ഏതാണ്ട് 70 വർഷങ്ങൾക്ക് മുമ്പാണ്, ഒരു യുഎസ് വ്യാപാര കപ്പൽ ആ ഉത്തരകൊറിയൻ തുറമുഖത്ത് നിന്ന് 14,000 -ത്തിലധികം അഭയാർഥികളെയും കയറ്റി യാത്രയായി. അത് ഒരതിജീവനത്തിന്‍റെ യാത്രയായിരുന്നു. അതിൽ യാത്ര ചെയ്‍തിരുന്ന ഓരോരുത്തർക്കും പറയാൻ ഒരുപാടൊരുപാട് കഥകളുണ്ടായിരുന്നു. കൂടുതലും കണ്ണീരിൽ കുതിർന്നവയായിരുന്നു. പ്രതീക്ഷയുടെ തുരുത്ത് തേടിയുള്ള അവരുടെ യാത്രയിൽ ഏറ്റവും പ്രിയപ്പെട്ടവരെപ്പോലും അവർക്ക് തീരത്ത് ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ സ്വന്തം നാടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഒരു പുതിയ ജീവിതത്തിന്‍റെ പ്രതീക്ഷയും പേറി അവർ ഉത്തരകൊറിയൻ തുറമുഖത്തു നിന്ന് യാത്രയായി. 'അത്ഭുതങ്ങളുടെ കപ്പൽ' എന്ന് വിളിക്കുന്ന എസ്എസ് മെറെഡിത്ത് വിക്ടറിയിലായിരുന്നു ആ യാത്ര. 

 

അതൊരു യുദ്ധകാലമായിരുന്നു... 1950 ഡിസംബർ മാസത്തിൽ ഒരു ലക്ഷത്തോളം യുഎൻ സൈനികരാണ് ഉത്തരകൊറിയൻ തുറമുഖമായ ഹംഗ്‌നാമിൽ കുടുങ്ങിപ്പോയത്. യുഎൻ സൈന്യത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു ചൈനീസ് സൈന്യം. അവരിൽ നിന്ന് രക്ഷപ്പെട്ട് യുഎൻ സൈന്യം പർവതങ്ങളിൽ അഭയം പ്രാപിച്ചു. രക്ഷപ്പെടാൻ കടൽ മാർഗ്ഗം മാത്രമേ ഒരു വഴിയുണ്ടായിരുന്നുള്ളൂ. ആ സമയത്താണ് എസ്എസ് മെറെഡിത്ത് വിക്ടറി ഉൾപ്പെടെ നൂറോളം വരുന്ന യുഎസ് കപ്പലുകൾ സൈനികരും, സാധനങ്ങളും വെടിമരുന്നുകളുമായി ഹംഗ്‌നാമിലേക്ക് പുറപ്പെട്ടത്. ആ കപ്പലുകളിൽ കയറി സൈന്യം ദക്ഷിണകൊറിയയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ആ തുറമുഖത്ത് സൈനികരെ കൂടാതെ ആയിരക്കണക്കിന് അഭയാർത്ഥികളും ഉണ്ടായിരുന്നു. എന്നാൽ, അഭയാർഥികളെ രക്ഷപ്പെടുത്തണമെന്ന് അപ്പോഴവർ ചിന്തിച്ചിരുന്നില്ല. മരവിപ്പിക്കുന്ന മഞ്ഞിൽ അഭയാർത്ഥികൾ കടൽത്തീരത്തേക്ക് പലായനം ചെയ്‍തുകൊണ്ടേയിരുന്നു. രക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിൽ പലരും കൊച്ചുകുട്ടികളുമായി ആഴത്തിലുള്ള മഞ്ഞുവീഴ്‍ചയിലൂടെ നടന്ന് തുറമുഖത്ത് വന്നു. അവർ ക്ഷീണിതരും നിരാശരുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അതൊരു ജീവന്മരണ പേരാട്ടമായിരുന്നു. അവസാന അഭയമെന്ന നിലയിൽ അവർ തീരത്ത് കാത്തുനിന്നു. അവരുടെ കാത്തിരിപ്പ് വിഫലമായില്ല. അവസാനം കപ്പലുകൾ ആ അഭയാർത്ഥികളെയും കൊണ്ട് യാത്രയായി.  

എല്ലാവരേയും കപ്പലുകളിൽ കയറ്റാൻ കുറച്ച് ദിവസങ്ങളെടുത്തു. അഭയാർഥികൾ കടൽത്തീരത്ത് ഒത്തുകൂടി. എല്ലാവരും തങ്ങളുടെ അവസരത്തിനായി കാത്തിരുന്നു. അക്കൂട്ടത്തിൽ 17 വയസ്സുള്ള ഹാൻ ബോ-ബേ അമ്മയോടൊപ്പം കാത്ത് നില്‍പ്പുണ്ടായിരുന്നു. ആ അവസ്ഥയെക്കുറിച്ച് ഹാന്‍ ഓര്‍ത്തത് ഇങ്ങനെയായിരുന്നു:  “ആ കപ്പലിൽ കയറിയില്ലെങ്കിൽ ഞങ്ങൾ മരിക്കുമെന്ന അവസ്ഥയായിരുന്നു. കപ്പൽ എവിടേക്കാണ് പോകുന്നതെന്നുപോലും ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷേ, അത് ഞങ്ങളെ ഭയപ്പെടുത്തിയില്ല. കാരണം അവിടെ തുടരുന്നതായിരുന്നു ഞങ്ങൾക്ക് കൂടുതൽ ദുഷ്കരം. അതിൽ കയറിപ്പറ്റിയാൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞേക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു" അവൾ പറഞ്ഞു.

എന്നാൽ, അവളുടെ ജന്മനാട് വിട്ടുപോകാൻ അവളൊട്ടും ആഗ്രഹിച്ചിരുന്നതല്ല. സ്വന്തം നാട് ഇനി കാണാൻ കഴിയുമോ എന്നാലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ കലങ്ങിപ്പോയി. അകന്നുപോകുന്ന കടൽത്തീരത്തേക്ക് നോക്കി അവരെല്ലാം കണ്ണീരൊഴുക്കി. ഏറ്റവും വലിയ കപ്പലായ എസ്എസ് മെറെഡിത്ത് വിക്ടറി 60 ജീവനക്കാരെ കയറ്റാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്. എന്നാൽ, പതിനാലായിരത്തോളം അഭയാർഥികളെയും, അത്രത്തോളം തന്നെ ഭാരം വരുന്ന ചരക്കുകളെയും വഹിച്ച് ആ കപ്പൽ യാത്രയായി, പ്രതീക്ഷയുടെ മരുപ്പച്ച തേടി... വാഹനങ്ങൾ, വെടിമരുന്ന് പെട്ടികൾ, സാധനങ്ങൾ എന്നിവയ്ക്കിടയിൽ അഭയാർഥികൾ തിങ്ങിഞെരുങ്ങിയിരുന്നു. കപ്പലിൽ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. എന്നാലും രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ അവരിരുന്നു.

ഹാനിന് കപ്പലിന്‍റെ തുറന്ന ഭാഗത്താണ് സ്ഥലം കിട്ടിയത്. അവളുടെ അമ്മ അവൾക്കും അനുജത്തിക്കുമായി ഒരു പുതപ്പ് സംഘടിപ്പിച്ചിരുന്നു. "ഓരോ വലിയ തിരയിലും ഞങ്ങൾ നനയും. ഓരോ തിരയും വന്നടിക്കുമ്പോൾ അമ്മ ഞങ്ങൾ തിരകളിൽ പെട്ട്  മരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു" അവൾ പറഞ്ഞു. പക്ഷേ, ആ കപ്പലിൽ ആരും മരിച്ചില്ല. ആ അപകടകരമായ യാത്ര പൂർത്തിയാക്കി അഭയാർഥികളും, സൈനികരും അടക്കം അതിലുണ്ടായിരുന്ന 200,000 പേരും ജീവനോടെ കരയിലെത്തി. അമേരിക്കൻ ചരിത്രത്തിലെ യുദ്ധസാഹചര്യങ്ങളിൽ സൈനികരെ രക്ഷപ്പെടുത്തിയ ഏറ്റവും വലിയ കടൽ യാത്രയായിരുന്നു അത്.

കപ്പലിലെ ജനനം
 
കൊറിയൻ യുദ്ധത്തിന്‍റെ ഇരുണ്ട ദിവസങ്ങളിൽ ആ കപ്പൽ അനവധി പ്രസവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രിസ്‍മസ് ദിനത്തിൽ ഒരു അസാധാരണ ജനനത്തിന് ആ കപ്പൽ സാക്ഷ്യം വഹിച്ചു. പ്രസവത്തിനുള്ള സൗകര്യമൊന്നും കപ്പലിലുണ്ടായിരുന്നില്ല. ആളുകൾ തിങ്ങിനിറഞ്ഞിടത്ത് അവൾക്ക് തന്‍റെ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നു. പ്രസവം നോക്കിയ മിഡ്‌വൈഫ് പൊക്കിൾക്കൊടി അറുക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ സ്വന്തം പല്ലുകൾ ഉപയോഗിച്ച് അത്  അറുക്കുകയായിരുന്നു. "ഞാൻ അന്ന് മരിച്ചില്ല എന്നത് ക്രിസ്‍മസ് ദിനത്തിൽ സംഭവിച്ച ഒരു അത്ഭുതമായി ആളുകൾ പറയുമായിരുന്നു” അന്ന് ജനിച്ച ലീ ജ്യോങ്-പിൽ പറയുന്നു. 

 

പക്ഷേ, കപ്പലിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് ലീയല്ല. അത് സോം യാങ്-യംഗ് എന്ന കുഞ്ഞാണ്. അഭയാർഥികളിൽ ഭൂരിഭാഗവും കുറച്ചു ദിവസത്തേക്ക് മാത്രം മാറിനിൽക്കാം എന്ന ചിന്തയിലാണ് കപ്പലിൽ കയറിയത്. നിർഭാഗ്യവശാൽ, അവർക്കാർക്കും പക്ഷേ തിരിച്ചു വരാനായില്ല. സോം യാങ്-യങ്ങിന്‍റെ മാതാപിതാക്കൾക്ക് അവനെക്കൂടാതെ രണ്ട് കുട്ടികൾ കൂടിയുണ്ടായിരുന്നു. ഒൻപത് വയസ്സ് പ്രായമുള്ള തായൂങും അഞ്ച് വയസ്സുള്ള യങ്കോക്കും. ഗർഭിണിയായ ഭാര്യയെ തനിച്ചാക്കാൻ സോമിന്‍റെ പിതാവിന് മനസ്സുവന്നില്ല. അവരെ അദ്ദേഹം കപ്പലിൽ കൂടെക്കൊണ്ടുപോയി. വേഗം മടങ്ങി വരാമെന്ന ഉദ്ദേശത്തോടെ മറ്റ് രണ്ട് മക്കളെ അമ്മാവനോടൊപ്പം അവിടെ നിർത്താൻ അദ്ദേഹം തീരുമാനിച്ചു. അനിശ്ചിതത്വം നിറഞ്ഞ ആ യാത്രയിൽ  മക്കളെ കൂടെക്കൂട്ടാൻ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു. ഉടൻ തന്നെ ഉത്തരകൊറിയയിലേക്ക് മടങ്ങിവരാമെന്ന് പറഞ്ഞ് ആ കുഞ്ഞുങ്ങളെ അമ്മാവനെ ഏല്‍പ്പിച്ച് സോമിന്‍റെ മാതാപിതാക്കൾ കപ്പലിൽ കയറി. അച്ഛനും അമ്മയും പോകുന്നത് കണ്ട് മക്കൾ ഏങ്ങിക്കരയാൻ തുടങ്ങി. നിഷ്ക്രിയരായി നോക്കി നിൽക്കാനേ ആ അച്ഛനും അമ്മക്കും കഴിഞ്ഞൂള്ളു. വേഗം മടങ്ങി വരാമെന്ന് അവർ ആശ്വസിച്ചു. പക്ഷേ, പിന്നീടൊരിക്കലും ആ മാതാപിതാക്കൾക്ക് മക്കളെ കാണാൻ കഴിഞ്ഞില്ല. മനപ്പൂര്‍വമല്ലെങ്കിലും മക്കളെ അവിടെയാക്കിയിട്ടുപോന്നുവെന്ന തെറ്റിനെക്കുറിച്ചോര്‍ത്ത് ജീവിതകാലം മുഴുവന്‍ അവര്‍ വേദനിക്കുകയും പശ്ചാത്തപിക്കുകയും ചെയ്‍തു.

