ദില്ലി: രാജ്യത്ത്  മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ദില്ലിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 
സ്ത്രീകളില്‍ മദ്യപാന ശീലം കൂടുന്നതോടൊപ്പം കുടിക്കുന്ന മദ്യത്തിന്‍റെ അളവിലും വര്‍ധനവ് കണ്ടെത്തിയിട്ടുണ്ട്.

18-45 പ്രായക്കാര്‍ക്കിടയില്‍ അമിത മദ്യപാന ശീലമുണ്ടെന്നും പഠനം പറയുന്നു. ഉയര്‍ന്ന സാമ്പത്തികാവസ്ഥ, ആഗ്രഹങ്ങള്‍, സാമൂഹിക സമ്മര്‍ദം. ജീവിത രീതി എന്നിവയാണ് സ്ത്രീകളെ മദ്യപാനത്തിലേക്ക് അടുപ്പിക്കുന്നതായി കണ്ടെത്തിയ കാരണങ്ങള്‍. സിനിമയും ടെലിവിഷനും മദ്യപാനത്തെ സ്വാധീനിക്കുന്നു. 
2010-2017 കാലഘട്ടത്തില്‍ രാജ്യത്തെ മദ്യപാനം 38 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

ആളോഹരി മദ്യപാനം 2.4 ലിറ്ററില്‍നിന്ന് 5.7 ലിറ്ററായും വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകളിലെ മദ്യപാനം 25 ശതമാനം വര്‍ധിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്.