Asianet News MalayalamAsianet News Malayalam

കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഷീബാ വിലാസിനി എഴുതുന്നു
rain notes Sheeba vilasini
Author
First Published Jul 18, 2018, 8:14 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Sheeba vilasini

കടലില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി വീശിയടിക്കുന്ന കാറ്റിനൊപ്പം തിരമാലകള്‍ക്ക് മുകളിലേയ്ക്ക് പെയ്തിറങ്ങുന്ന ശക്തമായ മഴ. ഇളകി മറിയുന്ന തിരമാലകള്‍, തുരുതുരെ വീഴുന്ന മഴ മുത്തുകളെ ഊക്കോടെ തട്ടിത്തെറിപ്പിക്കുന്നു.

കടലിലെ പേമാരിയില്‍ കുഞ്ഞുബോട്ടുകള്‍ ആടി ഉലഞ്ഞ് ജീവിത സമസ്യകള്‍ പൂരിപ്പിക്കുമ്പോള്‍ കര വെറും കാഴ്ചക്കാരി മാത്രമാവും. കരയിലെ തെളിമയിലേയ്ക്ക് പല താളമേളങ്ങളുടെ അകമ്പടിയോടെ മഴ ഇരമ്പിയെത്തും. വലിയ മഴത്തുള്ളികള്‍ പതിച്ച് ഒന്നുകൂടി ഇരുണ്ടു കറുക്കുന്ന കരിമണല്‍, ആടി ഉലയുന്ന തെങ്ങിന്‍ തലപ്പുകള്‍, കടല്‍ഭിത്തിയില്‍ അടിച്ചു ചിതറുന്ന തിരമാലകള്‍, കരയിലൂടെ ഒഴുകി കായലില്‍ പതിക്കുന്ന കടല്‍ ചാലുകള്‍, ദൈവങ്ങള്‍ക്ക് മുന്നിലേയ്ക്ക് കൈ കൂപ്പുന്ന തീരവാസികളുടെ പ്രാര്‍ത്ഥനാ മഴകള്‍...കടലിലെ മഴക്കാഴ്ചകള്‍ എപ്പോഴും ജീവിത സമരത്തിന്റെ ശുദ്ധസംഗീതമാണ്.

മഴ അങ്ങനെയാണ് ഒരായിരം ഭാവഭേദങ്ങളോടെ ഇറങ്ങി വരും.ഭൂമിയെ തൊടും. തൊട്ടുണര്‍ത്തും. ഇളക്കിമറിക്കും.

അലൂമിനിയം ഷീറ്റിട്ട ഒറ്റമുറി വീട്ടിനുള്ളില്‍ മക്കളെയും ചേര്‍ത്തു പിടിച്ചിരിക്കുമ്പോള്‍ കേട്ട മഴയുടെ താളത്തിന് ജീവിത പ്രതീക്ഷകളുടെ വലിയ ശബ്ദങ്ങളായിരുന്നു. പലക തറച്ച വീടിനു നേര്‍ക്ക് ചരിഞ്ഞ് വീഴുന്ന മഴ ഹൃദയ ഭിത്തിയിലൂടെ നനഞ്ഞിറങ്ങി ആത്മാവിനെ സ്വാന്ത്വനിപ്പിക്കുന്ന മൃദു തലോടലായിരുന്നു.

പ്രണയം, വിരഹം, അതിജീവനം എന്നതിനപ്പുറം കുസൃതിയുടെയും കുരുത്തക്കേടുകളുടേയും എന്നു വേണ്ട സകലമാന അലമ്പുകളുടെയും ആകെ തുകയാണ് എനിക്ക് മഴക്കാലം. 

കായലും തോടുകളും നിറഞ്ഞു കവിയുന്ന മഴക്കാലം സര്‍വ്വ സാഹോദര്യത്തിന്റെയും സര്‍വ്വ സ്വാതന്ത്രൃത്തിന്റെയും സുവര്‍ണ്ണകാലം. മഴ കനക്കുന്നതോടെ ജലാശയങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ്, ഉപ്പുരസമെല്ലാം മാറി നല്ല ശുദ്ധജലമാകും. അതോടെ കായലില്‍ തലകുത്തി മറിഞ്ഞുള്ള കുളി തുടങ്ങും.ആണ്‍ പെണ്‍ വ്യത്യാസവും ഒളിച്ചു നോട്ടവും ഒന്നും ഇല്ല.

സകലമാന അലമ്പുകളുടെയും ആകെ തുകയാണ് എനിക്ക് മഴക്കാലം. 

