Asianet News MalayalamAsianet News Malayalam

അന്ന് ആളുകൾ മൊത്തം പരിഹസിച്ചു, സ്ത്രീകൾ ഇങ്ങനെയൊരു ജോലി ചെയ്യുമോ? ഇന്ന് കാറ്ററിം​ഗ് ഏജൻസി ഹിറ്റ്

ഇന്ന് സന്തോഷിനിയുടെ കീഴിൽ നൂറോളം ആളുകൾ ജോലി ചെയ്യുന്നു, കൂടുതലും സ്ത്രീകൾ. വിവാഹ സീസണിൽ, ഒരു ദിവസം കുറഞ്ഞത് നാല് വിരുന്ന് ഓർഡറുകളെങ്കിലും അവർക്ക് ലഭിക്കുന്നുണ്ട്. 

woman runs one of favorite catering services in Odisha
Author
Sambalpur, First Published Apr 10, 2022, 10:57 AM IST

മുപ്പത്തിയാറു വർഷം മുമ്പാണ് സന്തോഷിനി മിശ്ര(Santoshini Mishra) തന്റെ കുടുംബത്തെ പോറ്റാനായി ഒരു കാറ്ററിംഗ് ബിസിനസ്സ് ആരംഭിച്ചത്. ആണുങ്ങൾ മാത്രം ചെയ്തു വന്നിരുന്ന ദേഹണ്ണം ഒരു സ്ത്രീ ഏറ്റെടുത്തപ്പോൾ അത് വലിയ ഒച്ചപ്പാടുണ്ടാക്കി. എന്നാൽ, ഈ മേഖലയിൽ തനിക്കൊരു ഇടം സൃഷ്ടിക്കാനായി അവൾ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. പലരുടെയും ദേഷ്യത്തിനും, അപമാനത്തിനും മുൻപിൽ മുട്ട് മടക്കാതെ അവൾ മുന്നോട്ട് പോയി. ഇന്ന് 74 വയസ്സുള്ള ആ സ്ത്രീ സമ്പൽപൂരിലെ(Sambalpur, Odisha) ഏറ്റവും തിരക്കേറിയ കാറ്റററാണ്. പട്ടണത്തിലെ ഭൂരിഭാഗം ഓർഡറുകളും അവരുടെ കാറ്ററിംഗ് ഏജൻസിക്കാണ് ലഭിക്കുന്നത്. അതിനി വിവാഹങ്ങളോ, ജന്മദിനങ്ങളോ, ശവസംസ്കാര പരിപാടികളോ ഏതുമാകട്ടെ അവരുടെ ആഹാരം കഴിച്ച് ആളുകൾ തൃപ്തിയടയുന്നു.

പാൻ ഷോപ്പ് നടത്തിയിരുന്ന സന്തോഷിനിയുടെ ഭർത്താവ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. എന്നാൽ, ഹൃദ്രോഗം കാരണം അദ്ദേഹത്തിന് തന്റെ കട പൂട്ടേണ്ടി വന്നു. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സന്തോഷിനിയുടെ ചുമലിൽ വന്നുചേർന്നു. എന്നാൽ, അവർ തളർന്നിരുന്നില്ല. എല്ലാ ഉത്തരവാദിത്തങ്ങളും അവർ ഒറ്റയ്‌ക്ക് ഏറ്റെടുത്തു. മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ചികിത്സയുമുൾപ്പെടെ തന്റെ മുഴുവൻ കുടുംബത്തെയും പരിപാലിക്കാൻ അവർ തീരുമാനിച്ചു. “അത് 
എളുപ്പമായിരുന്നില്ല” സന്തോഷിനി പറയുന്നു.  

