Asianet News MalayalamAsianet News Malayalam

'പിണറായി വിജയന്റെ കേരളത്തിൽ ഞാൻ സുരക്ഷിതനാണ്' എന്നു പറഞ്ഞ സന്യാസിവര്യൻ; ആരായിരുന്നു സ്വാമി അഗ്നിവേശ് ?

 ഒരു കൂട്ടർ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ പ്രസക്തിയെപ്പറ്റിയോർത്ത് ആ നഷ്ടത്തിൽ അനുശോചിച്ചപ്പോൾ മറ്റൊരു കൂട്ടർ 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളിച്ച് മരണനാനന്തരവും അദ്ദേഹത്തെ പൊതു ഭർത്സനങ്ങളാൽ മൂടി. 

Who was Swami Agnivesh who said I am safe in Pinarayi Vijayan Kerala
Author
Delhi, First Published Sep 12, 2020, 3:26 PM IST
  • Facebook
  • Twitter
  • Whatsapp

1984 -ൽ, രാഷ്ട്രത്തെ നടുക്കിക്കൊണ്ട് ഇന്ദിരാ ഗാന്ധി എന്ന ഉരുക്കുവനിത സ്വന്തം സിഖ് അംഗരക്ഷകരാൽ കൊല്ലപ്പെട്ടപ്പെട്ടു. അതിനു പിന്നാലെ നാടുമുഴുവൻ കത്തിയെരിക്കപ്പെട്ട കലാപങ്ങളുണ്ടായപ്പോൾ, നിരപരാധികളായ സിഖുകാർ നിഷ്കരുണം വേട്ടയാടപ്പെട്ടപ്പോൾ; തെരുവിലേക്കിറങ്ങിച്ചെന്ന ഒരു സന്യാസിയുണ്ടായിരുന്നു. സിഖുകാരുടെ ചോരകാണാൻ തുടിച്ചു നിന്ന ഹിന്ദുക്കളോട്, ഒരു സ്റ്റൂളിനു മുകളിൽ കയറിനിന്ന്, 'നിങ്ങൾ ഈ പ്രവർത്തിക്കുന്ന ആക്രമണങ്ങൾ ശരിയല്ല, നിർത്തൂ...' എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു, ഭ്രാന്തിളകി ഇരച്ചുവന്ന ജനക്കൂട്ടത്തിൽ ഓരോരുത്തരുടെയും കാലുപിടിച്ചപേക്ഷിച്ചു അന്ന് ആ സ്വാമി. തന്റെ സൗമ്യമായ പരിദേവനങ്ങൾ കൊണ്ട്, അക്രമാസക്തമായ ജനക്കൂട്ടത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. 

താൻ ജനങ്ങൾ കണ്ടുശീലിച്ച കൂട്ടുള്ളൊരു സന്യാസി അല്ല എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'പ്രപഞ്ചമേ ആലയം' എന്ന സങ്കല്പമായിരുന്നു അദ്ദേഹത്തിന്.  കെട്ടിലും മട്ടിലും സ്വാമി വിവേകാനന്ദനെ അനുകരിച്ചിരുന്ന ഈ സന്യാസിക്ക് മതങ്ങളുടെ പേരിൽ തന്റെ സഹജീവികളെ കള്ളികളിൽ തിരിക്കാതെ എല്ലാവരെയും ഒരേപോലെ കാണാൻ വളരെ എളുപ്പത്തിൽ സാധിച്ചു. വേദങ്ങളുടെ ആധ്യാത്മിക സാരമായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലേക്കും പകർത്താൻ ശ്രമിച്ചുകൊണ്ടിരുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വരെ അദ്ദേഹം കുറച്ചു ദിവസത്തേക്ക് പങ്കെടുക്കുകയുണ്ടായി. അങ്ങനെ അത്ര എളുപ്പം ആർക്കും പിടികൊടുക്കാത്ത ഒന്നായിരുന്നു സ്വാമി അഗ്നിവേശിന്റെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പുകൾ.

ആരായിരുന്നു സ്വാമി അഗ്നിവേശ്?

