1887 മാർച്ച് 5: അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിൽ നിന്നും തീവണ്ടിയിലേറി ആനി സള്ളിവൻ എന്ന പത്തൊമ്പതുകാരി അലബാമയിലെ ടസ്‌കംബിയ എന്ന കൊച്ചു പട്ടണത്തിൽ വന്നിറങ്ങി. ഒരു കുതിരവണ്ടി അവരെ കാത്തുകിടക്കുന്നുണ്ടായിരുന്നു. അതിൽ കെയ്റ്റ് ആദംസ് കെല്ലർ എന്നൊരു സ്ത്രീ ആനിയെ കാത്തിരിപ്പുണ്ടായിരുന്നു. ബോസ്റ്റൺ എന്ന തിരക്കുപിടിച്ച നഗരത്തിൽ നിന്നും അലബാമ പോലൊരു താരതമ്യേന പ്രശാന്തമായ നാട്ടിൻ പുറത്തേക്ക് വന്നിറങ്ങിയപ്പോൾ തന്നെ ആനിയുടെ മനസ്സ് തെല്ലൊന്നു കുളിർത്തു.

പ്രകൃതി ഭംഗിയേക്കാൾ ആനി കാണാൻ ആകാംക്ഷയോടിരുന്നത് അവളുടെ പുതിയ ശിഷ്യയെ ആയിരുന്നു. ഹെലൻ ആദംസ് കെല്ലർ എന്ന ഏഴുവയസ്സുകാരിയെ. അതിന്റെ  പത്തിരട്ടി ഉദ്വേഗത്തോടെ വീട്ടിൽ തന്റെ പുതിയ ടീച്ചറെയും കാത്ത് ഹെലനും ഇരിപ്പുണ്ടായിരുന്നു. സാധാരണ കുട്ടികളിൽ നിന്നും ഹെലനെ വ്യത്യസ്തയാക്കുന്ന ഒന്നുണ്ടായിരുന്നു. അവൾക്ക് കാഴ്ചയും കേൾവിയും ഇല്ലായിരുന്നു. ചെറുപ്പത്തിൽ ബാധിച്ച മെനിഞ്ചറ്റിസ് അവളുടെ ജീവിതത്തിൽ നിന്നും ദൃശ്യങ്ങളെയും ശബ്ദങ്ങളെയും എന്നെന്നേക്കുമായി അപഹരിച്ചു കളഞ്ഞു. കാപ്റ്റൻ ആർതർ കെല്ലർ എന്ന ഹെലന്റെ അച്ഛൻ തന്റെ മകൾക്ക് വിദ്യാഭ്യാസം പകർന്നു നൽകാൻ പലവിധേനയും പരിശ്രമിച്ച് പരാജയമടഞ്ഞു കഴിഞ്ഞിരുന്നു.  അയാളുടെ അവസാനത്തെ പ്രതീക്ഷയായിരുന്നു ആനി സള്ളിവൻ എന്ന ഹോം ട്യൂട്ടർ.

വീട്ടുമുറ്റത്ത് കുതിരവണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഹെലൻ ഇറങ്ങിയോടി. താൻ നിത്യം നടന്നു പരിചയിച്ചിട്ടുള്ള ആ മുറ്റത്ത് അവളെ ഓടിത്തോൽപ്പിക്കാൻ ആർക്കുമാവില്ലായിരുന്നു. അവളുടെ അച്ഛൻ അവളെ പിടിച്ചു നിർത്തിയില്ലായിരുന്നെങ്കിൽ ആദ്യത്തെ സമാഗമത്തിൽ തന്നെ ആനിയെ ഹെലൻ ഇടിച്ചു മറിച്ചിട്ടേനെ. ആനിയെ കണ്ടപാടെ ഹെലൻ ആദ്യം ചെയ്തത് തന്റെ കൈവിരലുകളാൽ അവളെ അളക്കുകയാണ്. ആനിയുടെ കണ്ണുകളിലും, കവിളിലും, ചെവിയിലും, തലമുടിയിലുമെല്ലാം കുഞ്ഞു ഹെലന്റെ കൈവിരലുകൾ ഓടിപ്പാഞ്ഞുനടന്നു. 

കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അതിസമർത്ഥയായിരുന്നു ആനി.  പടുവികൃതിയായ ഹെലനെ മറ്റെന്തോ പറഞ്ഞ് ശ്രദ്ധ തിരിച്ച് തനിക്കൊപ്പം മുറിയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി അവൾ. അവർക്കു പിന്നിൽ ആ വാതിൽ അടഞ്ഞു. 

വെളിയിൽ ക്യാപ്റ്റൻ ആർതർ അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരുന്നു. അപരിചിതയായ പുതിയ ടീച്ചർക്കൊപ്പം തന്റെ മകൾ എങ്ങനെ പൊരുത്തപ്പെടും എന്ന ഉത്കണ്ഠ അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.  വളരെ എളുപ്പത്തിൽ അസ്വസ്ഥയാവുകയും പിണങ്ങുകയും വഴക്കിട്ടാൽ ആളുകളെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്ന വല്ലാത്തൊരു സ്വഭാവക്കാരിയായിരുന്നു ഹെലൻ. തന്റെ മോളെ പുതിയ ടീച്ചർ തല്ലുകയോ മറ്റോ ചെയ്യുമോ..? ഓരോന്നാലോചിച്ച് അയാൾ വിഷണ്ണനായി. അയാൾ തന്റെ ഭാര്യയോട് ചോദിച്ചു.." ആ ടീച്ചർ നമ്മുടെ മോളെ എന്തെങ്കിലും ചെയ്യുമോ..? രണ്ടുപേരെയും ആ മുറിക്കുള്ളിലേക്ക് ഒറ്റയ്ക്ക് പറഞ്ഞയച്ചത് എന്തിനായിരുന്നു നീ.. ? എനിക്ക് ഈ സ്ത്രീയുടെ രീതികൾ ഒട്ടും പിടിക്കുന്നില്ല.. മിക്കവാറും ഞാൻ ഇവരെ താമസിയാതെ പറഞ്ഞുവിടും.."

"പറഞ്ഞു വിടാനോ..? നല്ല കാര്യമായി.. നിങ്ങളുടെ ടെൻഷൻ എനിക്ക് മനസ്സിലാവും.. പക്ഷേ.. ഇത് നമ്മുടെ ലാസ്റ്റ് ഹോപ്പാണ്.. ഇതുകൂടി പൊലിഞ്ഞാൽ പിന്നെ നമ്മുടെ മോൾ ഒന്നും പഠിക്കാതെ അവളുടെ ഇപ്പോഴത്തെ ഇരുട്ടിൽ തന്നെ ഒരു പൊട്ടിയായി വളരേണ്ടി വരും..  അറിയാല്ലോ.." കെയ്റ്റ് പറഞ്ഞു.. 

അവരുടെ പൊന്നുമകൾ ഹെലൻ ജന്മനാ  അങ്ങനെയൊന്നും അല്ലായിരുന്നു. പത്തൊമ്പതാം മാസത്തിലാണ് ഹെലന്റെ ജീവിതത്തെ മാറ്റിമറിച്ച പനി അവളെ ബാധിക്കുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടാൻ പ്രയാസമാവും എന്നുവരെ ഡോക്ടർമാർ അവരോട് പറഞ്ഞു. തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുക്കരുതേ എന്നവർ മുട്ടിപ്പായി പ്രാർത്ഥിച്ചു.  കാരുണ്യവാനായ ദൈവം അവരുടെ പ്രാർത്ഥന കേൾക്കാതിരുന്നില്ല. അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായി. എന്നാൽ, ആ പനിക്കിടക്കയിൽ നിന്നും അവൾ എണീറ്റുവന്നത് കണ്ണിനു കാഴ്ചയോ കാതിനു കേൾവിയോ  ഇല്ലാതെയായിരുന്നു. 

കുട്ടിക്കാലത്ത് സ്വന്തമായി ഒരു ആംഗ്യഭാഷ തന്നെ ഹെലൻ വികസിപ്പിച്ചെടുത്തിരുന്നു. അവളുടേതായ മുദ്രകൾ ഉണ്ടായിരുന്നു എന്തിനും.  നോ എന്ന് പറയാൻ അവൾ തല ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കും. യെസ് എന്ന് പറയാൻ തല മുകളിലേക്കും താഴേക്കും ആട്ടും. ഇഷ്ടമുള്ള ആർക്കെങ്കിലും ഒപ്പം പുറത്തേക്കു പോവണം എന്നുണ്ടെങ്കിൽ അവൾ അവരുടെ ഉടുപ്പിൽ പിടിച്ച് വലിക്കും. ആരുടെയെങ്കിലും കൂടെ ഇരിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അവരെ തള്ളി അകറ്റും. ബ്രെഡ് വേണമെങ്കിൽ കൈ കൊണ്ട് പൊട്ടിക്കുന്ന പോലെ ഒരു ആംഗ്യം കാട്ടും. ഐസ്ക്രീം വേണമെന്നുണ്ടെങ്കിൽ തണുത്തു വിറയ്ക്കുന്ന പോലെ അഭിനയിക്കും ഹെലൻ.  

ആദ്യമൊക്കെ ഹെലൻ കരുതിയിരുന്നത് എല്ലാവരും അവളെപ്പോലെ തന്നെയാണെന്നാണ്. എന്നാൽ പതുക്കെ, താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാണ് എന്ന വേദനിപ്പിക്കുന്ന യാഥാർഥ്യം അവൾ തിരിച്ചറിഞ്ഞു. തമ്മിൽ കാര്യങ്ങൾ പറയാൻ അവർ ഉപയോഗിക്കുന്ന രീതി വ്യത്യസ്തമാണ് എന്നവൾ മനസ്സിലാക്കി. മറ്റുള്ളവർ സംസാരിക്കുമ്പോൾ അവൾ അവരുടെ ചുണ്ടുകൾക്കുമേൽ സ്വന്തം കൈവിരലുകൾ വെച്ച് ചുണ്ടുകളുടെ മാറുന്ന രൂപപ്രകൃതങ്ങളും സംസാരിക്കുമ്പോൾ ഉണ്ടാവുന്ന കമ്പനങ്ങളും ഒക്കെ സ്പർശിച്ചറിയാൻ ശ്രമിക്കും. എന്നിട്ട് അതേപോലെ സ്വന്തം ചുണ്ടുകൾ കൊണ്ട് അനുകരിക്കാനും. എന്നിട്ടും സംസാരിക്കാൻ കഴിയാതെ വരുമ്പോൾ അവൾ അസ്വസ്ഥയാവും. 

