Asianet News MalayalamAsianet News Malayalam

സുപ്രസിദ്ധ അമേരിക്കൻ ആക്ടിവിസ്റ്റ്, കോണ്‍ഗ്രസ്‌‌മാന്‍ ജോൺ ലൂയിസ് മരിക്കും മുമ്പെഴുതിയ യാത്രാമൊഴി

എന്നെ വരിഞ്ഞുമുറുക്കുന്ന അനീതികളെ അതിജീവിക്കാൻ എന്താണ് ഒരു പോംവഴി എന്നറിയാതെ വീർപ്പുമുട്ടുന്നതിനിടെയാണ് ഞാനൊരു പഴഞ്ചൻ റേഡിയോയിൽ നിന്ന് പുറപ്പെട്ട ഡോ. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം കേട്ടത്.

the farewell article written by famous american activist congressman John Lewis before his death
Author
Georgia, First Published Aug 1, 2020, 10:01 AM IST

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനായിരുന്നു, അവിടത്തെ പാവങ്ങളുടെ നിയമ പരിരക്ഷയ്ക്കായി പോരാടിയ ഒരു അഭിഭാഷകനായിരുന്നു ജോൺ ലൂയിസ്. ജോർജിയയിൽ നിന്നുള്ള അമേരിക്കൻ പ്രതിനിധിസഭാംഗമായിരുന്ന അദ്ദേഹം ജൂലൈ 17 -ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം മരണത്തിന് ഏതാനും ദിവസം മുമ്പ്, സ്വന്തം ശവമടക്കിന്റെ അന്ന് പ്രസിദ്ധപ്പെടുത്താനായി എഴുതിവെച്ചിരുന്നതാണ് ഈ ലേഖനം.

ന്യൂയോർക്ക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത ലേഖനത്തിന്റെ മലയാളപരിഭാഷ, വിവർത്തനം :  ബാബു രാമചന്ദ്രൻ.

" ഈ ഭൂമിയിലെ എന്റെ ദിനങ്ങൾ അവസാനിക്കുകയായി. എന്റെ അവസാനദിവസങ്ങളിൽ, മണിക്കൂറുകളിൽ. 'നിങ്ങൾ എന്നെ ഒരുപാട് പ്രചോദിപ്പിച്ചു' എന്ന് പറയാതെ പോവാൻ പറ്റുന്നില്ല. സ്വന്തം അധികാരം തിരിച്ചറിഞ്ഞ്, അതിനെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ പ്രയോജനപ്പെടുത്തി, നമ്മുടെ മഹത്തായ അമേരിക്കൻ ചരിത്രത്തിൽ ഒരു പുത്തൻ അധ്യായം തന്നെ എഴുതിച്ചേർക്കാൻ നിങ്ങൾക്ക് സാധിച്ചു. സഹജീവികളോടുള്ള സ്നേഹം, അതൊന്നുമാത്രം ഉള്ളിലുണർന്ന പതിനായിരങ്ങൾ, ഭേദഭാവങ്ങൾ മറന്ന് നിങ്ങളുടെ തോളോട് തോൾ ചേർന്ന് അണിനിരന്നു. അമേരിക്കയിൽ ഉടനീളവും, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിങ്ങൾ ജാതി,വർഗ,മത, പ്രായ,ഭാഷാ, ദേശ വ്യത്യാസങ്ങൾ മറികടന്നുകൊണ്ട്, 'മനുഷ്യന്റ അന്തസ്സ് നിലനിർത്തണം' എന്ന പ്രാഥമികമായ ആവശ്യം മാത്രം മുന്നോട്ടു വെച്ചു.

അതുകൊണ്ടാണ് ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേന്നും 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' പ്രതിഷേധം നടക്കുന്ന വേദി സന്ദർശിച്ചത്. വർഷങ്ങളോളം നിശബ്ദനായി കയ്യും കെട്ടി ഇതൊക്കെ കണ്ടുനിന്നവനാണ് ഞാൻ. 'മരിക്കും മുമ്പ് ഒരിക്കലെങ്കിലും നേരിട്ട് അതിന്റെ ഭാഗമാകണം, ആ ഊർജവും ആവേശവും നേരിൽ അനുഭവിച്ചറിയണം' എന്നെനിക്കുണ്ടായിരുന്നു. അത് സാധിച്ചുകിട്ടി. ആ മുന്നേറ്റം ഇന്നും അതിന്റെ യാത്ര തുടരുക തന്നെയാണ്. 

