പട്ടിക ജാതിക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പാത പണിതാല്‍ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്നയാളിന്‍റെ വീടും കുടുംബവും തീണ്ടുമത്രേ അതിനാല്‍ റോഡിനായി സ്ഥലം വിട്ടുകൊടുക്കാന്‍ ഇയാള്‍ തയ്യാറല്ല. 

കാസർകോട് : വീട്ടിലേക്ക് റോഡില്ലാത്തതിനെ തുടർന്ന് എൻഡോസൾഫാൻ രോഗബാധിത സീതു (66) വിനെ നാട്ടുകാർ കിലോമീറ്ററുകളോളം ചുമന്ന് വീട്ടിലെത്തിച്ചു. സീതുവുമായി പരിയാരം മെഡിക്കൽ കോളജിൽ നിന്നും വന്ന ആംബുലൻസ് സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാല്‍ അര കിലോമീറ്റർ അകലെ നിറുത്തി. തുടർന്ന് യുവാക്കൾ ഇവരെ ചുമന്ന് വീട്ടിലെത്തിക്കുകയായിരുന്നു. 

പട്ടികജാതിക്കാരായ 78 കുടുംബങ്ങൾ താമസിക്കുന്ന ഈ സ്ഥലത്തേക്ക് പാതയൊരുക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതല്ല കാരണം. മറിച്ച് ജാതിയാണെന്ന് നാട്ടുകാർ ആരോപിച്ചു. പട്ടിക ജാതിക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പാത പണിതാല്‍ സ്വാമിയെന്ന് നാട്ടുകാർ വിളിക്കുന്നയാളിന്‍റെ വീടും കുടുംബവും തീണ്ടുമത്രേ. അതിനാല്‍ റോഡിനായി സ്ഥലം വിട്ടുകൊടുക്കാന്‍ ഇയാള്‍ തയ്യാറല്ല. 

അയിത്താചരണത്തിന്‍റെ ലക്ഷ്മണരേഖക്കയ്പ്പുറം നിരത്തിൽ മണ്ണിടാൻ പഞ്ചായത്തിനോ ജില്ലാ ഭരണകൂടത്തിനോ ആർജ്ജവമില്ല. കാസർകോട് നിയമസഭ മണ്ഡലത്തിൽ മഞ്ചേശ്വരം ബ്ലോക്കിൽ 64.59 കിലോമീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ബെള്ളൂർ പഞ്ചായത്തിൽ എട്ട്, 10 വാർഡുകളിൽ ഉൾപ്പെട്ട പ്രദേശത്തെ 100 ഏക്കറോളം സ്ഥലം പല ആധാരങ്ങളിലായി ഇദ്ദേഹത്തിന്‍റെ കൈവശമാണത്രെ.

മൂന്ന് മാസം മുമ്പ് പാമ്പ് കടിയേറ്റ ദലിത് യുവാവ് തത്സമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. വാഹന സൗകര്യം ഇല്ലാത്തതായിരുന്നു കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്വാമിക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇതുവരെയായും ഒരു നടപടിയും എടുത്തിട്ടില്ല.