Asianet News MalayalamAsianet News Malayalam

വക്കീല്‍ ജോലി ഉപേക്ഷിച്ചു; സരിത, വിദ്യാഭ്യാസത്തിന്‍റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയത് 2000 -ത്തിലേറെ കുഞ്ഞുങ്ങളെ

പലപ്പോഴും ബീഹാറിലെ ഈ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത് ബുദ്ധിമുട്ടുള്ള ജോലി തന്നെയായിരുന്നു. ഒരു വീട്ടില്‍ മൂന്ന് കുട്ടികളുണ്ടെങ്കില്‍ മൂന്ന് പേരെയും ജോലിക്ക് അയക്കുകയായിരുന്നു. 

this lawyer quit job and start school for under privileged children
Author
Bihar, First Published May 15, 2019, 4:10 PM IST

മനോഹരമായ കുട്ടിക്കാലം ഭാഗ്യമാണ്. പട്ടിണിയില്ലാത്ത, പഠിക്കാനാവുന്ന, ചൂഷണങ്ങളില്ലാത്ത കുട്ടിക്കാലം.. ആ കുട്ടിക്കാലം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവാതിരിക്കാന്‍ അവരെ ചേര്‍ത്തുപിടിക്കുന്നൊരാളുണ്ട് ബിഹാറിലെ ഹാജിപൂര്‍ എന്ന നഗരത്തില്‍. സരിത.. വക്കീല്‍ ജോലി ഉപേക്ഷിച്ച് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കാനിറങ്ങിയ ഒരാള്‍.. 

സരിതയുടെ അച്ഛന്‍ ഒരു ഐ എഫ് എസ് ഓഫീസറായിരുന്നു. ബീഹാറില്‍ വേരുകളുണ്ടായിരുന്ന സരിതയുടെ അവിടേക്കുള്ള ഓരോ യാത്രയിലും ഒരു വേദന തങ്ങിനിന്നു. അത് അവിടെയുള്ള ഒരു വിഭാഗം സ്ത്രീകളേയും കുട്ടികളേയും ഓര്‍ത്തായിരുന്നു. അതില്‍ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തോട് അവര്‍ക്കുള്ള കാഴ്ചപ്പാട് അവളെ വല്ലാതെ വേദനിപ്പിച്ചു. 

അങ്ങനെയാണ് സരിത എന്ന വക്കീല്‍ പഠിക്കാന്‍ സ്ഥിതിയില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി ഒരു സ്കൂള്‍ ആരംഭിക്കുന്നത്. 'ടോപ്പര്‍ സ്റ്റഡി പോയിന്‍റ്'  എന്ന് പേരിട്ടിരിക്കുന്ന സ്കൂളില്‍ ആറാം ക്ലാസ് വരെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു. 

എങ്ങനെയായിരുന്നു സരിതയുടെ പ്രവര്‍ത്തനം 
ബീഹാറിലെ ഈ ഗ്രാമങ്ങളില്‍ പലരുടെയും ജീവിതം പട്ടിണിയിലായിരുന്നു. മിക്കപ്പോഴും കുഞ്ഞുങ്ങളെ ജോലിക്ക് വിട്ടാണ് അവര്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. അവര്‍ ഫാക്ടറികളിലും, വലിയ വലിയ വീടുകളിലും, ഹോട്ടലുകളിലുമെല്ലാം ജോലി ചെയ്തു. ആ കുട്ടികളുമായി കഴിഞ്ഞ എട്ട് വര്‍ഷത്തിനു മുകളിലായി സരിത ഇടപെടുന്നു. അവരെ വിദ്യാഭ്യാസത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നു. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. 

ഒരു പെണ്‍കുട്ടി സ്വതന്ത്രയായി നഗരമാകെ സഞ്ചരിക്കുന്നത് അവിടെയാര്‍ക്കും അംഗീകരിക്കാനായിരുന്നില്ല

ബീഹാറിലെ പഴയ ആ ദിവസങ്ങളെ കുറിച്ചും സരിത ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് അവള്‍ നഗരം ചുറ്റി നടക്കുന്നൊരു പെണ്‍കുട്ടിയായിരുന്നു. പക്ഷെ, ഒരു പെണ്‍കുട്ടി ഇങ്ങനെ സ്വതന്ത്രയായി നഗരമാകെ സഞ്ചരിക്കുന്നത് അവിടെയാര്‍ക്കും അംഗീകരിക്കാനായിരുന്നില്ല. അങ്ങനെയാണ്, ഇതിനെയെല്ലാം എതിര്‍ക്കേണ്ടതുണ്ട് എന്നുറപ്പിച്ച സരിത നിയമം പഠിക്കാന്‍ തീരുമാനിക്കുന്നത്. 