 

the farewell article written by famous american activist congressman John Lewis before his death

'എമ്മെറ്റ് റ്റിൽ, സാന്ദ്രാ ബ്ലാൻഡ്, ബ്രിയോന ടെയ്‌ലർ, ജോർജ് ഫ്ലോയ്ഡ്,  റൈഷാർഡ് ബ്രൂക്ക്സ്'

എമ്മെറ്റ് റ്റിൽ ആയിരുന്നു എന്റെ ജോർജ് ഫ്ലോയ്ഡ്. അവനായിരുന്നു എന്റെ റൈഷാർഡ് ബ്രൂക്ക്സ്, സാന്ദ്രാ ബ്ലാൻഡ്, ബ്രിയോന ടെയ്‌ലർ. വെറും പതിനാലു വയസ്സുള്ളപ്പോഴാണ് അവൻ കൊല്ലപ്പെട്ടത്. എനിക്കന്ന് പതിനഞ്ചുവയസ്സ് പ്രായം. അവന്റെ സ്ഥാനത്ത് ഞാൻ ആകാമായിരുന്നു എന്നെനിക്ക് ബോധ്യം വന്ന ആ നിമിഷം ഞാനൊരിക്കലും മറക്കില്ല. അന്നൊക്കെ, സദാ 'ഭയമെന്ന കാണാത്തുറുങ്കിൽ' തടവിൽ കഴിയുന്നവരായിരുന്നു ഞങ്ങൾ. വിശേഷിച്ചൊരു കാരണവും കൂടാതെ കൊടിയ ക്രൂരതകൾ ഞങ്ങളോട് പ്രവർത്തിക്കപ്പെട്ടേക്കാം എന്ന ഭീതിയായിരുന്നു ആ തുറുങ്കിന്റെ ഇരുമ്പഴികൾ.

ഞാൻ ഭാഗ്യവാനായിരുന്നു. എനിക്ക് സ്നേഹമയരായ അച്ഛനമ്മമാരുണ്ടായിരുന്നു. എമ്പാടും സഹോദരങ്ങളും. വലിയൊരു കൂട്ടുകുടുംബം തന്നെയുണ്ടായിരുന്നു എന്നെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ ചുറ്റിനും. എന്നാൽ, ആ കുടുംബത്തിന്റെ പരിധിക്ക് പുറത്തേക്ക് കാലെടുത്തുവെക്കുന്ന നിമിഷം അവിടെ എന്നെകാത്തിരിക്കുന്ന അവിശുദ്ധക്രൗര്യങ്ങളിൽ നിന്ന് എന്നെ സംരക്ഷിച്ചു നിർത്താൻ ആ സ്നേഹത്തിന് ആകുമായിരുന്നില്ല. നിങ്ങൾ ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറിലേക്ക് ഒരു പന്തുവാങ്ങാൻ വേണ്ടി നടന്നു പോവുകയാണെന്നിരിക്കട്ടെ, അല്ലെങ്കിൽ ആളൊഴിഞ്ഞ ഒരു തെരുവിലൂടെ പ്രഭാത നടത്തത്തിന് പോവുകയാണ് എന്ന് കരുതുക. ആ ലളിതമായ പ്രവൃത്തി ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങൾക്കൊരിക്കലും മറക്കാനാവാത്ത മുറിവുകൾ നൽകുന്ന ഒരു പീഡനമായി മാറാം.

അവിചാരിതമായി, അപ്രതീക്ഷിതമായി അളവറ്റ അക്രമങ്ങൾ, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെത്തന്നെ  നിങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടേക്കാം. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ഇനിയങ്ങോട്ടും ഐക്യപ്പെട്ടുതന്നെ നിൽക്കണം എന്നുണ്ടെങ്കിൽ, നമ്മുടെ ഹൃദയത്തിൽ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ആ വികാരമെന്തെന്ന് തിരിച്ചറിയണം. സൗത്ത് കരോലിനയിലെ മദർ ഇമ്മാനുവൽ ചർച്ചിലെ ഏറ്റവും നല്ല കുഞ്ഞാടുകളെ ഇല്ലാതാക്കിയത് എന്തെന്നറിയണം, ലാസ് വെഗാസിൽ പ്രാർത്ഥനയ്ക്കായി പുറപ്പെട്ടവരെ വെടിവെച്ചുകൊന്നത് എന്തുവികാരത്തിന്റെ പുറത്താണ് എന്നറിയണം, എലിജാ മാക്കെയിനിനെപ്പോലുള്ള അനുഗൃഹീത വയലിനിസ്റ്റുകൾ പോലും ശ്വാസംമുട്ടിച്ചു കൊല്ലപ്പെടുത്തപ്പെട്ടത് എന്തിനെന്നറിയണം.