ഇങ്ങനെ പലകുറി പരിശ്രമിച്ച് പരാജയപ്പെട്ടപ്പോൾ തന്നെ മാത്രം വേറിട്ട് സൃഷ്‌ടിച്ച ദൈവത്തെ അവൾ പഴിക്കാൻ തുടങ്ങി. ആളുകളോട് അകാരണമായ ഒരു വെറുപ്പ് അവളിൽ നിറഞ്ഞുതുടങ്ങി. അവൾ വളരെ വാശിക്കാരിയായി മാറി. ചെറിയ ചെറിയ കാരണങ്ങളിൽ ദേഷ്യപ്പെട്ട് വീട്ടിലെ ഗ്ലാസുകളും പാത്രങ്ങളുമൊക്കെ വലിച്ചെറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി. പരിചരിക്കാൻ എത്തുന്നവരെ അവൾ ഉപദ്രവിച്ചുകൊണ്ടിരുന്നു. ആരും ഏറെ നാൾ അവളുടെ കൂടെ നിൽക്കാൻ തയ്യാറാവുമായിരുന്നില്ല. കുട്ടിക്കാലത്തെ തന്റെ വിഷമങ്ങളെപ്പറ്റി ഹെലൻ കെല്ലർ അവരുടെ ആത്മകഥയായ 'ദി സ്റ്റോറി ഓഫ് മൈ ലൈഫ്' ൽ ഇങ്ങനെ എഴുതുന്നുണ്ട്, " എനിക്കാനൊരു കുഞ്ഞു പാവക്കുട്ടിയുണ്ടായിരുന്നു. നാൻസി എന്നായിരുന്നു അവളുടെ പേര്. പാവമായിരുന്നു അവൾ. എന്റെ ദേഷ്യം മുഴുവൻ ഞാൻ തീർത്തിരുന്നത് നാൻസിക്കുമേലായിരുന്നു. നല്ല അടിയും ഇടിയുമൊക്കെ ഞാൻ കൊടുക്കുമായിരുന്നെങ്കിലും അവളെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. അവൾക്ക് എന്നെയും. അവളെ ഒരു കുഞ്ഞു കിടക്കയിൽ കിടത്തി എന്നും താരാട്ടുപാടി ഞാൻ ഉറക്കമായിരുന്നു. ഒരു ദിവസം എനിക്ക് മനസ്സിലായി എന്റെ അനിയത്തിക്കുട്ടിയും അതേ കിടക്കയിൽ തന്നെ കിടന്നുറങ്ങുന്നുണ്ട് എന്ന്. എനിക്ക് നല്ല കലി വന്നു പെട്ടെന്ന്. ഞാൻ അവർ രണ്ടും കിടന്നിരുന്ന കിടക്ക വലിച്ചു മറിച്ചിട്ടു കളഞ്ഞു. കൃത്യം ആ നേരത്തുതന്നെ എന്റെ അമ്മ മുറിയിലേക്ക് കേറിവന്നു. കുഞ്ഞ് നിലത്തുവീഴുന്നതുകണ്ട് അവർ പാഞ്ഞുവന്നു പിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, അന്നവൾ നിലത്തുവീണു മരിച്ചുപോയേനെ.. ഞാൻ കൊന്നു കളഞ്ഞേനെ എന്റെ അനിയത്തിയെ.. " 

നാലഞ്ച് വയസ്സ് പ്രായമായപ്പോഴേക്കും ഹെലന്റെ പ്രശ്നങ്ങളും സ്വഭാവ സവിശേഷതകളും കാരണം അവളുടെ ജീവിതത്തിൽ പഠിപ്പിനുള്ള യോഗമുണ്ടാവില്ല എന്നുതന്നെ അവളുടെ ബന്ധുക്കളെല്ലാം വിലയിരുത്തിക്കഴിഞ്ഞിരുന്നു. എന്നാൽ തന്റെ മകളുടെ കാര്യത്തിൽ അങ്ങനെ എളുപ്പത്തിൽ പ്രതീക്ഷകൾ കൈവെടിയാൻ അമ്മ കെയ്റ്റ് തയ്യാറല്ലായിരുന്നു. 1886 -ൽ ഹെലന് ആറു വയസ്സുള്ളപ്പോഴാണ് അവർ ഹെലനെപ്പോലെ തന്നെ കേൾവി- കാഴ്ച പ്രശ്നങ്ങളുള്ള ലാറാ ബ്രിഡ്ജ്മാൻ എന്നൊരു പെൺകുട്ടി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിവരം കേട്ടറിയുന്നത്. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് വാഷിംഗ്ടണിൽ താമസിക്കുന്ന വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ അലക്‌സാണ്ടർ ഗ്രഹാം ബെലിന്റെ അടുത്ത് ചെന്നാൽ ചിലപ്പോൾ വല്ലതും നടന്നേക്കും എന്നാണ്. ഗ്രഹാംബെല്ലാണ് ബോസ്റ്റണിലെ  സ്‌പെഷൽ സ്‌കൂളിനെപ്പറ്റി അവരോടു പറയുന്നത്. അവിടെ ബന്ധപ്പെട്ടപ്പോൾ അവർ കെല്ലർ ദമ്പതികൾക്ക് അനുവദിച്ചു കൊടുത്ത ഹോം ട്യൂട്ടർ ആയിരുന്നു ആനി സള്ളിവൻ. 

