ആ മഴ ഇനിയും തോര്‍ന്നിട്ടില്ല അനാമിക സജീവ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


ആദ്യമായി സ്‌കൂളിലേക്ക് ഇറങ്ങുമ്പോള്‍ മഴയുടെ അകമ്പടി ഉണ്ടായിരുന്നു. അന്നും ഇന്നും എന്നും മഴ എന്നിലേക്ക് കൂടിയാണ് പെയ്തിറങ്ങുന്നത്. അതുകൊണ്ടു കൂടിയാണ് ഇന്നും മഴ നനയാനും കാണാനുമേറെ ഇഷ്ടവും.

അന്ന്, മഞ്ഞ റെയിന്‍കോട്ടിലെ മഴത്തുള്ളികളെ തെറ്റിത്തെറിപ്പിച്ച് അച്ഛനൊപ്പം നടക്കുമ്പോള്‍, ബാലികമറിയം എല്‍ പി സ്‌കൂള്‍ എന്ന ബോര്‍ഡ് ചൂണ്ടിക്കാണിച്ച് തലയില്‍ തടവി അച്ഛന്‍ പറഞ്ഞു 'ഇതാണ് മോള്‍ടെ സ്‌കൂള്‍'.

നനുത്ത ചാറ്റല്‍മഴയിലൂടെ സ്‌കൂള്‍വരാന്തയിലേക്ക് നടക്കുമ്പോള്‍, പച്ചഫ്രോക്കും ടൈയും ബെല്‍റ്റും ഇട്ട ആരൊക്കെയോ സാകൂതം പരസ്പരം നോക്കി. ചിലര്‍ ഉച്ചത്തില്‍ മഴയ്‌ക്കൊപ്പം കരയുന്നുണ്ടായിരുന്നൂ. അതു കണ്ട് ഞാനും മഴയുടെ ഇരമ്പലിനൊപ്പം കരഞ്ഞിട്ടുണ്ടാകണം; ഓര്‍മ്മയില്ല. 

ആദ്യ സ്‌കൂള്‍ ഓര്‍മ്മകളില്‍ മുറ്റത്തെ വലിയ കാക്കമരമുണ്ട്. അതില്‍ റോസ് നിറമുള്ള പൂക്കള്‍. വടിയുമായി കയറി വരുന്ന ലീലാമ്മ ടീച്ചര്‍. പിന്നെ പച്ച പെയിന്റ്റടിച്ച നീളന്‍വരാന്തകളിലൂടെ കാണുന്ന മഴക്കാഴ്ചകള്‍.

ആരൊക്കെയായിരുന്നൂ കൂട്ടുകാര്‍. അതോര്‍മ്മയില്ല. പക്ഷേ ചിലരൊക്കെ മങ്ങിയ മുഖത്തോടെ ഓര്‍മ്മയില്‍ തെളിയുന്നുണ്ട്.

മഴക്കാലത്ത്, കൂട്ടുകാരൊത്ത് വീടിനു മുന്നിലെ വെള്ളക്കെട്ടില്‍ ഇറങ്ങി പേപ്പര്‍ബോട്ടിറക്കിക്കളിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും ഞങ്ങളാരും അസുഖങ്ങളെ പേടിച്ചുമില്ല ; അസുഖങ്ങളൊട്ട് വന്നുമില്ല.

എല്ലാ മഴകളില്‍ നിന്നും വ്യത്യസ്തമായി മൂന്നാം ക്ലാസ്സിലെ മഴപ്പെയ്ത്ത്. എന്റെ ജീവിതത്തിലൊരു വലിയപാഠം കോറിക്കൊണ്ടാണ് പെയ്തുതോര്‍ന്നത്.

അന്ന്, പതിവുസമയത്ത് സൈക്കിള്‍റിക്ഷാ മാമനെ കാത്ത് നില്‍ക്കുമ്പോഴും, മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു. ആരൊക്കെയോ ഉണ്ടാക്കിയ പേപ്പര്‍ബോട്ടുകള്‍ എനിക്കുചുറ്റും ഒഴുകിനടന്നു. റെയിന്‍കോട്ടിനകത്തും എനിക്ക് തണുത്തു. 

