Asianet News MalayalamAsianet News Malayalam

ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍ എഴുതുന്നു
rain notes Jobin Joseph kalappurakkal

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മഴയുടെ അഴിഞ്ഞാട്ടത്തില്‍ മുങ്ങിപ്പോയ ഒരു കുട്ടനാടന്‍ ഞായറാഴ്ച... കുട്ടനാടിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പല പാടശേഖരങ്ങളും മട വീണു... കൃഷി നശിച്ചു... കര ഏതാ, കായല്‍ ഏതാ എന്നറിയാത്ത അവസ്ഥ. വീടുകള്‍ എല്ലാം തന്നെ വെള്ളത്തില്‍ ആണ്. ഇനി ചില പാടങ്ങള്‍ കൂടിയേ മട വീഴാനുള്ളു.

മഴയ്ക്ക് ചെറിയൊരു അറുതി വന്നെങ്കിലും, മാനം കണ്ണീര്‍ പൂക്കള്‍ പൂമ്പൊടി പോലെ പൊഴിക്കുന്നുണ്ട്. അപ്പര്‍ കുട്ടനാട്ടിലാണ് ഞാന്‍ താമസിക്കുന്നതെങ്കിലും, ഞങ്ങടെ പാടത്തു കൃഷി ഇല്ലാത്ത കൊണ്ട്, എന്റെ മുറ്റത്ത് വെള്ളമുണ്ട്. പക്ഷെ രാവിലെ പള്ളിയില്‍ പോകണം. അതു കഴിഞ്ഞ് സണ്‍ഡേ സ്‌കൂള്‍ ഉണ്ട്. പക്ഷെ ആ കാലത്ത് നമുക്കതൊന്നും വലിയ താല്പര്യമില്ല.

ഞായറാഴ്ചയും ശനിയാഴ്ചയും ആണ് എന്‍ട്രന്‍സ് കോച്ചിങ് എന്നാണ് നമ്മള്‍ പള്ളിയിലെ അച്ഛനെയും, വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കി ഇരിക്കുന്നത്. പിന്നെ ഞങ്ങള്‍ക്ക് കറങ്ങാന്‍ പോകണം എന്നാഗ്രഹം ഉള്ളപ്പോള്‍, എന്‍ട്രന്‍സിന് ഇട ദിവസങ്ങളില്‍ സ്‌പെഷ്യല്‍ കോച്ചിങും ഉണ്ട്. അതും വൈകുന്നേരം വരെ. അങ്ങനെ രാവിലെ പള്ളിയില്‍ കയറാതെ, നമ്മുടെ സ്വന്തം വണ്ടിയില്‍ ഫുള്‍ കാറ്റ് അടിച്ച് പതുക്കെ വിട്ടു. എങ്ങോട്ടെന്നു വെച്ചാല്‍ വെള്ളപൊക്കം കാണാന്‍. കൂടെ എന്തിനും പോന്ന അഞ്ചു ചങ്ങാതിമാരും.

കൃഷി ഇല്ലാത്ത പല പാടത്തെയും റോഡുകള്‍ വെള്ളത്തിലാണ്. ചിലയിടങ്ങളില്‍ മുട്ടോളം വെള്ളമുണ്ട്. ചില ഇടങ്ങളില്‍ തീരെ കുറവ്. പല ഇടങ്ങളിലും പലരും വെള്ളപ്പൊക്കത്തില്‍ മീന്‍ പിടിക്കുന്നുണ്ട്. വലിയ വാളയും, തൂളിയും, കുറുവയും, ഊത്ത മത്സ്യവും ഒക്കെ എല്ലാര്‍ക്കും കിട്ടുന്നുണ്ട്. ചില ഇടങ്ങളില്‍ ഞങ്ങള്‍ നോക്കി നിന്നു പോയി. ഞങ്ങളുടെ ലക്ഷ്യം അതല്ലാഞ്ഞതു കൊണ്ട്,  അങ്ങനെ പല മീന്‍പിടുത്തങ്ങളും കണ്ടു മുന്നോട്ടു നീങ്ങി. 

ഇടയ്ക്കു നീര്‍ക്കോലിയും ചേരയും ഒക്കെ, ഹൈവേയില്‍ കൂടി ടിപ്പര്‍ ലോറി പോകുന്ന പോലെ, വെള്ളത്തില്‍ കൂടി നീന്തി പോകുന്നതും കാണാം. അങ്ങനെ യാത്ര ആറു കിലോമീറ്ററുകളോളം പിന്നിട്ടു. ഈ ആറു കിലോമീറ്റര്‍ എന്നു പറയുമ്പോള്‍, മൂന്നു പാട ശേഖരം കടന്ന ദൂരം. അഞ്ചാമത്തെ പാടശേഖരം കൂടി കടന്നാല്‍, ആലപ്പുഴ ചങ്ങനാശേരി റോഡ് ആണ്. ഞങ്ങള്‍ ഉദ്ദേശിക്കുന്ന യാത്ര അവിടെ വരെ ആണ്. ഏകദേശം മൊത്തം പത്തു കിലോമീറ്റര്‍.

നാലാമത്തെ പാടത്തു കൃഷി ഉണ്ട്... പക്ഷെ ഞങ്ങടെ നഗ്‌ന നേത്രങ്ങള്‍ കൊണ്ടു കാണാം..... ഇപ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മുല്ലപെരിയാര്‍ പോലെ ആണ്, പാടശേഖരത്തിനു പുറത്തു ആറ്റില്‍ വെള്ളം കൊണ്ടു നില്‍ക്കുന്നത്.... ഒരു മച്ചിങ്ങ വെള്ളത്തില്‍ വീണാല്‍ പോലും, ഓളം അടിച്ചു പാടത്തു വെള്ളം കയറും.... കര്‍ഷകര്‍ പലരും, കട്ട കുത്തിയും, ചാക്കില്‍ മണ്ണിട്ടും ഒക്കെ, വെള്ളം തടയാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ആ ദയനീയമായ കാഴ്ചകള്‍ കണ്ടു രസിച്ചു യാത്ര തുടര്‍ന്നു എന്നു തന്നെ വേണം പറയാന്‍, കാരണം അന്നു ഞങ്ങള്‍ക്കു കഷ്ടപ്പാടിന്റെ വില അറിയില്ലാരുന്നു.

അങ്ങനെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍, ഞങ്ങള്‍ നോക്കി നില്‍ക്കെ, ആ പാടത്തിനു മട വീണു. (ഉരുള്‍ പൊട്ടല്‍ പോലെ) എന്താ വെള്ളത്തിന്റെ വരവ്. അറിയാതെ പല ദൈവങ്ങളേം വിളിച്ചു പോയ നിമിഷം. റോഡിലെ ഒരു കലുങ്കിന്റെ മുകളില്‍ നിന്നതു കൊണ്ട്, ഞങ്ങള്‍ ഒലിച്ചു പോയില്ല. പക്ഷെ പാടത്തിന്റെ ചിറയില്‍ നിന്ന കല്‍പവൃക്ഷം വരെ അടര്‍ത്തി കൊണ്ടു വന്ന വെള്ളം, ഞങ്ങള്‍ക്കു തിരികെ പോകേണ്ട റോഡും കവര്‍ന്നെടുത്തു.

ശരിക്കും പെട്ടു. ഇനി തിരികെ വീട്ടില്‍ പോകണേ, ഇരട്ടി ദൂരം കറങ്ങിയിട്ട്, മറ്റൊരു റോഡിലൂടെ വേണം പോകാന്‍. അതുമല്ലാ വെള്ളത്തിനു നല്ല തണുപ്പാണ്, നീന്തി നീന്തി, വയറും കത്താന്‍ തുടങ്ങി. ഇനി വേറെ രക്ഷയില്ലാ എന്നറിഞ്ഞ ഞങ്ങള്‍, നേരെ വിട്ടു അടുത്ത വഴിയിലേക്ക്. രോഗി ഇച്ഛിച്ചതും വൈദ്യര്‍ കല്‍പ്പിച്ചതും പാല്‍ എന്നു പറഞ്ഞപോലെ, ദാ മുന്നില്‍, ദുരിതാശ്വാസ കഞ്ഞി വിതരണം. ഞങ്ങളും അവരുടെ കൂടെ കഞ്ഞി കുടിച്ചു. ഞങ്ങള്‍ വെള്ളം കാണാന്‍ ഇറങ്ങിയതാണെന്നു അവരോടു പറഞ്ഞപ്പോള്‍, 'നിന്നെ ഒക്കെ ആരാടാ ഇങ്ങനെ പടച്ചു വിട്ടതെ'ന്ന് പറഞ്ഞ് നല്ല നാടന്‍തെറി.

എല്ലാം കേട്ട് മുന്നോട്ടു നീങ്ങിയപ്പോഴാണ് ആ വാര്‍ത്ത അറിഞ്ഞത്. തൊള്ളായിരം പാടശേഖരവും മട വീണു. അമ്മച്ചീ പെട്ടു... ശരിക്കും പെട്ടു... ഇനി ഒരു വഴിയേ ഉള്ളൂ. അതിന്റെ തുടക്കത്തിലേക്ക് ഇനി എട്ട് കിലോമീറ്റര്‍, അവിടുന്ന് വീട്ടിലേക്കു പതിനഞ്ചു കിലോമീറ്റര്‍. ഇപ്പോള്‍ ഞങ്ങടെ യാത്ര ആലപ്പുഴ ചങ്ങനാശേരി റോഡില്‍ കൂടി ആണ്, സോറി ആലപ്പുഴ ചങ്ങനാശേരി ആറ്റില്‍ കൂടി ആണ്, കാരണം റോഡ് കവിഞ്ഞൊഴുകുവാണ്. മുട്ടോളം പൊക്കത്തില്‍ വെള്ളം ഒഴുകുന്നുണ്ട്. പള്ളിക്കൂട്ടുമ്മ ജംഗ്ഷനില്‍ മുട്ടിനു മുകളിലുണ്ട് വെള്ളം. അതൊക്കെ ഒരു തരത്തില്‍ നീന്തി കടന്ന് ചമ്പക്കുളം റോഡ് ലക്ഷ്യമായി നടക്കുമ്പോള്‍ ആണ് മങ്കൊമ്പ് വെള്ളച്ചാട്ടം.

റോഡിന്റെ  വശങ്ങളിലെ വീടുകളുടെ മേല്‍ക്കൂര കൂടിയേ ഇനി മുങ്ങാനുള്ളു. നയാഗ്രാ വെള്ളച്ചാട്ടം പോലെ വെള്ളം ചീറി പായുവാണ്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നുപറയുന്ന പോലെ, നാട്ടിലെ ചില മുതലാളിമാര്‍, അവിടേം ക്യാഷ് ഉണ്ടാക്കാന്‍ വേണ്ടി ട്രക്ക് സര്‍വീസ് നടത്തുന്നു. എന്നു വെച്ചാല്‍ ഒരു കരയില്‍ നിന്നും, മറു കരയിലേക്കുള്ള  ട്രാന്‍സ്പോര്‍ട്ടേഷന്‍. ഒന്നുകില്‍ ട്രക്കില്‍ കയറ്റി കൊണ്ടു പോകും, ഇല്ലേ വലിയ കെട്ടു വള്ളങ്ങളില്‍ കയറ്റി അപ്പുറത്ത് എത്തിക്കും.

എന്താലും എന്‍ട്രന്‍സ് എന്നു പറഞ്ഞ് ഇറങ്ങിയതു കൊണ്ട് കയ്യില്‍ ചില്ലറ ഉണ്ടാരുന്നു. അതു കൂലി കൊടുത്ത് മറുകര ഇറങ്ങി. ഇത്രേം ദൂരം വീണ്ടും സൈക്കിള്‍ ചവിട്ടിയപ്പോള്‍ വീണ്ടും വയറു കത്തി. പക്ഷെ, എങ്ങും ദുരിതാശ്വാസം കണ്ടില്ലാ. അങ്ങനെ കാലി വയറുമായി യാത്ര തുടര്‍ന്നു. ഇടയ്ക്ക് മഴയും വിരുന്നിനെത്തി. മൊത്തം നനഞ്ഞു നാറി. വിശപ്പ് സഹിക്കാതായപ്പോള്‍, പോയ വഴി എന്റെ ഇളയമ്മയുടെ വീട്ടില്‍ കയറി പുട്ടുണ്ടാക്കി തിന്നു.

അവിടെ കയറിയതു കൊണ്ട്, ഉടന്‍ തന്നെ അമ്മ വീട്ടില്‍ കാര്യം അറിഞ്ഞു. അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു. ഞങ്ങള്‍ ചമ്പക്കുളത്ത് സൈക്കിള്‍ പൂട്ടി വെച്ച്, ബോട്ടില്‍ കയറി വീട്ടില്‍ പോകാം എന്നു പ്ലാന്‍ ചെയ്തു. കാരണം ഇനി ഒരടി പോലും സൈക്കിള്‍ ചവിട്ടാന്‍ വയ്യാ. പക്ഷെ, അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, വെള്ളം കൂടുതല്‍ ആയതു കൊണ്ട് ബോട്ടടുപ്പിക്കാനും മേലാ, അതുമല്ലാ ബോട്ടോടിയാല്‍ അതിന്റെ ഓളം തട്ടി, കൃഷി ഉള്ള പാടത്തിന്റെ ബണ്ട് പൊട്ടിപ്പോകുമത്രേ. അതായത് ബോട്ട് സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

അമ്മച്ചി വീണ്ടും ഞങ്ങള് പെട്ടു. ഇനിയുമുണ്ട് എട്ട് കിലോമീറ്റര്‍ ദൂരം. അവിടുന്നു വീണ്ടും ഇരുന്നും കിടന്നും ഒക്കെ, പതിയെ സൈക്കിള്‍ ചവിട്ടി മുന്നോട്ടു നീങ്ങി. വീടിനോട് അടുക്കാന്‍ ഒരുകിലോമീറ്റര്‍ മാത്രമേ ഇനിയുള്ളു. പക്ഷെ, അവിടെ ചെന്നപ്പോഴാണ് അടുത്ത സത്യമറിഞ്ഞത്, ആ പാടവും മട വീണത്രേ... റോഡില്‍ ആണേ അരയറ്റം വെള്ളം. രക്ഷയില്ലാ, വീട്ടില്‍ ചെല്ലണം. രണ്ടും കല്‍പ്പിച്ചു നീന്തി... സൈക്കിളിന്റെ സീറ്റു വരെ മുങ്ങി നില്‍ക്കുന്നു. അകെ കാണാവുന്നത് ഹാന്‍ഡില്‍ മാത്രമാണ്. ഒരുവിധം വീട്ടിലെത്തി.

പക്ഷെ, അന്നത്തോടെ ഞങ്ങള്‍ ഇത്തരം സാഹസിക യാത്രകള്‍ നിര്‍ത്തി. ആ കൂട്ടുകെട്ടില്‍, പിന്നീട് ഇങ്ങനെയൊരു യാത്ര പോയിട്ടില്ല.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: 

ധന്യ മോഹന്‍

ജില്‍ന ജന്നത്ത്.കെ.വി: 

ജാസ്മിന്‍ ജാഫര്‍: 

നിഷ മഞ്‌ജേഷ്: 

കന്നി എം: 

ജ്യോതി രാജീവ്: 

സ്മിത അജു: 

കെ.വി വിനോഷ്: 

ജാസ്‌ലിന്‍ ജെയ്‌സന്‍: 

സഫീറ മഠത്തിലകത്ത്: 

ഹാഷ്മി റഹ്മാന്‍: 

ഡോ. ഹസനത് സൈബിന്‍: 

ഷാദിയ ഷാദി: 

ശരത്ത് എം വി: 

രോഷ്‌ന ആര്‍ എസ്: 

നിച്ചൂസ് അരിഞ്ചിറ: 

ശരണ്യ മുകുന്ദന്‍: 

ഗീതാ സൂര്യന്‍​: 

റീന പി ടി: 

ഫസീല മൊയ്തു: 

മനു ശങ്കര്‍ പാതാമ്പുഴ: 

ഫാത്തിമ വഹീദ അഞ്ചിലത്ത് :  

ഉമൈമ ഉമ്മര്‍: 

ശംഷാദ് എം ടി കെ: 

സാനിയോ: 

നിജു ആന്‍ ഫിലിപ്പ് : 

മാഹിറ മജീദ്: 

ശംസീര്‍ ചാത്തോത്ത്: 

അനാമിക സജീവ്‌ : 

രാരിമ എസ്: 

ജയ ശ്രീരാഗം: 

രേഷ്മ മകേഷ് : 

ശിശിര :

പ്രശാന്ത് നായര്‍ തിക്കോടി: 

മന്‍സൂര്‍ പെരിന്തല്‍മണ്ണ: 

റിജാം റാവുത്തര്‍: 

ഷഫീന ഷെഫി: 

തസ്ലീം കൂടരഞ്ഞി: 

Follow Us:
Download App:
  • android
  • ios