Asianet News MalayalamAsianet News Malayalam

ഗില്‍, സായ് സെഞ്ചുറികള്‍, ഓപ്പണിംഗില്‍ റെക്കോര്‍ഡ്; ടൈറ്റന്‍സിന് 231 റണ്‍സ്, സിഎസ്‌കെ വലയും

ഇങ്ങനെയുണ്ടോ ഒരു ഓപ്പണിംഗ് വെടിക്കെട്ട്, ഗില്‍-സുദര്‍ശന്‍ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ ഹിമാലയന്‍ സ്കോറുമായി ഗുജറാത്ത് ടൈറ്റന്‍സ് 

IPL 2024 GT vs CSK Sai Sudharsan Shubman Gill centuries and record parnership gave Gujarat Titans 231 runs
Author
First Published May 10, 2024, 9:23 PM IST

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ഓപ്പണര്‍മാരും വെടിക്കെട്ട് സെഞ്ചുറികള്‍ അടിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഹിമാലയന്‍ സ്കോര്‍. സിഎസ്‌കെ ബൗളര്‍മാരെ കശാപ്പ് ചെയ്‌ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റിന് 231 റണ്‍സെടുത്തു. ഗില്‍ 55 പന്തില്‍ 104 ഉം, സായ് 51 പന്തില്‍ 103 ഉം റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡിനൊപ്പം ഗില്ലും സായ്‌യും ഇടംപിടിച്ചു. ലീഗിന്‍റെ ചരിത്രത്തില്‍ മൂന്നാംതവണയാണ് രണ്ട് ബാറ്റര്‍മാര്‍ ഒരേ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നത്. ഒരുവേള ടീം സ്കോര്‍ 250 കടക്കുമെന്ന് തോന്നിച്ചിരുന്നു. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് നായകന്‍ ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും പവര്‍പ്ലേയില്‍ 58-0 എന്ന സംഖ്യ സ്കോര്‍‌ബോര്‍ഡില്‍ ചേര്‍ത്തു. ഗില്‍-സായ് സഖ്യം വിക്കറ്റ് നഷ്‌ടമില്ലാതെ 10 ഓവറില്‍ ടീമിനെ 107 റണ്‍സില്‍ എത്തിച്ചു. ആദ്യം മുതല്‍ ആഞ്ഞടിച്ച ഗില്‍ 25 പന്തിലും പവര്‍പ്ലേയ്ക്ക് ശേഷം പവറായ സായ് 32 പന്തിലും സിക്‌സറുകളോടെ ഫിഫ്റ്റി തികച്ചു. ഡാരില്‍ മിച്ചലിന്‍റെ 14-ാം ഓവറിലെ മൂന്നാം പന്തില്‍ വ്യക്തിഗത സ്കോര്‍ 72ല്‍ നില്‍ക്കേ ഗില്ലിനെ തുഷാര്‍ ദേശ്‌പാണ്ഡെ കൈവിട്ടത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. ഇതോടെ ശുഭ്‌മാന്‍ ഗില്‍ നേരിട്ട 50-ാം പന്തില്‍ ബൗണ്ടറിയോടെ സെഞ്ചുറി കടന്നു. പിന്നാലെ സായ് സുദര്‍ശന്‍ സിക്‌സോടെ 50 പന്തിലും സെഞ്ചുറി തികച്ചു. ഗില്ലിന്‍റെ നാലാമത്തെയും സായ്‌യുടെ ആദ്യത്തെയും ഐപിഎല്‍ ശതകമാണിത്. 

ഇതിനിടെ 17 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 200 റണ്‍സ് പിന്നിട്ടു. എന്നാല്‍ സെഞ്ചുറിക്ക് ശേഷം നേരിട്ട ആദ്യ പന്തില്‍ 18-ാം ഓവറില്‍ സായ് സുദര്‍ശനെ തുഷാര്‍ ദേശ്‌പാണ്ഡെ 30 വാര സര്‍ക്കിളില്‍ ശിവം ദുബെയുടെ കൈകളിലെത്തിച്ചു. 51 പന്ത് ക്രീസില്‍ നിന്ന സായ് അഞ്ച് ഫോറും ഏഴ് സിക്‌സറുകളും സഹിതം 103 റണ്‍സെടുത്തു. ഇതേ ഓവറിലെ അവസാന ബോളില്‍ തുഷാര്‍, ഗില്ലിനെ രവീന്ദ്ര ജഡേജയുടെ കൈകളിലാക്കി. ഗില്‍ 55 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സുകളോടെയും 104 റണ്‍സെടുത്തു. ഇതിന് ശേഷം സിഎസ്‌കെ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഡേവിഡ് മില്ലറും (11 പന്തില്‍ 16*), ഷാരൂഖ് ഖാനും (3 പന്തില്‍ 2) ഗുജറാത്ത് ടൈറ്റന്‍സിനായി അവസാനം വരെ ബാറ്റ് ചെയ്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഷാരൂഖ് റണ്ണൗട്ടായി. 

Read: സച്ചിനെ കടപുഴക്കി; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍‍ഡ‍് നിഷ്‌പ്രഭമാക്കി സായ് സുദര്‍ശന്‍, അതും ബഹുദൂരം മുന്നേ

Latest Videos
Follow Us:
Download App:
  • android
  • ios