പോരാട്ടം അവസാനിപ്പിച്ച് യുദ്ധക്കരാറിൽ ഒപ്പുവെച്ചെങ്കിലും ഉപദ്വീപ് വിഭജിക്കപ്പെട്ടു. ഔദ്യോഗികമായി അവർ യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. അമ്മയ്ക്കും അച്ഛനും മക്കളെ തിരികെ വിളിക്കാൻ കഴിയാതെയായി. സോമിന്‍റെ അമ്മ വർഷങ്ങളോളം കുഞ്ഞുങ്ങളുടെ അടുത്തേക്ക് തിരിച്ചുപോകാൻ ഭർത്താവിനോട് അപേക്ഷിച്ചു കൊണ്ടിരുന്നു. അസാധ്യമായ കാര്യമാണ്  ചോദിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നിട്ടും അവൾ അപേക്ഷിക്കുന്നത് തുടര്‍ന്നു. എല്ലാ ദിവസവും രാവിലെ അവൾ ഒരു പാത്രത്തിൽ ചോറും വെള്ളവും ഉപേക്ഷിച്ചുപോന്ന തന്‍റെ കുഞ്ഞുങ്ങൾക്കായി നീക്കി വയ്ക്കുമായിരുന്നു. എന്നിട്ട് കണ്ണീരോടെ അവർക്കായി പ്രാർത്ഥിക്കും.

“വേർപ്പെട്ടുപോയ ഒരു കുടുംബം അനുഭവിക്കുന്ന സങ്കടത്തിനും വേദനക്കും ജീവിക്കുന്ന തെളിവാണ് ഞാൻ" സോം പറഞ്ഞു. "എന്‍റെ കുടുംബം പിരിഞ്ഞുപോയി. എനിക്ക് ഇപ്പോൾ എന്‍റെ സ്വന്തം കുട്ടികളും പേരക്കുട്ടികളുമുണ്ട്. എല്ലാ ദിവസവും ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവർക്ക് സുഖമാണോ എന്നാണ് ആദ്യം തിരക്കുന്നത്. ആ അമ്മ എത്ര വർഷങ്ങൾ തന്‍റെ മക്കളുടെ വിവരങ്ങൾ അറിയാതെ ഉരുകിത്തീർന്നിട്ടുണ്ടാകും. ഒരു കുഞ്ഞിന് മാതാപിതാക്കളോടൊപ്പം താമസിക്കുക എന്നത് എത്ര വലിയ ഭാഗ്യമാണെന്ന് എനിക്കറിയാം. ഞാൻ കിടന്ന അതേ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്ന എന്‍റെ സഹോദരങ്ങൾ പക്ഷേ, എന്നെ വേർപ്പെട്ട് എവിടെയോ കഴിയുന്നു. അവരുടെ അമ്മയും അച്ഛനും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അവർ വർഷങ്ങളോളം കാത്തിരുന്നിരിക്കാം" ഇത് പറയുമ്പോൾ അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല.

തന്‍റെ സഹോദരനെയും സഹോദരിയെയും കാണാനായി അന്താരാഷ്ട്ര റെഡ് ക്രോസ് വഴി അപേക്ഷ നൽകിയിരിക്കുകയാണ് സോൺ ഇപ്പോൾ. "അവർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അവരെ തിരയും. കണ്ടെത്തും..." അദ്ദേഹം പറയുന്നു. അദ്ദേഹം നെഞ്ചോടു ചേർത്തു വച്ചിരിക്കുന്ന ഒരു ഫോട്ടോ ഉണ്ട്. അദ്ദേഹം കുഞ്ഞായിരുന്നപ്പോഴത്തെ ഒരു ഫോട്ടോയാണത്. അതിന് പുറകിൽ അദ്ദേഹത്തിന്‍റെ അച്ഛന്‍റെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം, "നിന്‍റെ വലിയ സഹോദരൻ തായൂങിനെ കാണുന്നത് വരെ നീ ഈ ഫോട്ടോ ഭദ്രമായി സൂക്ഷിക്കണം."

തന്‍റെ കുടുംബം ജീവിച്ചിരിപ്പുണ്ടെന്ന് സോം ഇപ്പോഴും വിശ്വസിക്കുന്നു. "ഞങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന ഓരോ ദിവസവും മക്കളെച്ചൊല്ലി കരയുമായിരുന്നു. അവർ ഇപ്പോൾ സ്വർഗത്തിലാണെങ്കിലും തന്‍റെ മക്കളെ അന്വേഷിക്കുന്നുണ്ടാകുമെന്ന്  ഞാൻ വിശ്വസിക്കുന്നു. എന്‍റെ സഹോദരങ്ങളെ എത്രയും പെട്ടെന്നു കണ്ടുപിടിക്കാൻ സാധിക്കുമെന്നും. അങ്ങനെ  മാതാപിതാക്കളുടെ സ്വപ്‍നം സഫലമാക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നു" കണ്ണീരിന്‍റെ ഇടയിൽ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.