ആങ്ങളമാരോടൊപ്പം നീന്തല്‍ പഠനമാണ് മറ്റൊരു ബഹളം. തലേ രാത്രിയില്‍ അത്താഴം കഴിക്കലിനിടയിലാണ് കരാര്‍ ഉറപ്പിക്കല്‍. എന്റെ പാത്രത്തില്‍ നിന്ന് എന്തെങ്കിലും വിഭവം കൂടുതല്‍ കൊടുത്ത് പിറ്റേന്നത്തേയ്ക്കുള്ള പരിശീലകനെ ഞാന്‍ സംഘടിപ്പിക്കും. മൂത്ത ആങ്ങളയെ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം .കാരണം കൈക്കൂലി കൊടുക്കണ്ട. നെഞ്ചൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന് കൈവെള്ളയില്‍ കിടത്തിയാണ് ആദ്യ പരിശീലനം. കയ്യും കാലും അടിച്ച് തുഴയാന്‍ പരിശീലിക്കുന്നതിനിടയില്‍ കൈ മാറ്റി കളയും. അതോടെ മുങ്ങിത്താണ് മൂക്കിലും ചെവിയിലും ഒക്കെ വെള്ളം കേറി നിലവിളിയും നെഞ്ചത്തടിയും ആകുന്നതോടെ സൈ്വരം കെടുന്ന അമ്മ വലിയ വടിയുമായി ഉണ്ണിയാര്‍ച്ച ഉറുമി വീശുന്ന മാതിരി ഒരു വരവുണ്ട്. പക്ഷെ ആരെ കിട്ടാന്‍!

വീരാംഗനയുടെ വരവ് കാണുമ്പോള്‍ തന്നെ പരിശീലകരെല്ലാം മുങ്ങാംകുഴിയിട്ട് അങ്ങേക്കരയില്‍ എത്തിയിട്ടുണ്ടാകും. 

ഇന്നത്തെ കോണ്‍ക്രീറ്റ് വീടുകളുടെയൊക്കെ സ്ഥാനത്ത് കുറച്ച് കാലം മുന്‍പ് വരെ ഓലമേഞ്ഞ വീടുകളായിരുന്നു. വര്‍ഷകാലം വരുന്നതിനു മുന്‍പേ എല്ലാ വീടുകളും മേഞ്ഞു കെട്ടും. പുരമേയല്‍ അന്നൊക്കെ ഉത്സവ ലഹരിയാണ്. പുതുപുത്തന്‍ വീട്ടിലേയ്ക്ക് കേറി താമസിക്കുന്ന പോലൊരു ഉത്സാഹതിമിര്‍പ്പ. എങ്ങനൊക്കെ സംരക്ഷിച്ചാലും മഴക്കാലം കടുക്കുന്നതോടെ വീടുകളിലെല്ലാം വെള്ളം കയറും. അതോടെ ചെറു ചൂണ്ടകളൊക്കെസംഘടിപ്പിച്ച് ഞങ്ങള്‍ പത്തായത്തിന്റെ പുറത്തും കട്ടിലിന്റെ പുറത്തും ഒക്കെ കയറി ഇരുന്ന് ചൂണ്ട ഇടീല്‍ മത്സരം തുടങ്ങും. എനിക്കൊരു പുന്നാര ആങ്ങളയുണ്ട് -അമ്പിളി എന്നാണ് പേരെങ്കിലും സ്വഭാവത്തില്‍ യാതൊരു അമ്പിളിത്തവുമില്ലാത്ത ജന്തു! എന്ത് സംഭവിക്കുന്നു എന്നറിഞ്ഞുകൂടാ. മത്സരത്തിനിടയില്‍ അടിപിടി മൂക്കുന്നതോടെ ആരെങ്കിലുമൊക്കെ മറിഞ്ഞ് വെള്ളത്തില്‍ വീഴും. അതോടെ അമ്മ രംഗപ്രവേശം ചെയ്യും. അത്ര നേരോം കഷ്ടപ്പെട്ടു പിടിച്ച പള്ളത്തീം സിലോപ്യയും മാനത്തുകണ്ണീം എല്ലാം പാത്രത്തോടെ ദൂരേയ്ക്ക് തെറിക്കും. 

രാത്രിയും വെള്ളം ഉയരാന്‍ തുടങ്ങുന്നതോടെ കെട്ടും കിടക്കയും എല്ലാമായി ഞങ്ങള്‍ താമസം മാറും.