 

the farewell article written by famous american activist congressman John Lewis before his death

 

ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ എന്താണ് ഒരു പോംവഴി എന്നറിയാതെ വീർപ്പുമുട്ടുന്നതിനിടെയാണ് ഞാനൊരു പഴഞ്ചൻ റേഡിയോയിൽ നിന്ന് ഡോ. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം  പുറപ്പെടുന്നത് കേട്ടത്. അദ്ദേഹം സംസാരിച്ചത്  അഹിംസയുടെ തത്വസംഹിതകളെക്കുറിച്ചും, രീതിശാസ്ത്രങ്ങളെക്കുറിച്ചുമാണ്. 'നമ്മൾ അനീതി വകവെച്ചു കൊടുക്കുന്നുണ്ടെങ്കിൽ, അതിൽ ഒരുപരിധിവരെ നമ്മളും പങ്കാളികളാണ്' എന്നാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. കാലം എല്ലാം നേരെയാക്കും എന്നും പറഞ്ഞ് നോക്കിയിരുന്നിട്ട് കാര്യമില്ല എന്ന് അദ്ദേഹം നമ്മളെ ഓർമിപ്പിച്ചു. നമ്മളിൽ ഓരോരുത്തർക്കും എഴുന്നേറ്റ് നട്ടെല്ല് നിവർത്തി നിന്ന് നമ്മുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ബാധ്യസ്ഥതയുണ്ട് എന്നദ്ദേഹം പറഞ്ഞു. അനീതി കണ്ടാൽ, ഉടനടി മറ്റൊന്നും നോക്കാതെ പ്രതികരിച്ചിരിക്കണം എന്നദ്ദേഹം പറഞ്ഞു. അതില്ലാതാക്കാൻ നിങ്ങളാൽ സാധ്യമായ എന്തെങ്കിലുമൊക്കെ ചെയ്യണം. ജനാധിപത്യം ഒരു അവസ്ഥയുടെ പേരല്ല. അത് ഒരു നിരന്തരപ്രവൃത്തിയാണ്. ഒരു സമുദായമോ, രാജ്യമോ, ലോക സമൂഹമോ ഒക്കെ ശാന്തിയിൽ പുലരണം എങ്കിൽ ഓരോ തലമുറയും അതിനുവേണ്ടി പ്രയത്നിക്കണം.

 

the farewell article written by famous american activist congressman John Lewis before his death

'ജോൺ ലൂയിസ് മാർട്ടിൻ ലൂഥർ കിങിനൊപ്പം' 

അമേരിക്കയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാവിനെ തിരിച്ചു പിടിക്കാൻ ഒരേയൊരു മാർഗമേ ഇനി അവശേഷിക്കുന്നുള്ളൂ. നമ്മൾ, സാമാന്യജനങ്ങൾ അസാമാന്യമായ ഉൾക്കാഴ്ചയോടെ സംഘർഷങ്ങളിൽ ഏർപ്പെടണം. അത്തരം സംഘർഷങ്ങളെ ഞാൻ വിളിക്കുക, 'സുസംഘർഷങ്ങൾ' എന്നാണ്. നന്മയുള്ള പോരാട്ടങ്ങൾ. അത്യന്താപേക്ഷിതമായ സമരങ്ങൾ. വോട്ടുചെയ്യുക, ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുക, ഇതൊക്കെയും അവശ്യം ആവശ്യമുള്ള സംഗതികൾ തന്നെ. ഒരു ജനാധിപത്യസമൂഹത്തിൽ അക്രമത്തെ ആശ്ലേഷിക്കാൻ മടിക്കുന്ന നിങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധവും ബാലറ്റ് പേപ്പർ തന്നെ. അത് പ്രയോജനപ്പെടുത്തണം. ഇന്ന് നമ്മൾ അത് പ്രയോജനപ്പെടുത്താൻ മടിച്ചാൽ, നാളെ അത് നഷ്ടപ്പെടാനും മതി. നമുക്ക് ഇന്നുള്ള സമ്മതിദാനാവകാശം ഒരുകാലത്ത് ഇല്ലാതിരുന്നതാണ്, ഇതികർത്തവ്യതാമൂഢരായി നാം മിഴിച്ചുനിന്നാൽ നാളെ ഇനിയും അത് നഷ്ടമാകാനും മതി. 

 

the farewell article written by famous american activist congressman John Lewis before his death

 

മനുഷ്യരാശി ഇവ്വിധമുള്ള കടുത്ത മനോസംഘർഷങ്ങളിൽ, നിലനില്പിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ ഏർപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ഏറെയായി. അതുകൊണ്ട് ആ യാതനകളുടെ, അവയ്‌ക്കെതിരായ സംഘർഷങ്ങളുടെ സമരചരിത്രവും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് നൂറ്റാണ്ടുകൾ മുമ്പുതന്നെ, ഏതാണ്ടെല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള നിരവധി പേർ ഇന്ന് നിങ്ങൾ നിൽക്കുന്ന നിർണായകസന്ധിയിൽ വന്നു നിന്നിട്ടുണ്ട്. സത്യം സ്ഥായിയാണ്. അത് ഏറെയൊന്നും മാറുന്നില്ല. അതുകൊണ്ടുതന്നെ അവർ പണ്ടേക്കുപണ്ടേ ഈ പ്രശ്നത്തിന് കണ്ടെത്തിയ പരിഹാരമാർഗങ്ങൾ തന്നെ അവലംബിച്ചാൽ മതി, ഇന്നും ഈ പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാൻ. മറ്റുള്ളവരെ ചൂഷണം ചെയ്തും ലാഭമുണ്ടാക്കാനുള്ള ആന്തരിക ത്വരക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. ആഗോള തലത്തിൽ തന്നെ നമ്മുടെ മുന്നേറ്റങ്ങൾ ഏകോപിതമാവേണ്ടതുണ്ട്.

ഞാൻ ഇന്ന് നിങ്ങളോടൊപ്പം ഇല്ലായിരിക്കാം. എങ്കിലും, നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. സ്വന്തം ഹൃദയത്തിന്റെ വിളി നിങ്ങൾ ഉടനടി കേൾക്കണം, നിങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കായി പോരാടണം...! പരസ്പരസ്നേഹത്തിന്റെ, അഹിംസയുടെ, സമാധാനത്തിന്റെ മാർഗമാണ് ശരി എന്ന് തെളിയിക്കാൻ, ആ തത്വം ഉയർത്തിപ്പിടിക്കാൻ എന്റെ ജീവിതകാലത്ത് ആവത് പ്രവർത്തിച്ചിട്ടുള്ള ഒരുവനാണ് ഞാൻ. സ്വാതന്ത്ര്യഭേരി മുഴക്കാനുള്ള നിങ്ങളുടെ ഊഴമാണിനി.

 

the farewell article written by famous american activist congressman John Lewis before his death
 

ചരിത്രകാരന്മാർ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പരിണാമഗതി എഴുതിവെച്ച വേണ്ടി തൂലിക ചലിപ്പിക്കുമ്പോൾ, ഇവിടെ സമാധാനം പുലരാൻ വേണ്ടി, അക്രമവും യുദ്ധവും ഇല്ലാതാവാൻ വേണ്ടി വെറുപ്പിന്റെ മാറാപ്പുകൾ അഴിച്ചുവെച്ച് പോരാടിയവർ നമ്മുടെ തലമുറക്കാരാണ് എന്ന് അവരെഴുതിവെക്കണം. നിങ്ങളെന്റെ വാക്കുകൾ കേൾക്കണം, കാറ്റിനൊപ്പം നടക്കണം സോദരീസോദരന്മാരെ..! ആ യാത്രയിൽ ശാന്തിയുടെ ചൈതന്യവും, നിതാന്തസ്നേഹത്തിന്റെ ശക്തിയും നിങ്ങൾക്ക് മാർഗ്ഗദീപം തെളിക്കട്ടെ.

 

Follow Us:
Download App:
  • android
  • ios