Asianet News MalayalamAsianet News Malayalam

വെള്ളവും ഭക്ഷണവുമില്ല, മനുഷ്യരെ ആക്രമിച്ച് മുതലകൾ; ഇനി മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ കാലം?

'സര്‍ക്കാരില്‍ നിന്നും കാര്യമായി എന്തെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അവർ ഞങ്ങൾക്ക് ജോലി ഒരു താലത്തിൽ വച്ചുതരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നമുക്ക് ബലൂചികൾക്ക് മരുഭൂമിയിൽ അപ്പക്കഷണങ്ങൾ കൊണ്ട് അതിജീവിക്കാൻ കഴിയും. എന്നാൽ വെള്ളമാണ് ജീവിതത്തിന്റെ സത്ത. അതില്ലാതെ നമ്മൾ അതിജീവിക്കില്ല. എന്ത് ചെയ്യാനാണ് ഞങ്ങള്‍?' 

water crisis crocodiles attacking humans
Author
Iran, First Published Dec 28, 2021, 12:09 PM IST

ആടിനെ പോറ്റലാണ് 70 -കാരനായ സിയാഹൂക്കിന്റെ തൊഴിൽ. ഇറാനിലെ ബലൂചിസ്ഥാന്‍(Iran's Baluchistan) മേഖലയില്‍ നിന്നുള്ള അദ്ദേഹം അടുത്തുള്ള കുളത്തില്‍ വെള്ളമെടുക്കാന്‍ പോയതാണ്. അപ്പോഴാണ് അദ്ദേഹത്തെ ഒരു മുതല അക്രമിക്കുന്നത്. ആക്രമത്തിൽ സിയാഹൂക്കിന്‍റെ വലതുകയ്യിലാണ് അന്ന് പരിക്കേറ്റത്. 'മുതല വരുന്നത് താന്‍ കണ്ടിരുന്നില്ല' എന്ന് സിയാഹൂക്ക് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ആ അപകടത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നിന്നും ഭയം വിട്ടൊഴിഞ്ഞിട്ടില്ല. രക്തം നഷ്ടപ്പെട്ടത് സിയാഹൂക്കിനെ അരമണിക്കൂറോളം അബോധാവസ്ഥയിലാക്കി. ആട്ടിൻകൂട്ടം അദ്ദേഹമില്ലാതെ മടങ്ങിയപ്പോഴാണ് പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ ആളുകൾ കണ്ടെത്തുന്നത്. 

സിയാഹൂക്ക് ഇവിടെ മുതലയാല്‍ ആക്രമിക്കപ്പെട്ട ഒരേയൊരാളാല്ല. നിരവധിപ്പേരാണ് ഇവിടെ മുതലയാല്‍ ആക്രമിക്കപ്പെട്ടത്. അതിലേറെയും കുട്ടികളാണ്. പലപ്പോഴും, ഈ ബലൂച്ചി കുട്ടികളെക്കുറിച്ചുള്ള വൈകാരിക തലക്കെട്ടുകൾ ഇറാനിയൻ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എന്നാല്‍, വലിയ നടപടികളൊന്നും ഇല്ലാതെ തന്നെ അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. 2016 -ൽ അലിറേസ എന്ന ഒമ്പതു വയസ്സുകാരനെ അത്തരത്തിൽ ഒരു മുതല വിഴുങ്ങി. 2019 ജൂലൈയിൽ, 10 വയസ്സുള്ള ഹവയ്ക്ക് ഒരു ആക്രമണത്തിൽ തന്റെ വലതുകൈ നഷ്ടപ്പെട്ടു. അലക്കാനുള്ള വെള്ളം ശേഖരിക്കവെയാണ് മുതല ഹവയെ വലിച്ചിഴച്ചത്. 

