പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച  'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് 'ഭാരത് കി ലക്ഷ്മി'. രാജ്യത്തെ സ്ത്രീകളുടെ മാതൃകപരമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രചാരണത്തെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

'കഴിവ്, നിശ്ചയദാര്‍ഢ്യം, ഉറച്ചതീരുമാനം, സമര്‍പ്പണം എന്നിവ ഇന്ത്യന്‍ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ഈ വീഡിയോയിലൂടെ പി.വി. സിന്ധുവും ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി' ആഘോഷിക്കേണ്ടതിന്റെ സന്ദേശം മികച്ചരീതിയില്‍ പകരുന്നുണ്ട്'' - പ്രധാനമന്ത്രി ട്വീറ്റുചെയ്തു.

 വീഡിയോയില്‍ ദീപികയും സിന്ധുവും അവരുടെ ജീവിതാനുഭവം പറയുകയും ഒപ്പം സമൂഹത്തിന് വേണ്ടി സേവനം ചെയ്തവരുടെ കഥ പറയുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സമൂഹങ്ങൾ വളരുന്നെന്ന് പിവി സിന്ധു കുറിച്ചു.