Asianet News MalayalamAsianet News Malayalam

പയര്‍ കൃഷി ചെയ്യേണ്ടതെങ്ങനെ ? വിവിധ പയര്‍ വര്‍ഗങ്ങളുടെ ഗുണങ്ങള്‍ ? അറിയേണ്ടതെല്ലാം

നമ്മള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത് കുറ്റിപ്പയറും വള്ളിപ്പയറുമാണ്. പയറില്‍ ഇഷ്ടം പോലെ ഇനങ്ങളുണ്ട്. കൈരളി, വരുണ്‍, കനകമണി...

how to cultivate Asparagus bean
Author
Thiruvananthapuram, First Published Dec 24, 2019, 11:15 PM IST

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണ് പയര്‍. കാര്‍ബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിന്‍ എ, ബി, സി എന്നിവയെല്ലാം പയറില്‍ അടങ്ങിയിരിക്കുന്നു. പയറിന്‍റെ പ്രാധാന്യം മനസിലാക്കി 2016 ല്‍ നമ്മള്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷം ആചരിച്ചു. ഇരുമ്പും കാത്സ്യവും ഫോസ്ഫറസും പൊട്ടാസ്യവും ജീവകങ്ങളും മറ്റുള്ള പയറിനങ്ങളേക്കാള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ചതുരപ്പയറും കേരളത്തില്‍ കൃഷി ചെയ്യാം.

പയറിനെ അറിഞ്ഞ് പരിചരിക്കാം

നമ്മള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത് കുറ്റിപ്പയറും വള്ളിപ്പയറുമാണ്. പയറില്‍ ഇഷ്ടം പോലെ ഇനങ്ങളുണ്ട്. കൈരളി, വരുണ്‍, കനകമണി, അര്‍ക്ക ഗരിമ എന്നിവ പയറിലെ ചില ഇനങ്ങളാണ്. പ്രധാനപ്പെട്ട കുറ്റിപ്പയര്‍ ഇനങ്ങളാണ് ഗോമതി, അനശ്വര, ഭാഗ്യലക്ഷ്മി എന്നിവ.

പടര്‍ന്നു വളരുന്ന പയറിനങ്ങള്‍ വേറെത്തന്നെയാണ്. കുരുത്തോലപ്പയര്‍, കൈരളി, മഞ്ചേരി ലോക്കല്‍, ലോല, ശാരിക, മാലിക എന്നിവ ഇത്തരത്തില്‍ പടര്‍ന്നുവളരുന്നവയാണ്. പയറിനുള്ളിലെ വിത്തുകള്‍ക്കും നിറവ്യത്യാസമുണ്ട്. മാല, ശാരിക, വയനാടന്‍ പയര്‍ എന്നിവയുടെ വിത്തുകള്‍ക്ക് കറുപ്പ് നിറവും ഗോമതി എന്നയിനത്തിന്‍റെ വിത്തിന് ചുവപ്പ് കലര്‍ന്ന തവിട്ടുനിറവുമാണ്.

പയര്‍ കൃഷി ചെയ്യാന്‍ പ്രത്യേകിച്ച് സമയവും കാലവും ഒന്നും നോക്കേണ്ട ആവശ്യമില്ല. നെല്‍പാടങ്ങളില്‍ ഒന്നും രണ്ടും വിളയ്ക്ക് ശേഷം പയര്‍ കൃഷി ചെയ്യാവുന്നതാണ്. അതുപോലെ റാബി വിളകള്‍ കൃഷി ചെയ്യുന്ന കാലത്തും പയര്‍ കൃഷി ചെയ്യാം. വേനല്‍ക്കാലത്ത് തനിവിളയായും പയര്‍ കൃഷി നടത്താം.

പയറിന് സാമാന്യം നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതുപോലെ വേനല്‍ക്കാലത്ത് നെല്ല് കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ നെല്‍പ്പാടം വെറുതെയിടാതെ പയര്‍ കൃഷി ചെയ്യാം. കുരുത്തോലപ്പയര്‍ എന്നയിനമാണ് നമ്മള്‍ സാധാരണയായി വളര്‍ത്തുന്നത്. ഇത് ഒരു സെന്റില്‍ വളര്‍ത്താന്‍ 30 ഗ്രാം വിത്ത് വേണം. കുറ്റിപ്പയര്‍ ആണ് വളര്‍ത്തുന്നതെങ്കില്‍ അല്‍പ്പം കൂടി കൂടുതല്‍ അളവില്‍ വിത്തുകള്‍ ആവശ്യമാണ്.

കുറ്റിപ്പയര്‍ ഇനത്തിന് ഒരു സെന്റിലേക്ക് ഏകദേശം 100 മുതല്‍ 120 ഗ്രാം വിത്തുകള്‍ ആവശ്യമാണ്. അതേസമയം സങ്കരവര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു സെന്റില്‍ 30 മുതല്‍ 40 കി.ഗ്രാം വരെ വിത്തുകള്‍ വിതച്ചാല്‍ മതിയാകും.