ഇറാൻ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. അതിന്‍റെ ഫലമായി ആവാസവ്യവസ്ഥയില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാകുന്നു. ഇതോടെ, മഗ്ഗർ എന്ന ഈ മുതലകള്‍ക്കുള്ള ഭക്ഷണവുമില്ലാതെയാവുന്നു. പട്ടിണി കിടക്കുന്ന അവ തങ്ങളുടെ പ്രദേശത്തേക്ക് അടുക്കുന്ന മനുഷ്യരെ ഒന്നുകിൽ ഇരയായോ അല്ലെങ്കിൽ ശത്രുവായോ കാണുന്നു. 

ഇറാൻ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽ കാണാവുന്ന മഗ്ഗർ മുതലയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) 'ദുർബലമായവ'യുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇറാനിൽ ഏകദേശം 5% സ്പീഷിസുകൾ ഉൾപ്പെടുന്ന 400 എണ്ണമാണുള്ളത്. ഇറാൻ പരിസ്ഥിതി വകുപ്പ് പറയുന്നത്, ഇവയെ സംരക്ഷിക്കുന്നതിനും പ്രദേശത്തെ ആളുകളെ സംരക്ഷിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നാണ്. 

സമീപവർഷങ്ങളിൽ ഈ ദുരന്തങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, ഇതിനെതിരായ എന്തെങ്കിലും നടപടികള്‍ കാര്യമായി ഉണ്ടായിട്ടില്ല എന്നും സർക്കാരിനെതിരെ ആക്ഷേപമുണ്ട്. ഇറാനിലെ മഗ്ഗർ മുതലകളുടെ പ്രധാന ആവാസ കേന്ദ്രമായ ബഹു-കാലാറ്റ് നദിക്കരയിലൂടെ സഞ്ചരിക്കുമ്പോൾ, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകളൊന്നും തന്നെയില്ലെന്ന് ബിബിസി എഴുതുന്നു. പ്രദേശത്തെ മനുഷ്യരാണ് പിന്നെയും ഇവിടെ എന്തെങ്കിലും ചെയ്യുന്നത്. ബഹു-കലാറ്റിൽ, ഡോംബാക്കിൽ നിന്നുള്ള അഴുക്കുചാലിനടുത്ത് വർഷങ്ങളായി മഗ്ഗർ മുതലകൾക്കൊപ്പം താമസിക്കുകയാണ് മാലെക്-ദിനാർ. ഒരിക്കൽ വാഴയും നാരങ്ങയും മാമ്പഴവും കൊണ്ട് തഴച്ചുവളര്‍ന്ന തന്റെ ഭൂമിയെക്കുറിച്ച് അദ്ദേഹം പറയുന്നു, 'ഈ ജീവികൾക്കായി ഞാൻ എന്റെ തോട്ടത്തെ കൊന്നു' എന്നാണ് അദ്ദേഹം പറയുന്നത്. അവിടെ നിരവധി മുതലകളുണ്ട്. അദ്ദേഹം അവയ്ക്ക് ഭക്ഷണത്തിനായി ഒന്നും കണ്ടെത്താനാവാത്തത് കാരണം മാലിക് അവയ്ക്ക് ചിക്കന്‍ ബ്രെസ്റ്റ് അടക്കം ഭക്ഷണം നല്‍കുകയാണ്. 

ഇറാന്റെ ജലക്ഷാമം ബലൂചിസ്ഥാനിൽ മാത്രമുള്ളതല്ല. എണ്ണയാല്‍ സമ്പന്നമായ തെക്ക്-പടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ ജൂലൈയിൽ മാരകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നവംബർ അവസാനത്തോടെ, സെൻട്രൽ നഗരമായ ഇസ്ഫഹാനിലെ കലാപ പൊലീസ് വറ്റിക്കൊണ്ടിരിക്കുന്ന സയന്ദേറൂഡ് നദീതീരത്ത് ഒത്തുകൂടിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. 

ആഗോളതാപനം ലോകത്തെയാകെ വരള്‍ച്ചയിലെത്തിക്കുമ്പോള്‍ ഇറാന്‍ അതിന്‍റെ രൂക്ഷത അനുഭവിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും അത്യാവശ്യത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. 'പൈപ്പുകളുണ്ട് എങ്കിലും ഒന്നിലും വെള്ളം ഇല്ല' എന്ന് മലേക് നാസ് എന്ന 35 -കാരി ബിബിസിയോട് പറഞ്ഞു. അഞ്ച് കുട്ടികളുടെ പിതാവായ ഒസ്മാനും ബന്ധുവായ നൗഷെർവാനും അയൽരാജ്യമായ പാകിസ്ഥാനിലേക്ക് അനധികൃതമായി പെട്രോൾ കടത്തുന്നത് ഉപജീവനമാർഗമാക്കുന്നു. 

'നിരവധി അപകടസാധ്യതകളുണ്ട്. എന്നാൽ, ജോലി ഇല്ലാത്തപ്പോൾ വേറെന്ത് ചെയ്യാനാണ്' എന്നാണ് ഇവരുടെ ചോദ്യം. ഫെബ്രുവരിയിൽ, ഇറാന്റെ അതിർത്തി കാവൽക്കാർ ഇങ്ങനെ എണ്ണ കടത്തുന്ന ഒരു സംഘത്തിന് നേരെ വെടിയുതിർക്കുകയും കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ രാജ്യത്തിന്‍റെ ശത്രുക്കളല്ലെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് ഇത് ചെയ്യേണ്ടി വരുന്നത് എന്നും ഒസ്മാന്‍ പറയുന്നു. എങ്കിലും തൊഴിലില്ലായ്മയെക്കാള്‍ കൂടുതല്‍ അവരെ അലട്ടുന്നത് ജലക്ഷാമം തന്നെയാണ്. മുതലകളുമായി പ്രശ്നങ്ങളില്ലാതെ ജീവിച്ചിരുന്നവരാണ് അവര്‍. ഇപ്പോള്‍ അവയുടെ ആക്രമം പോലും അവര്‍ക്ക് നേരിടേണ്ടി വരുന്നുവെന്ന് ബിബിസി എഴുതുന്നു. 

'സര്‍ക്കാരില്‍ നിന്നും കാര്യമായി എന്തെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അവർ ഞങ്ങൾക്ക് ജോലി ഒരു താലത്തിൽ വച്ചുതരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നമുക്ക് ബലൂചികൾക്ക് മരുഭൂമിയിൽ അപ്പക്കഷണങ്ങൾ കൊണ്ട് അതിജീവിക്കാൻ കഴിയും. എന്നാൽ വെള്ളമാണ് ജീവിതത്തിന്റെ സത്ത. അതില്ലാതെ നമ്മൾ അതിജീവിക്കില്ല. എന്ത് ചെയ്യാനാണ് ഞങ്ങള്‍?' നൗഷർവൻ ചോദിക്കുന്നു. 

കാലാവസ്ഥാവ്യതിയാനങ്ങളുടെ പലതരത്തിലുള്ള പ്രശ്നങ്ങളെ ലോകം അഭിമുഖീകരിക്കുന്നുണ്ട്. അതിലൊന്ന് തന്നെയാണ് ജലക്ഷാമവും. ആവാസവ്യവസ്ഥയെ തന്നെ ഇവയെല്ലാം ബാധിക്കുമ്പോൾ മനുഷ്യരും പ്രകൃതിയും അതിലെ മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പോരാട്ടത്തിന് കൂടി ലോകം സാക്ഷിയാവുന്നു എന്ന് പറയേണ്ടി വരും. അതിന്റെ ഉദാഹരണം മാത്രമാണ് ഇറാനിലെ ഈ മുതലയും മനുഷ്യരും തമ്മിലുള്ള പോരാട്ടവും. 

(വിവരങ്ങൾക്ക് കടപ്പാട്: Sarbas Nazari, BBC News)

Follow Us:
Download App:
  • android
  • ios