Asianet News MalayalamAsianet News Malayalam

1962 -ലെ യുദ്ധത്തിൽ നുഴഞ്ഞുകയറിയ ചൈനീസ് സൈനികരെ മരണംവരെയും എതിരിട്ട ശഹീദ് പരംവീർചക്ര സുബേദാർ ജോഗീന്ദർ സിംഗ്

തങ്ങളെ കടന്ന് ഒരു ചൈനീസ് ഭടൻ പോലും ഐബി റിഡ്ജിലൂടെ ട്വിൻ പീക്‌സിലേക്ക് കടക്കില്ല എന്ന് സുബേദാർ ജോഗിന്ദർ സിങ്ങ് തന്റെ കമാന്‍ഡിംഗ് ഓഫീസർക്ക് ഉറപ്പുനൽകി.

The brave subedar who was martyred fighting the invading chinese troupers
Author
Chu Nam Kaa, First Published Jun 17, 2020, 3:29 PM IST
  • Facebook
  • Twitter
  • Whatsapp

ശഹീദ് പരംവീർചക്ര സുബേദാർ ജോഗീന്ദർ സിംഗ് എന്ന പേര് ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ടത് 1962 -ലെ ഇന്തോ ചൈനാ യുദ്ധത്തിലാണ്. ചൈന എന്ന അയൽരാജ്യം ഇന്ത്യയോട് കാണിച്ച ആദ്യത്തെ വഞ്ചനയാണ് അങ്ങനെ ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ചത്. ഇന്തോ ടിബറ്റ് അതിർത്തിയിലെ മാക്മോഹൻ രേഖയ്ക്കടുത്തുള്ള നാംകാ ചു എന്ന സ്ഥലത്താണ് ഇരുളിന്റെ മറവിൽ ഇരുളിന്റെ മറവിൽ ആദ്യം ചൈനീസ് അധിനിവേശമുണ്ടാകുന്നത്. അവരുടെ മൂന്നു റജിമെന്റുകൾ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറുന്നു. ആ കടന്നുകയറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നതിനാൽ, അങ്ങനെ ഒരു യുദ്ധത്തിന് അപ്പോൾ ഇന്ത്യൻ സൈന്യം തയ്യാറായിരുന്നില്ല. എങ്കിലും, ഉള്ളതൊക്കെ വെച്ച് സധൈര്യം പോരാടിയ ഇന്ത്യൻ സൈനികർക്ക് പക്ഷേ, അധികനേരം പിടിച്ചു നില്‍ക്കാൻ സാധിച്ചില്ല.

 

The brave subedar who was martyred fighting the invading chinese troupers 

 

സദാ കലുഷിതമായ പാകിസ്ഥാൻ അതിർത്തിയിലായിരുന്നു ഇന്ത്യൻ ഗവണ്മെന്റിന്റെ ശ്രദ്ധയത്രയും. അത്രയും നാൾ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്ന ചൈനയിൽ നിന്ന് അങ്ങനെ ഒരാക്രമണം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ  വളരെ പരിമിതമായ അമ്യൂണിഷൻ മാത്രമേ അന്ന് നാംകാചു കാത്തുകൊണ്ടിരുന്ന ഏഴാം ഇൻഫൻട്രി ബ്രിഗേഡിന്റെ സൈനികരുടെ   പക്കൽ ഉണ്ടായിരുന്നുള്ളൂ. ചൈനീസ് സൈന്യമാകട്ടെ, ഈയൊരു ആക്രമണത്തിനായി കഴിഞ്ഞ മൂന്നു വർഷമായി തയ്യാറെടുക്കുകയായിരുന്നു. ഏറ്റവും പുതിയ ആയുധങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. നാംകാചുവിലെ ഇന്ത്യൻ സൈനികരെ  നിർദ്ദയം കൊന്നൊടുക്കിയ ശേഷം ചൈനീസ് പട്ടാളം അടുത്തതായി വാങ്ങ് പട്ടണം പിടിച്ചെടുക്കാനായി നാംകാചുവിൽ നിന്ന് ബുംല ചുരം വഴി മാർച്ചുചെയ്തു തുടങ്ങി.

