Asianet News MalayalamAsianet News Malayalam

വായ്ക്കകത്ത് കണ്‍പീലികളുമായി യുവതി; കാരണം കണ്ടെത്തിയ ഡോക്ടര്‍മാര്‍ അമ്പരന്നു!

19 വയസുള്ളപ്പോഴാണത്രേ ആദ്യമായി യുവതി ഇത് കണ്ടെത്തുന്നത്. മോണയില്‍ നിന്ന് കണ്‍പീലികള്‍ പോലെ നേര്‍ത്ത്, തവിട്ടുനിറത്തില്‍ രോമങ്ങള്‍ വളരുന്നു. അങ്ങനെ അടുത്തുള്ള ഒരാശുപത്രിയില്‍ അവര്‍ ചികിത്സ തേടിയെത്തി. അസാധാരണമായ ഈ അവസ്ഥയ്ക്ക് കാരണമെന്തെന്നുള്ള അന്വേഷണമായി പിന്നെ. ഒടുവില്‍ അവര്‍ കാരണം കണ്ടെത്തുക തന്നെ ചെയ്തു
 

woman with growing eyelashes inside her mouth
Author
Italy, First Published Feb 8, 2020, 6:41 PM IST

പലപ്പോഴും കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മെ അമ്പരപ്പിക്കാറില്ലേ? എന്നാല്‍ ഡോക്ടര്‍മാര്‍ പോലും അമ്പരന്നുപോകുന്ന അസുഖങ്ങളാണെങ്കിലോ! സാധാരണക്കാരായ നമ്മള്‍ എന്ത് പറയാന്‍! അത്തരമൊരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

വായ്ക്കകത്ത് തവിട്ടുനിറത്തില്‍ കണ്‍പീലികളെപ്പോലെ രോമങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥ. ഇറ്റലിയിലാണ് ഈ അപൂര്‍വ്വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിയാറുകാരിയായ ഒരു യുവതിയാണ് ഇങ്ങനെയൊരു ദുരവസ്ഥ നേരിടുന്നത്. 

19 വയസുള്ളപ്പോഴാണത്രേ ആദ്യമായി യുവതി ഇത് കണ്ടെത്തുന്നത്. മോണയില്‍ നിന്ന് കണ്‍പീലികള്‍ പോലെ നേര്‍ത്ത്, തവിട്ടുനിറത്തില്‍ രോമങ്ങള്‍ വളരുന്നു. അങ്ങനെ അടുത്തുള്ള ഒരാശുപത്രിയില്‍ അവര്‍ ചികിത്സ തേടിയെത്തി. അസാധാരണമായ ഈ അവസ്ഥയ്ക്ക് കാരണമെന്തെന്നുള്ള അന്വേഷണമായി പിന്നെ. 

ഒടുവില്‍ അവര്‍ കാരണം കണ്ടെത്തുക തന്നെ ചെയ്തു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) മൂലം യുവതിയിലുണ്ടായ അനിയന്ത്രിതമായ ഹോര്‍മോണ്‍ വ്യതിയാനമാണത്രേ വായ്ക്കകത്ത് രോമം വളരാന്‍ കാരണമായത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ രോമവളര്‍ച്ച അമിതകമാകുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ മോണയില്‍ നിന്ന് രോമം വളരുന്ന അവസ്ഥ- ഇത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു.

അന്ന് വായില്‍ നിന്ന് രോമങ്ങള്‍ നീക്കാന്‍ ഒരു ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ 'ബാലന്‍സ്' ചെയ്യാനുള്ള ഗുളികകളും യുവതിക്ക് നല്‍കി. എന്നാല്‍ അഞ്ച് വര്‍ഷത്തിനകം വീണ്ടും പഴയ പ്രശ്‌നവുമായി അതേ ആശുപത്രിയില്‍ ചികിത്സ തേടി യുവതിയെത്തി. ഡോക്ടര്‍മാര്‍ എഴുതിനല്‍കിയ ഗുളിക, കഴിക്കുന്നത് ഇതിനിടെ സ്വന്തം ഇഷ്ടപ്രകാരം യുവതി നിര്‍ത്തിയിരുന്നു.

അങ്ങനെ ഇരുപത്തിയഞ്ച് വയസിലേക്ക് കടന്നപ്പോള്‍ യുവതി രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കും വിധേയയായി. വീണ്ടും പഴയ മരുന്നുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയാല്‍ പതിയെ രോമവളര്‍ച്ച തുടങ്ങും. ഇതാണ് യുവതിയുടെ നിലവിലെ അവസ്ഥ. വായ്ക്കകത്ത് മാത്രമല്ല, മുഖത്തും കഴുത്തിലുമെല്ലാം ഇവര്‍ക്ക് അമിതമായ രോമവളര്‍ച്ചയുണ്ടത്രേ.

കഴിഞ്ഞ ഒരു വര്‍ഷമായി മരുന്ന് മുടങ്ങാതെ കുടിക്കുന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങളില്ലാതെ തുടരുന്നു. എന്തായാലും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇത്തരമൊരു അസാധാരണമായ അവസ്ഥയുണ്ടാകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നും അതുകൊണ്ട് തന്നെ യുവതിയുടെ കേസ് വിശദമായ പഠനത്തിന് വിധേയമാക്കാനാണ് തീരുമാനമെന്നും വിദഗ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios