ആലപ്പുഴ: കാവാലം സ്വദേശിയായ ഷാജി ആറ് ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടീസ് കയ്യില്‍ വരുമ്പോഴാണ് തന്‍റെ പേരില്‍ ആരോ വായ്പ തരപ്പെടുത്തിയതായി അറിയുന്നത്. 2014 നവംബര്‍ മാസം ഏഴാം തീയ്യതി ഷാജിയുടെ വ്യാജ ഒപ്പിട്ട് 83000 രൂപ ആരോ വായ്പയെടുത്തിരിക്കുന്നു. ഇത് ഷാജിയുടെ മാത്രം അനുഭവമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.
കാവാലത്തെ വെറും പത്ത് വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ തട്ടിപ്പിനിരയായ പതിനഞ്ചിലധികം പേരെ കണ്ടു. എൻസിപി ശശീന്ദ്രന്‍ വിഭാഗം നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫാണ് കര്‍ഷകമിത്ര നെല്‍ക്കര്‍ഷക ജോയിന്‍റ് ലൈബിലിറ്റി ഗ്രൂപ്പിന്‍റെ പേരില്‍ വായ്പ എടുത്ത് കൊടുത്തത്.
ആറുപരാണ് ഈ ഗ്രൂപ്പിലുള്ളത്. വായ്പ എടുത്തത് അഞ്ച് ലക്ഷം രൂപ. ഇതിലെ അംഗമായ ഷാജിക്കോ ജോസഫ് ആന്‍റണിക്കോ വാസുദേവനോ ഒന്നും ഒരു രൂപ വായ്പാ തുകയില്‍ നിന്ന് കിട്ടിയില്ല. പീലിയാനിക്കല്‍ അച്ഛനാണ് ഉത്തരവാദിത്തം എന്ന് ഷാജിയെക്കൊണ്ട് വിളിപ്പിച്ചപ്പോ റോജോ പറയുന്നു.
പീലിയാനിക്കലച്ചനെ വിളിച്ചപ്പോള്‍ എല്ലാം റോജോയുടെ തലയിലിട്ടു. മാത്രമല്ല കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിപ്പിക്കാന്‍ കേന്ദ്രത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും സമരം വീണ്ടും ശക്തമാക്കുമെന്നും ഫാദര്‍ പീലിയാനിക്കല്‍ വെളിപ്പെടുത്തി.
കുട്ടനാട് വികസന സമതിയുടെ നേതൃത്വത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫാദര്‍ പീലിയാനിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് നാട്ടുകാര്‍ ഇങ്ങനെ പറയും. ആലപ്പുഴ ബോട്ട് ജെട്ടിയിലെ കാനറാ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ആകെ 186 ഗ്രൂപ്പുകള്‍ക്ക് പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത് കാര്‍ഷിക വായ്പ കൊടുത്തിട്ടുണ്ട്.
ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 ലേറെ ആളുകള്‍ക്കും ജപ്തി നോട്ടീസും കിട്ടി. ഇതില്‍ വലിയൊരു വിഭാഗം ആളുകളുടെയും വായ്പ അവരറിയാതെ എടുത്തതാണെന്ന് വ്യക്തം. സംഘത്തിന്‍റെ സെക്രട്ടറിയുടെ പ്രസിഡന്‍റും നേരിട്ട് പോയി ഒപ്പിട്ട് കൊടുത്താല്‍ സംഘത്തിലെ മറ്റുള്ളവരുടെ പേരിലും വായ്പ കിട്ടുമെന്ന സൗകര്യത്തിലാണ് ഈ തട്ടിപ്പ് നടന്നത്.
എന്നാല്‍ കുട്ടനാട് വികസന സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങള്‍ക്ക് ഫാദര്‍ തോമസ് പീലിയാനിക്കലിന്‍റെ ശുപാര്‍ശയോടെയാണ് തങ്ങള്‍ വായ്പ കൊടുത്തതെന്നാണ് കനറാ ബാങ്കിന്‍റെ വിശദീകരണം.
