Asianet News MalayalamAsianet News Malayalam

ലെക്‌സസ്; ആഢംബരത്തിന്‍റെ രാജകുമാരന്‍

Lexus review Baiju N Nair
Author
First Published Sep 26, 2017, 9:53 AM IST

Lexus review Baiju N Nair

ലെക്‌സസ്
1989ലാണ് ലെക്‌സസ് ബ്രാന്റിന്റെ ജനനം. ആദ്യ വാഹനം എൽഎസ് 400 ആയിരുന്നു. ഈ മോഡലിന്റെ ബോണറ്റിൽ ഷാംപെയ്ൻ ഗ്ലാസുകൾ ഒന്നിനുമേലെ ഒന്നായി ഉയർത്തിവെച്ചിട്ട്, കാർ സ്റ്റാർട്ട് ചെയ്യുന്നതും ഗ്ലാസുകൾ താഴെ വീഴാതെ, വിറപോലും കൊള്ളാതിരിക്കുന്നതുമായിരുന്നു ആദ്യ ടെലിവിഷൻ പരസ്യം. സാച്ചി ആന്റ് സാച്ചി എന്ന അഡ്‌വർടൈസിങ് ഏജൻസി ചെയ്ത ഈ പരസ്യത്തോടെ തന്നെ ലെക്‌സസ് ഹിറ്റായി.

60 ഡിസൈനർമാർ, 24 എഞ്ചിനീയറിംഗ് ടീമുകൾ, 1400 എഞ്ചിനീയർമാർ, 2300 ടെക്‌നീഷ്യന്മാർ, 220 തൊഴിലാളികൾ എന്നിവർ ചേർന്ന ടീമാണ് ആദ്യ ലെക്‌സസ് മോഡലിന് ജന്മം നൽകിയത് 450 പ്രോട്ടോടൈപ്പുകൾ  നിർമ്മിക്കപ്പെട്ടു. (ഇതിനായി മാത്രം ഒരു കോടി ഡോളർ ചെലവായി!) ഒടുവിൽ എൽഎസ്. 400ന്റെ അവസാനരൂപം തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യവർഷം തന്നെ 7000ലേറെ എൽഎസ് 400 കൾ വിറ്റതോടെ ടൊയോട്ടയ്ക്ക് ആത്മവിശ്വാസമായി. തുടർന്ന് ഇഎസ് 250, എസ് സി 400, ഇഎസ് 300, ജിഎസ് 300, എൽഎക്‌സ് 450 എന്നിങ്ങനെ നിരവധി മോഡലുകൾ വന്നു. എല്ലാം ആഡംബരത്തിന്റെ അവസാനവാക്കുമായി. ഇപ്പോൾ 70 രാജ്യങ്ങളിലായി പ്രതിവർഷം ഏഴ് ലക്ഷത്തിലേറെ വാഹനങ്ങൾ വിൽക്കുന്ന വമ്പൻ കമ്പനിയായി മാറിക്കഴിഞ്ഞു, ലെക്‌സസ്. അതായത്, ബിഎംഡബ്ല്യു, ഓഡി, ബെൻസ് എന്നിവ കഴിഞ്ഞാൽ ലോകത്തിലേറ്റവുമധികം വിൽക്കപ്പെടുന്ന ലക്ഷ്വറി വാഹനങ്ങൾ ലെക്‌സസ്സിന്റേതാണ്.

ഇതൊക്കെ ഇവടെ പറയാൻ കാരണം ലെക്‌സസ് ഇന്ത്യയിലും ശക്തമായി ചുവടുറപ്പിച്ചു തുടങ്ങി എന്നുള്ളതുകൊണ്ടാണ്.

ഇ എസ് 300 എച്ച്, ആർഎക്‌സ് 450 എച്ച് എന്നിവയ്ക്കു ശേഷം ഇപ്പോൾ എൽഎക്‌സ് 450 ഡി എന്ന മോഡലും ലെക്‌സസ് ഇന്ത്യയിലെത്തിച്ചു കഴിഞ്ഞു. ആദ്യത്തേത് രണ്ടും ഹൈബ്രിഡാണെങ്കിൽ, എൽഎക്‌സ് 450 ഡി ഡീസൽഎഞ്ചിനോടുകൂടിയ എസ്‌യുവിയാണ്.

കേരളത്തിൽ, കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ ലെക്‌സസിന്റെ വിഭാഗവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഏറെ താമസിയാതെ 25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലെക്‌സസിന്റെ എക്‌സക്ലുസീവ് ഷോറൂം തുടങ്ങാൻ പോവുകയാണ് നിപ്പോൺ ടൊയോട്ട. ഇനി തുടർന്നു വായിക്കാൻ പോകുന്നത് എൽഎക്‌സ് 450ഡി എന്ന 'വലിയ' എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടാണ്.

കാഴ്ച
ടൊയോട്ട ലാൻഡ് ക്ലൂയിസർ എൽഡി 200ൽ നിന്നു ജനിച്ച എൽഎക്‌സ് 450 കാഴ്ചയിൽ ഒരു സംഭവം തന്നെയാണ്. 5 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ഒരു 'പ്രസ്ഥാന'മാണ് എൽഎക്‌സ് 450. ബഹുമാനത്തോടെ മാത്രമേ കൊച്ചിയിലെ പ്രൈവറ്റു ബസ്സുകാർ പോലും എൽഎക്‌സിനെ നോക്കുകയുള്ളു. വശങ്ങളിൽ നിന്നു നോക്കുമ്പോൾ എൽസി200ന്റെ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും മുൻഭാഗം ലെക്‌സസ് തന്നെയാണ്. പുതിയ ലെക്‌സസുകളുടെ കുടുംബമഹിമ വിളിച്ചോതുന്ന 'സ്പിൻഡ്ൽ ഗ്രിൽ' ആണ് ഇതിനു പ്രധാന കാരണം. എൽഇഡി ഹെഡ്‌ലാമ്പുകളിൽ ബുമറാങ് ഷെയ്പ്പുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ കാണാം. ഏറ്റവും രസകരം ഫോഗ്‌ലാമ്പ് ക്ലസ്റ്ററാണ്. ഇതിനുള്ളിൽ ഫോഗ്‌ലാമ്പ് കൂടാതെ ഒരു കോർണറിങ് ലാമ്പു കൂടിയുണ്ട്. ഈ ഭാഗം ലെക്‌സസിന്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.

Lexus review Baiju N Nair

ഉയർന്ന ബോണറ്റും വിശാലമായ മുൻവിൻഡ് ഷീൽഡും എസ്‌യുവികൾക്കു ചേരുന്നതു തന്നെ.  സൈഡ്‌പ്രൊഫൈലിൽ 18 ഇഞ്ച് ടയറുകൾ കാണാം. വിദേശത്ത് 20 ഇഞ്ചാണത്രേ ടയറുകൾ. എവിടെ നോക്കിയാലും 'ബോക്‌സി'രൂപമാണ് എൽഎക്‌സിന്. സൈഡ്ഗ്ലാസ് വിൻഡോകളെല്ലാം വലിയതാണ്. ഉൾഭാഗം അത്യന്തം പ്രസന്നമാണെന്ന് ഊഹിക്കാം. പിൻഭാഗത്തിന് ചതുരവടിവു തന്നെ. പക്ഷെ എൽഇഡി ടെയ്ൽ ലാമ്പ് അസാധാരണ ഭംഗിയുള്ളതാണ്. വിശാലമായ ബൂട്ട്‌ലിഡ് മാത്രമാണ് പിന്നിലെ മറ്റൊരു ഘടകം. ബമ്പർ വളരെ ചെറിയതാണ്.

