സര്‍ക്കസ് കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി. എഐവൈ വിഭാഗത്തില്‍പ്പെട്ട ആദിവാസി മേഖലകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 47000 കിറ്റുകളാണ് ഇന്ന് വിതരണം ചെയ്‍തത്. 

ലോക്ക് ഡൗണ്‍ കാരണം കഷ്ടത്തിലായ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ നല്‍കും

കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള സ്റ്റേറ്റ് ഈറ്റ, കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നും തൊഴിലാളികള്‍ക്ക് ആയിരം രൂപ വിതം നല്‍കും.

സര്‍ക്കസ് കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തീരുമാനമായി. നഗരസഭകളില്‍ ശുചീകരണ, മാലിന്യ സംസ്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പാസ് നല്‍കും. അവരെ തടയുന്ന സംഭവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

അതേസമയം സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്.