ സ്വകാര്യതകളിലെങ്കിലും പ്രകടിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അനാഥാലയം അധികാരികളെ യെശോവ് ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. അങ്ങനെ കണ്ടെത്തപ്പെടുന്നവരെ കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമായിരുന്നു അവർ.
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ അഭിപ്രായങ്ങളിൽ പോലും പിടിച്ച് അവരെ "അപകടകാരികളായ കുട്ടികൾ" എന്ന് തരം തിരിച്ചിരുന്നു യെശോവ്. സ്വന്തം അച്ഛൻ, ഗവണ്മെന്റ് പറയും പോലെ ഒരു ക്രിമിനലാണെന്നു സമ്മതിച്ചു നൽകാതിരുന്ന പ്യോറ്റർ യാക്കിറിനെ അവർ തന്റെ പതിനാലാം വയസ്സിൽ ജയിലിൽ തള്ളി. ആ കുട്ടിക്ക് തുറുങ്കിൽ കഴിയേണ്ടി വന്നത് അടുത്ത പതിനേഴു വർഷമായിരുന്നു. പുറത്തുവിട്ടപ്പോഴേക്കും യാക്കിറിനു വയസ്സ് 31 കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് യാക്കിർ എഴുതിയ "കൽത്തുറുങ്കിലെ ബാല്യം" എന്ന പുസ്തകത്തിൽ ജയിലിലെ ദുരനുഭവങ്ങളുടെ നേർസാക്ഷ്യം നമുക്ക് കാണാം.
ടീനേജ് പ്രായം കഴിയാത്ത കുട്ടികളെ അന്ന് അടയ്ക്കപ്പെട്ടത് കൊടും ക്രിമിനലുകൾ പാർക്കുന്ന ജയിലുകളിലാണ്. അവിടെ വെച്ച് ആ കുട്ടികൾ പറഞ്ഞറിയിക്കാനാവാത്ത പീഡനങ്ങൾക്ക് ഇരയായി. ആ ക്രിമിനലുകളെക്കാൾ വലിയ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത് തിരിച്ചടിക്കാൻ പറ്റുന്നവർ അതിനെ അതിജീവിച്ചു. അല്ലാത്തവർ മാനസികമായി തകർന്നു. ഏതിനും, സാധാരണ മനുഷ്യർ എന്ന നിലയിൽ അവർക്ക് പിന്നീട് ജീവിതം തുടരാൻ പറ്റാത്ത സാഹചര്യം ഉടലെടുത്തു.
ഈ ക്യാമ്പുകൾ നിന്നിരുന്ന സ്ഥലങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു ക്യാമ്പിലെ മരണ നിരക്കുകൾ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിലെ ഗുലാഗ് ക്യാമ്പുകളിൽ അടയ്ക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങൾ കൂടുതൽ വേഗത്തിൽ മരിച്ചു. അന്ന് 10% മുതൽ 50% വരെയായിരുന്നു ക്യാമ്പുകളിലെ മരണനിരക്ക്.
വാലെന്റിന സുഖോവ എന്ന പെൺകുട്ടി ജനിക്കുന്നത് 1946 -ലാണ്. അവളുടെ അമ്മയെ ഗുലാഗ് ക്യാമ്പിന്റെ സൂപ്പർവൈസർ ബലാത്സംഗം ചെയ്തുണ്ടായ ഗർഭത്തിൽ നിന്നാണ് അവളുടെ ജനനം. അവിടെ നിന്ന് 1951 -ൽ തന്റെ അഞ്ചാം വയസ്സിൽ വാലന്റീന ഒരു അനാഥാലയത്തിലേക്ക് പറഞ്ഞയക്കപ്പെടുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മക്ക് ഗുലാഗിൽ നിന്ന് വിടുതൽ കിട്ടി അവർ സ്ഥലം വിടുന്നു. വാലന്റീന പിന്നീട് തന്റെ അമ്മയെ തേടിപ്പിടിച്ചു ചെന്ന് കാണുന്നത് 2015 -ൽ മാത്രമാണ്.
ഇങ്ങനെ ഗുലാഗ് കാലത്ത് ബാല്യം നഷ്ടപ്പെട്ട, കുടുംബ ജീവിതം കിട്ടാതെ പോയ, അച്ഛനമ്മമാരെ, സഹോദരങ്ങളെ വേർപിരിഞ്ഞു കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾ ഇന്ന് മുതിർന്നു. അവർ അവരുടെ ജീവിതത്തിന്റെ സായാഹ്നത്തിലാണ്. തങ്ങൾക്കു നേരെ നടന്ന ഗവണ്മെന്റ് സ്‌പോൺസേർഡ് ഭീകരതക്കു നീതികിട്ടാൻ വേണ്ടി ഇന്നും കോടതിമുറികൾ കയറിയിറങ്ങുകയാണ് അവരിൽ പലരും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 22, 2020, 12:07 PM IST
Post your Comments