പയറിന്റെ വിത്ത് പാകുന്ന സമയം

മഴക്കാലമാണെങ്കില്‍ ജൂണ്‍ രണ്ടാമത്തെ ആഴ്ചയാകുമ്പോള്‍ വിത്തിടാം. പാടങ്ങളില്‍ വളര്‍ത്താനാണെങ്കില്‍ റാബി കാലമാണ് നല്ലത്. സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം. പാടത്തിന്റെ വരമ്പുകളില്‍ അതിര്‍ത്തി പോലെ പയര്‍ വളര്‍ത്താം.

ജനുവരി, ഫെബ്രുവരി മാസങ്ങളിലും പയര്‍ കൃഷി ചെയ്യാം. കഞ്ഞിക്കുഴി പയര്‍, പതിനെട്ടുമണിയന്‍ പയര്‍ എന്നിവ നമുക്ക് വേനല്‍ക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്. അതുപോലെ തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും പയര്‍ കൃഷി നടത്താം. ഗുജറാത്ത് വി 118, കെ.പി.2 എന്നീ വിത്തിനങ്ങള്‍ തെങ്ങിന്‍തോപ്പുകളില്‍ വളര്‍ത്തുന്നു.

കൃഷിഭൂമി ഒരുക്കല്‍

മണ്ണ് നന്നായി കിളച്ച് കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്. ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കില്‍ കുമ്മായം ചേര്‍ത്താല്‍ മണ്ണിലെ അമ്ലരസം കുറയ്ക്കാന്‍ കഴിയും. വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാന്‍ പാടില്ല. പത്ത് ദിവസം മുമ്പ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം.

ഒരു സെന്റില്‍ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയാല്‍ നല്ല വിളവ് കിട്ടും. വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് അഞ്ച് കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് ഇളക്കാം.

പയര്‍ വിത്ത് നടുമ്പോള്‍ രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുക്കുന്നതാണ് നന്നായി വളരാന്‍ നല്ലത്. വിത്തില്‍ റൈസോബിയം പുരട്ടി നടുന്നതാണ് നല്ലത്. വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ റൈസോബിയം യോജിപ്പിച്ച് പയര്‍ വിത്തുകള്‍ മുക്കിയെടുക്കണം. ഇങ്ങനെ തയ്യാറാക്കിയ വിത്തുകള്‍ കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കണം. റൈസോബിയം കള്‍ച്ചര്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും.ജൈവവളവും ജൈവകീടനാശിനികളും മാത്രമേ പയറിന് ഉപയോഗിക്കാവൂ. ഏകദേശം 10 മുതല്‍ 15 ദിവസത്തെ ഇടവേളകളില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. വേഗത്തില്‍ വളരാന്‍ നേര്‍പ്പിച്ച പഞ്ചഗവ്യവും ഗോമൂത്രവും കടലപ്പിണ്ണാക്കും കുതിര്‍ത്ത് ചാണകപ്പൊടി വെള്ളത്തില്‍ കലക്കിയതുമായി ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് നന്നായി വളരാന്‍ അനുയോജ്യമാണ്.

മാംസ്യം കൂടുതല്‍ അടങ്ങിയ ചതുരപ്പയര്‍

സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീന്‍സിലുമെല്ലാം ഉള്ളതിലേക്കാള്‍ പോഷകഘടകങ്ങള്‍ കൂടുതലുള്ളയിനമാണ് ചതുരപ്പയര്‍. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മള്‍ ഇറച്ചിപ്പയര്‍ എന്നും വിളിക്കാറുണ്ട്.

ചതുരപ്പയര്‍ ജൂലായ്-ആഗസ്റ്റ് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാന്‍ എടുക്കുന്ന സമയം തന്നെയാണ്. നിങ്ങള്‍ ഫെബ്രുവരിയില്‍ ചതുരപ്പയര്‍ നട്ടാലും ഒക്ടോബര്‍ മാസമായാലേ പൂക്കുകയുള്ളു.

ചതുരപ്പയര്‍ കൃഷിരീതി

ചതുരപ്പയര്‍ നടാന്‍ രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുക്കണം. ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കൊടുക്കാം.

ചതുരപ്പയര്‍ നടുമ്പോള്‍ ഒരു സെന്റില്‍ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കിയാല്‍ മുളച്ച് വരുമ്പോള്‍ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയര്‍ വേലിയില്‍ പടര്‍ന്നുവളരുന്നയിനമാണ്.

ചതുരപ്പയറിന്റെ വേരില്‍ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചതുരപ്പയര്‍ നട്ട് മൂന്നാം മാസം മുതല്‍ നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.

Follow Us:
Download App:
  • android
  • ios