ഈവനിങ്ങ് പ്രിംറോസസ് എന്ന പൂച്ചെടി ഒട്ടേറെ അദ്ഭുതഗുണങ്ങളുള്ള സസ്യമാണ്. നമ്മുടെ നാലുമണിപ്പൂക്കളെപ്പോലിരിക്കുന്ന ഈ ചെടിയില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് സസ്യങ്ങള്‍ക്കും ചില പ്രത്യേക ശബ്ദങ്ങളൊക്കെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇസ്രായേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലിലാച്ച് ഹഡാനി കണ്ടെത്തിയിരിക്കുന്നത്. അതുമാത്രമല്ല ഈ ചെടിയുടെ പ്രത്യേകതകള്‍. നിരവധി ഔഷധഗുണങ്ങളുമുള്ള ഈ ചെടിയെക്കുറിച്ച് അല്‍പം കാര്യം.

ഒയ്‌നതോറ ഡ്രുമണ്ടില്‍ എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. ശബ്ദം തിരിച്ചറിയാന്‍ കഴിവുള്ള ഈ ചെടികള്‍ പൂക്കള്‍ വിരിയുന്ന സമയത്താണ് പരാഗണം നടത്തുന്ന വണ്ടുകളോടും തേനീച്ചകളോടും ആശയവിനിമയം നടത്തുന്നതായി ഗവേഷകര്‍ മനസിലാക്കിയത്. ചെടികള്‍ പൂക്കളിലൂടെ ഇത്തരം ജീവികളെ ആകര്‍ഷിക്കാനുള്ള മണം പുറപ്പെടുവിക്കുന്നുവെന്നാണ് തിരിച്ചറിയുന്നത്.

വടക്കന്‍ അമേരിക്കയാണ് ഈ ചെടികളുടെ ജന്മദേശം. ഈ ചെടി കോഫീ പ്ലാന്റ്, ഗോള്‍ഡന്‍ കാന്‍ഡില്‍സ്റ്റിക്ക് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ചെടിയില്‍ രാത്രിയാണ് മഞ്ഞനിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്നത്. മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ പൂക്കള്‍ ഉണ്ടാകും. നിരവധി ഔഷധ ഗുണമുള്ള ചെടിയാണ് ഇത്. ഇലകളും വേരുകളും ഭക്ഷ്യയോഗ്യമാണ്.

 

ഈ ചെടികളെക്കുറിച്ചുള്ള ഗവേഷണം 120 വര്‍ഷങ്ങളായി നടക്കുന്നു. 145 ഇനങ്ങളില്‍ ഈ ചെടികള്‍ കാണപ്പെടുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഗ്രീന്‍ഹൗസുകളില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടികളാണ് ഇത്. അനുയോജ്യമായ കാലാവസ്ഥയില്‍ 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഈ ചെടി വളര്‍ന്ന് പൂവിടും. 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചെടികള്‍ വളരാന്‍ സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള താപനിലയായി കണക്കാക്കുന്നത്. ഗ്രീന്‍ഹൗസിനുള്ളില്‍ ചെടി നട്ട് ഏഴോ എട്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യത്തെ ഇലകള്‍ വരും. ഈ അവസ്ഥയില്‍ ചെടികള്‍ ട്രേയില്‍ നിന്നും വെവ്വേറെ പാത്രങ്ങളിലേക്ക് പറിച്ചുനടാം.

സാധാരണ വീടുകളിലും ഈ ചെടി വളര്‍ത്താറുണ്ട്. വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ചെടിയുടെ വിത്തുകള്‍ വെറുതെ വിതറിയാല്‍ മതി. സാധാരണഗതിയില്‍ കമ്പില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്നത് അഭികാമ്യമല്ല. അതിനാല്‍ വിത്ത് പാകി തൈകള്‍ മുളപ്പിക്കുന്നത് ആണ് നല്ലത്. ചില ഇനങ്ങള്‍ ആറടി ഉയരത്തില്‍ വളരുന്നു. ചെറിയ മുറിവുകള്‍ ഉണക്കാന്‍ ഇതിന്റെ ഇലകള്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നുണ്ട്. അതുപോലെ തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് ഉപയോഗിക്കുന്നു.  ഈ ചെടിയുടെ വിത്തില്‍ നിന്ന് ലഭിക്കുന്ന എണ്ണ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, പ്രീമെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം, ഓസ്റ്റിയോപോറോസിസ് എന്നിവയ്ക്ക് പ്രതിവിധിയാണ്. ഗാമ ലിനോലിനിക് ആസിഡ് എന്ന ഒരു തരം ഒമേഗ-6 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഈ എണ്ണ രക്തസമര്‍ദം നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കഴിവുള്ളതാണ്.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ഈ ചെടി നന്നായി വളരുന്നത്. ഉയര്‍ന്ന പി.എച്ച് ലെവല്‍ ഉള്ള മണ്ണിലും അതിജീവിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ് ഈ ചെടികള്‍. വിത്തുകള്‍ മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും ഈ ചെടി കൃഷി ചെയ്യാം. ജാപ്പനീസ് ബീറ്റില്‍സ് എന്ന കീടങ്ങളെ ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്താനുള്ള 'ട്രാപ് പ്ലാന്റ്' ആയും ഈ ചെടി വളര്‍ത്തുന്നു.

ഈ ചെടിക്ക് ആവശ്യമുള്ള ശബ്ദം  കേള്‍ക്കുന്ന മാത്രയില്‍ തേന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവുമുണ്ട്. ഇവയ്ക്ക് ഇഷ്ടമുള്ള ശബ്ദങ്ങള്‍ മാത്രമല്ല, ശല്യമായി തോന്നുന്ന ശബ്ദങ്ങളെ അവഗണിക്കാനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

 

പ്രകൃതി തന്നെ നല്‍കിയ ചില സവിശേഷതകളാണ് ഇത്തരം കഴിവുകള്‍ക്ക് പിന്നില്‍. പരാഗണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനായിരിക്കണം ഈ കഴിവ് ചെടികള്‍ സ്വയം ഉണ്ടാക്കിയെടുത്തതെന്ന് ഗവേഷകര്‍ കരുതുന്നു. വണ്ടുകളും തേനീച്ചകളുമൊക്കെ പരാഗണം നടത്തുന്ന ചെടികള്‍ക്കുള്ള പ്രത്യേകതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബൗള്‍ ആകൃതിയിലുള്ള പൂക്കള്‍ ആയിരിക്കും ഇവയ്ക്ക്. ശബ്ദം പെട്ടെന്ന് പിടിച്ചെടുക്കാനാണ് ഇത്തരം അനുകൂലനങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. അഞ്ച് തരത്തിലുള്ള ശബ്ദങ്ങളാണ് ലബോറട്ടറിയിലെ പരീക്ഷണത്തിനായി ഈ ചെടികളെ കേള്‍പ്പിച്ചത്. റെക്കോര്‍ഡ് ചെയ്ത തേനീച്ചകളുടെ ശബ്ദം, കമ്പ്യൂട്ടര്‍ വഴിയുണ്ടാക്കിയ ശബ്ദം എന്നിവയായിരുന്നു പരീക്ഷണത്തിന് വിധേയമാക്കിയത്.

ഈ ചെടിയുടെ ബയോആക്റ്റീവ് ആയ ഗുണങ്ങളെക്കുറിച്ച് അറിയാനായി കൂടുതല്‍ ഗവേഷണം നടക്കുന്നു. ജീവന്‍രക്ഷയ്ക്കുള്ള മരുന്നുകള്‍ ഉണ്ടാക്കുന്നതിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു.