Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം

കോഴിക്കോട് നിന്നുള്ള എസ് കെ സജീഷിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വികെ സനോജ് , എം വിജിന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത് എ എ റഹീം, നിതിന്‍ കണിച്ചേരി തുടങ്ങിയവരെ വെട്ടാനാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
 

dyfi state conference
Author
Kozhikode, First Published Nov 11, 2018, 9:12 AM IST

കോഴിക്കോട്: ഡിവൈഎഫ്ഐ ഭാരവാഹികളുടെ കാര്യത്തില്‍ 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം നിര്‍ദ്ദേശം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

37 വയസ്സ് കഴിഞ്ഞവരെ പൂര്‍ണ്ണമായും ഭാരവാഹിസ്ഥാനത്ത് നിന്ന് നീക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് സെക്രട്ടറി എം സ്വരാജ്, പ്രസിഡണ്ട് എ എന്‍ ഷംസീര്‍ എന്നിവര്‍ സ്ഥാനമൊഴിയും. 40ലേറെ സംസ്ഥാന കമ്മറ്റിയംഗങ്ങളും സഹഭാരവാഹികളും 37 പിന്നിട്ടവരാണ്. എല്ലാവരെയും ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് ഭയന്നാണ് ചിലര്‍ക്ക് ഇളവ് നല്‍കുന്നത്. എ എ റഹീമാണ് ഇത്തരത്തില്‍ ഇളവ് കിട്ടിയാല്‍ ഭാരവാഹിത്വം പ്രതീക്ഷിക്കുന്ന പ്രമുഖന്‍. 

കോഴിക്കോട് നിന്നുള്ള എസ് കെ സജീഷിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വികെ സനോജ് , എം വിജിന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത് എ എ റഹീം, നിതിന്‍ കണിച്ചേരി തുടങ്ങിയവരെ വെട്ടാനാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

നേതൃത്വത്തിനെതിരെ ചില ജില്ലാ സമ്മേളനങ്ങളിലുയര്‍ന്ന വിമര്‍ശനം സംസ്ഥാന സമ്മേളനത്തില്‍ ആവര്‍ത്തിച്ചേക്കും. എം സ്വരാജ് , ചിന്ത ജെറോം എന്നിവര്‍ക്കെതിരായിരുന്നു വിമര്‍ശനം. പാലക്കാട്ടെ ജില്ലാ കമ്മിറ്റിയംഗമായ പെണ്‍കുട്ടി പി ശശി എം എല്‍എയ്ക്കെതിരെ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ നേതൃത്വം സ്വീകരിച്ച നിലപാടും തര്‍ക്കവിഷയമാകും.

വൈകിട്ട് ദീപശിഖാ-കൊടിമര ജാഥകള്‍ സംഗമിക്കുന്നതോടെ കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തിന് പതാക ഉയര്‍ത്തും. നവംബര്‍ 12, 13, 14 തീയതികളിലാണ് പ്രതിനിധി സമ്മേളനം. 623 പ്രതിനിധികളില്‍ 5 ട്രാന്‍സ്‍ജെന്‍ററുകളാണ് എന്ന പ്രത്യേകതയുണ്ട്. 14ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. അന്ന് വൈകിട്ട് പിണറായി വിജയന്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലിയോടെ സമ്മേളനം സമാപിക്കും.

Follow Us:
Download App:
  • android
  • ios