വീടിനടുത്തുള്ള, 'കമ്പിമണ്ണേല്‍ തുരുത്ത് ' എന്ന ചെറു ദ്വീപിലേയ്ക്ക് പോകാനുള്ള ഏറ്റവും എളുപ്പവഴിയായിരുന്നു തോടു നീന്തിയുള്ള യാത്ര. മഴ കടുക്കുന്നതോടെ തോട് നിറഞ്ഞ് യാത്ര തടസ്സപ്പെടും .അതോടെ കൊതുമ്പുവള്ളങ്ങളെ കൂട്ടുപിടിക്കും. ഇതിന് നിത്യപരിഹാരം എന്ന പോലെ തോടിനു കുറുകെ ഒരു ചെറിയ പാലം വന്നതില്‍ ഏറെ വേദനിച്ചത് ഞങ്ങള്‍ ബാല്യങ്ങള്‍ തന്നെ ആയിരുന്നു. അതുവരെ പാവാട ചുരുട്ടി നെഞ്ചത്ത് അടുക്കിപ്പിടിച്ച് അപ്പുറവും ഇപ്പുറവും പൊയ്‌ക്കൊണ്ടിരുന്ന ഞങ്ങളുടെ യാത്രാസുഖം കളഞ്ഞ വില്ലന്‍. 'എടാ പാപ്പിയേ ....' എന്നു വിളിക്കുന്നതോടെ, 'ഇങ്ങോട്ടുവാടീ.... ' എന്ന മറുവിളിയുടെ സുഖം കളഞ്ഞ ആ പാലത്തിനെ ഞങ്ങള്‍ക്ക് ഇഷ്ടമേ അല്ലായിരുന്നു . 

പഠനയാത്രകളില്‍ കൂട്ടിനെത്തുന്ന മഴയ്ക്കുമുണ്ട് ഒരായിരം ഭാവം. സ്‌കൂളില്‍ പോകുന്ന വഴിക്ക് 'അയ്യായിരം ' എന്നൊരു സ്ഥലമുണ്ട് . അതുവരെ കുടയൊക്കെ പിടിച്ച് നനയാതെ പോയാലും അവിടെ എത്തുന്നതോടെ സംഗതി മാറും. തടസ്സങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കടലില്‍ നിന്നെത്തുന്ന ശക്തമായ കാറ്റും മഴയും എല്ലാവരെയും നനച്ചുമുക്കും. ഞാനും ബിജുവും എന്നും ഒരു കുടക്കീഴിലെ യാത്രക്കാരാണ്. 'അയ്യായിരം ' എത്തുന്നതോടെ കാറ്റ് പിടിച്ച് കുടയെല്ലാം തിരിഞ്ഞു മടങ്ങി എങ്ങോട്ടു പിടിക്കണം എന്നറിയാത്ത അവസ്ഥയാകും. അതോടെ ഞാന്‍ കുട ഉപേക്ഷിച്ച് അവന്റെ പുസ്തക പെട്ടി വാങ്ങി തലയില്‍ വെച്ച് ഓടി സ്‌കൂളു പിടിക്കും. കുറച്ചു കഴിയുമ്പോള്‍ കാണാം വടിയായ കുടയും പിടിച്ച് മഴയുടെ അകമ്പടിയോടെ എന്റെ പ്രിയ കൂട്ടുകാരന്‍ ഒരു വരവുണ്ട്. കാര്‍മേഘം ഉരുണ്ടുകൂടിയ മുഖവുമായി. 

കടലില്‍ നിന്നെത്തുന്ന ശക്തമായ കാറ്റും മഴയും എല്ലാവരെയും നനച്ചുമുക്കും

മഴയുള്ള ദിവസങ്ങളിലൊക്കെ സ്‌കൂള്‍ ഒരു പിരീഡ് നേരത്തെ വിടും. അതോടെ വീട്ടിലേയ്ക്ക് വരുന്നതിന് കായലിന് അടുത്തു കൂടിയുള്ള വഴി തെരഞ്ഞെടുക്കും. ചെറിയ ചെറിയ ഇടത്തോടുകളും വെള്ളക്കെട്ടുകളും ധാരാളം ഉള്ളതിനാല്‍ പരല്‍മീന്‍ തേകാനും ചാടിക്കളിക്കാനും സൗകര്യം കൂടുതല്‍ എന്നതാണ് കിഴക്കന്‍ വഴി തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. മഴയിലും കാറ്റിലും കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങയും പുളിയും തല്ലിതേങ്ങയും പെറുക്കാം എന്നൊരു ഗൂഢ ഉദ്യേശ്യവും ഇല്ലാതില്ല. മാത്രമല്ല, മഴക്കാലത്ത് പൂക്കുന്ന ഒരിനം വേലിച്ചെടിയുണ്ട്. നല്ല പച്ച ഇലയോട് കൂടി ഉയരത്തില്‍ കിളിക്കുന്ന ഒരിനം കറച്ചെടി . അതിന്റെ അറ്റത്ത് പിടിക്കുന്ന തത്തയുടെ ആകൃതിയിലുള്ള ഒരിനം ചുവന്ന പൂവ് ഞങ്ങള്‍ കുട്ടി സംഘത്തിന്റെ വീക്ക്‌നെസ് എന്നു തന്നെ പറയാം. കിഴക്കന്‍ വഴിയിലെ എന്റെ പ്രധാന കൂട്ടുകാരനാണ് 'ഹരി ' .അവന് നല്ല ഉയരം ഉള്ളതുകൊണ്ട്, മഴ നനഞ്ഞു നില്‍ക്കുന്ന തത്തമ്മപ്പൂക്കളെല്ലാം നുള്ളിയെടുപ്പിക്കും. അതിന്റെ തേനെല്ലാം കുടിച്ചിട്ട് തത്തമ്മയെ എല്ലാം വയറു പിളര്‍ന്ന മാതിരി കായലിലൂടെ ഒഴുക്കിവിടും. ഛന്നം ഛിന്നം പെയ്യുന്ന മഴയില്‍ താളമിട്ട് അതങ്ങനെ ഒഴുകി നീങ്ങും .