ഭൂരിഭാഗം സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വീടിന്‍റെ പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. ജീവിതകാലം മുഴുവന്‍ അവരാ വീട്ടിനുള്ളില്‍ ഒതുങ്ങുന്നു. അവര്‍ക്ക് നിയമപരമായുള്ള അവകാശങ്ങളെ കുറിച്ച് പോലും ബോധ്യമില്ല. 

മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍
ആദ്യം തന്നെ അമ്മമാരുമായി സംസാരിക്കുകയാണ് സരിത ചെയ്തത്. ആദ്യമാദ്യം കുറച്ച് മുതിര്‍ന്ന പെണ്‍കുട്ടികള്‍ അവര്‍ക്ക് പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സരിതയെ സമീപിക്കുകയായിരുന്നു. 

ആദ്യം സ്വന്തം വീട്ടില്‍വെച്ചായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. അന്ന്, ചെറിയൊരു തുക ഫീസായി ആണ്‍കുട്ടികളില്‍ നിന്നും ഈടാക്കിയിരുന്നു. പക്ഷെ, അപ്പോഴും പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി. അങ്ങനെ നാല് വര്‍ഷത്തോളം വീട്ടില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കിയപ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നത്. അങ്ങനെ, 2009 -ല്‍ ടോപ്പര്‍ സ്റ്റഡി പോയിന്‍റ് പിറന്നു. 

വെല്ലുവിളികളുമുണ്ടായിരുന്നു
പലപ്പോഴും ബീഹാറിലെ ഈ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത് ബുദ്ധിമുട്ടുള്ള ജോലി തന്നെയായിരുന്നു. ഒരു വീട്ടില്‍ മൂന്ന് കുട്ടികളുണ്ടെങ്കില്‍ മൂന്ന് പേരെയും ജോലിക്ക് അയക്കുകയായിരുന്നു. അവരില്‍ നിന്ന് കിട്ടുന്ന വരുമാനം വേണ്ടെന്ന് വയ്ക്കുകയെന്നത് രക്ഷിതാക്കളെ സംബന്ധിച്ച് പ്രയാസം തന്നെയായിരുന്നു. 

സരിതയുടെ സ്ഥാപനം അവര്‍ക്ക് ആശ്രയകേന്ദ്രമായിരുന്നു

അതുകൊണ്ട് തന്നെ ആദ്യം മാതാപിതാക്കളെ ബോധവല്‍ക്കരിക്കേണ്ടി വന്നു. സരിത ഓരോ വീടുകളിലും കയറിയിറങ്ങി സംസാരിച്ചു കൊണ്ടേയിരുന്നു.. പയ്യെപ്പയ്യെ രക്ഷിതാക്കള്‍ക്ക് അത് ബോധ്യപ്പെട്ടു. 

വീട്ടില്‍ അച്ഛന്‍റെ മദ്യപാനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളുണ്ട്. നിരന്തരമായ സംസാരത്തിലൂടെ കുഞ്ഞുങ്ങള്‍ അവയെ കുറിച്ച് സരിതയോട് സംസാരിച്ചു തുടങ്ങി. സരിതയുടെ സ്ഥാപനം അവര്‍ക്ക് ആശ്രയകേന്ദ്രമായിരുന്നു. ശുചിത്വം, ഓരോ കുട്ടിയുടേയും വ്യക്തിയുടേയും അവകാശം ഇവയെ കുറിച്ചെല്ലാം സരിത അവരെ ബോധ്യപ്പെടുത്തി. 

സര്‍ക്കാരില്‍ നിന്ന് ഫണ്ടുകളൊന്നുമില്ല. അഭ്യുദയാകാംക്ഷികള്‍ നല്‍കുന്ന പുസ്തകം, പേന ഇവയൊക്കെയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സരിതയും നാല് അംഗങ്ങളുമടങ്ങുന്ന സംഘം രണ്ടായിരത്തിലധികം കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ച് നടത്തിക്കഴിഞ്ഞു. 


 

Follow Us:
Download App:
  • android
  • ios