ഉള്ളിൽ
ഉയർന്ന വാഹനമായതിനാൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാകുമെന്ന ശങ്കവേണ്ട. വാഹനത്തിന്റെ ഉയരം ഇലക്ട്രിക്കലി താഴ്ത്താനുള്ള സംവിധാനമുണ്ട്.ഉൾഭാഗം ലക്ഷ്വറിയുടെ കൂടാരമാണ്. ലോകനിലവാരമുള്ള ലെതറിന്റെയും തടിയുടെയും പൂരപ്പറമ്പാണ് എൽഎക്‌സിന്റെ ഉൾവശം. സെന്റർ കൺസോളും മറ്റും പ്രൗഢഗംഭീരമാണ്.

ഡാഷ്‌ബോർഡിനു നടുവിൽ വലിയ സ്‌ക്രീനുണ്ട്. എന്നാൽ ഇത് ടച്ച് സ്‌ക്രീനല്ല. ഇത് പ്രവർത്തിപ്പിക്കാൻ ജോയ്പാഡും സ്വിച്ചുകളുമുണ്ട്. മാർക്ക് ലെവിൻസൺ എന്ന ലോകോത്തര മ്യൂസിക് സിസ്റ്റത്തിന്റെ 19 സ്പീക്കർ യൂണിറ്റ് അഭൗമ ശബ്ദവിന്യാസം നൽകുന്നു. നാവിഗേഷൻ ഇല്ല എന്ന കുറവുണ്ട്. എന്നാൽ 360 ഡിഗ്രി പുറം കാഴ്ചകൾ നൽകുന്ന നാല് ക്യാമറകൾ എൽഎക്‌സിലുണ്ട്.

Lexus review Baiju N Nair

ഒരു അനലോഗ് ക്ലോക്ക് ഡാഷ്‌ബോർഡിൽ കാണുന്നത് രസകരമായിട്ടുണ്ട്. സെന്റർ കൺസോളിലെ ഗിയർ ലിവറിനു ചുറ്റും കുറെ സ്വിച്ചുകൾ കാണാം. ഓഫ് റോഡ് കൺട്രോളുകളാണ് ഇതിലേറെയും. ഉയർന്ന സീറ്റിങ് പൊസിഷനും വെന്റിലേറ്റഡ് സീറ്റുകളും ഒന്നാന്തരമാണ്. ഹെഡ്അപ് ഡിസ്‌പ്ലേ ഡ്രൈവർക്കായി വിൻഡ് സ്‌ക്രീനിൽ നൽകിയിട്ടുണ്ട്. മുൻ ആംറെസ്റ്റിൽ ചിൽഡ് ബോക്‌സുണ്ട്. പിൻസീറ്റിലെ ആംറെസ്റ്റിൽ എസി കൺട്രോളുകളും ടിവി റിമോട്ടും കാണാം. പിന്നിൽ മൂന്നുപേർക്ക് നിവർന്നിരിക്കുകയുമാവാം. അല്പം തുടസപ്പോർട്ട് കുറവാണ്
പിൻസീറ്റുകാർക്ക്. ധാരാളം ബൂട്ട് സ്‌പേസുണ്ട് എൽഎക്‌സിന്.

എഞ്ചിൻ
4461 സിസി വി-8 ഡീസൽ എഞ്ചിൻ മോഡൽ മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത് 265 ബിഎച്ച്പിയാണ.് ടോർക്ക് 650 ന്യൂട്ടൺ മീറ്റർ. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 3 ടണ്ണുള്ള ഈ വാഹനത്തെ പൂപോലെ വലിച്ചു പായുന്നുണ്ട് എഞ്ചിനും ട്രാൻസ്മിഷനും. ഒരു ചെറിയ ലാഗ് തുടക്കത്തിലുണ്ട്. എന്നാൽ പിന്നീട് ആ മന്ദതയൊന്നും എഞ്ചിൻ പ്രദർശിപ്പിക്കുന്നില്ല.

