ക്രിസ്റ്റഫർ കൊളംബസ് എന്നത് നമ്മൾ ഇന്ത്യക്കാർക്കെല്ലാം പരിചിതമായ ഒരു പേരാണ്. ഇന്ത്യ കണ്ടുപിടിക്കാൻ കപ്പലിലേറി പുറപ്പെട്ടു ചെന്ന് അബദ്ധവശാൽ അമേരിക്ക കണ്ടെത്തിയ ആ ഇറ്റാലിയൻ നാവികനെപ്പറ്റി ചരിത്ര പുസ്തകങ്ങളിൽ വിശദമായ വിവരണങ്ങളുണ്ട്. ഇപ്പോൾ, അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിത്തുറന്ന് പൊട്ടിപ്പുറപ്പെട്ട്, ഇന്നും എരിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന വംശവെറി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ കൊളംബസിന്റെ പേര് വീണ്ടും മാധ്യമങ്ങളിലേക്ക് കടന്നുവരികയാണ്. വെറുതെയല്ല. അമേരിക്കൻ മണ്ണിലുള്ള ക്രിസ്റ്റഫർ കൊളംബസിന്റെ പ്രതിമകളുടെ തലയറുത്തു കളഞ്ഞുകൊണ്ടുള്ള ആഫ്രോ അമേരിക്കൻ വംശജരുടെ പ്രതിഷേധങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് അങ്ങനെ സംഭവിച്ചിരിക്കുന്നത്. 

 

 

മൂന്നിലധികം അമേരിക്കൻ നഗരങ്ങളിലാണ് ഇതുവരെ കൊളംബസിന്റെ തല കൊയ്യപ്പെട്ടിരിക്കുനന്ത് . ബോസ്റ്റണിലെ നോർത്ത് എൻഡിലെ ആറടി ഉയരത്തിലുള്ള ഇറ്റാലിയൻ മാർബിളിൽ തീർത്ത കൊളംബസ് പ്രതിമയുടെ തല ആരോ കൊയ്തെടുത്തു. വിർജീനിയയിലെ റിച്ച്മണ്ടിൽ ഉള്ള മറ്റൊരു പ്രതിമയ്ക്ക് അജ്ഞാതരായ അക്രമികൾ തീകൊളുത്തി. തകർന്നു വീണ പ്രതിമ എടുത്ത് തടാകത്തിലെറിഞ്ഞു. സമാനമായ ഒരു പ്രവൃത്തി മിന്നസോട്ടയിലെ സെയ്ന്റ് പോളിലും നടന്നു. മെയ് 25 -ന് ജോർജ് ഫ്ലോയിഡിന്റെ കൊല നടന്നശേഷം പലതരത്തിലുള്ള പ്രതിഷേധങ്ങൾ അമേരിക്കൻ മണ്ണിനെ പിടിച്ചുകുലുക്കിയ കൂട്ടത്തിലാണ് അടിമക്കച്ചവടവുമായി ബന്ധമുള്ള പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തകർക്കുക എന്ന ആഹ്വാനം ഉണ്ടായത്. ആദ്യം താഴെപ്പോയത് പതിനേഴാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന അടിമക്കച്ചവടക്കാരനായ എഡ്‌വേഡ്‌ കോൾസ്റ്റന്റെ പ്രതിമകളാണ്. ബ്രിസ്റ്റലിൽ നടന്ന ഒരു 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രക്ഷോഭത്തിനിടെയാണ് കോൾസ്റ്റന്റെ പ്രതിമകൾ പ്രതിഷേധക്കാർ തകർത്തെറിഞ്ഞത്. അതിനു ശേഷം ചരിത്രത്തിലെ സമാനമായ വിവാദവ്യക്തിത്വങ്ങൾ പലരും  പ്രതിഷേധക്കാരുടെ ആക്രമണങ്ങൾക്ക് ഇരയായി. 

 

'വിൻസ്റ്റൺ ചർച്ചിൽ ഒരു റേസിസ്റ്റാണ്' എന്ന ഗ്രാഫിറ്റിയോടെ അദ്ദേഹത്തിന്റെ പ്രതിമ ലണ്ടനിൽ ആകെ അലങ്കോലമാക്കപ്പെട്ടു. അതുപോലെ അറിയപ്പെടുന്ന സാമ്രാജ്യത്വവാദി ആയിരുന്ന സെസിൽ റോഡ്സിന്റെ പ്രതിമ ഓക്സ്ഫോർഡിലെ ഓറിയൽ കോളേജിന്റെ മുന്നിൽ നിന്ന് നീക്കം ചെയ്യണം എന്നൊരു ക്യാമ്പെയ്‌നും ഉണ്ടായി. റോബർട്ട് മില്ലിഗൻ, റോബർട്ട് ബേഡൻ പവൽ, എന്നിവർക്കൊപ്പം ക്രിസ്റ്റഫർ കൊളംബസും വംശീയമായ വിവേചനങ്ങൾക്ക് കൂട്ടുനിന്നിരുന്നു എന്ന പേരിൽ പ്രതിഷേധക്കാരുടെ ആക്രമണങ്ങൾക്ക് ഇരയായി. അവരുടെയൊക്കെ പ്രതിമകൾ ആക്രമിക്കപ്പെട്ടു. 

 

 

ഇക്കൂട്ടത്തിൽ നമുക്ക് ഏറ്റവും പരിചയമുള്ള പേരാണ് ക്രിസ്റ്റഫർ കൊളംബസിന്റേത്. അറിയപ്പെടുന്ന ഒരു നാവികനായിരുന്ന കൊളംബസ് 1492  മുതൽ 1502 വരെയുള്ള കാലയളവിൽ നടത്തിയ നാല് സമുദ്രയാത്രകളാണ് അദ്ദേഹത്തിന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്. ഏതുവിധേനയും യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് നേരിട്ടൊരു കടൽ മാർഗം കണ്ടെത്തണം എന്ന വാശിയായിരുന്നു കൊളംബസിന്. ആ ലക്ഷ്യത്തിൽ കൊളംബസ് വിജയിച്ചില്ല എങ്കിലും, അബദ്ധവശാൽ അദ്ദേഹം അമേരിക്കയുടെ മണ്ണിൽ ചെന്ന് നങ്കൂരമിട്ടു. കൊളംബസ് ആ നാട് കണ്ടുപിടിച്ചു എന്നൊന്നും പറയാനാവില്ല. കാരണം, അവിടെ അപ്പോൾ തന്നെ ലക്ഷക്കണക്കിന് തദ്ദേശീയർ താമസമുണ്ടായിരുന്നു. യൂറോപ്യർക്ക് അങ്ങനെ ഒരു നാടുണ്ടെന്നും അവിടെ വലിയൊരു വിഭാഗം ജനങ്ങൾ താമസമുണ്ടെന്നും മനസ്സിലാവാൻ കാരണം കൊളംബസിന്റെ യാത്രയായിരുന്നു എന്നുമാത്രം.1496 -ൽ കൊളംബസ് 400 ആഫ്രോ അമേരിക്കൻ വംശജരെ അടിമകളാക്കി കപ്പലിൽ കയറ്റി കൊണ്ടുപോയി എന്നും പ്രതിഷേധിച്ച പല പ്രദേശവാസികളെയും കൊളംബസ് നിർദ്ദയം വധിച്ചിരുന്നു എന്നും പറയപ്പെടുന്നു.  

 

 

ആ യാത്രക്ക് പിന്നാലെ യൂറോപ്പിൽ നിന്ന് നിരവധി സംഘങ്ങൾ കപ്പലിൽ അമേരിക്കയിലേക്ക് വന്നിറങ്ങി. ആ യാത്രകൾ അമേരിക്കയിലെ കാർഷിക വിളകളെ യൂറോപ്പിന് പരിചയപ്പെടുത്തി. അമേരിക്കയിൽ നിന്ന് അടിമകൾ കപ്പലേറി യൂറോപ്യൻ രാജ്യങ്ങളിൽ എത്തി. അമേരിക്കയിലെ മൃഗങ്ങളും കപ്പലുകയറി യൂറോപ്പിലെത്തി. ഇരു ഭൂഖണ്ഡങ്ങളും ഈ യാത്രകൾക്കൊടുവിൽ തങ്ങളുടെ പകർച്ചവ്യാധികളും ഗുഹ്യരോഗങ്ങളും പരസ്പരം പകർന്നു നൽകി. 

 

 

ട്വിറ്ററിലും ഈ വിഷയത്തിൽ നിരവധി പ്രതികരണങ്ങൾ ഉയർന്നു വരികയുണ്ടായി. കൊളംബസ് അമേരിക്കയിൽ നിന്ന് ടീനേജ് പെൺകുട്ടികളെ അടിമകളാക്കി യൂറോപ്പിലെത്തിച്ചിരുന്ന പീഡകനായിരുന്നു എന്നും കൊളംബസ് അമേരിക്ക കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഈ ഭൂഖണ്ഡം ഇന്ന് എത്രയോ പ്രശാന്തമായിരുന്നേനെ ന്നും ഒരാൾ കുറിച്ചു. 

 

 

എന്തായാലും, ക്രിസ്റ്റഫർ കൊളംബസിന്റെ ഇന്ത്യാന്വേഷണ യാത്രകൾ  പ്രാദേശിക വാസികൾക്ക് സമ്മാനിച്ചത് കോളനിവൽക്കരണങ്ങളുടെ പേരിലുള്ള കൊടിയ പീഡനങ്ങളായിരുന്നു എന്നാണ് അമേരിക്കയിൽ പലരുടെയും വിശ്വാസം. ഇപ്പോൾ നടക്കുന്ന വംശവെറിക്കെതിരായ സമരങ്ങളുടെ ഭാഗമായി അമേരിക്കൻ മണ്ണിൽ അദ്ദേഹത്തിന്റെ പ്രതിമകൾ തുടർച്ചയായി ആക്രമിക്കപ്പെടാനുള്ള പ്രധാനകാരണവും അതുതന്നെ.