കാറ്ററിംഗ് എപ്പോഴും പുരുഷ കേന്ദ്രീകൃത മേഖലയാണെന്ന് അവർ പറയുന്നു. “എന്നാൽ ഞാൻ ഈ മേഖല തിരഞ്ഞെടുത്തത് എനിക്ക് പാചകം ചെയ്യാൻ കഴിവുള്ളതുകൊണ്ടാണ്. അമ്മ പാചകം ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. വിവാഹിതയായപ്പോഴേക്കും പാചകത്തിൽ ഞാൻ ഒരു വിദഗ്ധയായി. ഞങ്ങളുടെ കുടുംബയോഗങ്ങളിൽ 30 മുതൽ 40 വരെയുള്ളവർക്ക്  ഭക്ഷണം തയ്യാറാക്കാൻ എനിക്ക് സാധിച്ചിരുന്നു” അവർ പറഞ്ഞു.  എന്നാൽ, ഭർത്താവിന് ഹൃദ്രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ സന്തോഷിനിക്ക് പാചകം ഒരു തൊഴിലായി സ്വീകരിക്കേണ്ടി വന്നു. 38 വയസ്സുള്ളപ്പോൾ, അവൾ ഒരു ചെറിയ കാറ്ററിംഗ് ടീം രൂപീകരിച്ച് വിവാഹ സദ്യകൾ ഉൾപ്പെടെയുള്ള ഓർഡറുകൾ എടുക്കാൻ തുടങ്ങി. സ്ത്രീകൾക്ക് വീടിന് പുറത്ത് ജോലി ചെയ്യാൻ അനുവാദമില്ലാതിരുന്ന കാലമായിരുന്നു അന്ന്. അവർ കുടുംബത്തെ പരിപാലിക്കാൻ പുറത്ത് പോയി വിവിധ വീടുകളിൽ പാചകം ചെയ്തു.  

ശേഷം, പാചകം ചെയ്യാനുള്ള അവരുടെ അഭിനിവേശം ഫലം കണ്ടുതുടങ്ങി. പിന്നീട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വീടും ജോലിയും അവൾ ഒരുമിച്ച് കൈകാര്യം ചെയ്തു. ഒമ്പത് വർഷം മുമ്പ് 2012 -ൽ അവർക്ക് ഭർത്താവിനെ നഷ്ടപ്പെട്ടപ്പോഴും, അവർ തകർന്നില്ല. തന്റെ തൊഴിലും, അഭിനിവേശവുമായ പാചകമാണ് അവരെ അതിൽ നിന്ന് കരകയറ്റിയത്‌. എന്നാൽ, ആ ജീവിതയാത്ര ഒട്ടും സുഖകരമായിരുന്നില്ല.

“എന്റെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒരുപാട് എതിർപ്പുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ, എന്റെ കാറ്ററിംഗ് ജോലി കാരണം എന്റെ ആൺമക്കൾക്ക് പെൺകുട്ടികളെ കിട്ടാൻ പോലും ബുദ്ധിമുട്ടി. ഇത്തരമൊരു വീട്ടിലേയ്ക്ക് പെൺമക്കളെ നൽകാൻ ആരും തയ്യാറായില്ല. അതിനാൽ എന്റെ മക്കൾക്ക് അനുയോജ്യരായ വധുക്കളെ കണ്ടെത്താനും ഞാൻ ബുദ്ധിമുട്ടി. പക്ഷേ, വിമർശനങ്ങൾ എന്നെ തളർത്താൻ ഞാൻ അനുവദിച്ചില്ല. കാരണം ഈ ജോലി ചെയ്താണ് എന്റെ കുട്ടികളെ ഞാൻ വളർത്തിയതും, പഠിപ്പിച്ചതും” അവർ പറയുന്നു.

ഇന്ന് സന്തോഷിനിയുടെ കീഴിൽ നൂറോളം ആളുകൾ ജോലി ചെയ്യുന്നു, കൂടുതലും സ്ത്രീകൾ. വിവാഹ സീസണിൽ, ഒരു ദിവസം കുറഞ്ഞത് നാല് വിരുന്ന് ഓർഡറുകളെങ്കിലും അവർക്ക് ലഭിക്കുന്നുണ്ട്. ചിലപ്പോൾ അവരുടെ രണ്ട് മക്കളും ജോലിയിൽ അവരെ സഹായിക്കും. അവരോട് ഇതെല്ലാം മതിയാക്കി ഒരു വിശ്രമജീവിതം നയിക്കാൻ മക്കൾ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നാൽ, ആരോഗ്യം അനുവദിക്കുന്നതുവരെ ജോലി ചെയ്യാനാണ് അവരുടെ തീരുമാനം.  

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios