മലേഷ്യന്‍ യാത്രാവിവരണം ഒന്നാം ഭാഗം

യാത്രകള്‍ ഒരിയ്ക്കലും വെറുതെയല്ല. എല്ലായ്പ്പോഴും ദീര്‍ഘനാളത്തെ പ്ലാനിങ്ങും കണക്കുകൂട്ടലുകള്‍ക്കും ഒക്കെ ശേഷമേ യാത്ര തിരിക്കാറുള്ളൂ എന്ന പതിവ് ശൈലിയില്‍ നിന്നും ഇത്തവണ ചെറിയ ഒരു മാറ്റം . പഠനയാത്രകളും മോഡല്‍ നിര്‍മ്മാണവും വരകളും ഒക്കെ ആസ്വദിക്കുന്ന മകള്‍ ഒരു ബ്രേക്ക് വേണം, യാത്ര പോകാം - നല്ല താമസം,നല്ല ഭക്ഷണം ,കുറച്ച് sight seeing എന്ന ആശയം മുന്നോട്ടു വച്ചപ്പോള്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ വേരുകള്‍ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ക്കും അതൊരു നല്ല ആശയം ആയി തോന്നി.

ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അതിന്റെ അനുബന്ധ ‘കലാപരിപാടികളും’ ആയി ഞങ്ങളും വല്ലാതെ മാനസിക ക്ലേശം ആനുഭവിക്കുകയായിരുന്നു. പലരും പ്രവാസം അവസാനിപ്പിക്കാന്‍ മടിക്കുന്നതിന്റെ കാരണങ്ങള്‍ ഞങ്ങള്‍ അപ്പോള്‍ അനുഭവിച്ചറിയുകയായിരുന്നു. ആയിടയ്ക്കാണ് ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ ഒരു ഓഫര്‍ കണ്ണില്‍ പെടുന്നത്. പേഴ്സിനു താങ്ങാവുന്നത്. പിന്നൊന്നും ആലോചിച്ചില്ല, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു,വിസ എടുത്തു, താമസം മലേഷ്യയുടെ തലസ്ഥാന നഗരിയായ കോലാലംപുരിന്റെ അഭിമാനമായ ട്വിന്‍ ടവറിനടുത്ത് തന്നെയുള്ള ഹോട്ടലില്‍ ബുക്ക്‌ ചെയ്തു.

എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഞങ്ങള്‍ യാത്ര തിരിക്കുന്ന ആ ദിവസം മുസ്ലിങ്ങളുടെ റമദാന്‍ നോമ്പ് ആരംഭിക്കുകയാണ് എന്ന് ! ഗള്‍ഫ് രാജ്യങ്ങളില്‍ ആണെങ്കില്‍ ആ സമയം പൊതു ഇടങ്ങളില്‍ ആഹാരം കഴിക്കുക എന്നത് അനുവദനീയം അല്ലല്ലോ! അപ്പോള്‍ മുസ്ലിം രാഷ്ട്രം ആയ മലേഷ്യയില്‍ ഇത് തന്നെ ആയിരിക്കില്ലേ അവസ്ഥ എന്നാലോചിച്ച് ജയകുമാറിനും മകള്‍ക്കും വേവലാതി. വിശന്നാല്‍ സ്വഭാവം മാറുന്ന ഇക്കൂട്ടരുടെ ഇടയില്‍ പെട്ട് എന്‍റെ ഗതി എന്താവും എന്ന ചെറുതല്ലാത്ത വേവലാതി എനിയ്ക്കും.! മുന്നോട്ടുവച്ച കാല്‍ പിറകൊട്ടെയ്ക്കില്ല എന്നുറപ്പിച്ചു. പിറകോട്ടു വച്ചാല്‍ ഫ്ലൈറ്റ്, വിസ, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങി എല്ലാത്തിന്റെയും കാശ് പോകുന്നത് മാത്രം മിച്ചം.

പുലര്‍ച്ചയ്ക്കുള്ള ഫ്ലൈറ്റ് ജയകുമാറിനും നിരഞ്ജനയ്ക്കും അത്ര സുഖിച്ച മട്ടില്ല. പക്ഷെ മൂന്ന് മണിയ്ക്ക് ദിവസം ആരംഭിക്കുന്ന എനിയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് കോള്‍ വരുന്നത് വരെ ഞാന്‍ എന്‍റെ കലാപരിപാടിയായ ‘വായില്‍നോട്ടം’ ആസ്വദിച്ചുകൊണ്ടിരുന്നു. വലിയ ഒരു സന്ദര്‍ശക ഗ്രൂപ്പിന്റെ കടന്നു വരവ് ഉറക്കം തൂങ്ങിയിരുന്ന യാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു. പ്രായം ചെന്നവര്‍ ആണ് ഏറെയും, കുറച്ചു ചെറുപ്പക്കാരും. പക്ഷെ എല്ലാവരും ഗ്രൂപ്പ് ലീഡര്‍ എന്ന് തോന്നിക്കുന്ന സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെ! ഫ്ലൈറ്റില്‍ ഉടനീളം ആ സ്ത്രീ സംഘാടക എന്ന നിലയില്‍ അംഗങ്ങളോട് കാണിക്കുന്ന കരുതല്‍ എല്ലാവരും ശ്രദ്ധിച്ചു. എയര്‍ ഹോസ്റ്റസ് ഭക്ഷണം വിളമ്പിയപ്പോള്‍ അവര്‍ ഓരോരുത്തരുടെയും അടുത്ത് ചെന്ന് ബുക്ക് ചെയ്ത ഭക്ഷണം തന്നെയാണ് കിട്ടിയത് എന്ന് ഉറപ്പു വരുത്തിയും ചിലര്‍ക്കെങ്കിലും ആ ഭക്ഷണപ്പൊതികള്‍ തുറന്നു കൊടുത്തതിനും ശേഷം ആണ് സ്വന്തം സീറ്റിലേയ്ക്ക് പോയത്.

അപ്പോള്‍ പലപ്പോഴും ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രകളില്‍ ഭക്ഷണം serve ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു കലപില ദൃശ്യം മനസ്സിലേക്കോടിയെത്തി!! ഒരു പൊതു ഇടം ആണെന്ന കാര്യമെല്ലാം മറന്ന് കുട്ടികളെ ഉറക്കെ ശാസിച്ചും ചിലപ്പോള്‍ ശിക്ഷിച്ചും ആഹാരം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാര്‍! അച്ചടക്കവും തീന്‍ മേശ മര്യാദകളും വീട്ടില്‍ ശരിയായി ശീലിച്ചാല്‍ പുറത്തും കുട്ടികള്‍ അത് പാലിച്ചോളും എന്നതല്ലേ ശരി! അനാവശ്യമായി ഇത്തരത്തില്‍ ചിന്തിക്കുന്ന മനസ്സിനെ ശാസിച്ചു നിര്‍ത്തി, കുറച്ചു നേരം ബുക്കുകള്‍ വായിച്ചു, പാട്ടുകള്‍ കേട്ടു,ഇടയ്ക്ക് നീലാകാശത്തില്‍ പാറിപ്പറന്നു നടക്കുന്ന മേഘപാളികളിലൂടെ ഊളിയിട്ടു, ഒരു പരിധി വരെ യാത്രയുടെ മടുപ്പിനെ ഒഴിവാക്കി.

കോലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തി. പ്രതീക്ഷിച്ചപോലെ തന്നെ അസാമാന്യ തിരക്കാണ്. ഒരു പ്രമുഖ ട്രാന്‍സിറ്റ് പോയിന്‍റ് ആയതുകൊണ്ട് പല രാജ്യത്തെയ്ക്കുള്ള യാത്രക്കാര്‍ ഉണ്ട്. എങ്കിലും വളരെ പെട്ടെന്ന് തന്നെ visa formalities കഴിഞ്ഞു. luggage ഉം എടുത്ത് ഹോട്ടലിലേയ്ക്ക് പോകുവാന്‍ ടാകിസിയും ബുക്ക്‌ ചെയ്ത് lunch air port ഇല്‍ നിന്നും കഴിച്ച്‌ താഴത്തെ നിലയില്‍ എത്തി. അവിടെയുള്ള കടകളിലൂടെ ഒന്ന് കണ്ണോടിക്കാന്‍ മറന്നില്ല. റമദാന്‍ sale/offer ബോര്‍ഡുകള്‍ എല്ലായിടത്തും ഉണ്ട്. തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന മെട്രോ, ബസ്‌, തുടങ്ങിയവയില്‍ നിന്നും നല്ല ഒരു ഗതാഗത ശൃംഖലതന്നെ ഉണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. ഞങ്ങള്‍ ടാക്സിയില്‍ കയറി, വിഷ് ചെയ്യുന്നതിനും മുന്‍പേ അദ്ദേഹത്തിന്‍റെ വക സ്വാഗതം! പോകേണ്ട സ്ഥലവും ദൂരവും ഏകദേശ സമയവും ഒക്കെ ഞങ്ങളെ ധരിപ്പിച്ചു, shall we start എന്ന് ചോദിച്ചുകൊണ്ട് യാത്ര തുടങ്ങി. നല്ല റോഡുകള്‍ ആണെന്നത് യാത്രയുടെ തുടക്കത്തിലേ ശ്രദ്ധയില്‍ പെട്ടു. വലിയ ട്രാഫിക് ഒന്നും ഇല്ല(അത് ഒരു ഞായറാഴ്ച്ചയുടെ ഔദാര്യം ആയിരുന്നു എന്ന് പിന്നീടുള്ള ദിവസങ്ങള്‍ മനസ്സിലാക്കി തന്നു) കൃത്യമായുള്ള സൈന്‍ ബോര്‍ഡസ്, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പാതയോരങ്ങള്‍, വിമാനത്താവളത്തിന് അടുത്തു തന്നെ വികസിക്കുന്ന ഒരു ടൌണ്‍ഷിപ്പ്‌,അതില്‍ മൂന്ന് യുണിവേഴ്സി റ്റികള്‍ ഉണ്ടാകും എന്ന് അഭിമാനപുരസ്സരം പറയുന്ന ഡ്രൈവര്‍! വിദ്യാഭ്യാസത്തിന്റെ മഹത്വം നന്നായി അറിയാവുന്നവന്‍ ആണെന്ന് അയാളുടെ ഓരോ വാക്കും സൂചിപ്പിക്കുന്നുണ്ടായിരുന്നു.

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതുകൊണ്ട് സംസാരം ഗംഭീരം ആയി തുടര്‍ന്നു. റബ്ബര്‍ ആയിരുന്നു ആദ്യകാലത്തെ പ്രമുഖ നാണ്യവിള എന്നും പിന്നീട് റബ്ബറിന്റെ വില ഇടിഞ്ഞപ്പോള്‍ കര്‍ഷകര്‍ പന കൃഷിയിലേയ്ക്ക് തിരിഞ്ഞു എന്ന് സൂചിപ്പിച്ചു. നിങ്ങളൊക്കെക്കൂടി ഗംഭീരമായി പന കൃഷി നടത്തി പാം ഓയില്‍ ഒരുപാട് ഉണ്ടാക്കിയിട്ടിട്ട് ഞങ്ങളുടെ വെളിച്ചെണ്ണയ്ക്ക് ഇട്ടു നല്ല പണി കൊടുത്തില്ലേ കൊച്ചു കള്ളാ എന്ന് മനസ്സില്‍ ഈര്‍ഷ്യ തോന്നി! വെളിച്ചെണ്ണയ്ക്ക് എതിരായ ഗൂഡാലോചനയും ഉദാരമായ പാം ഓയില്‍ ഇറക്കുമതിയും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള രാഷ്ട്രീയ രംഗത്തെ പ്രകമ്പനം കൊള്ളിച്ചു എന്നാണ് ഒരു ഓര്‍മ്മ! ഇന്നും അതിന്‍റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ ഉണ്ടെന്നതിനു തെളിവാണ് ഇടയ്ക്ക് ജീവന്‍ വച്ചുവരുന്ന അന്നത്തെ അഴിമതി ആരോപണങ്ങള്‍. അല്ലെങ്കിലും ആരോപണങ്ങള്‍ തെളിയിക്കപ്പെടാന്‍ ഉള്ളതല്ലല്ലോ! അതൊക്കെ താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് എന്ന് എന്തേ നാം ഓര്‍ക്കാത്തത്--- ചിന്തകളെ ശാസിച്ചു മൂലയ്ക്കിരുത്തി! 