അമ്പരപ്പിക്കുന്ന സസ്‌പെൻഷൻ മികവുണ്ട് എൽഎക്‌സിന്. സാധാരണ വാഹനങ്ങൾ ഓടിക്കുമ്പോൾ ബ്രേക്ക് ചെയ്യേണ്ട ചെറിയ ഹമ്പുകളൊന്നും എൽഎക്‌സ് അറിയുന്നതു പോലുമില്ല.

അഡാപ്ടീവ് വേരിയബിൾ സസ്‌പെൻഷനാണ് എൽഎക്‌സിനു കൊടുത്തിരിക്കുന്നത്. നോർമൽ, ഇക്കോ, സ്‌പോർട്, കംഫർട്ട്, സ്‌പോർട്ട്പ്ലസ് എന്നീ ഡ്രൈവ് മോഡുകൾക്കനുസരിച്ച് സസ്‌പെൻഷൻ സ്വയം ക്രമീകരിക്കപ്പെടും. എന്നാൽ, 1.8 മീറ്റർ ഉയരവും ശരീരഭാരവും മൂലം ബോഡിറോൾ കുറച്ചൊക്കെ അനുഭവപ്പെടുന്നുണ്ട്. എന്നാൽ നേർറോഡുകളിൽ വിമാനയാത്രയുടെ സുഖമാണ് എൽഎക്‌സ് നൽകുന്നത്.

Lexus review Baiju N Nair

ലാൻഡ് ക്രൂയിസർ എൽ സി 200 എന്ന ലോകോത്തര ഓഫ് റോഡറിൽ നിന്ന് ജന്മം കൊണ്ടതുകൊണ്ട് ഓഫ് റോഡ് കഴിവുകളെക്കുറിച്ച് പറയേണ്ട കാര്യം തന്നെയില്ല. സാധാരണ ഉയരത്തിൽ നിന്ന് 60 മിമീ. ഓഫ് റോഡിങ്ങിൽ വർദ്ധിപ്പിക്കാം. പിൻവീൽ ലോക്ക് ആക്കാനും സ്വിച്ചുണ്ട്. 600 മി.മീ. വെള്ളക്കെട്ടിലും തുഴഞ്ഞു  നീന്തും, എൽഎക്‌സ് 450. 10 എയർ ബാഗുകൾ ഉൾപ്പെടെ ഇന്നീ ഭൂമുഖത്ത് ലഭ്യമായ എല്ലാ സുരക്ഷാ സന്നാഹങ്ങളും എൽഎക്‌സിനുണ്ട്.

2.24 കോടി രൂപയാണ് എൽഎക്‌സ് 450 ഡിയുടെ കൊച്ചി എക്‌സ്‌ഷോറൂം വില. ബെൻസ്, ഓഡി, റേഞ്ച്‌റോവർ, ബിഎംഡബ്ല്യൂ എന്നിവ ഓടിച്ചും കണ്ടും മടുത്തെങ്കിൽ ഇനിയൊരു ലെക്‌സസ് ആവാം. അസാമാന്യമായ വലിപ്പവും ഇന്റീരിയർ സ്‌പേസും റോൾസ് റോയ്‌സുകളെ വെല്ലുന്ന ആഡംബരങ്ങളും ഓഫ് റോഡ് മികവുമെല്ലാം എൽഎക്‌സ് 450 ഡിയിൽ സമ്മേളിക്കുന്നു.

 

ഈ പംക്തിയിലെ മറ്റ് വാഹന വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

തീയ്യില്‍ കുരുത്ത നെക്സോണ്‍

എസ്റ്റേറ്റ് തരംഗവുമായി വോള്‍വോ വി 90 ക്രോസ് കൺട്രി

യൂറോപ്യന്‍ സൗന്ദര്യം ആവാഹിച്ച് പുത്തന്‍ വെര്‍ണ

Follow Us:
Download App:
  • android
  • ios