ജയറാമിന്റെ മേക്ക് ഓവര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

കൊമേഡിയന്‍.. അവതാരകന്‍ ഇതിലെല്ലാത്തിനുപരി സിനിമാതാരം കൂടിയായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം, അനുശ്രീ, സലീം കുമാര്‍, ധര്‍മജന്‍.. തുടങ്ങിയവര്‍ ഒന്നിക്കുന്ന വമ്പന്‍ താരനിര. നിര്‍മാണം മണിയന്‍ പിള്ള രാജു. സിനിമയുടെ പ്രതീക്ഷ വര്‍ധിപ്പിക്കാന്‍ ഇത്രയൊക്കെ തന്നെ ധാരാളം. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. അവധികാലത്ത് ആസ്വദിക്കാവുന്ന ഒരു കളര്‍ഫുള്‍ സിനിമ തന്നെയാണ് പഞ്ചവര്‍ണതത്ത.

തിരുവനന്തപുരം ന്യൂ തിയേറ്ററില്‍ നിറഞ്ഞ സദസിലായിരുന്നു ആദ്യ ദിവസത്തെ പ്രദര്‍ശനം. ജയറാമിന്റെ മേക്ക് ഓവര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മൊട്ടത്തലയും കുടവയറുമായി പുതിയൊരു ജയറാമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ശബ്ദത്തിലും കാര്യമായ മാറ്റമുണ്ട്. ഊരും പേരുമില്ലാത്ത ഒരു കഥാപാത്രമാണ് ജയറാമിന്റേത്. വളര്‍ത്തു പക്ഷികളോടും മൃഗങ്ങളോടുമാണ് അയാള്‍ക്ക് കൂട്ട്. കൂടെ ഇവയുടെ കച്ചവടവും. കഥാപാത്രം ജയറാമില്‍ ഭദ്രമായിരുന്നു. അടുത്തിടെ പരാജയങ്ങള്‍ മാത്രം സമ്മാനിച്ച ജയറാമിന് ഈ കഥാപാത്രം ഒരു ബ്രേക്ക് ത്രൂ നല്‍കുമെന്നതില്‍ സംശയമൊന്നുമില്ല.

എംഎല്‍എയുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍. ജയറാമിനോളം തുല്യമായ മാറ്റൊരു കഥാപാത്രം. കലേഷ് എന്നാണ് ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേര്. മുന്‍ സിനിമകളെ അപേക്ഷിച്ച്, അത്യാവശ്യം കോമഡി രംഗങ്ങളും ചാക്കോച്ചന് ഒരുക്കിയിട്ടുണ്ട്. ഭംഗിയായി തന്നെ ചാക്കോച്ചന്‍ കഥാപാത്രത്തെ കൈകാര്യം ചെയ്തു. ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായിരുന്നിട്ടും ചെയ്യാമെന്നേറ്റ മനസ് തന്നെയാണ് അഭിനയത്തേക്കാള്‍ കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നത്.

ചാക്കോച്ചിന്റെ ഭാര്യയായി അനുശ്രീയും അമ്മയായി മല്ലിക സുകുമാരനും. രണ്ട് പേരും കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം നല്‍കി. മലയാള സിനിമാ പ്രേക്ഷകര്‍ മുമ്പെവിടെയോ കണ്ടുമറന്ന സലീം കുമാറിനെ ചിത്രത്തിന്റെ ചില രംഗങ്ങളിലെങ്കിലും കാണാം. കണ്ട് മറന്ന താരങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് പഞ്ചവര്‍ണതത്ത. പ്രേം കുമാര്‍, കുഞ്ചന്‍, അശോകന്‍ തുടങ്ങിവരെല്ലാം ഉദാഹരണം. അശോകന്‍, പ്രേം കുമാര്‍ എന്നിവരുടെ കോമഡി ടൈമിങ്ങും എടുത്ത് പറയേണ്ടിയരിക്കുന്നു.

സിനിമയെ മുഴുനീളെ ബോറഡിയിലേക്ക് തള്ളിവിടുമോ എന്ന് തോന്നുന്നതായിരുന്നു ചിത്രത്തിന്റെ തുടക്കം. ആദ്യ പതിനഞ്ച് മിനിറ്റില്‍ ഒട്ടും രസകരമല്ലാത്ത ഒരു പാട്ടുകൂടെയായപ്പോള്‍ ടിക്കറ്റ് കാശ് മുതലാവില്ലെന്ന് കരുതും. എന്നാല്‍ പതിയെ പഞ്ചവര്‍ണതത്ത പറന്നു തുടങ്ങി. പൊട്ടിച്ചിരിപ്പിക്കുന്നില്ലെങ്കിലും പുഞ്ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ പിഷാരടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

ഇന്റര്‍വെല്ലിന് തൊട്ടമുമ്പ് ചിത്രം അതിന്റെ കഥയിലേക്ക് കടക്കും. ഒന്നാം പകുതിയേക്കള്‍ ഊര്‍ജസ്വലമാണ് രണ്ടാം പകുതി. രണ്ടാം പകുതിയില്‍ ജയറാമിന്റെ സഹായിയായി ധര്‍മജന്‍ കൂടി എത്തുന്നതോടെയാണ് സിനിമയുടെ സ്വഭാവം മാറുന്നത്. എന്നാല്‍ ഇവിടേയും മുഴച്ച് നില്‍ക്കുന്ന ചില കോമഡി രംഗങ്ങള്‍ സിനിമയുടെ ഒഴുക്കിനെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്്. അവസാന 20 മിനിറ്റില്‍ സസ്‌പെന്‍സും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകര്‍ സ്റ്റേജില്‍ കാണുന്ന രമേഷ് പിഷാരടിയെ പ്രതീക്ഷാതെ പോയാല്‍ അവധികാലത്ത് ആസ്വദിച്ച് ഇരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് പഞ്ചവര്‍ണതത്ത. അങ്ങനെയെങ്കില്‍ പഞ്ചവര്‍ണതത്ത പതുക്കെ പതുക്കെ പറന്നുയരും.