മേഘാലയ ഹൈക്കോടതി ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതികളിൽ ഒന്നാണ്. 2013 -ൽ മാത്രം പ്രവർത്തനമാരംഭിച്ച അവിടെ നിയമിതരായിട്ടുള്ളത് ചീഫ് ജസ്റ്റിസ് അടക്കം ആകെ മൂന്നു ജഡ്ജിമാർ മാത്രം. മദ്രാസ് ഹൈക്കോടതിയാകട്ടെ ചീഫ് ജസ്റ്റിസ് അടക്കം 75  ജഡ്ജിമാരുള്ള, നിർണ്ണായകമായ നിരവധികേസുകളുടെ വാദം കേൾക്കുന്ന തിരക്കേറിയ ഒരു നീതിന്യായ കേന്ദ്രവും.

മദ്രാസ് ഹൈക്കോടതിയിൽ 402,855 കേസുകളുടെ വാദം നടക്കുന്നുണ്ട്, അതിൽ 257,234 സിവിൽ കേസുകളും, 40,774 ക്രിമിനൽ കേസുകളും 104,847 റിട്ട് പെറ്റീഷനുകളുമുണ്ട്. അതേസമയം, മേഘാലയ ഹൈക്കോടതിയിലാവട്ടെ,  ആകെ വിചാരണയിലുള്ളത്  393 സിവിൽ കേസുകളും, 73ക്രിമിനൽ കേസുകളും  570 റിട്ട് ഹർജ്ജികളുമായി ആകെ വെറും 1,036 കേസുകളാണ്. ഇങ്ങനെ സുപ്രധാനമായ പരശ്ശതം വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന്, ആളും കേസുമില്ലാത്ത മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന പതിവ് പൊതുവെ ഇല്ലാത്തതാണ്.

അങ്ങനെ കീഴ്‍വഴക്കം ലംഘിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ സ്ഥലംമാറ്റം, ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണ്, സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹിൽ രമാനി രാജിവെച്ച്, തലയുയർത്തിപ്പിടിച്ചു തന്നെ പുറത്തുപോകുന്നത്. ഇപ്പോൾ മേഘാലയ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ അവിടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന അജയ് കുമാർ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹിൽ രമാനിയെ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യാനുള്ള വകുപ്പ് കൊളീജിയം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. 

1982-ലാണ് അവർ മഹാരാഷ്ട്ര ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ  ചെയ്യുന്നത്. പ്രസിദ്ധ അഭിഭാഷകനായ അച്ഛൻ, എൽ വി കാപ്സെയുടെ ചേംബറിലാണ് ആദ്യമായി വക്കാലത്തുകൾ ഏറ്റെടുത്ത് കേസുനടത്തുന്നത്. അധികം താമസിയാതെ സ്വന്തമായി ഓഫീസ് തുറക്കുന്നു. 1990 -ൽ അസിസ്റ്റന്റ് ഗവണ്മെന്റ് പ്ലീഡറും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമനം ലഭിക്കുന്നു. 2001 -ൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടുന്നു. 2018 ഓഗസ്റ്റിലാണ് ബോംബെ ഹൈക്കോടതിയിൽ ജഡ്ജായിരുന്ന വിജയ താഹിൽ രമാനിയെ മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത്. തന്റെ അറുപതാമത്തെ വയസ്സിലായിരുന്നു അവർക്ക്  ചീഫ് ജസ്റ്റിസ് സ്ഥാനം കിട്ടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ കൂടിയ കൊളീജിയം മീറ്റിങ്ങിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

വിജയ താഹിൽ രമാനി ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് 2017 -ൽ ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള ബിൽക്കിസ് ബാനോ കേസ് വിചാരണയ്‌ക്കെടുക്കുന്നത്. പ്രസ്തുത കേസിൽ അവർ പുറപ്പെടുവിച്ച 400 പേജുള്ള വിധിന്യായം ശ്രദ്ധേയമായിരുന്നു. ആ കേസ് വിസ്തരിച്ച വിജയ താഹിൽ രമാനി പതിനൊന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.  

ജസ്റ്റിസ് വിജയ താഹിൽ രമാനി ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കാൻ ഇനി ഒരു വർഷത്തിൽ താഴെമാത്രം കാലം അവശേഷിക്കവേയാണ് ഇത്തരത്തിൽ അവരെ ഇകഴ്ത്തുന്ന രീതിയിലുള്ള ഒരു നടപടി കൊളീജിയത്തിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ളത്. ജഡ്ജിമാരുടെ സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ കൊളീജിയത്തിനും, ജഡ്ജിമാർക്കും ഇടയിൽ നിലനിൽക്കുന്ന അകൽച്ച വർധിപ്പിക്കുന്ന ഒരു നടപടിയാണ് എന്തായാലും ജസ്റ്റിസ് വിജയ താഹിൽ രാമാനിയുടെ ഈ സ്ഥലംമാറ്റം.