അങ്ങനെ ഹെലൻ കെല്ലർ എന്ന വില്ലത്തിയെ പഠിപ്പിക്കാൻ ആനി സള്ളിവൻ അലബാമയിലെത്തിയ മാർച്ച് അഞ്ചാം തീയതിയെ ഹെലൻ അവരുടെ ആത്മകഥയിൽ വിശേഷിപ്പിച്ചിരിക്കുന്നത് ' എന്റെ ആത്മാവിന്റെ ജന്മദിനം' എന്നാണ്. ഹെലനെ കണ്ടുമുട്ടിയപാടെ ആനി അവളെ കയ്യിലെടുത്തു. ആദ്യം തന്നെ ആനി ഹെലന് ഒരു പാവക്കുട്ടിയെ സമ്മാനിച്ചു. എന്നിട്ട് അവളുടെ കയ്യിൽ ഡോൾ എന്നതിനെ സൂചിപ്പിക്കുന്ന വാക്കിന്റെ അക്ഷരങ്ങൾ ഒന്നൊന്നായി വിരലുകൾ കൊണ്ട് എഴുതി. അതുപോലെ ഓരോ വസ്തുക്കളുടെയും പേരുകൾ അവൾക്ക് പരിചയപ്പെടുത്തി. എന്നാൽ, തുടക്കത്തിൽ ഇത് ഹെലന് വളരെ ഭ്രാന്തുപിടിപ്പിക്കുന്ന ഒരു പ്രക്രിയയായിരുന്നു. കാരണം, ഓരോ സാധനത്തിനും ഭാഷയിൽ ഓരോ പ്രത്യേക പേരുണ്ട് എന്ന ആശയം അവളുടെ മനസ്സിലേക്ക് ഇറങ്ങിവരാൻ സമയമെടുത്തു. ആദ്യമൊക്കെ അവൾ വളരെ അക്രമാസക്തമായിട്ടാണ് പ്രതികരിച്ചത്. അപ്പോഴൊന്നും അവളോട് കോപിക്കാതെ ആനി തികഞ്ഞ സംയമനത്തോടെ വീണ്ടും വീണ്ടും അവളെ അതേ മാർഗ്ഗത്തിലൂടെ പരിശീലിപ്പിച്ചുകൊണ്ടിരുന്നു. 

ടീച്ചറോടുള്ള ഇഷ്ടം കൊണ്ട്, എന്തിനെന്നറിയാതെ ഹെലൻ ആനിയെ അനുകരിച്ചുകൊണ്ടിരുന്നു. ഇതേ അഭ്യാസം തുടർച്ചയായി ആനി ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ദിവസം ആനിയെ മുറിയിൽ പൂട്ടിയിട്ട് താക്കോൽ എങ്ങോ ഒളിപ്പിച്ചുകളഞ്ഞു ഹെലൻ. ഏറെ നേരം തിരഞ്ഞിട്ടും താക്കോൽ കിട്ടാഞ്ഞ് ഒടുവിൽ ജനവാതിൽക്കൽ കോണി കൊണ്ടുവെച്ച് അതിലൂടെ ആനിയെ ഇറക്കേണ്ടി വന്നു ഹെലന്റെ അച്ഛന്.  