ചൈനയുടെ അടുത്ത ലക്ഷ്യം തവാങ്ങ് ആണെന്ന് ഇന്ത്യൻ സൈന്യത്തിന് മനസ്സിലായി. അതുകൊണ്ട് അതിനിടയിലെ സ്ട്രാറ്റജിക് പോയന്റായ ഐബി റിഡ്ജ് സംരക്ഷിക്കാനായി ജയ്പൂരിൽ നിന്ന്  ഒന്നാം സിഖ് റജിമെന്റിന്റെ  നമ്പർ 11 പ്ലാറ്റൂണിനെ സൈന്യം രായ്ക്കുരാമാനം വിന്യസിച്ചു.  ജയ്‌പ്പൂരിൽ നിന്ന് തവാങ് വരെയുള്ള ദീർഘമായ യാത്ര സൈനികരെ തളർത്തിയിരുന്നു. ഓർത്തിരിക്കാതെയായിരുന്നു മാർച്ചിങ് ഓർഡർ വന്നത്. നിന്നനിൽപ്പിന് പെട്ടിയും പാക്കുചെയ്‌തുകൊണ്ട് ട്രെയിനിൽ കയറുകയായിരുന്നു പ്ലാറ്റൂണിലെ മുഴുവൻ പേരും. മിസ്സാമാരി വരെ തീവണ്ടിയിൽ. അവിടന്നങ്ങോട്ട് തവാങ്ങ് വരെ ആർമി ട്രക്കിൽ. ടെംഗാ താഴ്വരയിലെ വളഞ്ഞുപുളഞ്ഞ വഴികൾ പിന്നിട്ട്, ബോംഡിലാ മലകയറി, ധിരാങ്ങ് താഴ്വരയിലേക്ക് ഇറങ്ങി, സേലാ പാസിലൂടെ, ഉറഞ്ഞുകിടന്നിരുന്ന സേലാ തടാകം മുറിച്ചുകടന്നുകൊണ്ട്, അവർ മഞ്ഞുപെയ്തുകൊണ്ടിരുന്ന തവാങിലേക്ക് പ്രവേശിച്ചു. എത്തിയപ്പോഴേക്കും നല്ല ക്ഷീണമുണ്ടായിരുന്നു എല്ലാവര്‍ക്കും.  

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പരിചയമാണ്, സുബേദാർ ജോഗീന്ദർ സിംഗിന് പോരാട്ടത്തിനായി ഐബി റിഡ്ജിലേക്ക് പോകേണ്ടുന്ന 29 പേരടങ്ങുന്ന സംഘത്തെ നയിക്കാനുള്ള അവസരം നേടിക്കൊടുത്തത്. ജയമെന്നത് ഒരു വിദൂരസാധ്യത മാത്രമാണ് എന്ന് ആ പ്ലാറ്റൂണിലെ എല്ലാ സൈനികർക്കും അറിയാമായിരുന്നു. ശത്രുക്കൾ തങ്ങളേക്കാൾ എണ്ണത്തിൽ ഏറെ അധികമാണെന്ന് നന്നായറിഞ്ഞുകൊണ്ടുതന്നെയാണ് അവർ പോരാടാൻ ഉറച്ചത്. 'എന്ത് വിലകൊടുത്തും ജയത്തിനായി പോരാടും' എന്ന് പ്രതിജ്ഞയെടുത്താണ് ആ ധീരർ കടൽ പോലെ അടുത്തുവന്നുകൊണ്ടിരുന്ന ചൈനീസ് കമ്പനിയെ തടുത്തു നിർത്താൻ ശ്രമിച്ചത്.

1962 ഒക്ടോബർ 23 സമയം രാവിലെ അഞ്ചരമണി.

ബുംലാ പാസിൽ നിന്ന് ചൈനീസ് സൈന്യം ഐബി റിഡ്ജ് ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. മൂന്നു സംഘങ്ങളായിട്ടായിരുന്നു അവർ  വന്നത്. ആദ്യസംഘത്തെ തങ്ങളുടെ ലീ എൻഫീൽഡ് .303 റൈഫിളുകളുപയോഗിച്ചും മലയിടുക്കിൽ സ്ട്രാറ്റജിക് പൊസിഷന്റെ മേൽക്കൈ തന്ത്രപരമായി വിനിയോഗിച്ചും നടത്തിയ ഫലപ്രദമായ ഫയറിങ്ങിലൂടെ ജോഗീന്ദറിന്റെ പ്ലാറ്റൂൺ തുരത്തി. കനത്ത തിരിച്ചടിയേറ്റ ചൈനീസ് സൈന്യത്തിന്റെ ആദ്യസംഘം തിരിഞ്ഞോടി.

എന്നാൽ, അവരുടെ രണ്ടാംവരവ് ആദ്യത്തെ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു. അതിൽ പ്ലാറ്റൂണിലെ നിരവധി പേർക്ക് ജീവനാശമുണ്ടായി. പാതിയിലേറെപ്പേർക്ക് പരിക്കേൽക്കുകയും, പലരും മരിക്കുകയും ചെയ്തിട്ടും ജോഗീന്ദറിനെ പ്ലാറ്റൂൺ വിട്ടുകൊടുത്തില്ല. ശക്തിയായി തിരിച്ചടിച്ചു. ജോഗീന്ദറിന്റെ തുടയ്ക്ക് പരിക്കേറ്റു. കാലിൽ ഒരു തുണിവെച്ചുകെട്ടി അദ്ദേഹം പോരാട്ടം തുടങ്ങി. അങ്ങനെ ചൈനീസ് പടയുടെ രണ്ടാം സംഘവും മടങ്ങി.