പണ്ടേതോ മന്ത്രി മലേഷ്യയില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയതിനു ശേഷം മലെഷ്യയിലെത് പോലെ അന്താരാഷ്‌ട്ര നിലവാരം ഉള്ള റബ്ബറൈസ്ഡ് റോഡുകള്‍ നിര്‍മ്മിക്കും എന്ന് പ്രഖ്യാപിച്ചോ എന്ന അനാവശ്യ സംശയം കൂടി മനസ്സില്‍ ഉയര്‍ന്നു!! എന്‍റെ ഓര്‍മ്മശക്തി കുറവാണെങ്കിലും ഇങ്ങിനെ അനാവശ്യത്തിന് ചില ചിന്തകള്‍ ഓടിക്കയറി വരും! ചിന്തകളൊക്കെ മാറ്റി ഡ്രൈവറുമായുള്ള സംഭാഷണം തുടര്‍ന്നു. മുന്‍പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്തരം ലോക്കല്‍ അറിവുകള്‍ ബുക്കുകളില്‍ നിന്നും ലഭിയ്ക്കുന്നതിനേക്കാള്‍ പതിന്മടങ്ങ്‌ മൂല്യം ഉള്ളതാണെന്ന് യാത്രാനുഭവങ്ങള്‍ കാട്ടിത്തന്നിട്ടുണ്ട്. ടാക്സി കമ്പനികള്‍ എല്ലാം തന്നെ ഗവര്‍മെന്റ് നിയന്ത്രണത്തില്‍ ആണ്, രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ടാക്സിയില്‍ മാത്രമേ തുടര്‍ന്നുള്ള യാത്രകളില്‍ കയറാവൂ എന്ന് ഓര്‍മ്മപ്പെടുത്തി. ഓണ്‍ലൈന്‍ ടാക്സികള്‍ ഉണ്ടെങ്കിലും സ്വീകാര്യത അത്ര പോര എന്നാണ് അദ്ദേഹത്തിന്‍റെ ഭാഷ്യം. ഇലക്ട്രേണിക്സ് രംഗത്ത് പണ്ട് മലേഷ്യയ്ക്കുണ്ടായിരുന്ന അപ്രമാദിത്വം ചൂണ്ടിക്കാണിച്ചപ്പോള്‍ , ഇപ്പോള്‍ ആ മേഖല ചൈന പിടിച്ചടക്കുകയാണ് എന്നയാള്‍ വിഷമത്തോടെ പറഞ്ഞു. എങ്കിലും ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല,അല്പം വിലകൂടുതല്‍ ആണെങ്കിലും മലേഷ്യന്‍ products ഇപ്പോഴും പഴയകാല പ്രൌഢി കാത്തുസൂക്ഷിക്കുന്നു എന്നും കൂടി കൂട്ടിച്ചേര്‍ത്തു!