സ്‌കൂളിലേയ്ക്കുള്ള ജലപാതകളെല്ലാം ഇന്ന് പൂര്‍ണ്ണമായും അടച്ചു. മണ്ണടിച്ച് നികത്തിയ സ്ഥലത്ത് ഇന്ന് 'ശ്രീകൃഷ്ണ 'ക്ഷേത്രമാണ് . ഒരിക്കലും ഭക്തിയോടെ ആ ക്ഷേത്രത്തെ നോക്കാന്‍ എന്തുകൊണ്ടോ എനിക്ക് കഴിയാറില്ല. ക്ഷേത്ര മൈതാനിയിലെ വെളുത്ത മണല്‍പ്പരപ്പിലൂടെ ചാറ്റല്‍ മഴ നനഞ്ഞ് നടക്കുമ്പോള്‍ , മനസ്സിലിപ്പോഴും തോടും കാടും കമ്പട്ടിമരങ്ങളും മാത്രം .

വീടിനടുത്തുള്ള തോടുകള്‍ മുഴുവന്‍ മഴയെ പ്രണയിച്ച് നിറഞ്ഞു കവിഞ്ഞങ്ങനെ കിടക്കും. ഉണ്ടക്കണ്ണന്‍ തവളകളും നീര്‍ക്കോലിയും മാനത്തുകണ്ണിയും മഞ്ഞപ്പള്ളത്തിയും നീളന്‍ പായല്‍ ചെടിയും എന്നു വേണ്ട ചക്കരമുള്‍ക്കാടുകള്‍ പോലും സമഭാവനയോടെ ജീവജലം പങ്കിട്ടങ്ങനെ വിലസും. പുതിയ മഴയൊഴുക്കുകള്‍ പ്രത്യക്ഷപ്പെടുന്നതോടെ ജലയാനങ്ങള്‍ നീറ്റിലിറക്കാനുള്ള തത്രപ്പാടിലാകും ഞാനും ബിജുവും. അവല്‍ക്കാരന് കൊടുക്കാന്‍ അമ്മ മാറ്റിവെച്ചിരിക്കുന്ന പഴയ നോട്ടുബുക്കുകള്‍ എല്ലാം പിച്ചിക്കീറി വഞ്ചികളാക്കി ആഘോഷപൂര്‍വ്വം നീറ്റിലിറക്കും. യാതൊരു GST യുമില്ലാതെ ചരക്ക് യാത്രാ ഗതാഗതം അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് നീണ്ടുനീണ്ടു പോകും. ബിജു ഉണ്ടാക്കി വിടുന്ന ബോട്ടുകളെല്ലാം കൈതക്കാടിന് മറപറ്റി നിന്ന് ഞാന്‍ എറിഞ്ഞു താഴ്ത്തുന്നതോടെ ,അടി പിടി കല്ലേറ് ആകെ ബഹളം .

മഴക്കാലമാകുന്നതോടെ കായലിലെ മീന്‍പിടുത്തവും കൂടും. പലവിധ കെണികള്‍ വെച്ചുള്ള കലാപരിപാടി. കാഴ്ചക്കാരിയായി ഞാനും കൂടും. മഴ നനഞ്ഞുള്ള കായല്‍ത്തീര യാത്രകള്‍. പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയുന്നതോടെ അമ്മ എന്നെ ചെരുപ്പും ഇടീച്ച് കയ്യില്‍ ഒരു കുടയും തരും. കൂടെ ചില സമയത്ത് ഒരു മുന്നറിയിപ്പും .'കായലില്‍ ഇറങ്ങല്ലേ .കിഴക്കന്‍ വെള്ളം വന്ന് നിറഞ്ഞേക്വാ .നിന്നെ നീര്‍നായ പിടിച്ചോണ്ട് പോകും'. നീര്‍നായയൊന്നും പിടിക്കാറില്ല.പക്ഷെ തിരിച്ചു വരുമ്പോള്‍ എന്റെ പക്കല്‍ കുടയും ചെരിപ്പും ഒന്നും ഉണ്ടാകില്ലെന്നു മാത്രം.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

Follow Us:
Download App:
  • android
  • ios