മുംബൈ: കോടതികളില്‍ ജിന്‍സ് ധരിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടത് വിവാദമായിരുന്നു. ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണിയുമാണ് മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുള ചെല്ലൂര്‍ നിലപാട് ആവര്‍ത്തിച്ചത്.

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് എങ്ങനെയാണ് കോടതിയില്‍ പ്രവേശിക്കുന്നത്. കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഡ്രസ് കോഡ് നിലവിലുണ്ട്. മറ്റുള്ളവര്‍ യൂണിഫോം ധരിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും കോടതിയോട് ബഹുമാനം കാണിക്കണം. മാന്യമായി വസ്ത്രം ധരിച്ച് മാത്രമേ നിയമ കോവിലില്‍ പ്രവേശിക്കാവൂ. കോടതിയില്‍ കാലിന് മുകളില്‍ കാലുകയറ്റി ഇരിക്കാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെ ഓഫീസര്‍മാരാണെന്നും ജ. മഞ്ജുള ചെല്ലൂര്‍ പറഞ്ഞു.

കൊല്‍ക്കത്ത ഹൈക്കോടതി ജീവനക്കാരോട് ജീന്‍സ് ധരിച്ച് കോടതില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതേസമയം മറ്റുള്ളവര്‍ക്ക് കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായും മഞ്ജുള ചെല്ലൂര്‍ വെളിപ്പെടുത്തി. കേരള- ബോംബെ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്നു മഞ്ജുള ചെല്ലൂര്‍. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്.