വിഷയം ഗതി മാറി ഭക്ഷണത്തില്‍ എത്തി. എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും പല വില നിലവാരങ്ങളില്‍ ലഭ്യമാണെന്ന് മാത്രമല്ല ഉയര്‍ന്ന ഗുണനിലവാരം ഉറപ്പു വരുത്തുന്നവ കൂടി ആണെന്ന് അയാള്‍ ആണയിട്ടു. തെരുവോരങ്ങളില്‍ നിന്നും ഫുഡ്‌ വാങ്ങികഴിചോളൂ,ഒരു പ്രശ്നവും ഉണ്ടാകില്ല ഞാന്‍ ഗാരണ്ടി എന്നയാള്‍ ഉറച്ചു പറഞ്ഞത് ശക്തമായ നിയമത്തിന്റെയും നിയമം പാലിക്കാന്‍ നിയുകതരായ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥതയും വെളിവാക്കുന്നതായിരുന്നു. അതിഥി സത്കാരത്തിനു മുന്നില്‍ എന്ന് മേനി നടിക്കുന്ന നമുക്ക് നമ്മുടെ നാട് സന്ദര്‍ശിക്കാന്‍ വരുന്നവരോട് ഇത്രയും ഉറച്ചു പറയാന്‍ കഴിയുമോ? വിഷപ്പച്ചക്കറികള്‍/ഫലങ്ങള്‍ കൃത്രിമ preservatives/നിറങ്ങള്‍, രുചി സംവര്‍ധകങ്ങള്‍, വൃത്തിഹീനമായ ചുറ്റുപാടുകള്‍, കര്‍ശനമായ നിയമങ്ങള്‍ ഉണ്ടായിട്ടും നിയമപാലനത്തിനു മടിക്കുന്ന ഉദ്യോഗസ്ഥര്‍ ....എല്ലാ ചേരുവകളും ചേര്‍ന്ന് ആഹാരം വിഷമയമാക്കുന്ന ഇന്നത്തെ കേരളത്തിന്റെ food culture കേരളീയരെ നിത്യരോഗികള്‍ ആക്കുകയാണെന്ന് നിസ്സംശയം പറയാം! എന്തായാലും ഈ ഡ്രൈവര്‍ നല്ലൊരു ടൂറിസ്റ്റ് ഗൈഡിന്റെ ജോലി സമര്‍ഥമായി നിര്‍വഹിച്ചു എന്ന് പറയാതെ വയ്യ. shopping ന് പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് മകളും ഞാനും പ്രത്യേകം ചോദിച്ചു മനസ്സിലാക്കി വച്ചു. ആവശ്യം വരും!

സമയം പോയതറിഞ്ഞില്ല. താമസസ്ഥലം എത്തി, സംഭാഷണം അവസാനിപ്പിച്ചു. ഞങ്ങള്‍ ഇറങ്ങി, ഒരു pleasant stay ആശംസിച്ചുകൊണ്ട് അയാള്‍ മടങ്ങി. ഒപ്പം തന്നെ തന്‍റെ വിസിറ്റിംഗ് കാര്‍ഡ് എല്പ്പിച്ചുകൊണ്ട് മടക്കത്തില്‍ വിളിക്കാന്‍ മറക്കേണ്ട എന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു! ചെക്ക് ഇന്‍ ചെയ്തു, എല്ലാ ജീവനക്കാരും പ്രൊഫഷണലി നന്നായി ട്രെയിന്‍ഡ് ആണെന്ന് നമുക്ക്ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. അല്‍പസമയം വിശ്രമം, പിന്നെ ഫ്രഷ്‌ ആയി പുറത്തേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു.

വിശപ്പിന്‍റെ വിളി അസഹ്യമായപ്പോള്‍ പുറത്തേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു. താമസസ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചാല്‍ പെഴ്സിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നറിയാവുന്നതു കൊണ്ട് ആ സാഹസത്തിന് മുതിര്‍ന്നില്ല! എല്ലാ യാത്രകളുടെയും ആദ്യ ദിനം ചെയ്യുന്നത് പോലെ താമസസ്ഥലവും ചുറ്റുപാടുകളും ഒന്ന് പരിചയപ്പെടാനുള്ള ശ്രമം ആയി പിന്നീട്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് തന്നെയാണ് മെട്രോ സ്റ്റേഷന്‍, KLCC,ഏറ്റവും പഴയ ഷോപ്പിംഗ്‌ mall - ampeng mall, മറ്റ്ഒട്ടനവധി shopping malls, food outlets.....വൈകുന്നെര കാഴ്ചകള്‍ ആസ്വദിച്ച് ഞങ്ങള്‍ തെരുവിലൂടെ നടന്നു. മടുപ്പിക്കുന്ന തിരക്കോ ട്രാഫിക്കോ ഒന്നും ഇല്ല. രാവിന്‍റെ ആഘോഷം എന്നോണം വര്‍ണ്ണശബളമായ ദീപാലങ്കാരങ്ങള്‍ കണ്‍ചിമ്മി തുറക്കുന്നു....വഴിയില്‍ ഒരു ചെറിയ ചൈനീസ് മാതൃകയില്‍ ഉള്ള അമ്പലം. കുറച്ചു ഭക്തര്‍ ചന്ദനത്തിരികളും മെഴുകുതിരികളും ആയി ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ കുറെ ദൂരം നടന്നു. നല്ലൊരു food outlet കണ്ടുപിടിക്കുക എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നല്ലോ! ഏതായാലും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിനടുത്തുതന്നെ ഉള്ള ഒരു ചെറിയ വൃത്തിയുള്ള restaurant - nasi kandar pelita - നടത്തത്തിന്‍റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. അവിടെ തന്നെ ആകാം ആദ്യ പരീക്ഷണം എന്ന് തീരുമാനിച്ചു. താരതമ്യേന തിരക്കൊഴിഞ്ഞ എന്ന് തോന്നിച്ച ആ സ്ഥലം ഇപ്പോള്‍ നിറഞ്ഞു കവിയുകയാണ്. നടുക്ക് kitchen ചുറ്റും കസേരകള്‍ ഇട്ടിട്ടുണ്ട്, ധാരാളം ജോലിക്കാരും ഓടിനടക്കുന്നുണ്ട്.

