ക്ലബ്ഹൗസ് ആപ്പ് അതിവേഗത്തിലാണ് തരംഗമാകുന്നത്. നേരത്തെ തന്നെ ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് മെയ് 21ന് എത്തിയതോടെയാണ് ഈ 'ശബ്ദ' ആപ്പ് പെട്ടെന്ന് രംഗം കീഴടക്കിയത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്‍റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. 

അതിനൊപ്പം തന്നെ ഈ ആപ്പ് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ചില ചര്‍ച്ചയായ ആശങ്കകള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം. നിലവില്‍ ക്ലബ്ഹൌസില്‍ ഒരു ചര്‍ച്ച വേദി 'റൂം' ഉണ്ടാക്കിയാല്‍ അത് തീര്‍ത്തും ലൈവാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്,  ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവര്‍ പറയുന്നുണ്ട്.  നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോര്‍ഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്നങ്ങള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ കമ്പനി നിലപാട് മാറ്റിയേക്കാം. ഇത് സ്വകാര്യതയുടെ കാര്യമാണ്. 

ഇനി സാധാരണ ഉപയോക്താക്കള്‍ നേരിടാവുന്ന ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ പ്രധാനപ്പെട്ടത് ഇവയാണ്, ആൾമാറാട്ടം, ശബ്ദ തട്ടിപ്പുകള്‍ എന്നിവയാണ്. ഇവയെക്കുറിച്ച് അദ്ധ്യാപകനും ടെക് രംഗത്തെ ഗവേഷകനുമായ സുനില്‍ തോമസ് തോണികുഴിയില്‍ പറയുന്നത് ഇങ്ങനെയാണ്.

ആള്‍മാറാട്ടം: ക്ലബ്ഹൗസിന്റെ ഈ സ്റ്റേജിൽ വ്യാപകമായി ഐഡികൾ രജിസ്റ്റർ ചെയ്യപ്പെടുകയാണ്. ഫേസ്ബുക്കിലെ അടക്കം പ്രശസ്തരുടെ അടക്കം പേരില്‍ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഈ പ്രശസ്തരുടെ അക്കൌണ്ടുകള്‍ ശരിയാണോ എന്ന് അവരുടെ ക്ലബ്ഹൌസിലെ ആരാധകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  ക്ലബ് ഹൗസിൽ അംഗത്വമെടുത്തവർ  പക്ഷെ  ഇത് ഒരു സുരക്ഷിത പ്ലാറ്റ് ഫോമാണ്  എന്ന് കരുതുന്നുണ്ടാകാം. പ്രത്യേകിച്ചും ആരാണ് നിങ്ങളെ ഇൻ വൈറ്റ് ചെയ്തത് എന്ന വിവരം ലഭ്യമായിട്ടുള്ളപ്പോൾ.

പക്ഷെ വെർച്ച്വൽ നമ്പറുകൾ, നിയമവാഴ്ചയില്ലാത്ത രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഉള്ള നമ്പറുകൾ ഉപയോഗിച്ചാൽ പലപ്പോഴും ഉറവിടം കണ്ടെത്താന്‍ പറ്റാത്ത അക്കൌണ്ടുകള്‍ സൃഷ്ടിക്കാം. അതിനാൽത്തന്നെ  ഒറ്റ അക്കൗണ്ടിനെയും അമിതമായി വിശ്വസിക്കരുത്. മറ്റ് ഏതൊരു സോഷ്യല്‍ മീഡിയയുടെ സുരക്ഷിതത്വമെ ഇവിടെയും ലഭ്യമാകൂ. ഇവിടുത്തെ സംസാരങ്ങള്‍ സംസാരങ്ങളും 24 x 7 റെക്കോഡ് ചെയ്യുന്നുണ്ടാകും. അതിനാല്‍ സംസാരത്തിലും മിതത്വം ആവശ്യമായി വരും.

നേരത്തെ  ഇന്ത്യയില്‍ ഈ ആപ്പ് വാര്‍ത്തകളില്‍ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ച പ്രശാന്ത് കിഷോറിന്‍റെ ചില ഓഡിയോ ക്ലിപ്പുകള്‍ വിവാദമായിരുന്നു. ഈ വിവാദം സുരക്ഷിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ശബ്ദതട്ടിപ്പുകള്‍: സ്ത്രീകളുടെ ശബ്ദം പുരുഷൻ ന്റെതാക്കുന്നതിനും തിരിച്ചും ഉള്ള ആപ്പുകൾ ലഭ്യമാണ്. മിക്കവാറും സെലിബ്രിട്ടി ഒക്കെ നേരിട്ട് സംസാരിക്കുന്ന ടൈപ്പ് തട്ടിപ്പുകൾ വരാൻ സാധ്യതയുണ്ട്. നിലവിൽ ക്ലബ് ഹൗസിൽ ഹണിമൂൺ കാലത്താണ് എന്ന് പറയാം. കൂടുതൽ അറിയാനിരിക്കുന്നതെയുള്ളൂ. നേരിൽ പരിചയമില്ലാത്ത ആരേയും ഇൻവൈറ്റ് ചെയ്യാതിരിക്കുക. ക്ലബുകൾ വഴി സാമ്പത്തിക ഇടപാടുകൾ പണം കൈമാറ്റം എന്നിവ ചർച്ച ചെയ്യാതിരിക്കുക. അപരിചിതര്‍ക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരം ബയോ ഇടാതിരിക്കുക.