ഹെലനെ പഠിപ്പിക്കൽ എളുപ്പമാവില്ല എന്ന് മനസ്സിലാക്കിയതോടെ ആനി അവളുടെ അച്ഛനോട് അവരെ രണ്ടുപേരെയും ഒറ്റയ്ക്ക് വിടാമോ എന്ന് ചോദിച്ചു.  കാര്യമായി നിർബന്ധിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ക്യാപ്റ്റൻ സാബ് സമ്മതിച്ചു. ആനി പഠിപ്പിക്കൽ തുടർന്നു. അപ്പോഴും ഈ ചെയ്യുന്ന അഭ്യാസത്തിന്റെ അർഥം ഹെലന് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ആനി അവളുടെ കയ്യിൽ ഒരു മഗ്ഗ് പിടിപ്പിച്ചിട്ട് കൈത്തണ്ടയിൽ  M -U -G എന്ന് എഴുതി. പിന്നീട് വാട്ടർ എന്നും.. കുറേ നാളുകളായി എന്തിനെന്നു മനസ്സിലാവാതെ ഇങ്ങനെ ആനിയെ അനുകരിച്ചുകൊണ്ടിരുന്നതിന്റെ മുഴുവൻ ദേഷ്യവും ആ നിമിഷം അവളുടെ ഉച്ചിയിലേക്ക് ഇരച്ചു കേറി വന്നു. അവൾ ആ മഗ്ഗിനെ നിലത്തെറിഞ്ഞ് പൊട്ടിച്ചു കളഞ്ഞു. പിന്നാലെ മുറിയിലുണ്ടായിരുന്ന പൊട്ടിക്കാവുന്ന പലതും അവളുടെ കൈക്കിരയായി. പെട്ടെന്ന് ആനിക്കും ദേഷ്യം വന്നു. ഹെലനെ ആ മുറിയിൽ നിന്നും കൈക്കു പിടിച്ച് മുറ്റത്തേക്കിറക്കിക്കൊണ്ടു പോയ ശേഷം അവർ മുറ്റത്തെ ടാപ്പ് തുറന്ന് തണുത്ത വെള്ളത്തിലേക്ക് ഹെലന്റെ കൈ പിടിച്ചു നിർത്തിക്കൊണ്ട് അവളുടെ കൈത്തണ്ടയിൽ എഴുതി 'W-A -T-E-R '. തണുത്ത വെള്ളം തന്റെ കൈവെള്ളയിലേക്ക് വീണുകൊണ്ടിരുന്നു ആ നിമിഷത്തിലാണ് ഹെലന് അത്രയും നാൾ ആനി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത് എന്തെന്ന് മനസ്സിലാവുന്നത്. തനിക്കു ചുറ്റുമുള്ള എല്ലാറ്റിനും ഒരൊറ്റ പേരുണ്ടെന്നും അതാണ് ആനി തന്റെ കയ്യിൽ എഴുതിത്തരുന്നതെന്നും അവൾ ആ നിമിഷം തിരിച്ചറിഞ്ഞു.

ആ നിമിഷത്തെ ഓർത്തുകൊണ്ട് ഹെലൻ പിന്നീടെഴുതി, "ഭാഷയുടെ രഹസ്യങ്ങളുടെ ചുരുളുകൾ എന്റെ മുന്നിൽ അഴിഞ്ഞുവീണു. 'W-A -T-E-R ' എന്ന വാക്കിന്റെ അർഥം  എന്റെ കയ്യിൽ തണുപ്പോടെ ഒഴുകി വീണുകൊണ്ടിരുന്നു. എന്നെ നനച്ചുകൊണ്ടിരുന്നു. ആ ഒരൊറ്റ വാക്ക് എന്റെ ആത്മാവിന് പുതിയ ജാലകങ്ങൾ തുറന്നു നൽകി. അതിലൂടെ ഒത്തിരി സന്തോഷങ്ങൾ എന്നെത്തേടിവന്നു. എന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. "