ആന്ധ്രയിലെ ശ്രീകാകുളത്തുകാരാണ് സ്വാമിയുടെ പൂർവികർ. 1939 സെപ്റ്റംബർ 21 -ന് ജനിച്ച അഗ്നിവേശിനെ വളർത്തിയത് അന്ന്  ഛത്തീസ്ഗഢിലെ ഛത്തീസ്‌ഗഢിലെ ദിവാനായിരുന്ന മുത്തച്ഛനാണ്. പൂർവ്വാശ്രമത്തിലെ അഗ്നിവേശിന്റെ പേര് 'ശ്യാം വേപ റാവു' എന്നായിരുന്നു.   മാനേജ്‌മെന്റിലും സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ നേടിയിട്ടുള്ള അഗ്നിവേശ് പഠനാനന്തരം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ വിശ്രുതമായ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ബിസ്സിനസ്സ് മാനേജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു. ബിസിനസ് പഠനത്തിന് ശേഷം നിയമവും അഭ്യസിച്ച അഗ്നിവേശ്, അന്നത്തെ സുപ്രസിദ്ധ അഭിഭാഷകൻ സബ്യസാചി മുഖർജിയുടെ ജൂനിയർ ആയി കുറച്ചുകാലം വക്കീൽപണിയിലും ഏർപ്പെട്ടിരുന്നു. (പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ അതേ സബ്യസാചി മുഖർജി).

1968 ല്‍ ഹരിയാനയിലെത്തിയ അഗ്നിവേശ് ആര്യസമാജത്തില്‍ ചേരുകയും, 1970 -ൽ അവിടെ നിന്ന് സന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. അവിടെ വെച്ച് ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം രൂപവത്കരിച്ചു. എഴുപതുകളുടെ തുടക്കത്തിലേ തന്നെ ജയപ്രകാശ് നാരായന്റെ 'സമ്പൂർണ്ണ ക്രാന്തി' എന്ന സങ്കല്പത്തിൽ ആകൃഷ്ടനായ അദ്ദേഹം ജനതാപാർട്ടിയുടെയും സജീവ പ്രവർത്തകനായി.

1977 -ല്‍ സ്വാമി അഗ്നിവേശ് ഹരിയാനയിൽ നിന്നുള്ള നിയമസഭാംഗമാവുകയും, 1979 -ൽ ആ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.1981 -ൽ ഹരിയാനയുടെ വിദ്യാഭ്യാസമന്ത്രി പദത്തിൽ തുടരുമ്പോൾ തന്നെയാണ് സ്വാമി അഗ്നിവേശ് 'ബ‌ന്ധ്‌വാ മുക്തി മോർച്ച' എന്ന പേരിൽ അടിമപ്പണിക്കെതിരെ ഒരു മുന്നേറ്റം തുടങ്ങുന്നത്. അത് ദില്ലിയിലും പരിസരത്തുമുള്ള പാറമടകളിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. 

അധികം താമസിയാതെ മന്ത്രിപദത്തിൽ നിന്ന് രാജിവെക്കുകയും  രാഷ്ട്രീയം തന്നെ മതിയാക്കുകയും ചെയ്തതിനു ശേഷം, സ്വാമി അഗ്നിവേശ് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും  പേരിൽ പിന്നീടുള്ളകാലം നിരന്തരം വേട്ടയാടപ്പെട്ടു. കൊലപാതകം അടക്കമുള്ള നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടു എങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ആ ദുരാരോപണങ്ങളുടെ പേരിൽ പക്ഷേ,  സ്വാമി അഗ്നിവേശിനോട് വിരോധമുള്ളവർക്ക്, അവർ ആഗ്രഹിച്ചപോലെ പതിനാലു മാസത്തോളം കാലം അദ്ദേഹത്തെ വിചാരണത്തടവിൽ പാർപ്പിക്കാൻ കഴിഞ്ഞു അതിനിടെ. 

2011 -ൽ സ്വാമി അഗ്നിവേശും മറ്റു ചില സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിയ സന്ധിസംഭാഷണങ്ങൾക്ക് ശേഷമാണ് അന്ന് മാവോയിസ്റ്റുകൾ ബന്ദികളാക്കിയ ചില പൊലീസുകാർ മോചിപ്പിക്കപ്പെട്ടത്. 2011 -ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിൽ തുടക്കത്തിൽ സ്വാമി അഗ്നിവേശും പങ്കെടുക്കുകയുണ്ടായി എങ്കിലും, പിന്നീട് ആശയപരമായ അഭിപ്രായഭിന്നതകൾ കാരണം അദ്ദേഹം അതിൽ നിന്ന് വിട്ടുമാറി. സതി നിരോധിക്കാനും, പെൺഭ്രൂണഹത്യ നിയമവിരുദ്ധമാക്കാനും വേണ്ടി സ്വാമി അഗ്നിവേശ് നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയം തന്നെയാണ്. 

 

Who was Swami Agnivesh who said I am safe in Pinarayi Vijayan Kerala

 

2005 -ൽ പുരിയിലെ ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും സന്ദർശിക്കാൻ വേണ്ടി തുറന്നുകൊടുക്കണം എന്ന നിലപാടിലേക്ക് സ്വാമി അഗ്നിവേശ് എത്തിയത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തി. ക്ഷേത്രത്തിലെ പുരോഹിതർ അഗ്നിവേശിനെ ഹിന്ദുവിരുദ്ധൻ എന്ന് വിളിച്ചു. ചില വിശ്വാസികൾ ചേർന്ന് അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ക്രുദ്ധരായ അഖിൽ ഭാരതീയ ഹിന്ദു മഹാസഭ നേതാക്കൾ സ്വാമി അഗ്നിവേശിന്റെ തലക്ക് 20 ലക്ഷം പാരിതോഷികം വരെ പ്രഖ്യാപിച്ചു.

2008 -ൽ തന്നെ അദ്ദേഹത്തിന് ആദ്യമായി സന്യാസദീക്ഷ നൽകിയ ആര്യസമാജം പോലും സ്വാമി അഗ്നിവേശ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് നടപടി സ്വീകരിച്ചിരുന്നു.  

പിന്നീട് 2011 -ലും  ക്ഷേത്ര വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞ് സ്വാമി അഗ്നിവേശ് വിവാദങ്ങളിൽ ചെന്നുപെട്ടു.അമർനാഥ് യാത്ര ഒരു ധൂർത്തും പ്രഹസനവുമാണ് എന്ന തന്റെ അഭിപ്രായം സ്വാമി അഗ്നിവേശ് ഉറക്കെ വിളിച്ചു പറഞ്ഞതാണ് പലരെയും അന്ന് പ്രകോപിപ്പിച്ചത്. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അക്കൊല്ലം നിത്യാനന്ദ ദാസ് എന്ന ഒരു മതനേതാവ് അഗ്നിവേശിനെ കായികമായിത്തന്നെ അക്രമിക്കുകയുണ്ടായി. 2011 അമർനാഥ് യാത്രയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ സുപ്രീം കോടതിയുടെ വിമർശനത്തിനും സ്വാമി അഗ്നിവേശ് പാത്രമായി. "സൂക്ഷിച്ചുമാത്രം സംസാരിക്കുന്നതാവും സ്വാമിക്ക് നല്ലത്" എന്നായിരുന്നു അന്ന് സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം 

2018 ജൂലൈ 17 -ന് യുവമോർച്ച, എബിവിപി എന്നീ സംഘടനകളുടെ ഇരുപതോളം വരുന്ന പ്രവർത്തകർ ചേർന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തി സ്വാമി അഗ്നിവേശിനെ ആക്രമിച്ചു. അന്ന് 79 വയസ്സ് പ്രായമുണ്ടായിരുന്ന ആ വയോവൃദ്ധനെ നിലത്തേക്ക് തള്ളിയിട്ട ശേഷം ആ അക്രമിസംഘം മാറിമാറി അദ്ദേഹത്തിന്റെ ദുർബലമായ നെഞ്ചത്ത് ആഞ്ഞു ചവിട്ടി. ആയുധങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വയറിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. അന്നത്തെ ആ ആക്രമണത്തിൽ കരളിനേറ്റ പരിക്കാണ് പിന്നീട് കരൾ വീക്കത്തിലേക്കും, കഴിഞ്ഞ ദിവസം ഹൃദ്രായസ്തംഭനം മൂലമുണ്ടായ മരണത്തിലേക്കും നയിച്ചത് എന്ന് സ്വാമി അഗ്നിവേശിന്റെ ഉറ്റവർ ആരോപിക്കുന്നുണ്ട്. 

 

 

ഈ ആക്രമണമുണ്ടായി മാസങ്ങൾക്കുള്ളിൽ, ചികിത്സാർത്ഥം കേരളത്തിൽ വന്നപ്പോൾ "പിണറായി വിജയന്റെ കേരളത്തിൽ താൻ സുരക്ഷിതമാണ്, തന്നെ ഇവിടെ ആരും ആക്രമിക്കില്ല എന്നുറപ്പുണ്ട്" എന്നൊക്കെ പറഞ്ഞുവെങ്കിലും, പ്രത്യയശാസ്ത്രതലത്തിൽ മാർക്സിസത്തെയും വിമർശന ബുദ്ധ്യാ സമീപിച്ചിട്ടുള്ള ആളാണ് സ്വാമി അഗ്നിവേശ്. "കാൾ മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയമായ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെ സ്ഥാപനവൽക്കരിച്ചതാണ്, പുതിയൊരു മതത്തിന്റെ രൂപത്തിൽ 'കേഡർ'വൽക്കരിച്ചെടുത്തതാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ട അപചയത്തിന്റെ കാരണമെന്നാണ്" അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുള്ളത്. "മതങ്ങളിൽ, വേദങ്ങളിൽ താൻ കണ്ട ദൈവം തന്നെയാണ് ഈ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്" എന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞിട്ടുണ്ട് പലകുറി. 

