ഒരു വിധം തരക്കേടില്ലാതെ പഠിച്ചാല്‍ പത്താം  ക്ലാസ് കഴിഞ്ഞു പെണ്‍കുട്ടികളെ രണ്ടാം ഗ്രൂപ്പ് എടുപ്പിച്ചു  നഴ്‌സിംഗിനു വിടുന്ന ഒരു ആചാരം നിലനിന്നിരുന്ന ഒരു കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചു  വളര്‍ന്നത്.

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. 

'മോം എനിക്ക് ഡോക്ടര്‍ ആകേണ്ട. ഡോക്ടര്‍ എന്റെ സ്വപ്നം അല്ല. എനിക്ക് പൈലറ്റ് ആയി പറന്നുയരണം'

കരിയര്‍ കൗണ്‍സിലിങ് റൂം ആണ് സീന്‍. മുന്നിലിരിക്കുന്നത് പത്താം ക്ലാസ്സുകാരി മിടുക്കി. 

അവള്‍ അവസാനം പറഞ്ഞ വരികളിലുടക്കിയാണ് എന്റെ കണ്ണ് നനഞ്ഞതു.

'എനിക്കറിയാം ഞാന്‍ പെണ്ണ് ആയതു കൊണ്ടാണ്. അത് കൊണ്ട് മാത്രമാണ് അവര്‍ സമ്മതിക്കാത്തത്. അനിയന്‍ പറയുന്നതെന്തും അവര്‍ കേള്‍ക്കും . സമ്മതിച്ചു കൊടുക്കും.'

മഞ്ജു വാരിയരുടെ ഒരു സിനിമയുണ്ട്. 'ഹൗ ഓള്‍ഡ് ആര്‍ യൂ?' അതിലെ ഒരു ചോദ്യമുണ്ട് . ആരാണ് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് തീരുമാനിക്കുന്നത് എന്ന്.

എന്റെ മുന്നിലിരിക്കുന്ന പത്താം ക്ലാസുകാരിയുടെ സ്ഥാനത്തു പണ്ട് ഇത് പോലെ ഡിഗ്രികഴിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം വന്നു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നഷ്ട സ്വപ്നങ്ങള്‍.

ഒരു വിധം തരക്കേടില്ലാതെ പഠിച്ചാല്‍ പത്താം ക്ലാസ് കഴിഞ്ഞു പെണ്‍കുട്ടികളെ രണ്ടാം ഗ്രൂപ്പ് എടുപ്പിച്ചു നഴ്‌സിംഗിനു വിടുന്ന ഒരു ആചാരം നിലനിന്നിരുന്ന ഒരു കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചു വളര്‍ന്നത്. അത് മുന്‍കൂട്ടി കണ്ടു ഞാന്‍ ഒന്നാം ഗ്രൂപ്പ് എടുത്തു. എന്നിട്ടും ഡിഗ്രി കഴിഞ്ഞപ്പോള്‍ പത്ര പ്രവര്‍ത്തനം എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാതിരുന്നതിന്റെ കാരണം ആരോക്കെയോ പറഞ്ഞു എന്നില്‍ തറഞ്ഞു കയറിയ മറികടക്കാന്‍ കഴിയാതെ പോയ ആ ഭയമാണ്. പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ലത്രെ. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധം മാത്രം.

ഫെമിനിസ്റ്റ് എന്ന വാക്കിന്റെ മലയാളം ഡിക്ഷണറി അര്‍ഥം സ്ത്രീസ്വാതന്ത്ര്യവാദി അല്ലെങ്കില്‍ സ്ത്രീവിമോചനവാദി എന്നതാണ്. അതിലെവിടെയാണ് പുരുഷ വിദ്വേഷം? ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിലെങ്ങനെയാണ് നിങ്ങള്‍ പുരുഷ വിദ്വേഷം കണ്ടെത്തുന്നത്? അതെങ്ങനെ അധികാരങ്ങളെ ചോദ്യം ചെയ്യലായി മാറും?

നീയൊരു പെണ്ണാണ്, അതുകൊണ്ടു നീ പെണ്ണിനെ പോലെ പെരുമാറണം എന്ന് കേള്‍ക്കാത്ത എത്ര പേരുണ്ടാകും എന്റെ വര്‍ഗ്ഗത്തില്‍.

ആരാണ് ഈ പെരുമാറ്റരീതികള്‍ പെണ്‍കുട്ടികള്‍ക്കായി നിശ്ചയിച്ചു തീരുമാനിച്ചു വെച്ചിട്ടുള്ളത്.

വിര്‍ജീനിയ വുള്‍ഫ് എഴുതിയ 'A Room of Her Own' എന്ന പുസ്തകത്തില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. വീട്ടിലെ ഓരോരുത്തര്‍ക്കായി വീതിച്ചു നല്‍കിയ എല്ലായിടങ്ങളിലും കയറി ഇറങ്ങി പണിയെടുക്കുമ്പോഴും അവള്‍ക്കു മാത്രമായി ആ വീട്ടില്‍ ഒരു ഇടം കണ്ടെത്താനാകാതെ പോകുന്നതാണ്. അല്ലെങ്കില്‍ അതെത്രത്തോളം ആവശ്യമാണെന്ന തിരിച്ചറിവാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഇടങ്ങള്‍ തന്നെയാണ് പ്രശ്‌നം.

പെണ്ണെഴുത്തിനോടുള്ള ഇഷ്ടം ആയിരിക്കണം ഒരു ഇടം ഉണ്ടാക്കിയെടുക്കേണ്ടത് അവനവന്‍ തന്നെയാണ് എന്ന ചിന്ത വളര്‍ത്തിയത് അന്നും ഇന്നുംഅത് തന്നെ വിശ്വസിക്കുന്നു.

ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയുന്നതിന് എത്രയോ മുമ്പ് ഫെമിനിസ്റ്റ് ആയവരില്‍ ഒരാളാണ് ഞാനും.

ബുദ്ധി ഉറയ്ക്കാത്ത പ്രായത്തില്‍ ആണ്‍ പെണ്‍ തരം തിരിവ് കണ്ടു പലപ്പോഴും വേദനിച്ചിട്ടുണ്ട്. തിരിച്ചറിവ് വന്നപ്പോള്‍ കലഹിച്ചിട്ടുണ്ട്. മൂന്നു പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ക്ക് ചാര്‍ത്തികൊടുക്കുന്ന കരുണയും സഹതാപവും പപ്പക്കും മമ്മിക്കും കിട്ടിയിരുന്നത് അക്കാലത്തു വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പെണ്ണായതിന്റെ പേരില്‍, വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിന്റെ പേരില്‍ നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങള്‍ വേറെയും.

വലുതായപ്പോള്‍ അതൊരു വാശിയായി.

ഫിലിം ഫെസ്റ്റിവലുകളിലെ അഞ്ചു മണിക്ക് ശേഷമുള്ള ഷോ കാണാന്‍ പെണ്‍കുട്ടികള്‍ കുറവായിരിക്കും. (ടാറിടാത്ത ഇരുണ്ട ഇടവഴിയില്‍ മമ്മി ടോര്‍ച്ചുമായി വന്നു നില്‍ക്കുന്നത് ഓര്‍ത്തു ഒഴിവാക്കിയിട്ടുള്ള എത്ര എത്ര യാത്രകള്‍, പ്രോഗ്രാമുകള്‍.) തൃശൂരില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഒരു ദിവസം. വൈകിട്ട് ഏഴ് മണിക്കാണ് ലാസ്റ്റ്് ഷോ. കാണണമെന്ന് വളരെ ആഗ്രഹിച്ച ഒരു പടം ആണ്. എട്ട് മണിക്ക് തീരും. 10 മിനിറ്റ് നടത്തത്തില്‍ വടക്കേ സ്റ്റാന്‍ഡില്‍ എത്തി അമ്മവീട്ടിലേക്കുള്ള 8 .20നുള്ള അവസാനത്തെ ബസ് പിടിക്കാനാണ് പദ്ധതി. പടം തുടങ്ങാന്‍ വൈകി. കഴിഞ്ഞപ്പോള്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ ബസ് സ്റ്റാന്റ് വരെ കൂട്ട് വന്നു. അന്ന് ബസ് അഞ്ചു മിനുട്ടു നേരത്തെ പോയി. സംഘാടകര്‍ സെന്റ് മേരീസ് കോളേജിലെ അന്നത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്മിയെ വിളിച്ചു ഹോസ്റ്റലില്‍ താമസം ഒരുക്കി തന്നു. അവിടെ ചെന്നപ്പോള്‍ എന്നെ പോലെ വേറെയും കുറച്ചു താന്തോന്നികള്‍ ഉണ്ട്, അന്തിയുറങ്ങാന്‍. ഇഷ്ടങ്ങള്‍ ഒന്നും പെണ്ണായതിന്റെ പേരില്‍ മാറ്റി വെക്കേണ്ടതില്ല , ധൈര്യം മാത്രം മതി മനസിലായി.