ആ സംഭവത്തിന് ശേഷം ആനിയ്ക്ക് കാര്യങ്ങൾ ഏറെ എളുപ്പമായി. ഹെലന് കുറവുണ്ടായിരുന്നത് കേൾവിയും കാഴ്ചയും മാത്രമായിരുന്നു. അതി ബുദ്ധിമതിയായിരുന്നു അവൾ. ആനി അവളെ  വളരെപ്പെട്ടെന്നുതന്നെ ആത്മപ്രകാശനത്തിനുള്ള സമസ്തപദങ്ങളും പഠിപ്പിച്ചു. പരിചയപ്പെട്ട അന്ന് മുതൽ, തുടർന്നുള്ള നാല്പത്തൊമ്പതു വർഷക്കാലം ഒരു അധ്യാപികയായും ആത്മസുഹൃത്തായും ആനി സള്ളിവൻ, ഹെലൻ കെല്ലറോടൊപ്പം തന്നെയുണ്ടായിരുന്നു. 1904 -ൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ റാഡ്ക്ലിഫ് കോളേജിൽ നിന്നും ബിരുദം നേടി, ആ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അന്ധ-ബധിര വിദ്യാർത്ഥിയായി ഹെലൻ. 
 

സംസാരിക്കണം എന്ന അദമ്യമായ ആഗ്രഹം എന്നും ഹെലനുണ്ടായിരുന്നു. ഒടുവിൽ ഏറെനാൾ നീണ്ടു നിന്ന  ഹെലൻ സംസാരിക്കാൻ പരിശീലിച്ചു. തുടർന്ന് തുടർച്ചയായ പ്രഭാഷണങ്ങൾ നടത്തി. തന്നെപ്പോലെ ശാരീരികമായ പരിമിതികളുള്ള കുട്ടികൾക്ക് പ്രചോദനമേകാൻ അവർ ഒരുപാട് ക്‌ളാസ്സുകൾ എടുത്തു. ചുണ്ടനക്കങ്ങളിൽ നിന്നും അനായാസം ആളുകളുടെ സംസാരം പിടിച്ചെടുക്കാൻ ഇതിനകം ഹെലൻ പഠിച്ചു കഴിഞ്ഞിരുന്നു. ബ്രെയിൽ ലിപിയിലും അപാരമായ അവഗാഹം അതിനകം അവർ നേടി. ക്വീൻസിലെ ഫോറെസ്റ്റ് ഹിൽസിൽ ഹെലൻ 'അമേരിക്കൻ ഫൗണ്ടേഷൻ ഫോർ ദി ബ്ലൈൻഡ്' തുടങ്ങി. ഇതിനിടെ  ആനി സള്ളിവൻ ഹൃദ്രോഗം ബാധിച്ച് മരണപ്പെട്ടു. 

ഹെലൻ കെല്ലർ  പിന്നീട് ലോകം മുഴുവൻ സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. അവരുടെ  പ്രചോദനകരമായ ജീവിതത്തെപ്പറ്റി 1962 -ൽ  ' മിറക്കിൾ വർക്കർ ' എന്നൊരു ഹോളിവുഡ് സിനിമ തന്നെ പുറത്തുവന്നു. 

1968 ജൂൺ  ഒന്നിന് ഹെലൻ കെല്ലർ മരണപ്പെട്ടു എങ്കിലും അവർ തുടങ്ങിവെച്ച  'അമേരിക്കൻ ഫൗണ്ടേഷൻ ഫോർ ദി ബ്ലൈൻഡ് 'എന്ന സംഘടന അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും അംഗപരിമിതരായവരെ സാധാരണ ജീവിതം നയിക്കാൻ പര്യാപ്തരാക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യുന്നതിനായി ഇന്നും നിലകൊള്ളുന്നുണ്ട്.