തൊടുപുഴ: രാജധാനി ലോഡ്ജ് കൂട്ടക്കൊല കേസിൽ മൂന്നു പ്രതികളെയും കോടതി ശിക്ഷിച്ചു. പതിനേഴു വർഷം കഠിന തടവിനു പുറമേ ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ. കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അടിമാലയിൽ ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2015 ഫെബ്രുവരി 12 നായിരുന്നു കൂട്ടക്കൊലപാതകം. കൊലപാതകത്തിനും കവർച്ചക്കുമാണ് ഇരട്ട ജീവപര്യന്തം. 17 വര്‍ഷത്തെ കഠിന തടവ് കൂടാതെ 15000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. 

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് കോടതി വിധി. കർണ്ണാടക ജയിലിലേക്കു മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി അനുവദിച്ചില്ല. അതേസമയം വിധിക്കെതിരെ പ്രൊസിക്യുഷൻ അപ്പീൽ നല്‍കും. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍റെ ആവശ്യം. കര്‍ണാടകത്തിലേയ്ക്ക് കടന്ന പ്രതികളെ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്‍റെയും സിഐ സജി മാർക്കോസിന്‍റെയും നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടികൂടിയത്.