പാര്‍ക്കിംഗ് സ്പേസ് ഉള്ളതുകൊണ്ട് ചുറ്റും ആഡംബര കാറുകള്‍ ഉള്‍പ്പടെ ധാരാളം കാറുകളും! അവിടെ ഭാഷ പ്രശ്നം ആയി,എങ്കിലും ചിത്രങ്ങള്‍ സഹായത്തിന് എത്തി! self service counter ഇല്‍ non veg വിഭവങ്ങള്‍ നിരന്നിരിയ്ക്കുന്നത് കണ്ടതോടെ ജയകുമാറിന്റെ വെജിറ്റേറിയന്‍ വ്രതം അവസാനിച്ചു! ആവശ്യമുള്ള വിഭവങ്ങള്‍ സ്വന്തം പ്ലേറ്റിലെയ്ക്ക് വിളമ്പുക, counter ഇല്‍ നിന്നും അതിനുള്ള ബില്‍ വാങ്ങുക കഴിക്കുക...ഫ്രഷ്‌ ആയ സമുദ്ര വിഭവങ്ങള്‍ ഉള്‍പ്പെടുന്ന non veg സദ്യ ജയകുമാര്‍ നന്നായി ആസ്വദിച്ചു. pure വെജിറ്റേറിയന്‍ ഭക്ഷണം എന്നത് ഇപ്പോഴും പലയിടങ്ങളിലും കിട്ടാക്കനി ആണെന്ന് എന്‍റെ ദോശ – ചട്ണി - സാംബാര്‍ പ്ലേറ്റിലുള്ള മീന്‍ചാര്‍ ഓര്‍മ്മിപ്പിച്ചു! കുംഭസേവ ഭംഗിയായിരുന്നു.

നേരെ മുറിയിലേയ്ക്ക് പോയാല്‍ പിന്നെ കുംഭകര്‍ണ്ണസേവ ആയിരിക്കും നടക്കുക എന്നത് പകല്‍ പോലെ വ്യക്തം. അതുകൊണ്ട് ആ ലൈന്‍ ഉപേക്ഷിച്ചു, നേരെ റോഡു മുറിച്ചു കടന്നു. മാളിലെയ്ക്ക്! ജയകുമാര്‍ അപകടം മണത്തറിഞ്ഞു. പക്ഷെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല, ഞങ്ങള്‍ വനിതാരത്നങ്ങള്‍ ജൈത്രയാത്ര നടത്തി! രാത്രി ഏറെ വൈകിയാണ് റൂമില്‍ എത്തിയത്, shopping ന്‍റെ സന്തോഷത്തില്‍ ഞങ്ങളും പേഴ്സിന് നേരെയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ മാരകമായ പരിക്കേറ്റതിന്‍റെ വേദനയില്‍ ജയകുമാറും ഉറങ്ങി.

(തുടരും)