ഇന്നലെ, സ്വാമി അഗ്നിവേശ് മരണപ്പെട്ടപ്പോൾ, അജഗജാന്തരമുള്ള കമന്റുകളാൽ സോഷ്യൽ  മീഡിയ നിറഞ്ഞു. ഒരു കൂട്ടർ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ പ്രസക്തിയെപ്പറ്റിയോർത്ത് ആ നഷ്ടത്തിൽ അനുശോചിച്ചപ്പോൾ മറ്റൊരു കൂട്ടർ 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളിച്ച് മരണനാനന്തരവും അദ്ദേഹത്തെ പൊതു ഭർത്സനങ്ങളാൽ മൂടി. 

തന്റെ അഭിപ്രായം ഉറക്കെ വിളിച്ചു പറഞ്ഞതിന്റെ പേരിൽ സുപ്രീം കോടതിയുടെ വിമർശനത്തിന് പാത്രമായ, കഴിഞ്ഞ കുറെ ദിവസമായി അതിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അഡ്വ. പ്രശാന്ത് ഭൂഷൺ, സ്വാമി അഗ്നിവേശിന്റെ നിര്യാണ വാർത്തയറിഞ്ഞ് ഇങ്ങനെ ട്വീറ്റ് ചെയ്തു, "സ്വാമി അഗ്നിവേശിന്റെ നിര്യാണം വളരെ നിര്ഭാഗ്യകരമായിപ്പോയി. സഹിഷ്ണുതയുടെയും മാനവികതയുടെയും ഒരു മുന്നണിപ്പോരാളിയായിരുന്നു  അദ്ദേഹം എന്നും. പൊതുജനഹിതം മാത്രം ഉള്ളിൽ വെച്ചുകൊണ്ട് സ്വന്തം വ്യക്തിജീവിതത്തിൽ ഇതുപോലെ റിസ്കെടുക്കാൻ തയ്യാറായ ഒരു സാഹസികൻ ഞാൻ വേറെ കണ്ടിട്ടില്ല. രണ്ടുവർഷം മുമ്പ് ഹിന്ദു തീവ്രവാദികളാൽ അക്രമിക്കപ്പെട്ടപ്പോൾ കരളിനേറ്റ ക്ഷതമാണ് ഇന്ന് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. RIP സ്വാമി അഗ്നിവേശ്...." 

 


മേല്പറഞ്ഞത് സ്വാമി അഗ്നിവേശിനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റ് ആയിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ നിന്നു തന്നെയുള്ള  മുൻ സിബിഐ ഡയറക്ടർ ആയിരുന്ന നാഗേശ്വര റാവുവിൽ നിന്ന് സ്വാമി അഗ്നിവേശിന്റെ മരണത്തിൽ ആഹ്ലാദിച്ചുകൊണ്ടുള്ള ട്വീറ്റും വന്നു. "ചത്ത നന്നായി. കാവിയണിഞ്ഞ ഹിന്ദുവിരോധിയായിരുന്നു നിങ്ങൾ. നിങ്ങൾ ഹിന്ദുമതത്തിന് ചെയ്ത ദോഷങ്ങൾ ചില്ലറയല്ല. നിങ്ങളും ഒരു തെലുഗു ബ്രാഹ്മണൻ ആയിട്ടാണ് ജനിച്ചത് എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു. ഗോമുഖമണിഞ്ഞ ഒരു വ്യാഘ്രമായിരുന്നു നിങ്ങൾ. ആട്ടിൻ തോലണിഞ്ഞ ചെന്നായ. എന്തിന് ഞങ്ങളെ ഇത്രകാലം കാത്തിരിക്കാൻ വിട്ടു എന്നുമാത്രമാണ് എനിക്ക് യമരാജാവിനോടുള്ള പരിഭവം" 

 

 

ഗുഡ്‌ഗാവിലുള്ള അഗ്നിലോക് ആശ്രമത്തിൽ സ്വാമി അഗ്നിവേശിന്റെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരം നാലുമണിയോടെ തീനാളങ്ങൾ ഏറ്റുവാങ്ങും എങ്കിലും, ഈ സമൂഹത്തിൽ നേരിട്ടിടപെട്ടുകൊണ്ട് അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ, പുലർത്തിയിരുന്ന അടിയുറച്ച മതേതരനിലപാടുകൾ എന്നിവയുടെ പേരിൽ സ്വാമി അഗ്നിവേശ് എന്ന വ്യക്തി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു വ്യക്തിത്വമായിത്തന്നെ തുടരും. 


 

Follow Us:
Download App:
  • android
  • ios