technology
By അരുണ്‍ രാജ് | 12:08 PM March 30, 2018
ശരിക്കും ആരാണീ എലിയറ്റ് ആള്‍ഡേഴ്സന്‍?

Highlights

ആധാറിനെയും നമോ ആപ്പിനെയും കോണ്‍ഗ്രസ് ആപ്പിനെയുമെല്ലാം ആപ്പിലാക്കിയ അജ്ഞാത ഹാക്കറെക്കുറിച്ച് അരുണ്‍ രാജ് എഴുതുന്നു

എലിയറ്റ് ആൾഡേഴ്സന്‍.. ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ, ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ലെങ്കിലും ഈ എത്തിക്കൽ ഹാക്കർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി.

പേരിന് പിന്നിൽ

അമേരിക്കൻ ടെലിവിഷൻ സീരിയൽ മിസ്റ്റർ റോബോട്ടിലെ ഒരു കഥാപാത്രമാണ് എലിയറ്റ് ആൾഡേഴ്സന്‍. എഫ് സൊസൈറ്റി എന്ന ഹാക്കിംഗ് സംഘത്തിലെ അംഗമായ എലിയറ്റ് ആൽഡേഴ്സന്‍ വൻ കിട കുത്തകകൾക്കെതിരെ പ്രവർത്തിക്കുന്ന വിപ്ലവകാരിയായ ഹാക്കറാണ് . ഈ സാങ്കൽപ്പിക കഥാപാത്രത്തിൽ നിന്ന്  പ്രചോദനമുൾക്കൊണ്ടാണ് ഇപ്പോൾ പ്രശസ്തനായ ഹാക്കർ ഈ പേര് സ്വീകരിച്ചത്.യഥാർത്ഥ പേര് എന്താണെന്നതിനെ പറ്റി ഇപ്പോഴും ഊഹാപോഹങ്ങൾ നിലനിർക്കുന്നുണ്ടെങ്കിലും 28 വയസ്സുകാരനായ ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധൻ റോബർട്ട് ബാപ്റ്റിസ്റ്റാണ് ആൾഡേഴ്സൺ എന്ന് റിപ്പോർട്ടുകളുണ്ട്.

2017  ഒക്ടോബറിൽ ഫ്രഞ്ച് ശാസ്ത്ര ഗവേഷണസ്ഥാപനമായ സിഎൻ ആർ എസിന്‍റെ വെബ്‌സൈറ്റിലെ പിഴവ്  ട്വീറ്റ് ചെയ്തുകൊണ്ടാണ് ആൾഡേഴ്സന്‍റെ രംഗ പ്രവേശം. പിന്നീടങ്ങോട്ട് ആൾഡേഴ്സന്‍റെ പടയോട്ടമായിരുന്നു ആൻഡ്രോയിഡ് ആപ്പുകളിലെയും വെബ്സൈറ്റുകളിലേയും സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ വിദഗ്ധനായ ആൾഡേഴ്സൺ പല പ്രമുഖ കമ്പനികൾക്കും തലവേദന സൃഷ്ടിച്ചു. പേയ് പാലും ഫേസ്‌ബുക്കും റെഡ്‌മിയും വൺ പ്ലസ്സുമെല്ലാം ആൾഡേഴ്സന്റെ ആയുധങ്ങളുടെ മൂർച്ചയറിഞ്ഞു.

പിഴവുകൾ കണ്ടെത്തി ആദ്യം നേരിട്ടറിയിക്കും പ്രതികരണമില്ലെങ്കിൽ അവ പബ്ലിക്ക് ആയി ട്വീറ്റ് ചെയ്യും.2018 ജനുവരിയിൽ ലഭിച്ച ഒരു പേരു വെളിപ്പെടുത്താത സന്ദേശമാണ് ആൾഡേഴ്സണെ ആധാറിലേക്ക് ആകർഷിക്കുന്നത്.

അങ്ങനെ തുടങ്ങിയ അന്വേഷണമാണ് പിന്നീട് വിവാദമായ കണ്ടെത്തലുകളിലേക്ക് നയിച്ചത്, പിന്നാലെ നമോ ആപ്പും കോൺഗ്രസ് ആപ്പും, സെന്‍ട്രൽ ഫിലിം ആർക്കൈവ്സുമെല്ലാം ആൾഡേഴ്സന്‍റെ കഴുകൻ കണ്ണുകളുടെ മുന്നിൽ പെട്ടു.

ഇന്ത്യയിൽ തന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കുന്ന പുകിലുകൾ  തമാശയായാണ് ആൾഡേഴ്സന്‍ കാണുന്നത്. രാഷ്ട്രീയകാര്യങ്ങൾ തനിക്ക് തീരെ താൽപര്യമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന ആൾഡേഴ്സന്‍.  പക്ഷേ ആധാർ വിഷയത്തിൽ തുറന്ന പോരിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ ഹാക്കർമാർ മുമ്പ് തന്നെ ആധാർ പിഴവുകൾ ചൂണ്ടിക്കാടിയ്യിട്ടുണ്ടെങ്കിലും ആൾഡേഴ്സന്റെ അത്ര വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് കാത്തിരിക്കാം ആടുത്ത ട്വീറ്റിനായി.

Show Full Article


Recommended


bottom right ad