കൂട്ടുകാരി പാര്‍വ്വതിയെ വിളിക്കാന്‍ അവളുടെ അച്ഛന്‍ ലെനിനങ്കിള്‍ ഫിയറ്റ് കാറില്‍ വന്നു. 'വരുന്നോ മോളേ?' എന്നൊരു ചോദ്യവും കാറിലേക്ക് ഞാന്‍ ചാടിക്കയറിയതും ഒപ്പമായിരുന്നു.

മഴത്തുള്ളികളെ കീറിമുറിച്ച് കാര്‍ നീങ്ങുന്നതും വൈപ്പറിന്റെ മൂളലും കണ്ണാടിഗ്ലാസ്സിലൂടെയുള്ള മഴക്കാഴ്ചയും ആസ്വദിച്ച് വീടെത്തിയതറിഞ്ഞതേയില്ല ഞാന്‍.

കാറില്‍ നിന്ന് ഇറങ്ങി ഗമയിലൊരു പാട്ടൊക്കെപ്പാടി വീടിന്റെ മുന്നിലെത്തുമ്പോള്‍ ഇപ്പോള്‍ കരയും എന്ന മുഖവുമായി അമ്മയും അങ്കം കാണാം എന്ന മട്ടില്‍ അപ്പച്ചിമാരും. ഒപ്പം കൈയില്‍ എന്നേക്കാളും വലിയൊരു വടിയുമായി അച്ഛനും. അച്ഛനെ നോക്കി ഞാനെന്ത് ചെയ്തിട്ടാ എന്ന് ചോദിക്കണമെന്നുണ്ടെങ്കിലും ആ വടി എന്നെ നോക്കി കോക്രി കാട്ടി. ഞാന്‍ മെല്ലെ അമ്മയുടെ സാരിത്തുമ്പ് പിടിക്കാനൊരു ശ്രമം നടത്തിയെങ്കിലും, അച്ഛനതിലും മുന്നേ എന്റെ കൈയ്യില്‍ പിടുത്തമിട്ടൂ.

'ഠേ ...ഠേ' ഹോ അടി കഴിഞ്ഞപ്പോഴാണ് അടി എന്തിനായിരുന്നെന്ന് അറിഞ്ഞത്.

'സൈക്കിള്‍റിക്ഷാ വരുന്നത് വരെ ഇനി അവ്‌ടെ നിന്നോണം ആര് വിളിച്ചാലും ഒരു വണ്ടിയിലും കയറരുത്' എന്ന് അച്ഛന്റ വക ഉഗ്രശാസന. 

അനാമികയെ കണ്ടില്ലാന്നും പറഞ്ഞ് റിക്ഷാമാമന്‍ വീട്ടിലെത്തി. വീട്ടിലാകെ ബഹളമായിരുന്നു. 

എന്റെ കഷ്ടകാലത്തിന് അന്ന് മൊബൈലും കണ്ട് പിടിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ലെനിനങ്കിള്‍ വിളിച്ചു പറഞ്ഞേനെ. പാവം ലെനിനങ്കിള്‍, ഈ പുകിലൊന്നും ഇതേവരെ അറിഞ്ഞുകാണില്ല.

അന്നത്തെ എന്റെ കരച്ചിലത്രയും പുറത്തേക്കു കേള്‍ക്കാതെ മഴയിലലിഞ്ഞു പോയി.

അതിനുശേഷം ഇന്നേവരെ ആര് വീട്ടിലിറക്കാം എന്ന് പറഞ്ഞ് വിളിച്ചാലും ആ കാര്‍യാത്രയും മഴത്തണുപ്പും അടിയുടെ ചൂടും ചുണ്ടിലൊരു ചെറുചിരിയുണര്‍ത്തും.

മനസ്സിന്റെ സന്തോഷവും, നോവും ആയി മാറിയ മഴകളെത്രയോ പിന്നെയും കടന്നുപോയി. 

മഴയോര്‍മ്മകളേ നിങ്ങളെന്നിലെ തണുവാകുക, നിങ്ങളില്‍ നനഞ്ഞ് ഞാനിനിയുമൊരു ബാല്യമറിയട്ടെ.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!