ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയ്‍ക്കായി പ്രഭാസ് എന്ന നടന്‍ മാറ്റി വച്ചത് തന്‍റെ കരിയറിലെ അഞ്ച് വര്‍ഷങ്ങളാണ്. മഹേന്ദ്ര ബാഹുബലിയായും അമരേന്ദ്ര ബാഹുബലിയായും ജീവിക്കുകയായിരുന്നു ഈ വര്‍ഷമത്രയും പ്രഭാസ്. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ വന്‍ വിജയത്തിനു ശേഷം ഈ നടന്‍ പറയുന്നത് ബാഹുബലിക്കായി വേണമെങ്കിൽ ഇനിയും ഒരു ഏഴുവർഷം നൽകാൻ താൻ തയ്യാറാണെന്നാണ്. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് മനസ് തുറന്നത്.

ഒരു നടനെന്ന നിലയിൽ ബാഹുബലി തനിക്ക് വാക്കുകളിൽ ഒതുങ്ങാത്ത വികാരമാണ്. ഈ കഥാപാത്രം എന്നും തന്റെ കൂടെയുണ്ട്. രാജമൗലി സാറിലുള്ള വിശ്വാസവും ആദരവുമായിരുന്നു തന്‍ന്റെ ആത്മധൈര്യമെന്നു പറയുന്ന പ്രഭാസ് ബാഹുബലി എന്ന കഥാപാത്രം അത്രവലുതാണെന്നൊരു ചിന്ത മനസിലുണ്ടായിരുന്നുവെന്നും പറയുന്നു. ബാഹുബലിക്കായി വേണമെങ്കിൽ ഇനിയും ഒരു ഏഴുവർഷം കൂടി നൽകാൻ താൻ തയ്യാറാണ്.

സ്കൂളില്‍ പഠിക്കുമ്പോള്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നു പറയുന്ന പ്രഭാസ് താനൊരു നാണംകുണുങ്ങിയായിരുന്നുവെന്നും തുറന്നു പറയുന്നു. 18, 19 വയസ്സായപ്പോഴാണ് നടൻ ആകണമെന്ന ആഗ്രഹം തോന്നുന്നത്. അച്ഛനോടും അമ്മാവനോടും ഇക്കാര്യം പറഞ്ഞു. അവരത് സന്തോഷത്തോടെ സ്വീകരിച്ചു.

ബാഹുബലിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ രാജമൗലി സാറിന്റെ മനസ്സിലുളളതുപോലെ ചെയ്യുക എന്നതുമാത്രമായിരുന്നു ഒറ്റ ലക്ഷ്യം. ഓഡിയൻസിനെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു അഭിനയം. എന്നാല്‍ ഇത്ര അംഗീകാരം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

ചിത്രത്തിന്‍റെ രണ്ടാം ഭാഗം പൂർത്തിയാകുമ്പോൾ ഏറ്റവം കൂടുതൽ സമ്മർദം അനുഭവിച്ചത് താനാണ്. ചിത്രത്തിന്‍റെ ആദ്യഭാഗം തുടക്കം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച ഓരോ ആളുകളും അതിഗംഭീരമാക്കിയിരുന്നു. എല്ലാരീതിയിലും കുറ്റമറ്റതായിരുന്നു ചിത്രം. ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകളാണ് ചിത്രത്തിനായി നടത്തിയത്. ഭക്ഷണരീതിയും ലൈഫ്സ്റ്റൈൽ തന്നെയും പൂർണമായും മാറ്റി. അച്ഛൻ–മകൻ കഥാപാത്രം ഒരുപോലെ അഭിനയിക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അച്ഛന്റെയും മകന്റെയും വികാരങ്ങൾ മനസ്സിലാക്കുക , ആ കഥാപാത്രങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിക്കുക തുടങ്ങിയവ ഏറെ പ്രയാസപ്പെടുത്തി.

രണ്ടാം ഭാഗം ഇത്രവലിയ ഹിറ്റായത് ആദ്യ ഭാഗത്തിന്‍റെ ജനപ്രിയത കൊണ്ടാണ്. പ്രാദേശിക സിനിമകളെ സംബന്ധിച്ചടത്തോളം ബാഹുബലി വലിയൊരു പ്രതീക്ഷയാണെന്നും ബാഹുബലി മാത്രമാണ് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ലോകം മുഴുവനുള്ള പ്രേക്ഷകരെ കീഴടക്കിയതെന്നും പ്രഭാസ് പറയുന്നു.