എന്നാൽ പൂർവാധികം ശക്തിയോടെ അവരുടെ മൂന്നാമത്തെ അക്രമണമുണ്ടായപ്പോൾ പിടിച്ചുനിൽക്കാൻ ആള്‍ബലമോ ആയുധശേഖരമോ സിഖ് റജിമെന്റിന്റെ ആ പ്ലാറ്റൂണിൽ അവശേഷിച്ചിരുന്നില്ല. എങ്കിലും, തന്റെ സൈനികരോട് അവസാനശ്വാസം വരെയും പോരാടാൻ ജോഗിന്ദർ സിങ്ങ് ആഹ്വാനം ചെയ്തു. ചൈനീസ് പട്ടാളത്തിനുമുന്നിൽ തോറ്റുപിന്മാറുന്നതിലും ഭേദം മരണമാണെന്ന് അദ്ദേഹം കരുതി. അവർ തങ്ങളുടെ ബങ്കറുകളിൽ നിന്ന് തുടർച്ചയായി വെടിയുതിർത്തുകൊണ്ടിരുന്നു. എന്നാൽ, ചൈനീസ് കമ്പനിയെ അടുത്തടുത്ത് വരുന്നതിൽ നിന്ന് തടയാൻ അവർക്ക് സാധിച്ചില്ല.

സുബേദാർ ജോഗീന്ദർ സിംഗിനെ റേഡിയോയിൽ ബന്ധപ്പെട്ട കമാണ്ടർ ഹരിപാൽ കൗശിക് തന്റെ സുബേദാറിനോട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് തിരികെ പോരാൻ നിർദേശിച്ചു. എന്നാൽ, അതിനെ എതിർത്ത സുബേദാർ ജോഗിന്ദർ സിങ്ങ് തങ്ങളെ കടന്ന് ഒരു ചൈനീസ് ഭടൻ പോലും ഐബി റിഡ്ജിലൂടെ ട്വിൻ പീക്‌സിലേക്ക് കടക്കില്ല എന്ന് തന്റെ കമാൻഡിങ് ഓഫീസർക്ക് ഉറപ്പുകൊടുത്തു. എന്നിട്ട്, തന്റെ കമാൻഡറോട് 'റെഡ് ഓവർ റെഡ്' പ്രോട്ടോക്കോൾ തുടങ്ങാൻ അഭ്യർത്ഥിച്ചു. അതായത് സ്വന്തം ബങ്കറിന്‌ നേരെ തന്നെ ആർട്ടിലറി ഷെല്ലിങ്ങ് നടത്തുക. അതിനും പക്ഷേ ചൈനീസ് മുന്നേറ്റം തടുത്തു നിർത്താനായില്ല. തന്റെ പരിക്കേറ്റ കാലും വലിച്ചുകൊണ്ട് ബങ്കറിലെ ലൈറ്റ് മെഷീൻ ഗണ്ണിന് മുകളിലേക്ക് ചെന്നുവീണു ജോഗീന്ദർ. അവിടെ നിന്നുകൊണ്ട് അദ്ദേഹം ചൈനീസ് ഇൻഫൻട്രിയിലെ ഓരോരുത്തരെയായി വെടിവെച്ചുവീഴ്ത്താൻ തുടങ്ങി. നിരവധി ശത്രുസൈനികർ വെടിയേറ്റു വീണെങ്കിലും, അൽപനേരം കഴിഞ്ഞപ്പോൾ ജോഗീന്ദറിന്റെ തോക്കിൽ ഉണ്ട തീർന്നുപോയി. ഇനി ചൈനീസ് പടയെ എതിരിട്ടു നില്‍ക്കാൻ വേണ്ട അമ്യുനിഷൻ ബാക്കിയില്ല. ചൈനീസ് പട ജോഗീന്ദറിന്റെ ബങ്കറിലേക്ക് അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. ബയണറ്റുകളുമായി തയ്യാറായി നിന്നുകൊള്ളാൻ തന്റെ അവശേഷിച്ച സൈനികരോട് ജോഗീന്ദർ പറഞ്ഞു.