നടക്കാന്‍ ശ്രമിക്കുന്നവര്‍ക്കേ കാലിലുള്ള ചങ്ങല തടസ്സമാകു

എന്തോ ഭാഗ്യത്തിന് എന്റേതായ ഇടത്തെ, എന്നിലെ സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളെയാണ് പങ്കാളിയായി കിട്ടിയത്. അടുക്കളയില്‍ കയറി കൂടെ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതോടൊപ്പം നിനക്ക് നിന്‍േറതായ സ്വാതന്ത്ര്യം എപ്പോഴും ഉണ്ടാകേണ്ടത് ആവശ്യമാണ് എന്നും പെണ്ണായതിന്റെ പേരില്‍ എവിടെയും മാറി നില്‍ക്കേണ്ടതില്ല എന്നും ഇടയ്ക്കിടെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ തോന്നും എന്നേക്കാള്‍ വലിയ ഫെമിനിസ്റ്റിന്റെ കൂടെയാണ് ഞാന്‍ താമസിക്കുന്നതെന്ന്

ലിംഗ അസമത്വത്തിന്റെ ആദ്യ പാഠങ്ങള്‍ തീര്‍ച്ചയായും വീടകങ്ങളില്‍ നിന്ന് തന്നെയാണ് കുട്ടികളില്‍ വളരുന്നത്. ഭക്ഷണം കഴിച്ച പാത്രം കഴുകി വെക്കാനും കിടന്ന ബെഡ് ഷീറ്റ് മടക്കി വെക്കാനും സ്വയം തയ്യാറായാലും അമ്മ സമ്മതിക്കില്ല എന്ന് പറയുന്ന ആണ്‍ കുട്ടികളെയാണ് എന്റെ സ്‌കൂളില്‍ ഞാന്‍ ഇപ്പോഴുംകണ്ടു കൊണ്ടിരിക്കുന്നത്. അച്ഛന്‍ അമ്മയെ പരിഗണിക്കുന്ന രീതി കണ്ടു വലുതാകുന്ന കുഞ്ഞു മനസ്സില്‍ അസമത്വത്തിന്റെ വിത്തുകള്‍ തന്നെ മുളക്കില്ലേ? മുതിര്‍ന്നവരുടെ സംഭാഷണങ്ങളില്‍ നിന്നാണ് ആണിനും പെണ്ണിനും തുല്യ സ്ഥാനമില്ല എന്ന് കുട്ടികള്‍ കേട്ട് പഠിക്കുന്നത്. (കൈയിലെ വള ഊരിപ്പോകുമോ?/ അടങ്ങൂ, നീ ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ, / ഒരു പെണ്ണിന് ചേര്‍ന്നതാണോ ഇതൊക്കെ,/ മുള്ളു വന്നു വീണാലും ഇലയ്ക്കല്ലേ നഷ്ടം) 

വളര്‍ന്നു വരുമ്പോള്‍ പിന്നീട് സമൂഹവും മാധ്യമങ്ങളും തൊഴിലിടങ്ങളിലെ വിവേചനവും അത് ഊട്ടി ഉറപ്പിക്കുന്നു.

ചെയ്യുന്ന ഒരേ ജോലിക്കു ആണിനും പെണ്ണിനും രണ്ടു തരത്തില്‍ വേതനം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് ഈ പറയുന്ന ഞാനും ജോലി ചെയ്യുന്നത്. ചോദ്യംചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടല്ല. ചോദ്യങ്ങള്‍ സ്ത്രീ പുരുഷ സമത്വം ആഗ്രഹിക്കുന്ന ആരെങ്കിലും കേട്ടിട്ടല്ലേ കാര്യമുള്ളൂ. 

നടക്കാന്‍ ശ്രമിക്കുന്നവര്‍ക്കേ കാലിലുള്ള ചങ്ങല തടസ്സമാകു. അനങ്ങാതെ നില്‍ക്കുന്നവര്‍ക്ക് അതൊരു ആഭരണം മാത്രമാണ്. ആരുടെയോ വരികള്‍ ആണ്. ചങ്ങല വീഴാന്‍ നിന്ന് കൊടുക്കാതിരിക്കുക. പൊട്ടിച്ചെറിയാന്‍ ശ്രമിച്ചവര്‍ക്ക് എന്നും കല്ലേറ് മാത്രം. അതുകൊണ്ടു ചങ്ങലയുണ്ടെങ്കിലും നടക്കാന്‍ കഴിയും എന്ന് കഴിയുന്നത്ര ദൂരം നടന്നു കാണിച്ചു കൊടുക്കുക. 

ഫെമിനിസം എന്നല്ല ഒരു ഇസം കൊണ്ടും രക്ഷയില്ലാത്ത ഒരു കാലഘട്ടത്തിലാണ് ഞാന്‍ നിങ്ങളും ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്ര തന്നെ.