Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസം മൂന്ന് കുറ്റകൃത്യങ്ങള്‍, ഒരു മരണം; ഇത് 'തീരന്‍' സിനിമ പോലെയോ?

kerala theft and theeran movie
Author
First Published Dec 17, 2017, 6:10 PM IST

കൊച്ചി: മൂന്ന് ദിവസത്തിനിടെ കേരളത്തില്‍ നടന്നത് മൂന്ന് കവര്‍ച്ചാ ശ്രമങ്ങള്‍. ഈ മൂന്ന് കവര്‍ച്ചകള്‍ക്കും സമാനതകള്‍ ഏറെയാണെന്നാണ് പോലീസ് തന്നെ പറയുന്നത്. കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഒരു റിട്ടയേഡ് അധ്യാപിക കൊല്ലപ്പെടുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയില്‍ ഹില്‍പാലസിന് സമീപം അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് മൂന്നാമത്തെ മോഷണ ശ്രമം നടന്നത്. വാതില്‍ പൊളിച്ച് അകത്ത് കടന്ന സംഘം അനന്തകുമാറിന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച ശേഷം മറ്റ് കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. അമ്പത് പവനും 20,000 രൂപയും മൊബൈല്‍ ഫോണുകളും അനന്തകുമറിന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടു.

കൊച്ചി പുല്ലേപ്പടിയില്‍ ഇന്നലെ വൃദ്ധദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നിരുന്നു. തൃപ്പൂണിത്തുറയില്‍ വന്ന മോഷണ സംഘം വടക്കേ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക സൂചന. കാസര്‍ഗോഡ് ചീമേനിയില്‍ നടന്ന മോഷണ ശ്രമവും തുടര്‍ന്നുണ്ടായ കൊലപാതകത്തിനും പിന്നിലും ഉത്തരേന്ത്യക്കാരാണെന്നാണ് സൂചന. കൊല്ലപ്പെട്ട പി.വി ജാനകിയേയും ഭര്‍ത്താവ് കൃഷ്ണനേയും ആക്രമിച്ചവര്‍ ഹിന്ദി സംസാരിച്ചിരുന്നതായാണ് വിവരം. മൂന്ന് കവര്‍ച്ചകളിലും മോഷ്ടാക്കള്‍ ഒരേശൈലിയാണ് പിന്തുടര്‍ന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നടന്ന കവര്‍ച്ചാ കൊലപാതകങ്ങള്‍ക്ക് സമാനമാണ് ഈ സംഭവങ്ങള്‍. 

1995-2000 കാലയളവില്‍ ഇത്തരം 24 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയ പാതയോരത്തുള്ള വീടുകളില്‍ കയറി കുടുംബാംഗങ്ങളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു ഈ സംഘത്തിന്റെ രീതി. രാജസ്ഥാനില്‍ നിന്നുള്ള ബാവരിയ വിഭാഗക്കാരായിരുന്നു ഈ കൊലപാതകങ്ങളുടെ പിന്നില്‍. വെറും വിരലടയാളം മാത്രം പിന്തുടര്‍ന്ന് തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാവരിയ കൊള്ളസംഘത്തിലെ രണ്ട് പേരെ വെടിവച്ച് കൊല്ലുകയും മറ്റുള്ളവരെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. 

സ്വന്തം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യാത്ത സംഘം തമിഴ്‌നാട് അടക്കം തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. കൊലപാതകത്തിനും മോഷണത്തിനും ശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങുന്ന ബാവരിയ സംഘത്തെ ഏറെ പണിപ്പെട്ടാണ് തമിഴ്‌നാട് പോലീസ് വലയിലാക്കിയത്. ഈ സംഭവം അടുത്തിടെ തീരന്‍ അധികാരം ഒണ്‍ട്രേ എന്ന തമിഴ് സിനിമയ്ക്ക് പ്രമേയമായിരുന്നു. 

കേരളത്തില്‍ ദിവസങ്ങള്‍ക്കകം നടന്ന മുന്ന് കവര്‍ച്ചകള്‍ക്കും ബാവരിയ സംഘത്തിന്റെ രീതികളുമായി സാമ്യമുണ്ട്. മാത്രമല്ല കാസര്‍ഗോഡ് കൊല്ലപ്പെട്ട മുന്‍ അധ്യാപികയുടെ വീടിന് സമീപം ഒരു അന്യസംസ്ഥാന വാഹനം വന്നതായി സി.സി.ടി.വി ക്യാമറകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ബാവരിയ സംഘം കേരളത്തിലേക്കും കടന്നിട്ടുണ്ടാകുമോ എന്ന സംശയത്തിലേക്കാണ്.

Follow Us:
Download App:
  • android
  • ios