ക്ഷീണിതരും, നിരായുധരുമായ അവശേഷിക്കുന്ന ഇന്ത്യൻ സൈനികരെ നിഷ്പ്രയാസം കൊന്നുതള്ളാം എന്നും കരുതി ബങ്കറിനോടടുത്ത് ചൈനീസ് സൈന്യത്തിന് നേരെ, വെടിമരുന്നിന്റെ കരിപുരണ്ട മുഖത്തോടെ, തലപ്പാവണിഞ്ഞ ധീരസർദാർഭടന്മാർ ജോ ബോലേ സോനിഹാൽ, സത്ശ്രീ അകാൽ; എന്ന തങ്ങളുടെ യുദ്ധകാഹളത്തോടെ പാഞ്ഞടുത്തു. നിരവധി ചൈനീസ് ഭടൻമാർ ആ ബയണറ്റുകൾക്ക് ഇരയായി നിലംപതിച്ചു. എന്നാൽ, ചൈനീസ് സൈന്യത്തിൽ നിരവധിപേരുണ്ടായിരുന്നു. അവരുടെ വെടിയുണ്ടകളേറ്റ് ജോഗീന്ദറിന്റെ ജവാന്മാർ ഒന്നൊന്നായി മരിച്ചുവീണു.

 

The brave subedar who was martyred fighting the invading chinese troupers 

 

ചോര ധാരാളം നഷ്ടപ്പെട്ട് ക്ഷീണിതനായിരുന്നിട്ടും ജോഗീന്ദർ തന്റെ ബയണറ്റുകൊണ്ട് ഒരു അവസാനപോരാട്ടം നടത്തി നോക്കി. ഒടുവിൽ ചൈനീസ് ഭടന്മാർ അദ്ദേഹത്തെ ബന്ധിതനാക്കി. ഒരു യുദ്ധത്തടവുകാരനായി സുബേദാർ ജോഗീന്ദർ സിംഗ്. പക്ഷേ, അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ ബഹുമാനത്തോടെ കണ്ട ചൈനീസ് സൈന്യം തികഞ്ഞ ആദരവോടെയാണ് ആ സൈനികനെ പരിചരിച്ചത്. പരിക്കുകൾ ഏറെ ഗൗരവമുള്ളതായിരുന്നു. ചൈനീസ് കസ്റ്റഡിയിലിരിക്കെ അവ വഷളായി. മരണം ഒഴിവാക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചു കളഞ്ഞു എങ്കിലും, പരിക്കുകൾ അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു.

അദ്ദേഹത്തിന്റെ മൃതദേഹം ചൈനീസ് മണ്ണിൽ സംസ്കരിച്ച ശേഷം ബഹുമാന സൂചകമായി ചിതാഭസ്മം, 1963 മെയ് 17 -ന് ഇന്ത്യൻ സൈന്യത്തിന് കൈമാറപ്പെട്ടു. ജന്മനാടായ മോഗയ്ക്കു പുറമെ ഐബി റിഡ്ജിലെ സൈനിക പോസ്റ്റിനടുത്ത് സുബേദാർ ജോഗീന്ദർ സിംഗിന്റെ ഓർമയ്ക്കായി ഒരു സ്മാരകമുണ്ട്. പഞ്ചാബിൽ സുബേദാർ സിംഗിന്റെ ഒരു ബയോപികും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിൽ ഗായകനും നടനുമായ ഗിപ്പി ഗ്രെവാൾ, ജോഗീന്ദർ സിംഗിന്റെ റോൾ അനശ്വരമാക്കി. 

കൊല്ലപ്പെടുമ്പോൾ, ആർമിയിൽ നിന്ന് പെൻഷൻ പറ്റാൻ വെറും ഒരു കൊല്ലം മാത്രമാണ് സുബേദാർ ജോഗീന്ദർ സിംഗിന് അവശേഷിച്ചിരുന്നത്. ഐബി റിഡ്ജിലേക്ക് പോകാൻ മടി കാണിച്ചിരുന്നു എങ്കിൽ ഇപ്പോൾ മോഗയിലെ തന്റെ വീടിനുമുന്നിൽ ഒരു കയറ്റുകട്ടിലിൽ കാലും നീട്ടിയിരുന്നു കൊണ്ട് തന്റെ പട്ടാളത്തിലെ വീരകഥകൾ നാട്ടുകാരോട് അയവിറക്കിക്കൊണ്ട്, പെൻഷൻ ആനുകൂല്യങ്ങളും ആസ്വദിച്ച് കഴിഞ്ഞുകൂടാമായിരുന്നു അദ്ദേഹത്തിന്. സ്വന്തം നാടിനുവേണ്ടി പോരാടി മരിക്കുന്നതാണ് ഒരു സൈനികന് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമെന്ന് വിശ്വസിച്ചിരുന്ന സർദാർ ജോഗീന്ദർ സിംഗ് എന്ന ധീരസൈനികൻ അതിന് അവസരം കിട്ടിയ ചാരിതാർത്ഥ്യത്തോടെ തന്നെയായിരിക്കും ഈ ലോകം വിട്ടുപോയിട്ടുണ്ടാവുക. 

Follow Us:
Download App:
  • android
  • ios